This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃക്കണാമതിലകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃക്കണാമതിലകം

തൃശൂര്‍ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം. ഇപ്പോള്‍ മതിലകമെന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്ഥലം കൊടുങ്ങല്ലൂ രില്‍നിന്ന് 8 കി.മീ. വടക്ക് സ്ഥിതിചെയ്യുന്നു. തൃക്കണാമതിലക ത്തിന് പണ്ട് പല പേരുകളായിരുന്നു. ഈ സ്ഥലത്തിന് കുണവാ യിക്കോട്ടം എന്നാണ് ചിലപ്പതികാരത്തില്‍ പറഞ്ഞിട്ടുള്ളത്. ഗുണപുരം എന്നാണ് സ്ഥലവാസിയായ ലക്ഷ്മീദാസന്‍ തന്റെ ശുകസന്ദേശത്തില്‍ (11 -ാം ശ.) പറഞ്ഞിരിക്കുന്നത്. 'ഗുണക' എന്ന് കോകസന്ദേശത്തിലും കാണുന്നു. ശുകസന്ദേശത്തിലെ നായിക തൃക്കണാമതിലകത്തെ പ്രസിദ്ധ ദേവദാസിയായിരുന്ന രംഗലക്ഷ്മിയാണ്. പട്ടണത്തിന് വൃത്താകൃതിയിലുള്ള ചുറ്റുമതിലാണുണ്ടായിരുന്നതെന്ന് ശുകസന്ദേശത്തില്‍ പറയുന്നു. കുണവായ്ക്കോട്ടം എന്ന പേരും കോട്ടമതിലിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. തിരുഗുണകയായിരിക്കണം തൃക്കണാമതിലകം ആയത്. ആടുകോട്പാട്ടുചേരലാതന്റെ രാജധാനികളിലൊന്നായിരുന്നു പട്ടണം എന്നും പറയപ്പെടുന്നു. കോകസന്ദേശത്തിന്റെ കാലത്ത് അവിടെ കോട്ട ഉണ്ടായിരുന്നതായി പറയുന്നില്ല. ചിലപ്പതികാരത്തിന്റെ കര്‍ത്താവ് എന്നു പറയപ്പെടുന്ന ഇളങ്കോ അടികള്‍ ജൈനമതാനുയായി ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ആസ്ഥാനം കുണവായ്ക്കോട്ടം ആയിരുന്നു എന്നും കാണുന്നതുകൊണ്ടാകാം അവിടം ഒരു ജൈനമതകേന്ദ്രം ആയിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നത്. 11-ാം ശ.-ത്തില്‍ അവിടെ പ്രസിദ്ധമായ ശിവക്ഷേത്രമുണ്ടായിരുന്നുവെങ്കിലും അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നുപോലും അവിടെ ഇല്ലാതിരുന്നത് മുന്‍കാലത്ത് അവിടം ജൈനമത കേന്ദ്രം ആയിരുന്നതു കൊണ്ടാകാം. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വച്ച് വളരെ പ്രധാനമെന്നു പറയപ്പെടുന്ന ഇവിടത്തെ ശിവക്ഷേത്രത്തെ 'പെരും കോവില്‍' എന്നാണ് കോകസന്ദേശത്തില്‍ പറയുന്നത്. 1275-ല്‍ വീര രാഘവ ചക്രവര്‍ത്തി ഗോവര്‍ദ്ധന മാര്‍ത്താണ്ഡന് പട്ടയം നല്‍കിയത് ഈ പെരുംകോവിലില്‍വച്ച് ആയിരിക്കാം. പയ്യന്നൂര്‍ പാട്ടില്‍ പറയുന്ന 'പേരുരയ്യന്‍ പെരുംകോവിലും'അതുതന്നെ ആയിരിക്കാം (13-ാം ശ.). 14-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ പെരുമ്പടപ്പുമൂപ്പനെ കൊടുങ്ങല്ലൂരില്‍ നിന്ന് ഓടിച്ചുകളഞ്ഞശേഷം സാമൂതിരിയുടെ രണ്ടാം സ്ഥാനക്കാരനായ ഏറാള്‍പ്പാട് തൃക്കണാമതിലകം ആസ്ഥാനമാക്കി വാഴുന്നതായി കോകസന്ദേശത്തില്‍ കാണുന്നു. ഐരേണിക്കുളത്തു ഗ്രാമാധ്യക്ഷനായിരുന്ന പടിഞ്ഞാറ്റേടത്തു ഭട്ടതിരിയില്‍ നിന്ന് ക്ഷേത്രഭരണം എടുത്തുമാറ്റി തെക്കേടത്തു വടക്കേടത്തു നായന്മാരെ ഏല്പിച്ചത് ഇക്കാലത്താകാം. അവര്‍ തമ്മില്‍ കലഹിച്ചപ്പോള്‍ ഇരിങ്ങാലക്കുട ഗ്രാമക്കാര്‍ ഇടപെട്ട് പട്ടണം നശിപ്പിച്ചതായി പറയുന്നു.

തൃക്കണാമതിലകത്തെ തകര്‍ന്ന ശിവക്ഷേത്രത്തിലെ ഭീമാകാരമായ ശിവലിംഗം ഡച്ചുകാര്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി കുറെനാള്‍ കടല്‍ക്കരയില്‍ ഊന്നുകുറ്റിയായി ഉപയോഗിച്ചിരുന്നു. 1759-ല്‍ ഇംഗ്ളീഷുകാര്‍ ഡച്ചുകാരെ തോല്പിച്ചതിനുശേഷം കമ്പനിക്കാരില്‍ നിന്ന് സാരസ്വത ബ്രാഹ്മണര്‍ ആ ശിവലിംഗം ലേലത്തില്‍ വാങ്ങുകയും തിരുമല ദേവസ്വം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

(കെ. ശിവശങ്കരന്‍ നായര്‍, വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍