This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍വാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിര്‍വാണം

ഒരു ദാര്‍ശനിക സങ്കല്പനം. ഐഹികബന്ധങ്ങളില്‍ നിന്നുള്ള മോചനം അഥവാ മോക്ഷം. ലൗകികജീവിതമാകുന്ന ബന്ധനത്തില്‍ നിന്നും ജീവിതനശ്വരത, ദുഃഖപാരവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കിക്കഴിയുമ്പോള്‍ അനശ്വരവും അപരിമേയവുമായ, പ്രാചീനമതപ്രവാചകരും ഋഷിമാരും വാനോളം പുകഴ്ത്തുന്ന നിര്‍വാണസങ്കല്പത്തിലേക്ക് മനുഷ്യര്‍ കടന്നുചെല്ലുന്നു. സര്‍വദുഃഖങ്ങളില്‍ നിന്നുമുള്ള ജീവനുള്ളവയുടെ മോചനത്തെയാണ് സാമാന്യമായി ഈ പദത്താല്‍ വ്യവഹരിച്ചുപോരുന്നത്. മനുഷ്യന്റെ ജീവിതകാലത്ത് അവന്റെ ഉള്ളില്‍ത്തന്നെ അനശ്വരമായ ആത്മാവ് കുടികൊള്ളുന്നുവെന്നും ആത്മാവിന് ഭൗതികജീവിതമാകുന്ന കെട്ടുപാടുകളില്‍പ്പെട്ടുഴലുമ്പോള്‍ മനുഷ്യന് നേര്‍വഴികാട്ടിക്കൊടുക്കുവാന്‍ സാധിക്കുന്നില്ലെന്നും മരണത്തോടെ ശരീരം നശിക്കുമ്പോള്‍ യഥാര്‍ഥജ്ഞാനം ആര്‍ജിച്ചവരുടെ ആത്മാക്കള്‍ ഭൗതികബന്ധങ്ങളില്‍ നിന്ന് മുക്തരായി ശാശ്വത ശാന്തിയിലേക്ക് വിലയം പ്രാപിക്കുന്നതാണ് നിര്‍വാണമെന്നുമാണ് സങ്കല്പം.

ഭൗതികജീവിത ദുഃഖങ്ങളില്‍ നിന്ന് മുക്തനാകാന്‍ ആഗ്രഹിച്ച ശ്രീബുദ്ധനാണ് സകലദുഃഖങ്ങളില്‍ നിന്നുമുള്ള മോചനമായ നിര്‍വാണം എന്ന സങ്കല്പത്തെ ഒരു ആദര്‍ശമായി ഭാരതീയരുടെയിടയില്‍ പ്രതിഷ്ഠിച്ചത്. ദുഃഖത്തിന് നിദാനമാകുന്ന ആഗ്രഹങ്ങളുടെ ആത്യന്തിക വര്‍ജനത്തിലൂടെ ഒരു വ്യക്തിക്ക് പ്രാപിക്കാവുന്ന ഏറ്റവും ഉന്നതമായ ഒരു സ്ഥാനമായാണ് ഗൗതമബുദ്ധന്‍ നിര്‍വാണത്തെ നിര്‍വചിച്ചിട്ടുള്ളത്. നിര്‍വാണത്തിലേക്കുള്ള പടികളായി ധ്യാനമാര്‍ഗത്തില്‍ പ്രവേശിക്കുന്ന സത്യാന്വേഷി തന്റെ തൃഷ്ണയുടെ (ദുരാഗ്രഹത്തിന്റെ) ഉറവിടം ഇല്ലാതാക്കണം. സ്രോതാപന്നഘട്ടം നിര്‍വാണദശയിലേക്കുള്ള ആദ്യപടി കടക്കണം. ഈ ദശയില്‍ നിര്‍വാണത്തിലേക്കുള്ള യാത്രയില്‍ പ്രതിബന്ധമായി നില്ക്കുന്ന മൂന്ന് ചങ്ങലകള്‍ പൊട്ടിത്തകരും. സത്കായദൃഷ്ടി, ധര്‍മസത്യത്തിലുള്ള സന്ദേശം, ശിഷ്ടാചാരം, പൂജാവിധി എന്നിവയുടെ ഫലദായകത്വത്തിലുള്ള വിശ്വാസം എന്നിവയാണ് ഈ മൂന്ന് തടസ്സങ്ങള്‍.

അടുത്ത പടിയായി സകൃദാഗമിയും അനാഗമിയുമാണ്. മേല്പറഞ്ഞ മൂന്നു ഘട്ടങ്ങളില്‍ നിന്ന് മോചിതനായ വ്യക്തി ഒരിക്കല്‍ക്കൂടി പ്രാപഞ്ചിക സത്യത്തിലേക്കു വരികയും ചെയ്യും. ആ അവസ്ഥയെയാണ് സകൃദാഗമി എന്നു പറയുന്നത്. ഐന്ദ്രിയാഭിലാഷങ്ങള്‍, ദയാശൂന്യത എന്നിങ്ങനെയുള്ള പ്രതിബന്ധഘട്ടങ്ങളെ തരണം ചെയ്യാന്‍ അനാഗമിഘട്ടത്തിലേ സാധിക്കുന്നുള്ളൂ.

തുടര്‍ന്ന് അര്‍ഹത്ത് എന്ന മൂന്നാമത്തെ ദശയാണ്. അര്‍ഹതലഭിച്ചവന്‍ അഥവാ പരിപൂര്‍ണന്‍ എന്ന അര്‍ഥത്തില്‍ നിര്‍വാണം ലഭിച്ച വ്യക്തിയെയാണ് അര്‍ഹതന്‍ എന്നു വ്യവഹരിക്കുന്നത്. ശരീരത്തിനുള്ളില്‍ നില്ക്കുന്ന 'വിഭിന്നമായ അമരതത്ത്വ'മാണിത്. കര്‍മപവിത്രീകരണം ഒരു സാധകത്തിലൂടെ (രത്നത്രയം-ശരിയായ വീക്ഷണം, ശരിയായ ജ്ഞാനം, ശരിയായ ചര്യ എന്നിവ) സഞ്ചരിച്ചാല്‍ നിര്‍വാണം (മോക്ഷം) പ്രാപിക്കാം.

ശൂന്യവാദത്തിന്റെ ഉപജ്ഞാതാവായ നാഗാര്‍ജുനന്റെ അഭിപ്രായത്തില്‍ ഭാവത്തിന്റെയും അഭാവത്തിന്റെയും പരാമര്‍ശം ക്ഷയിച്ചുവരുന്ന അവസ്ഥാവിശേഷമാണ് നിര്‍വാണം. വിജ്ഞാനവാദികളുടെ മതത്തില്‍ നശിക്കാത്തതായ പരമാര്‍ഥം ആണ് നിര്‍വാണം. ആത്മജ്ഞാനികളുടെ പക്ഷത്തില്‍ 'വാചാമഗോചരവും, ജനിമരണാദികളില്ലാത്തതും, നിത്യവും, നിരവദ്യവും നിരാമയവുമായ പരമപദ'മാണ് നിര്‍വാണം. ഭഗവദ്ഗീത, ബ്രഹ്മസൂത്രഭാഷ്യം, വിവേകചൂഡാമണി തുടങ്ങിയ കൃതികളിലും ഈശാവാസ്യാദിദശോപനിഷത്തിലും ഇന്ദ്രിയനിഗ്രഹം ചെയ്ത യോഗിവര്യന്‍ വാസനാമുക്തനായിത്തീരുന്ന അവസ്ഥാവിശേഷത്തെയാണ് ബ്രഹ്മപദപ്രാപ്തി അഥവാ നിര്‍വാണം എന്ന് വ്യവഹരിക്കുന്നത്.

'യേന വിശ്വമിദം വ്യാപ്തം

യന്ന വ്യാപ്നോതി കിഞ്ചന

ആഭാരൂപമിദം സര്‍വം

യം ഭാന്തമനുഭാത്യയം'

(വിവേകചൂഡാമണി)

(യാതൊരുവന്‍ ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിക്കുന്നു; യാതൊരുവനെ മറ്റൊന്നും വ്യാപിക്കുന്നില്ല; സ്വയം പ്രകാശിക്കുന്ന യാതൊരുവന്റെ പ്രതിബിംബം പോലെ മാത്രം ഈ പ്രപഞ്ചം മുഴുവന്‍ അനുപ്രകാശിക്കുന്നുവോ അവനാണ് ഇവന്‍-നിര്‍വാണത്തിലെത്തിയവന്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍