This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രാക്കന്‍സ്ബെര്‍ഗ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡ്രാക്കന്‍സ്ബെര്‍ഗ്
Drakensberg
ദക്ഷിണാഫ്രിക്കയിലെ ഒരു പര്‍വതനിര. 'ഡ്രാഗണുകളുടെ ആവാസകേന്ദ്രം' എന്ന ഡച്ച് വിശ്വാസത്തില്‍ നിന്നാണ് ഡ്രാക്കന്‍ സ്ബെര്‍ഗ് എന്ന പേര് നിഷ്പന്നമായത്. ആഫ്രിക്കയുടെ തെ.കി. തീരത്തിന് സമാന്തരമായി സ്ഥിതിചെയ്യുന്ന ഈ നിരയ്ക്ക് ക്വാത്ത്ലാമ്പ (Quathlamba) എന്നും പേരുണ്ട്.
ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്ന് ലാവാ അട്ടിയിട്ട് ഉയര്‍ന്നതാണ് ഡ്രാക്കന്‍സ്ബെര്‍ഗ് പര്‍വതനിരകളുടെ രൂപീകരണത്തിന് നിദാന മായിത്തീര്‍ന്നതെന്നു കരുതപ്പെടുന്നു. 'ഗ്രേറ്റ് എസ്കാര്‍പ്മെന്റി' ന്റെ (Great Escarpment) ഭാഗമാണ് ഇവ. കേപ് പ്രവിശ്യയിലെ സ്റ്റോംബെര്‍ഗ് (stormberg) പര്‍വതത്തില്‍ നിന്നാരംഭിച്ച് നേറ്റാള്‍, ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നിവിടങ്ങളിലൂടെ കി. ട്രാന്‍സ്വാള്‍ വരെ നീണ്ടു കിടക്കുന്ന ഈ നിരകള്‍ക്ക് 1000 കി.മീ.-ലധികം നീളമുണ്ട്. തബാന ടെലെന്‍ യാന (3,482 മീ.), ഷാംപെയ് ന്‍ കാസെല്‍ (3,375 മീ.), മോണ്ട് ആക്സ് സോഴ്സസ് (3,299 മീ.), കാത്കിന്‍ (3,148 മീ.), കതീഡ്രല്‍ (3,004 മീ.) എന്നിവ പ്രധാന കൊടുമുടികളാണ്. പ്രകൃതിമനോഹരമായ റോയല്‍ നേറ്റാള്‍ ദേശീയ ഉദ്യാനം മോണ്ട് ആക്സ് സോഴ്സസിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.അത് ലാന്തിക്-ഇന്ത്യന്‍ സമുദ്രങ്ങളിലേക്ക് ഒഴുകുന്ന നദികളുടെ ജലദ്രോണി(watershed)യാണ് ഡ്രാക്കന്‍സ്ബെര്‍ഗ്. തുജേല, ഓറഞ്ച്, ഇലന്‍ഡ്സ് തുടങ്ങിയ പല പ്രധാന നദികളും ഈ നിരകളില്‍ നിന്ന് ഉദ്ഭവിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരത്തിലുള്ള (2,000 മീ.) ജലപാതമായ തുജേലയും ഈ നിരകളിലാണ് സ്ഥിതിചെയ്യുന്നത്. വാന്‍ റീനെന്‍ (1,646 മീ.), ലെയ്ങ്സ്നെക് (1,250 മീ.) തുരങ്കങ്ങളിലൂടെ റെയില്‍ പാതകള്‍ ഈ നിരകളെ മുറിച്ചു കടക്കുന്നു. ഡ്രാക്കന്‍സ്ബെര്‍ഗിലെ മനോഹരങ്ങളായ ഗുഹാചിത്രങ്ങള്‍ ഈ പ്രദേശം ഒരു സാന്‍ അധിവാസ കേന്ദ്രമായിരുന്നു എന്നതിന് സൂചന നല്കുന്നു.