This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്തനാര്‍ (1926 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നന്തനാര്‍ (1926 - 74)

മലയാള നോവലിസ്റ്റും കഥാകൃത്തും നാടകരചയിതാവും. നന്തനാര്‍ എന്ന് തൂലികാനാമം. യഥാര്‍ഥനാമം പി.സി. ഗോപാലന്‍ ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തു പൂരപ്പറമ്പില്‍ ചെങ്ങരയില്‍ 1926 ജനു. 5-ന് ജനിച്ചു. പഠിക്കാന്‍ സമര്‍ഥനായിരുന്നെങ്കിലും സാമ്പത്തിക പരാധീനതമൂലം ഇടയ്ക്കുവച്ച് ഔപചാരികപഠനത്തിനു വിരാമമിടേണ്ടിവന്നു. 1942-ല്‍ സൈനികസേവനമാരംഭിച്ചു. സിഗ്നല്‍ വിഭാഗത്തിലായിരുന്നു ആദ്യനിയമനം. മ്യാന്‍മാര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1964-ല്‍ പട്ടാളത്തില്‍ നിന്നും വിടുതല്‍ നേടി മൈസൂറില്‍ എന്‍.സി.സി. ഇന്‍സ്ട്രക്റ്ററായി. 1967-മുതല്‍ 1974-ല്‍ മരിക്കും വരെ എഫ്.എ.സി.ടി.യില്‍ പബ്ളിസിറ്റി വിഭാഗത്തില്‍ ജോലിചെയ്തു.

ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും രചിച്ചു. മൊയ്തീന്‍ ആണ് പ്രഥമകഥ. ജീവിത വേദനകളിലെല്ലാം താങ്ങായി കൂടെയുണ്ടായിരുന്ന മൊയ്തീന്‍ എന്ന കഥാപാത്രം ഇതിലെ കേന്ദ്രബിന്ദുവാണ്.

അറിയപ്പെടാത്ത മനുഷ്യജീവികള്‍ (1956) ആണ് ആദ്യത്തെ നോവല്‍. ആത്മാവിന്റെ നോവുകള്‍, അനുഭൂതികളുടെ ലോകം (1965), ഉണ്ണിക്കുട്ടന്റെ ഒരു ദിവസം (1966), ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ (1967), മഞ്ഞക്കെട്ടിടം (1968), ഉണ്ണിക്കുട്ടന്‍ വളരുന്നു (1969), ആയിരം വല്ലിക്കുന്നിന്റെ താഴ്വരയില്‍ (1971), അനുഭവങ്ങള്‍ (1975) എന്നിവ നോവലുകള്‍. ആകാശം തെളിഞ്ഞു, സ്നേഹം നിറഞ്ഞ കൂപ്പുകൈ, നെല്ലും പതിരും, തോക്കുകള്‍ക്കിടയിലെ ജീവിതം, ജീവിതത്തിന്റെ പൊന്‍നാളങ്ങള്‍, നിഷ്കളങ്കതയുടെ ആത്മാവ്, മിസ്റ്റര്‍ കുല്‍ക്കര്‍ണി, ഒരു വര്‍ഷകാല രാത്രി, കൊന്നപ്പൂക്കള്‍, ഇര, ഒരു സൌഹൃദസന്ദര്‍ശനം എന്നിവ ചെറുകഥാസമാഹാരങ്ങളുമാണ്. ഇവയില്‍ ഉണ്ണിക്കുട്ടന്‍ പരമ്പര ബാലസാഹിത്യ കൃതികളാണ്.

ബാല്യം മുതല്‍ താന്‍ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകള്‍ കഥയില്‍ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങള്‍ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈര്‍മല്യവുമുള്ളവരുമാണ്. എത്ര പരാജയപ്പെട്ടാലും ജീവിതത്തില്‍ ഉത്കര്‍ഷേച്ഛ ഉണ്ടായാല്‍ ജീവിതവിജയം നേടാനാവും എന്നാവും നന്തനാര്‍ കഥകള്‍ നമ്മെ ഓര്‍മിപ്പിക്കുക. നാടോടിക്കഥാഖ്യാനപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അപൂര്‍വം കഥാകാരന്മാരിലൊരാളായി നന്തനാരെ കാണാം.

നന്തനാര്‍

മലബാര്‍ കലാപവും ഇന്ത്യാ-പാക് വിഭജനവും ഹിന്ദുമുസ്ലീം ലഹളയും നന്തനാര്‍ കഥകളുടെ ജീവത് സ്പന്ദനങ്ങളായി മാറുന്നുണ്ട്. യുദ്ധക്കെടുതികളും പട്ടാളക്യാമ്പുകളിലെ മനം മടുപ്പിക്കുന്ന ജീവിതവും കഥകളുടെ ശക്തികേന്ദ്രങ്ങളാണ്.

രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യന്‍ സൈനിക സര്‍വീസിലെ മലയാളികളായ സൈനികരുടെ അനുഭവങ്ങള്‍ സാഹിത്യരചനകളിലൂടെ പരിചയപ്പെടുത്തുവാന്‍ നന്തനാരുടെ കൂടെ കോവിലനും ഉണ്ടായിരുന്നു. ടോള്‍സ്റ്റോയിയുടെ സുപ്രസിദ്ധങ്ങളായ കൊസ്സാക്ക് കഥകളാണ് നന്തനാര്‍കൃതികള്‍ ഓര്‍മിപ്പിക്കുന്നതെന്ന് എന്‍. വി. കൃഷ്ണവാര്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആത്മാവിന്റെ നോവുകള്‍ ഇംഗ്ളീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥകളും അനേകം ഭാഷകളില്‍ ഭാഷാന്തരം ചെയ്തിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന കൃതിക്ക് 1963-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. നന്തനാരുടെ യഥാര്‍ഥ ജീവിത സന്ദര്‍ഭങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കോര്‍ത്തിണക്കി എം.ജി. ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് സംസ്ഥാന പുരസ്കാരം നേടിയ 'അടയാളങ്ങള്‍'.

(കെ.കെ.പി.റ്റി. ഹസിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍