This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിലകമഞ്ജരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തിലകമഞ്ജരി
സംസ്കൃത കഥാഗ്രന്ഥം. 10-ാം ശ.-ത്തില്‍ ധാരയിലെ വാക്പതി രാജാവിന്റെ സദസ്യനായിരുന്ന ധനപാലന്‍ ആണ് രചയിതാവ്. പ്രാകൃതഭാഷയിലും അപഭ്രംശത്തിലും ഇദ്ദേഹം ഗ്രന്ഥരചന നടത്തിയിരുന്നു.
ബാണഭട്ടന്റെ കാദംബരിയുടെ ശൈലിയില്‍ രചിച്ച കൃതിയാണ് തിലകമഞ്ജരി. തിലകമഞ്ജരിയുടേയും സമരകേതുവിന്റേയും പ്രണയകഥയാണ് പ്രമേയം. പ്രത്യേകം അധ്യായമോ ഭാഗമോ ആയി തിരിക്കാതെ തുടര്‍ച്ചയായി കഥ അവതരിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. വര്‍ണനയിലും കഥാഘടനയിലും കാദംബരിയുടെ മാതൃക പിന്‍തുടര്‍ന്നിരിക്കുന്നു. മേരുതുംഗന്റെ പ്രബന്ധചിന്താമണി എന്ന കൃതിയില്‍ തിലകമഞ്ജരിയെപ്പറ്റി പരാമര്‍ശമുണ്ട്. പ്രസ്തുത കൃതിക്ക് ഈ പേരു ലഭിക്കുന്നതിനു കാരണമായ കഥ ഇതില്‍ വിവരിക്കുന്നതിപ്രകാരമാണ്. ജൈനധര്‍മപ്രതിപാദകമായ കഥകളില്‍ അത്യന്തം ആകൃഷ്ടനായിരുന്നു ധനപാലന്റെ പുരസ്കര്‍ത്താവായ രാജാവ്. ധനപാലന്‍ ഇതനുസരിച്ച് ഒരു കഥ രചിച്ചു. പൂര്‍ത്തിയാകുന്നിടത്തോളം ഭാഗം രാജാവിന് സമര്‍പ്പിച്ചുകൊണ്ടിരുന്നു. കഥയില്‍ ആകൃഷ്ടനായ രാജാവ് കഥ പെട്ടെന്ന് എഴുതിത്തീര്‍ക്കുന്നതിനു നിര്‍ബന്ധിച്ചു. ധനപാലന് ഇതു സാധിക്കാതെ വന്നപ്പോള്‍ രാജാവ് കുപിതനായി എഴുതിത്തീര്‍ന്നത്രയും ഭാഗം അഗ്നിക്കിരയാക്കി. ധനപാലന്‍ അത്യന്തം ദുഃഖിതനായി. ധനപാലന്റെ പുത്രിയായ തിലകമഞ്ജരി, ഓരോ ദിവസവും എഴുതിത്തീര്‍ന്ന കഥാഭാഗം അന്നുതന്നെ മനഃപാഠമാക്കിയിരുന്നു. ഇത് പിതാവിനെ അറിയിക്കുകയും പകര്‍ത്തി നല്കുകയും ചെയ്തു. സന്തുഷ്ടനായ ധനപാലന്‍ കഥയിലെ നായികയ്ക്കും ഗ്രന്ഥത്തിനും പുത്രിയുടെ പേരു നല്കി എന്നാണ് ഐതിഹ്യം. മുംബൈയില്‍ നിന്നും തിലകമഞ്ജരി പ്രസിദ്ധീകൃതമായിട്ടുണ്ട്.