This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിമിരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിമിരം

Cataract

നേത്ര കാചം അതാര്യമാകുന്ന അവസ്ഥ. കൃഷ്ണമണിക്കും (pupil) നേത്രപടല(iris)ത്തിനും നേരേ പിറകില്‍ സ്ഥിതിചെയ്യുന്ന സുതാര്യമായ അവയവമാണ് നേത്ര കാചം. തിമിരം മൂലം പ്രത്യേകിച്ച് വേദനയൊന്നും അനുഭവപ്പെടാതെതന്നെ കാഴ്ച അല്പാല്പമായി മങ്ങുകയാണു ചെയ്യുന്നത്. പല വലുപ്പത്തിലും തിമിരം രൂപീകൃതമാവാറുണ്ട്. ചില തിമിരം കാചത്തിന്റെ ഒരു ചെറുഭാഗത്തെ മാത്രം ബാധിക്കുമ്പോള്‍ മറ്റു ചിലത് കാചത്തിനെ പൂര്‍ണമായും ആവരണം ചെയ്യുന്നു. ചെറുകുത്തുകള്‍ പോലെയും തിമിരം രൂപീകൃതമാകാറുണ്ട് (Punctate cataract). തിമിരത്തിന്റെ സ്ഥാനത്തിനനുസൃതമായാണ് കാഴ്ചക്കുറവ് സംഭവിക്കുന്നത്. കാചത്തിന്റെ അഗ്രത്തിലുണ്ടാവുന്ന വളരെ ചെറിയ പാട കാഴ്ചയെ ബാധിക്കുകയില്ല. എന്നാല്‍ അതേ വലുപ്പത്തിലുള്ള പാട കാചത്തിന്റെ നടുവിലാണുണ്ടാകുന്നതെങ്കില്‍ കാഴ്ചയ്ക്ക് സാരമായ മങ്ങലേല്ക്കും. മിക്കവാറും എല്ലാ തിമിരവും ക്രമേണ വലുതാകാറുണ്ട്. ചികിത്സയാവശ്യമാകുന്ന വിധത്തില്‍ വ്യാപിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരും. നല്ല പ്രകാശത്തില്‍ കൃഷ്ണമണി സങ്കോചിച്ചിരിക്കുന്നതിനാല്‍ തിമിരം മൂലം കാഴ്ച കൂടുതല്‍ മങ്ങിയതായി തോന്നാം. എന്നാല്‍ അരണ്ട വെളിച്ചത്തില്‍ കൃഷ്ണമണി വികസിക്കുന്നതിനാല്‍ കാഴ്ച കൂടുതലനുഭവപ്പെടുന്നു. തിമിരത്തിന്റെ പ്രാരംഭദശയില്‍ നല്ല വെളിച്ചത്തില്‍ സൂക്ഷ്മാംശങ്ങള്‍ കാണാന്‍ കഴിയാത്തതായി അനുഭവപ്പെടുന്നതിതുമൂലമാണ്.

വാര്‍ധക്യ ലക്ഷണമായാണ് തിമിരം സാധാരണ കണ്ടുവരുന്നത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരിലും ഒരളവോളം തിമിരം ഉണ്ടായിരിക്കും. ചില ജനിതക ഘടകങ്ങളും, ഭ്രൂണദശയിലുണ്ടാകുന്ന എന്തെങ്കിലും ക്ഷതവും (മാതാവിനുണ്ടാവുന്ന ജര്‍മന്‍ മീസില്‍സ്, റുബെല്ല) മൂലം ജന്മനാ തിമിരം ഉണ്ടാകാറുണ്ട്. കണ്ണിന് ഏല്ക്കുന്ന ക്ഷതങ്ങള്‍, പ്രത്യേകിച്ച് കൃഷ്ണമണിക്കും നേത്രമണ്ഡലത്തിനും മുമ്പിലുള്ള ദ്രാവക അറയ്ക്ക് ഏല്ക്കുന്ന ക്ഷതങ്ങള്‍ തിമിരത്തിന് ഇടയാക്കും. കോളറ, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളപ്പോഴും സ്റ്റിറോയിഡുകള്‍ പോലെയുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും അകാലത്തില്‍ത്തന്നെ തിമിരം ബാധിക്കാറുണ്ട്.

തിമിരത്തിനു കാരണമാകുന്ന ജൈവപ്രക്രിയകള്‍ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും നേത്ര കാചത്തിലെ മാംസ്യത്തിനുണ്ടാകുന്ന രാസമാറ്റം ഒരു കാരണമാണെന്നു വ്യക്തമാണ്. ചൂട്, വിഷവസ്തുക്കള്‍, നേത്രകാചത്തിന്റെ തന്തുക്കള്‍ക്കുണ്ടാകുന്ന അപചയം, നേത്ര കാചത്തിന്റെ ജലാംശത്തില്‍ വരുന്ന മാറ്റം എന്നിവയൊക്കെ ഈ രാസമാറ്റത്തിന് ഹേതുവാകാറുണ്ട്. ഒഫ്താല്‍മോസ്കോപ്പ് എന്ന ഉപകരണമുപയോഗിച്ച് കാചത്തിലൂടെ കടന്നുപോകുന്ന രശ്മിയുടെ പാതയിലുണ്ടാകുന്ന തടസ്സം കണ്ടെത്തിയാണ് തിമിരം നിര്‍ണയിക്കുന്നത്. തിമിരത്തിന്റെ സ്ഥാനം, വ്യാപ്തി, ആകൃതി, മങ്ങല്‍ എന്നിവയെല്ലാം ഇതിലൂടെ നിര്‍ണയിക്കുക സാധ്യമാണ്.

തിമിരം ഭേദമാക്കുന്നതിനോ വ്യാപനം തടയുന്നതിനോ ഔഷധങ്ങളൊന്നുംതന്നെ ഫലപ്രദമായി കണ്ടിട്ടില്ല. ശസ്ത്രക്രിയ മാത്രമാണ് ഇന്നു നിലവിലുള്ള ഏക പ്രതിവിധി. മൂന്ന് വിധത്തിലുള്ള ശസ്ത്രക്രിയകള്‍ പ്രചാരത്തിലുണ്ട്. (i) പുടത്തോടു കൂടി കാചം പൂര്‍ണമായും നീക്കം ചെയ്യുക (Intra capsular extraction). ഇതിനായി കണ്ണിനുള്ളില്‍ 12-14 മി.മീ. നീളമുള്ള മുറിവ് ഉണ്ടാക്കേണ്ടതുണ്ട്. (ii) പുടം തുറന്ന് കാചപദാര്‍ഥം നീക്കം ചെയ്യുക (Extra capsular extraction). ഇത്തരത്തിലുള്ള ശസ്ത്രക്രിയയില്‍ കാചത്തിനു പിന്നിലുള്ള പോള അതേപടി നിലനിര്‍ത്തിക്കൊണ്ട് മുന്‍ഭാഗത്തെ പോള പൂര്‍ണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടതായി വരുന്നു. (iii) ലേസര്‍ രശ്മികളോ അള്‍ട്രാസോണിക രശ്മികളോ ഉപയോഗിച്ചു നടത്തുന്ന ശസ്ത്രക്രിയ (phacoemulsification). ഇതില്‍ ഒരു അള്‍ട്രാസോണിക സൂചിയില്‍ നിന്നുള്ള രശ്മിയുപയോഗിച്ച് കാച പദാര്‍ഥത്തെ സ്നേഹവേധം ചെയ്യുകയോ ചെറു കഷണങ്ങളാക്കുകയോ ചെയ്തശേഷം വലിച്ചെടുക്കുന്നു. ഇതിന് 3 മി.മീ. നീളമുള്ള ഒരു ചെറുദ്വാരം മതിയാകും. ശസ്ത്രക്രിയയ്ക്കുശേഷം നല്ല കാഴ്ച ലഭിക്കുവാന്‍ ശരിയായ ക്ഷമതയുള്ള കണ്ണടകള്‍ ധരിക്കേണ്ടതുണ്ട്. കണ്ണിനുള്ളില്‍ത്തന്നെ നേത്രകാചത്തിനു പകരമായി കൃത്രിമ കാചം വയ്ക്കുകയാണ് ആധുനികരീതി. അക്രലിക്ക് പോളിമര്‍ (poly methyl metha acrylate) കാചങ്ങളാണ് ഇതിനുപയോഗിക്കുന്നത്. കണ്ണിനുള്ളില്‍ സ്ഥിരമായി സ്ഥാപിക്കാമെന്നതും ആവര്‍ധനവും (magnification) വക്രീകരണവും (distortion) കുറയുമെന്നതുമാണ് ഇതിന്റെ മേന്മ. എന്നാല്‍ കൃത്രിമ കാചം കണ്ണിനുള്ളില്‍ സ്ഥാപിക്കുന്ന തിമിര ശസ്ത്രക്രിയ സങ്കീര്‍ണവും ചെലവുകൂടിയതുമാണ്.

ആരംഭ ദശയിലുള്ള തിമിരം ചികിത്സിച്ചു ഭേദമാക്കുവാന്‍ സാധിക്കുമെന്നാണ് ആയുര്‍വേദം അനുശാസിക്കുന്നത്. തിമിരത്തിനു കാരണങ്ങളായ ദോഷങ്ങള്‍ സിരകള്‍ വഴിയാണ് നേത്രത്തിലെത്തുന്നത്. നേത്രത്തിന്റെ ആഭ്യന്തരമായ ആദ്യ പടലത്തിലെത്തുമ്പോള്‍ കാഴ്ച തെളിഞ്ഞും മറഞ്ഞും ഇരിക്കും. ഈ അവസ്ഥയില്‍ വേദനയൊന്നും അനുഭവപ്പെടാത്തതിനാല്‍ രോഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ബാഹ്യമായി പ്രയോഗിക്കുന്ന ഔഷധങ്ങള്‍ ആഭ്യന്തര പടലത്തില്‍ പെട്ടെന്നു ഗുണം ചെയ്യാനും സാധ്യതയില്ല. തിമിരത്തിലെ ദോഷവ്യാപ്തി ഉള്ളിലെ പ്രഥമ പടലത്തില്‍ നിന്ന് ക്രമേണ ബാഹ്യ പടലത്തിലെത്തുകയാണ് ചെയ്യുന്നത്. ദോഷവ്യാപ്തി രണ്ടാമത്തെ പടലത്തില്‍ എത്തുമ്പോള്‍ കാഴ്ചയില്‍ സാരമായ വൈകല്യങ്ങളുണ്ടാകുന്നു. തിമിരത്തിന്റെ ശരിയായ ലക്ഷണങ്ങള്‍ ഇവിടം മുതലാണ് അനുഭവപ്പെട്ടു തുടങ്ങുന്നത്. തീരെ ചെറുതും അകന്നിരിക്കുന്നതുമായ വസ്തുക്കള്‍ കാണാന്‍ ക്ളേശിക്കും. തിമിരത്തിന്റെ സ്ഥാനത്തിനും ആകാരത്തിനുമനുസരിച്ച് കാഴ്ചയിലെ ദോഷങ്ങള്‍ വ്യത്യസ്തമായിരിക്കും.

തിമിരം മൂന്നാമത്തെ പടലത്തില്‍ എത്തുന്നതോടെ കാചമായും നാലാമത്തെ പടലത്തിലെത്തുന്നതോടെ ലിംഗനാശം എന്ന സമ്പൂര്‍ണ ആന്ധ്യമായും തീരുന്നു എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. വാതതിമിരം, പിത്തതിമിരം, കഫതിമിരം എന്നിങ്ങനെ മൂന്നുവിധം തിമിരങ്ങളുണ്ട്. തിമിരത്തിന്റെ കാരണം, സ്ഥാനം, ആകൃതി എന്നിവയെ ആശ്രയിച്ചാണ് ചികിത്സ. തിമിര രോഗി പതിവായി കടുക്കാപ്പൊടി തേനും പഞ്ചസാരയും ചേര്‍ത്ത് ആഹാരത്തിനു മുമ്പ് സേവിക്കുന്നത് നേത്രരോഗ ശമനത്തിനു ഉത്തമമാണെന്ന് അഷ്ടാംഗ ഹൃദയത്തില്‍ പറയുന്നു. ജീവന്ത്യാദി ഘൃതം, ത്രിഫലാദിഘൃതം തുടങ്ങിയ ഘൃതങ്ങളും മറ്റു പല ഔഷധങ്ങളും തിമിരഹരമായി പറയുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍