This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താഹോ തടാകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താഹോ തടാകം
Lake Tahoe
കാലിഫോര്‍ണിയയുടേയും നെവാദയുടേയും അതിര്‍ത്തിയില്‍ സു. 1898 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടാകം. റെനോയ്ക്ക് 37 കി.മീ. തെ.പടിഞ്ഞാറുള്ള താഹോ തടാകം ചിത്രോപമമായ പ്രകൃതിരമണീയതയ്ക്ക് പ്രസിദ്ധമാണ്. 1844-ല്‍ ജോണ്‍ സി.ഫ്രിമോണ്ട് ആണ് ഈ തടാകം കണ്ടെത്തിയത്. മുമ്പ് പല പേരുകളില്‍ അറിയപ്പെട്ടിരുന്നു. താഹോ എന്ന വാക്കിന് 'ജലസമൃദ്ധം' എന്നാണര്‍ഥം. ഒരു ഇന്ത്യന്‍ പദത്തില്‍ നിന്നാണ് താഹോ എന്ന നാമം നിഷ്പന്നമായതെന്ന് കരുതുന്നു.
സു.35 കി.മീ. നീളവും 20 കി.മീ. വീതിയുമുള്ള താഹോ തടാകം മഞ്ഞുമൂടിയ കൊടുമുടികളുടെ പശ്ചാത്തലത്തില്‍ വര്‍ത്തിക്കുന്ന ഒരു ഭ്രംശതാഴ്വരയില്‍ 500 ച.കി.മീറ്ററിലേറെ വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്നു. താഹോ തടാകത്തിന് 490 മീറ്ററിലേറെ ആഴമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. തടാകത്തിന്റെ ആഴക്കൂടുതല്‍ തടാകജലം ശൈത്യകാലത്ത് തണുത്തുറയുന്നതിനെ പ്രതിരോധിക്കുന്നു. ട്രകീനദി(Truckee)യാണ് ഇതിന്റെ പ്രധാന ജല നിര്‍ഗമന മാര്‍ഗം. ലോകത്തിലെ ഏറ്റവും മനോഹര തടാകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന താഹോ, എല്‍-ഡൊറാഡോ
(El-doraho) ദേശീയ വനത്തിന്റെ ഭാഗമാണ്. 20-ാം ശ.-ത്തോടെയാണ് ഒരു ഒഴിവുകാല വിനോദകേന്ദ്രം എന്ന നിലയില്‍ താഹോതടാകം പ്രസിദ്ധിനേടുന്നത്. ശൈത്യത്തിലും വേനലിലും ഒരു സുഖവാസ കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ജലകായികാഭ്യാസങ്ങളുടേയും സ്കിയിങ്ങിന്റേയും പ്രധാന വേദി കൂടിയായ താഹോ തടാകം 1960-ല്‍ മഞ്ഞുകാല ഒളിമ്പിക്സിന്റെ വേദിയായിരുന്നു.