This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവാതിരക്കളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവാതിരക്കളി

കേരളത്തിലെ പരമ്പരാഗതമായ ഒരു സംഘനൃത്തം. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്നതും ലാസ്യസ്വഭാവമുള്ളതുമായ ഒരു നൃത്തവിശേഷമാണിത്. അതതു ദേശക്കാരുടെ പാരമ്പര്യത്തിനും സംസ്കാരത്തിനുമൊത്ത നൃത്തവിശേഷങ്ങളുണ്ട്. ഭാരതീയ നൃത്തം രണ്ട് വിധമാണെന്നു വിദഗ്ധന്മാര്‍ പറയുന്നു. ഗംഭീരവും തീക്ഷ്ണവുമായ പുരുഷഭാവങ്ങള്‍ ശക്തമായ അംഗചലനങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന നൃത്തരൂപം താണ്ഡവം; ശാന്തവും സുലളിതവുമായ അംഗചലനങ്ങളിലും പദവിന്യാസത്തിലും കൂടിയുള്ള സ്ത്രീഭാവപ്രകാശനം ലാസ്യം. കേരളസ്ത്രീകളുടെ തനതായ ലാസ്യനൃത്തമാണ് തിരുവാതിരക്കളി. ചില പ്രദേശങ്ങളില്‍ കൈക്കൊട്ടിക്കളി എന്ന പേരില്‍ അറിയപ്പെടുന്ന സംഘനൃത്തവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. പ്രാചീനകാലം തൊട്ടേ കേരളത്തിലെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് പ്രകടിപ്പിച്ചുവരുന്ന ശാന്തസുന്ദരവും സുകുമാരവും താളാത്മകവുമായ കായികചലനമാണ് തിരുവാതിരക്കളിയുടെ പ്രത്യേകത. പുരാണകഥയോട് ഈ അനുഷ്ഠാനം ബന്ധപ്പെട്ടിരിക്കുന്നു. തിരുവാതിരയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ കാല്‍മുട്ടുകള്‍ അല്പം അകറ്റിവച്ച് താണുനിന്ന് മെല്ലെ ചുവട്വയ്ക്കുകയും അതോടൊപ്പം സാവധാനം വൃത്താകൃതിയില്‍ അംഗചലനങ്ങളോടെ നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

സ്ത്രീകളുടെ പരമ്പരാഗതാനുഷ്ഠാനമായ തിരുവാതിര എന്ന ചടങ്ങിന്റെ ഭാഗമായി രൂപംകൊണ്ട കലയാണ് ഇത്. ഒരു പുരാണ കഥയോട് ഈ അനുഷ്ഠാനം ബന്ധപ്പെട്ടിരിക്കുന്നു. കന്യകയായ ശ്രീപാര്‍വതി തപസ്സ് ചെയ്ത് പരമേശ്വരനെ പ്രത്യക്ഷപ്പെടുത്തി. അത് ധനുമാസത്തിലെ തിരുവാതിര നാളിലാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ആ സംഭവത്തെ അനുസ്മരിച്ചുകൊണ്ടുള്ള ആഘോഷത്തിന്റെ ഭാഗമാണ് തിരുവാതിരക്കളി. ധനുമാസത്തിലെ തിരുവാതിര നാളിന് ഏഴോ പതിനൊന്നോ പന്ത്രണ്ടോ ദിവസം മുമ്പ് മുതല്‍ തത്പരരായ സ്ത്രീജനങ്ങള്‍ പാര്‍വതിയെ സ്തുതിച്ച് നൃത്തം ചെയ്യാറുണ്ട്. തിരുവാതിര നാളില്‍ അവര്‍ വ്രതമെടുത്ത് രാത്രി മുഴുവന്‍ ഉറക്കമിളച്ച് ദേവിയുടെ ആരാധനയില്‍ മുഴുകുന്നു; കുളിച്ച് വെള്ളവസ്ത്രമുടുത്ത് നാട്ടുഭാഷാ ഗാനങ്ങള്‍ പാടി ചുവടുവച്ച് നൃത്തം ചെയ്യുന്നു. സംഗീതവും അതിനനുസരിച്ചുള്ള ചുവടുവയ്പുമാണ് താളലയാശ്രുതമായ തിരുവാതിര നൃത്തത്തിലുള്ളതെന്നും നാട്യാംഗം അതില്‍ തീരെ ഇല്ലെന്നു പറയാമെന്നും പി.കെ.ശിവശങ്കരപ്പിള്ള (ഫോക്ലോര്‍ പഠനങ്ങള്‍) അഭിപ്രായപ്പെടുന്നു. അക്ഷരാഭ്യാസമില്ലാത്ത പഴയ സ്ത്രീകള്‍ പോലും രുക്മിണീസ്വയംവരം പത്തുവൃത്തത്തിലെ 'കൊണ്ടല്‍ വേണിയാള്‍', 'അഞ്ചിത കേളിമനോഹരഭാഷിണി' മുതലായ പാട്ടുകള്‍ പാടി നൃത്തം ചെയ്തിരുന്നു. തിരുവാതിരക്കളിയില്‍ പാടിനൃത്തം വയ്ക്കത്തക്ക വൃത്തത്തിലും ഈണത്തിലും ഒട്ടേറെ പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. കേരളീയ സംഗീതത്തിന്റെ തനത് ഭാവം അനുഭവപ്പെടുത്തുന്നതാണ് ഈ ഗാനങ്ങളും നൃത്തവും.

പാതിരാപ്പൂ ചൂടുക എന്ന ചടങ്ങ് തിരുവാതിര ഉത്സവത്തിന്റെ ഭാഗമാണ്. തിരുവാതിര നക്ഷത്രത്തിന്‍നാള്‍ അര്‍ധരാത്രിയോടെയാണ് ഈ ചടങ്ങ്. അപ്പോള്‍ സ്ത്രീകള്‍ അണിനിരന്ന് ഈ ചടങ്ങിന്റെ പാട്ടുകള്‍ പാടി ചുവടുവച്ച് പൂപറിക്കാന്‍ പോകാറുണ്ടായിരുന്നു. 'പാതിരാപ്പൂ ചൂടല്‍' പാട്ടില്‍ പാര്‍വതീദേവിയെയാണ് സ്തുതിക്കുന്നത്.

'ഒന്നാകും ചെറുകുന്നില്‍ മങ്ങാതെവാഴുന്ന

കുന്നിന്‍ മകള്‍തന്നെ വന്ദിപ്പാനായ്

സുന്ദരിമാരായ ബാലതരുണിമാര്‍-

പോരുന്നുണ്ടോ നിങ്ങള്‍ പോരുന്നുണ്ടോ'

'അഞ്ചാകും ചെറുകുന്നില്‍ ചാഞ്ചാടി വാഴുന്ന

പഞ്ചവിശിഖാരി കാന്തതന്നെ

അഞ്ചാതെ കണ്ടങ്ങു ചെന്നു വന്ദിക്കുവാന്‍

കൊഞ്ചല്‍ മൊഴിമാരേ പോരുന്നുണ്ടോ'

പൂപറിക്കാന്‍ പോകുന്നവരുടെ സംഘഗാനങ്ങളിലൊന്ന് താഴെ കൊടുക്കുന്നു:

'തൃശ്ശിവപേരൂര്‍ / മതിലകത്ത്

ഒന്നല്ലോ / പൂത്തിലഞ്ഞി

ആയിലഞ്ഞി / പൂപറിപ്പാന്‍

പോരിന്‍-പോരിന്‍-

തോഴിമാരേ..............'

തിരുവാതിരക്കളിയുടെ സങ്കല്പത്തില്‍ ഉള്ള അടുത്തഘട്ടം 'പുലവൃത്തമാ'ണ്. ഇത് പാടിക്കളിക്കണം എന്നാണ് പഴയരീതി. പഴയ കേരളത്തിലെ കാലാവസ്ഥയേയും ദേശരീതികളേയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അന്നത്തെ പ്രഭുകുടുംബങ്ങളുടെ സ്ഥിതി, അവരുടെ കീഴാളരായ പുലയരുടെ അവസ്ഥ, അന്നത്തെ കാര്‍ഷികവൃത്തി സമ്പ്രദായങ്ങള്‍-എന്നിവയെല്ലാം പുലവൃത്തത്തിന് പശ്ചാത്തലമൊരുക്കുന്നു.

'കന്നിപ്പുലായത്തില്‍ കല്ലനാര്‍പൂണ്ട്

പിന്നെക്കുടിമാടം പുക്കേനടിയന്‍

ഏനും പുലയനും ഏര്‍മാടത്തേല്‍

താഴത്തെ മാടത്തില്‍ തീയും വെരുക്കി

കോവിലു കൂവി വിളിച്ചു വരുമിപ്പോള്‍

കുന്തവുമൂന്നി കുട തോളില്‍ വെച്ച്

നാളത്തെ നല്ല മകരപ്പൊഴുതിന്

ഇക്കണ്ടം നട്ടു നടുച്ചില്‍ പൊലിക്കണം

താഴത്തെക്കണ്ടം കുഴിക്കണ്ടമങ്ങിനെ

ഏറെക്കുറവുള്ള വിത്തുവേണം

ചൊങ്ങല്ലുമാരിയന്നല്ല കറുകയും

ചീരകച്ചെമ്പാവു ചാരപ്പൊക്കാളി-'

എന്നിങ്ങനെ നീണ്ടുപോകുന്നതാണ് പുലവൃത്തം. കൊച്ചി, തൃശൂര്‍, ആലുവ, വള്ളുവനാടന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ തിരുവാതിരക്കളിയുടെ ഏകദേശ രൂപമാണിവിടെ വിവരിച്ചത്. എന്നാല്‍ ദക്ഷിണ കേരളത്തില്‍ മാത്രം ഏറെ പ്രചാരമുള്ള പ്രത്യേകതരം തിരുവാതിരക്കളിയും ഉണ്ട്.

തിരുവാതിരക്കളിയില്‍ പല പരിഷ്കാരങ്ങളും വരുത്തി, ശ്രീമൂലം തിരുനാള്‍ മഹാരാജാവില്‍ നിന്നും വീരശൃംഖല നേടിയ തിരുവനന്തപുരത്തെ കുര്യാത്തി ബാലകൃഷ്ണപിള്ള (കൊല്ലവര്‍ഷം 1069-1109) രചിച്ച പല ഗാനങ്ങളും പ്രചാരത്തിലായിട്ടുണ്ട്. കളിയുടെ സമയം കൂട്ടുന്നതിനും കളിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ആട്ടക്കഥയിലെ പദങ്ങളും ആതിരപ്പാട്ടുകളും മറ്റു നാടന്‍ പാട്ടുകളും തിരുവാതിരക്കളിയില്‍ കലര്‍ത്തി വിനിയോഗിച്ചിരുന്നു. തിരുവാതിരക്കളി തീര്‍ത്തും തെക്കന്‍ കേരളത്തിന്റെ വകയാണെന്നും വടക്കും തെക്കുമുള്ളവയെ കൂട്ടിക്കുഴക്കുന്നതിലര്‍ഥമില്ലെന്നും തെക്കന്‍ ഭാഗത്തുള്ള പണ്ഡിതന്മാര്‍ പറയുന്നുണ്ട്. തിരുവാതിരയ്ക്ക് കളിക്കുന്ന ഒരുതരം പാട്ടുകളിയാണിതെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുകൂടെന്നും അവര്‍ ശഠിക്കുന്നു. പഴയ വേണാടിന്റെ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും ഉറങ്ങിക്കിടക്കുന്ന തിരുവനന്തപുരം-കന്യാകുമാരി ജില്ലകളിലാണ് തിരുവാതിരക്കളിക്ക് കൂടുതല്‍ പ്രചാരം വന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. "ദക്ഷിണ കേരളത്തില്‍, വ്യക്തമായി പറഞ്ഞാല്‍, തെക്കന്‍ തിരുവിതാംകൂറില്‍ തലമുറകളായി അവതരിപ്പിച്ചുവരുന്ന ഒരു കലാരൂപമാണ് തിരുവാതിരക്കളി എന്ന് ജി.ത്രിവിക്രമന്‍ തമ്പി (തിരുവാതിരക്കളിപ്പാട്ടുകള്‍ എന്ന ഗ്രന്ഥം) അഭിപ്രായപ്പെടുന്നു.

അമ്പലപ്പറമ്പുകള്‍, കൊട്ടാരക്കെട്ടുകള്‍ എന്നിവിടങ്ങളിലാണ് ഈ കേരളനൃത്തം അവതരിപ്പിച്ചിരുന്നത്. ദൃശ്യശ്രാവ്യകലാരൂപമായി അതിനെ ചിട്ടചെയ്ത് വളര്‍ത്തിയെടുത്തത് തിരുവിതാംകൂറുകാരാണെന്നു പറയാം. 'കൈകൊട്ടിക്കളിപ്പാട്ടുകള്‍ എന്നും തിരുവാതിരക്കളിപ്പാട്ടുകള്‍ എന്നും പറയുന്ന ഗാനങ്ങളെ ഭാഷാസാഹിത്യത്തിന്റെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കേണ്ടതാകുന്നു'എന്നാണ് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം പറയുന്നു; "തിരുവാതിരക്കളി 'ലാസ്യം' എന്ന അഭിനയശാഖയില്‍ ഉള്‍പ്പെടുന്നു. തീവ്രമായ തപോനിയമം അനുഷ്ഠിച്ചുകൊണ്ടിരുന്ന പാര്‍വതീദേവിക്ക് ആ തപസ്സിന്റെ ഫലമായി ശ്രീപരമേശ്വരന്‍ പ്രത്യക്ഷീഭവിച്ച് തന്റെ പത്നിയാക്കിക്കൊള്ളാമെന്ന് വരദാനം ചെയ്തത് ധനുമാസത്തിലെ തിരുവാതിരനാളിലാണ്. ആ ദിവസത്തെ, അവിവാഹിതകളായ കന്യകമാര്‍ ഭക്തിപൂര്‍വം ആഘോഷിക്കുന്നതിന്റെ ഒരു ചടങ്ങാണ് തിരുവാതിരക്കളി.

ഏതായാലും തെക്കും വടക്കും 'തിരുവാതിര'യുമായി ബന്ധപ്പെട്ടതാണ് തിരുവാതിരക്കളി. അതിനെ സങ്കേതബദ്ധമായ ഒരു കേരള നൃത്തമായി തെക്കുള്ളവര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. തെക്കുനിന്ന് വടക്കോട്ടേക്കു പോകുന്തോറും ഇത് ധനുമാസത്തിലെ ആര്‍ദ്രാനുഷ്ഠാനവുമായി മാത്രം ബന്ധമുള്ള ഒരു കലാരൂപമായിരിക്കുന്നു.

(ദേശമംഗലം രാമകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍