This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിശാപുഷ്പങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിശാപുഷ്പങ്ങള്‍

Nocturnal flower

രാത്രിയില്‍ വിടരുന്ന പുഷ്പങ്ങള്‍. പുഷ്പിതസസ്യവര്‍ഗത്തിലെ മിക്ക ചെടികളിലും പുഷ്പങ്ങള്‍ വിരിയുന്നത് പ്രഭാതത്തിലാണ്. ചിലതില്‍ പകല്‍ മുഴുവനും മറ്റുചിലതില്‍ ദിവസങ്ങളോളവും ഈ പുഷ്പങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്നു. എന്നാല്‍ ചിലതരം സസ്യങ്ങളിലാകട്ടെ പൂവിരിയുന്നത് രാത്രിയിലാണ്. ഇവ നിശാപുഷ്പങ്ങള്‍ എന്നറിയപ്പെടുന്നു. നിശാഗന്ധി (Cestrum nocturnum), മുല്ല (Jasminam sambae), പവിഴമുല്ല (Nyctanthes arbortristis), മുല്ലയുടെ മറ്റിനങ്ങളായ കുറുമൊഴി, പിച്ചി എന്നിവയും റംകൂണ്‍ ക്രീപര്‍ (Quisqualis indica), ചന്ദ്രപുഷ്പം (Ipomoea grandiflora) എന്നിവയും നിശാപുഷ്പികളാണ്.

Image:pavizhamulla.png

സസ്യങ്ങളുടെ വംശവര്‍ധനവിന് പരാഗണം അത്യന്താപേക്ഷിതമാണ്. നിശാപുഷ്പങ്ങള്‍ എല്ലാം പരപരാഗികളാണ്. ചിത്രശലഭ കുടുംബത്തിലെ നിശാശലഭങ്ങളാണ് പരാഗണ ദൂതന്മാര്‍. നിശാപുഷ്പങ്ങള്‍ക്ക് പകല്‍ വിരിയുന്നവയില്‍നിന്നും വിഭിന്നമായി പല പ്രത്യേകതകളുമുണ്ട്. നിശാശലഭങ്ങളെ ആകര്‍ഷിക്കാനുള്ള രൂക്ഷമായ ഗന്ധം, വലുപ്പം, വെള്ളനിറം, ശലഭത്തിന് ഇരിപ്പിടം ഒരുക്കുന്ന പുഷ്പദളങ്ങളുടെ ഘടന, പൂവിനുള്ളില്‍ സ്ഥിതിചെയ്യുന്ന തേന്‍ ഇവയൊക്കെ നിശാപുഷ്പങ്ങളുടെ പ്രത്യേകതകളത്രെ.

ചില നിശാപുഷ്പങ്ങള്‍ ഒറ്റയായതും വലുപ്പമുള്ളതും എണ്ണത്തില്‍ കുറവുമായിരിക്കും. എന്നാല്‍ പൂവിന്റെ വലുപ്പം കുറവുള്ള സസ്യങ്ങളില്‍ അതിന്റെ എണ്ണം കൂടിയിരിക്കും. വലിയ ഒറ്റപ്പൂവിന്റെ സ്ഥാനത്ത് പുഷ്പമഞ്ജരികളായിരിക്കും. പൂക്കള്‍ നിറംകുറഞ്ഞതോ ലോപിതമോ ആണെങ്കില്‍ അതിന്റെ മറ്റു ഭാഗങ്ങള്‍ പുഷ്പദളങ്ങളെപ്പോലെ രൂപാന്തരപ്പെട്ട് ഷഡ്പദങ്ങളെ ആകര്‍ഷിക്കുന്നു.

നിശാപുഷ്പങ്ങളെല്ലാം സുഗന്ധവാഹികളാണ്. വളരെ ദൂരെയുള്ള നിശാശലഭങ്ങളെയും ആകര്‍ഷിക്കാന്‍ ഇതുസഹായിക്കുന്നു. നിറം പരാജയപ്പെടുന്നിടത്ത് ഗന്ധം വിജയിക്കുന്നു. നിശാപുഷ്പങ്ങളെല്ലാംതന്നെ വെളുത്തനിറമുള്ളതാണ്. ഇതും ഇരുട്ടില്‍ ദൃശ്യത കൂട്ടാനുള്ള ഒരു ഉപാധിയത്രെ.

Image:mulla. 1.png

നിശാപുഷ്പങ്ങളുടെ മറ്റൊരു പ്രത്യേകത, അവ തേന്‍ ഉത്പാദിപ്പിക്കുന്നു എന്നതാണ്. രാത്രിഞ്ചരരായ നിശാശലഭങ്ങളുടെ പ്രധാന ആഹാരവും തേന്‍തന്നെ. പൂക്കളുടെ ഘടനയ്ക്കും പ്രത്യേകതകളുണ്ട്, നിശാശലഭത്തിന് ഇരിപ്പിടം ലഭിക്കുന്ന തരത്തിലാണ് പുഷ്പദളങ്ങളുടെ ഘടനയും വിന്യാസവും. ശലഭത്തിന്റെ നീണ്ടകുഴലുപോലെയുള്ള പ്രോബോസിസ് ഉപയോഗിച്ച് വലിച്ചെടുക്കാവുന്ന തരത്തിലാണ് തേന്‍ സൂക്ഷിച്ചിരിക്കുന്നത്. തേന്‍ നുകരുമ്പോള്‍ പൂവിന്റെ കേസരങ്ങളും പൂമ്പൊടികളും ശലഭത്തിന്റെ ചിറകിലും മറ്റു ഭാഗങ്ങളിലും ഉരസുന്നതരത്തിലാണ് അവയുടെ ഘടന. പൂമ്പൊടി എണ്ണത്തില്‍ കുറവുണ്ടെങ്കിലും കാറ്റില്‍ പറക്കാത്തതും ഒട്ടിപ്പിടിക്കുന്നതുമാണ്. തന്മൂലം, ശലഭം പൂമ്പൊടിയാല്‍, അഭിഷേകം ചെയ്യപ്പെടുകയും മറ്റൊരു പൂവില്‍ ഇതാവര്‍ത്തിക്കുമ്പോള്‍ പരപരാഗണം നടക്കുകയും ചെയ്യുന്നു. ഇതിനൊക്കെ യോജിച്ചവിധത്തിലായിരിക്കും നിശാശലഭത്തിന്റെ ശരീരഘടന. രാത്രിയില്‍ കര്‍മനിരതരാകുന്ന ശലഭങ്ങള്‍ സന്ദര്‍ശിക്കുന്നതും രാത്രിയില്‍ വിടരുന്ന പൂക്കളില്‍ത്തന്നെ. ഇവയുടെ ചിറകുകള്‍ മങ്ങിയ നിറമുള്ളതും ചെറിയ ശല്ക്കങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടതുമാണ്. പ്രോബോസിസ് നീണ്ടതും കൂര്‍ത്തതും കുഴലുപോലുള്ളതുമാകയാല്‍ തേന്‍വലിച്ചെടുക്കാന്‍ യോജിച്ചതുമായിരിക്കും.

Image:nishaa.png

രാത്രിയില്‍ പുഷ്പിക്കുന്ന സസ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിശാഗന്ധി. ഇത് അറിയപ്പെടുന്നതുതന്നെ രാത്രിയുടെ റാണി (Queen of the Night) എന്നാണ്. ശാ.നാ. എപ്പിഫില്ലം ഓക്സിപെറ്റാലം (Epiplyllum oxypetalum). ഒരു ആരോഹി സസ്യമായ ഇതിന്റെ കാണ്ഡം ഋജുവും, ശാഖിതവുമാണ്. നീളമേറിയതും (30 സെ.മീ.) ദീര്‍ഘാഗ്രത്തോട് കൂടിയതുമായ ഇലകള്‍ യഥാര്‍ഥത്തില്‍ സസ്യത്തിന്റെ ദ്വിതീയ കാണ്ഡങ്ങളാണ്. പരന്ന ഈ 'ഇല'കളില്‍ നിന്നാണ് പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. ഒറ്റയായി ഉണ്ടാകുന്ന പുഷ്പങ്ങള്‍ വെളുത്ത നിറമുള്ളതും ആകര്‍ഷകങ്ങളുമാണ്. 30 സെ.മീ. വരെ നീളമുള്ള പുഷ്പങ്ങള്‍ക്ക് കുഴലിന്റെ ആകൃതിയുള്ളതിനാല്‍ 'ഡച്ച്മാന്‍സ് പൈപ്പ്' എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഏകദേശം 10 മി.മീ. നീളമുള്ള പര്‍ണകങ്ങള്‍ക്ക് ഇളം പച്ചനിറമാണുള്ളത്. തവിട്ട് നിറത്തിലുള്ള പുഷ്പാധാരത്തിന് 13-20 സെ.മീ. നീളം ഉണ്ടായിരിക്കും. പുഷ്പദളങ്ങളുടെ എണ്ണം വിദളങ്ങളുടേതിന് സമമായിരിക്കും. രണ്ടുനിര വിദളങ്ങളില്‍ പുറമേയുള്ളതിന് പിങ്ക് കലര്‍ന്ന ചുവപ്പുനിറവും, അകത്തേതിന് വെളുത്തനിറവുമാണ്. പച്ചകലര്‍ന്ന വെളുത്തനിറമുള്ള കേസരങ്ങള്‍ നേര്‍ത്തതും ദുര്‍ബലവുമായിരിക്കും. 4 മി.മീ. കട്ടിയുള്ളതാണ് വര്‍ത്തിക. സന്ധ്യയോടെ വിരിയാന്‍ തുടങ്ങുന്ന പൂക്കള്‍ രാത്രി 10 മണിയോടുകൂടി പൂര്‍ണനിലയിലെത്തും. വളരെ വശ്യതയേറിയ സുഗന്ധമായിരിക്കും അപ്പോള്‍ ഇവയ്ക്ക്. ഒരു ചെടിയില്‍ നാല് മുതല്‍ ആറ് വരെ പൂക്കള്‍ ഉണ്ടാകും. നേരം വെളുക്കുമ്പോഴേക്കും പൂക്കള്‍ വാടിയിരിക്കും.

(ഗോപാലകൃഷ്ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍