This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നിയോഗാസ്ട്രോപോഡ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നിയോഗാസ്ട്രോപോഡ
Neogastropoda
ഫൈലം മൊളസ്കയിലെ ഒരു ഗോത്രം (order). ഇത് ഗാസ്ട്രോപോഡ എന്ന വര്‍ഗത്തിലെ, പ്രോസോബ്രാങ്കിയ (prosobranchia) എന്ന ഉപവര്‍ഗത്തില്‍ ഉള്‍പ്പെടുന്നു. നിയോഗാസ്ട്രോപോഡുകള്‍ പ്രധാനമായും ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് കാണപ്പെടുന്നത്. എന്നാല്‍, ചില ഇനങ്ങള്‍ ശീതസമുദ്രങ്ങളിലും കണ്ടുവരുന്നു. നിയോഗാസ്ട്രോപോഡ ഗോത്രത്തിനെ, സ്റ്റീനോഗ്ലോസ്സ (stenoglossa), റ്റോക്സോഗ്ലോസ്സ (Toxoglossa) എന്നീ രണ്ട് ഉപഗ്രോതങ്ങളായി വര്‍ഗീകരിച്ചിരിക്കുന്നു. സ്റ്റീനോഗ്ലോസ്സ ഉപഗോത്രത്തില്‍ 10 കുടുംബങ്ങളും, റ്റോക്സോഗ്ലോസ ഉപഗോത്രത്തില്‍ മൂന്ന് കുടുംബങ്ങളുമാണുള്ളത്. നിയോഗ്രാസ്ട്രോപോഡയില്‍ ഏകദേശം 6000-ഓളം സ്പീഷീസുണ്ട്. വൊളൂട്സ് (volutes), ഒലിവ്സ് (olives), ഹാര്‍പ് കക്കകള്‍ (harp shells), മൈറ്റര്‍ കക്കകള്‍ (mitre shells), മാര്‍ജിന്‍ കക്കകള്‍ (margin shells), കോണ്‍ കക്കകള്‍ (cone shells), ആഗര്‍ കക്കകള്‍ (Auger shells) തുടങ്ങിയവയാണ് ഈ ഗോത്രത്തിലെ പ്രധാന അംഗങ്ങള്‍.
ബാഹ്യകവചം (shells), വൃതി (mantle), വലിയ മാംസളമായ പാദം, ആന്തരാവയവപിണ്ഡം, റാഡുല എന്നിവയാണ് നിയോഗാസ്ട്രോപോഡയുടെ പ്രധാന ശരീരഭാഗങ്ങള്‍. ഒരു അച്ചുതണ്ടിന്മേല്‍ പിരിച്ചുവച്ചതുപോലെയാണ് ബാഹ്യകവചം കാണപ്പെടുന്നത്. ഈ കവചത്തിനുള്ളിലാണ് ആന്തരാവയവ പിണ്ഡം സ്ഥിതി ചെയ്യുന്നത്. ബാഹ്യകവചത്തിനുള്ളിലായി കാണപ്പെടുന്ന വൃതി, സ്വയം ശരീരത്തെ ആവരണം ചെയ്യുന്നതിനു പുറമേ, കവചത്തിന്റെ നിര്‍മാണത്തിനും സഹായിക്കുന്നു. മാംസളവും, വിസ്തൃതവുമായ പാദം ഉപയോഗിച്ച് ഇവ ഇഴഞ്ഞു നീങ്ങുന്നു. വളരെ ലളിതമായ ഘടനയോടുകൂടിയ ഹൃദയവും രക്തചംക്രമണ വ്യവസ്ഥയുമാണ് ഇവയുടെ മറ്റു പ്രത്യേകത. ടെനിഡിയം ആണ് ശ്വസനാവയവം. റാഡുല എന്നറിയപ്പെടുന്ന ചെറിയ നാവ് ഇവയ്ക്കുണ്ട്. സ്റ്റീനോഗ്ലോസ്സ ഉപഗോത്രത്തില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഓരോ വരിയിലും മൂന്ന് വലിയ പല്ലുകള്‍ വീതമുണ്ട്. എന്നാല്‍ റ്റോക്സോഗ്ലോസ്സ ഉപഗോത്രത്തിലെ അംഗങ്ങള്‍ക്ക് ചാട്ടുളിപോലെയുള്ള രണ്ടുവരി പല്ലുകള്‍ മാത്രമേയുള്ളൂ. മിക്ക നിയോഗാസ്ട്രോപോഡുകള്‍ക്കും ശരീരത്തില്‍ നീളമുള്ള പ്രൊബോസിസ് (proboscis) ഉണ്ടായിരിക്കും. ഇരയെ ഒരുതരം വിഷം കുത്തിവച്ച് കൊല്ലാന്‍ പ്രൊബോസിസ് ഇവയെ സഹായിക്കുന്നു. ഓസ്ഫ്രാഡിയം എന്ന മറ്റൊരു അവയവം, ഇരയുടെ ഗന്ധം തിരിച്ചറിയാന്‍ ഇവയെ സഹായിക്കുന്നു.
നിയോഗാസ്ട്രോപോഡുകള്‍, പൊതുവേ മാംസഭോജികളാണ്. മറ്റു ഗാസ്ട്രോപോഡുകള്‍, വിരകള്‍, ചെറുമത്സ്യങ്ങള്‍ എന്നിവയെ ഇവ ഭക്ഷിക്കുന്നു. എന്നാല്‍, മൂറീസിഡേ എന്ന കുടുംബത്തിലെ അംഗങ്ങള്‍ ബൈവാല്‍വുകളെയാണ് ഭക്ഷിക്കുന്നത്. ഇവ, ബൈവാല്‍വുകളുടെ കവചം തുരന്ന് ദ്വാരങ്ങളുണ്ടാക്കുകയും, ദ്വാരത്തിലൂടെ പ്രോബോസിസ് പ്രവേശിപ്പിച്ച്, ബൈവാല്‍വുകളുടെ മാംസളമായ ശരീരഭാഗങ്ങള്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. കോണസ് സ്ട്രയേറ്റസ് എന്നയിനം ജീവനുള്ള മത്സ്യങ്ങളെ ഭക്ഷിക്കുന്നു. എന്നാല്‍ നാസ്സേറിയസ് എന്നയിനം, ചീഞ്ഞ പദാര്‍ഥങ്ങളെ ആഹാരമാക്കുന്നു. മിക്കയിനം നിയോഗാസ്ട്രോപോഡുകളെയും മനുഷ്യന്‍ ഭക്ഷിക്കാറുണ്ട് (ഉദാ. കോളസ് നെപ്റ്റ്യൂണിയ, ബുക്സിനിയം). ഇവയുടെ ഭംഗിയുള്ള പുറന്തോടുകള്‍ (shell) ശേഖരിച്ച് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കുന്നതും പതിവാണ് (ഉദാ. ഒലിവ്, മൈറ്റര്‍, വോളുറ്റിഡ).