This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈവിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈവിങ്

Diving

ഒരു കായികാഭ്യാസം. ഇത് ഒരു കായിക വിനോദം എന്ന നില യിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഉയരത്തിലുള്ള ഒരു പ്ലാറ്റ്ഫോമില്‍ നിന്നോ സ്പ്രിങ്ബോര്‍ഡില്‍ നിന്നോ നീന്തല്‍ കുളത്തിലേക്ക് പലതരം കരണംമറിയലുകള്‍ നടത്തി ചാടിയതിനു ശേഷം കുളത്തിലേക്ക് ഊളിയിട്ടിറങ്ങുന്നു. ഇത്തരം നീര്‍ക്കുഴിയിടല്‍ വിനോദത്തിനു പുറമേ ഉപകാരപ്രദമായ കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താറുണ്ട്. നീന്തല്‍ക്കുളത്തിലെ ഡെക്കില്‍ നിന്നോ സമുദ്രത്തില്‍ ഒരുക്കുന്ന ഡെക്കില്‍ നിന്നോ തലകുത്തനെയോ മറിച്ചോ ജലത്തിലേക്കു ചാടുന്നതിനെയാണ് ഡൈവിങ് എന്നു പറയുന്നത്.

പ്രാരംഭത്തില്‍ കാലുകള്‍ മുന്നിലായിട്ടാണ് ചാടുന്നതെങ്കിലും പരിശീലനത്തിലൂടെ തലകുത്തനെ വെളളത്തിലേക്കു ചാടിയ ശേഷം നീന്തി പെട്ടെന്നു ജലനിരപ്പിലേക്ക് എത്തുന്നതിനുള്ള കഴിവ് നേടുന്നു. താഴ്ന്ന തലത്തിലുള്ള സ്പ്രിങ്ബോര്‍ഡില്‍ പരിശീലനം നേടിയ ശേഷമാണ് ഉയര്‍ന്ന സ്പ്രിങ്ബോര്‍ഡില്‍ നിന്നു ഡൈവിങ് നടത്തുന്നത്. വേണ്ടത്ര ആത്മവിശ്വാസവും കരുത്തും നേടിയ ശേഷം ഫാന്‍സി ഡൈവിങ്ങിലേക്കു കടക്കുന്നു. പ്ലാറ്റ്ഫോമില്‍ നിന്നു ചാടി, അന്തരീക്ഷത്തില്‍വച്ച് തികഞ്ഞ നിയന്ത്രണത്തോടെ പലതരം കരണംമറിയലുകള്‍ നടത്തി, ജലത്തിലേക്ക് ഊളിയിട്ട് നീന്തുന്ന പ്രക്രിയയാണ് ഫാന്‍സി ഡൈവിങ്. നീന്തല്‍ മത്സരങ്ങളില്‍ പ്ളെയ്ന്‍ ഡൈവ്, സമര്‍സോള്‍ട്ട്, ട്വിസ്റ്റ് എന്നിങ്ങനെ പലതരം ഫാന്‍സി ഡൈവിങ്ങുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോര്‍വേഡ് ഡൈവിങ്

അടിസ്ഥാനവിദ്യകളില്‍ വൈദഗ്ധ്യം നേടുന്നതനുസരിച്ചാണ് ഡൈവിങ്ങിന്റെ വിജയം കൈവരിക്കാന്‍ കഴിയുന്നത്. സ്വാഭാവികമായ സമീപനവും തികഞ്ഞ ബാലന്‍സോടെയുള്ള കുതിപ്പും അന്തരീക്ഷത്തിലെ കരണംമറിയലുകളിലുള്ള നിയന്ത്രണവും ജലം തെറുപ്പിക്കാതെയുള്ള ഊളിയിടലും അടിസ്ഥാനവിദ്യകളില്‍ അടങ്ങിയിരിക്കുന്നു. ഈ വിദ്യകളോടുള്ള വിധേയത്വവും കഠിന പ്രയത്നവുമാണ് ഒരു ഉത്തമ ഡൈവറെ വാര്‍ത്തെടുക്കുവാനുപകരിക്കുന്നത്. നിന്നുകൊണ്ടുള്ള ഡൈവിങ്ങിലും ഓടിവന്നുള്ള ഡൈവിങ്ങിലും പരിശീലനവേളയില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. സങ്കീര്‍ണമായ ഡൈവിങ്ങുകളിലേക്കു കടക്കുന്നതിനു മുന്‍പ് ലളിതമായ ഡൈവിങ്ങുകളില്‍ പൂര്‍ണ വൈദഗ്ധ്യം നേടിയിരിക്കണം.

ബാക്ക് വേഡ് ഡൈവിങ്

നാഷണല്‍ കൊളീജിയറ്റ് അത് ലറ്റിക് അസ്സോസിയേഷന്‍, അമച്വര്‍ അത് ലറ്റിക് അസ്സോസിയേഷന്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് സ്വിമ്മിങ് അസ്സോസിയേഷന്‍സ് എന്നിവ അംഗീകരിച്ച മത്സരക്കളരിയിലെ ഡൈവിങ്ങുകള്‍ ഒരു മീറ്റര്‍, മൂന്നു മീറ്റര്‍ സ്വിമ്മിങ്ബോര്‍ഡുകളില്‍ നിന്നും അഞ്ചു മീറ്റര്‍, പത്തു മീറ്റര്‍ പ്ലാറ്റ് ഫോമുകളില്‍ നിന്നും ആരംഭിക്കുന്നവയാണ്. അംഗീകരിക്കപ്പെട്ട ഡൈവുകളെ ആറു വിഭാഗങ്ങളിലായി തരംതിരിച്ചിരിക്കുന്നു: ഫോര്‍വേഡ് ഡൈവില്‍ ഡൈവര്‍ മുന്നോട്ടു നോക്കി ഡൈവു ചെയ്യുകയും ശരീരത്തിന്റെ മുന്‍ഭാഗത്താല്‍ ജലത്തിലേക്കു കടക്കുകയും ചെയ്യുന്നു. ബാക്ക്വേഡ് ഡൈവില്‍ ഡൈവര്‍ സ്പ്രിങ് ബോര്‍ഡില്‍ പിന്തിരിഞ്ഞു നില്‍ക്കുകയും കരണംമറിഞ്ഞുകൊണ്ട് ബോര്‍ഡിലേക്ക് ഡൈവിങ് നടത്തുകയും ചെയ്യുന്നു. റിവേഴ്സ് ഡൈവില്‍ ഡൈവര്‍ മുന്‍തിരിഞ്ഞാണ് ഡൈവ് ചെയ്യുന്നതെങ്കിലും കരണംമറിഞ്ഞ് ബോര്‍ഡിനു സമീപത്തേക്ക് ചാടുന്നു. ഇന്‍വേഡ് ഡൈവില്‍ ഡൈവര്‍ പിന്തിരിഞ്ഞ് നില്‍ക്കുകയും കരണംമറിഞ്ഞ് ബോര്‍ഡിനു സമീപത്തേക്കു ചാടുകയും ചെയ്യുന്നു. ട്വിസ്റ്റിങ് ഡൈവില്‍ ഡൈവര്‍ അന്തരീക്ഷത്തില്‍ തിരിമറികള്‍ നടത്തുകയും പിന്നീട് ജലത്തിലേക്ക് കുത്തനെ പതിക്കുകയും ചെയ്യുന്നു. ആമ്സ്റ്റാന്റ് ഡൈവുകള്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നു മാത്രമാണ് നടത്തുന്നത്. ഇവയില്‍ റിവേഴ്സ്ഡൈവും ഇന്‍വേഡ് ഡൈവുമാണു കൂടുതല്‍ അപകടകരമായിട്ടുള്ളത്. മത്സരവേളകളില്‍ സ്പ്രിങ്ബോര്‍ഡില്‍ നിന്നും പ്ളാറ്റ്ഫോമില്‍ നിന്നുമായി അറുപതിലേറെ ഇനം ഡൈവുകള്‍ നടത്തപ്പെടാറുണ്ട്.

വിവിധതരം ഡൈവുകളില്‍ മുഖ്യമായും ശരീരത്തിന്റെ മൂന്ന് അവസ്ഥകളാണ് ഉപയോഗപ്പെടുത്തുന്നത്. ലേഔട്ട്, പൈക്ക്, ടക്ക് എന്നിവയാണിവ. ലേഔട്ടില്‍ ശരീരം നേരായ അവസ്ഥയിലായിരിക്കും. പൈക്കില്‍ കാലുകള്‍ നേരെ നിറുത്തി അരക്കെട്ടിനു മുകളിലുള്ള ഭാഗം വളയ്ക്കുന്നു. ടക്കില്‍ കാല്‍മുട്ടുകള്‍ യോജിപ്പിച്ച് നെഞ്ചിനോടടുപ്പിക്കുകയും അരക്കെട്ടും കാല്‍മുട്ടും വളയ്ക്കുകയും ചെയ്യുന്നു. ഫ്രീപൊസിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാലാമത്തെ അവസ്ഥ അംഗീകരിക്കപ്പെട്ടതല്ലെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. മുന്‍ സൂചിപ്പിച്ച മൂന്നവസ്ഥകളും അവയുടെ സങ്കലനവും ഇതില്‍പ്പെടുന്നു. സമര്‍സോള്‍ട്ടും ട്വിസ്റ്റും ഉള്‍പ്പെടുന്ന ഏതു ഡൈവിങ്ങിലും ഫ്രീപൊസിഷന്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

റിവേഴ്സ് ഡൈവിങ്

വ്യക്തമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സ്പ്രിങ് ബോര്‍ഡ് നിര്‍മിക്കുന്നത്. ഇതിന്റെ നീളം പന്ത്രണ്ട് അടിയോ പതിനാല് അടിയോ പതിനാറ് അടിയോ ആകാം. പക്ഷേ വീതി ഇരുപത് ഇഞ്ചായിരിക്കും. തെന്നിപ്പോകാത്ത വസ്തു ഉപയോഗിച്ചാണ് ബോഡ് നിര്‍മിക്കുന്നത്. പതിനാറടി നീളമുള്ള ബോര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ സ്പ്രിങ് ആക്ഷന്‍ നല്‍കുന്നു. ഇക്കാരണത്താല്‍ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് ഇത്തരം ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്. സ്റ്റാന്‍ഡില്‍ ഘടിപ്പിച്ച ബോര്‍ഡിന്റെ അടിത്തട്ടില്‍ നിന്നു ജലനിരപ്പുവരെയുള്ള അകലം ഒരു മീറ്ററോ മൂന്നു മീറ്ററോ ആയിരിക്കും. സ്റ്റാന്‍ഡിന് ക്രമീകരിക്കാവുന്ന ഒരു ഫള്‍ക്രമുണ്ടായിരിക്കും. നീന്തല്‍ക്കുളത്തിലേക്ക് അഞ്ച് അടിയെങ്കിലും തള്ളിനില്‍ക്കുന്ന തരത്തിലായിരിക്കണം സ്പ്രിങ് ബോര്‍ഡ് സ്ഥാപിക്കേണ്ടത്. ഒരു മീറ്റര്‍ നീളമുള്ള ബോര്‍ഡുകള്‍ നീന്തല്‍ക്കുളത്തിനരികില്‍ നിന്ന് എട്ട് അടി മാറ്റിയും മൂന്നു മീറ്റര്‍ ബോര്‍ഡുകള്‍ പന്ത്രണ്ട് അടി മാറ്റിയും സ്ഥാപിക്കേണ്ടതാണ്. ബോര്‍ഡുകള്‍ തമ്മിലുള്ള അകലം എട്ട് അടി ആയിരിക്കണം. സ്പ്രിങ്ബോര്‍ഡ് ഡൈവിങ്ങിനുള്ള നീന്തല്‍ കുളത്തിന്റെ ആഴം ഒരു മീറ്റര്‍ ബോര്‍ഡിന് പതിനൊന്ന് അടിയും മൂന്നു മീറ്റര്‍ ബോര്‍ഡിന് പന്ത്രണ്ട് അടിയും ആയിരിക്കണം.

ഡൈവിങ് പ്ലാറ്റ്ഫോമുകളുടെ ഔദ്യോഗികമായി അംഗീക രിക്കപ്പെട്ട ഉയരം അഞ്ചുമീറ്ററും പത്തുമീറ്ററുമാണ്. പ്ലാറ്റ്ഫോം നല്ല ബലമുള്ളതും തെന്നാത്തതുമായിരിക്കണം. 16 അടി നീളവും 10 അടി വീതിയുമാണ് വേണ്ടത്. നീന്തല്‍ക്കുളത്തിന്റെ ആഴം കുറഞ്ഞത് പതിനാറ് അടി ആയിരിക്കണം.

ഡൈവിങ്ങിനെ വിലയിരുത്തുമ്പോള്‍ ഡൈവറുടെ സമീപനവും കുതിക്കലും അഭ്യാസവും ഊളിയിടലും കണക്കിലെടുക്കുന്നു. ഓരോ ഘട്ടത്തിലും ഡൈവറുടെ ശൈലിയും സങ്കേതവും ഫോമും മാനദണ്ഡങ്ങളാകുന്നു. ഡൈവിങ്ങിന്റെ ഓരോ ഘട്ടവും അപഗ്രഥിച്ചാണ് അവസാന വിലയിരുത്തല്‍ നടത്തുന്നത്. അമച്വര്‍ അത്ലറ്റിക് യൂണിയന്റെ നിയമങ്ങള്‍ അനുസരിച്ച് വിലയിരുത്തല്‍ നടത്തുന്നതിന് സ്വീകരിക്കുന്ന തത്ത്വങ്ങള്‍ ഇപ്രകാരമാണ്: ഡൈവര്‍ ബോര്‍ഡിന്റെ മുന്നറ്റത്തു നില്‍ക്കുമ്പോഴാണ് വിലയിരുത്തലിന് തുടക്കം കുറിക്കുന്നത്. ശരീരം നേരെയാക്കി തലകുനിച്ച് ഉപ്പൂറ്റികള്‍ ഒന്നിപ്പിച്ച് കൈകള്‍ ഇരുവശത്തും ചേര്‍ത്തുപിടിച്ച് നില്‍ക്കണം. മുന്നോട്ടുള്ള ഡൈവിങ്ങിന്റെ ഡൈവര്‍ ആദ്യത്തെ ചുവടുവയ്ക്കാന്‍ തയ്യാറാകുമ്പോള്‍ അത് തുടക്കമായി കണക്കാക്കുന്നു. തുടര്‍ന്നുള്ള ചുവടുവയ്പുകള്‍ നേരെയുള്ളതും കരുത്താര്‍ന്നതുമായിരിക്കണം. ഹര്‍ഡിലിനു മുന്‍പ് മൂന്നു ചുവടെങ്കിലും മുന്നോട്ട് വയ്ക്കേണ്ടതാണ്. ഈ സമയത്ത് രണ്ടു കാല്‍പ്പാദങ്ങളും ബോര്‍ഡിന്റെ അറ്റത്ത് അമരണം. ചാട്ടം കരുത്തുറ്റതും വേഗതയാര്‍ന്നതുമാവണം. അന്തരീക്ഷത്തിലുള്ള കരണംമറിയലുകള്‍ ഓരോതരം ഡൈവിങ്ങിനെ ആശ്രയിച്ചിരിക്കുന്നു. ലേഔട്ട് പൊസിഷനില്‍ ശരീരം അരക്കെട്ടിലോ കാല്‍മുട്ടുകളിലോ വളയാന്‍ പാടില്ല. കൈകള്‍ നേരെയായിരിക്കണം. കാലുകള്‍ ഒരുമിച്ചും പാദങ്ങള്‍ കൂര്‍പ്പിച്ചുമിരിക്കണം. പൈക്ക് പൊസിഷനും ടക്ക് പൊസിഷനും പരമാവധി അമര്‍ന്നതായിരിക്കണം. എല്ലാ പൊസിഷനുകളിലും ജലത്തിലേക്കുള്ള ഊളിയിടല്‍ കുത്തനെ ആയിരിക്കണം. ശരീരം നേരെയും പാദങ്ങള്‍ കൂര്‍പ്പിച്ചുമിരിക്കണം. തല മുന്നേയുള്ള ഊളിയിടലില്‍ കൈകള്‍ വിരിക്കുകയും കാലുകള്‍ മുന്നേയുള്ളതില്‍ കൈകള്‍ ശരീരത്തോട് ചേര്‍ത്തു പിടിക്കുകയുമാണ് വേണ്ടത്. പൂജ്യം മുതല്‍ പത്തുവരെ പോയിന്റുകള്‍ സ്കോര്‍ ആയി നല്‍കുന്നു.

ഇന്‍വേഡ് ഡൈവിങ്

വിവിധയിനം ഡൈവിങ് മത്സരങ്ങളില്‍ വിലയിരുത്തല്‍ നടത്തുന്ന ജഡ്ജിമാരുടെ എണ്ണം വ്യത്യസ്തമായിരിക്കും. രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളില്‍ മൂന്നു ജഡ്ജിമാര്‍ ഉണ്ടായിരിക്കും. മൂന്നു പേരും നല്‍കുന്ന പോയിന്റുകള്‍ കണക്കിലെടുത്താണ് അന്തിമ തീരുമാനത്തിലെത്തുന്നത്. ദേശീയ മത്സരങ്ങളില്‍ അഞ്ച് ജഡ്ജിമാര്‍ പങ്കെടുക്കുന്നു. എങ്കിലും ഏറ്റവും കൂടിയ പോയിന്റും ഏറ്റവും കുറഞ്ഞ പോയിന്റും ഉപേക്ഷിക്കുന്നു. മറ്റു മൂന്നു പോയിന്റുകളാണ് ഒന്നിച്ച് പരിഗണിക്കുന്നത്. ഒളിമ്പിക്സ് പോലെയുള്ള അന്തര്‍ദേശീയ മത്സരങ്ങളില്‍ ഏഴ് ജഡ്ജിമാരാണ് പങ്കെടുക്കുന്നത്. ഏറ്റവും കൂടിയതും കുറഞ്ഞതുമായ പോയിന്റുകള്‍ ഉപേക്ഷിച്ചശേഷം അവശേഷിക്കുന്ന അഞ്ച് പോയിന്റുകള്‍ ഒന്നിച്ചു പരിഗണിക്കുന്നു. വിലയിരുത്തലിലെ പാകപ്പിഴകള്‍ പരമാവധി ഒഴിവാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.

ചരിത്രം. മത്സരാടിസ്ഥാനത്തിലുള്ള ഡൈവിങ് 1880-കളില്‍ ബ്രിട്ടനിലാണ് ആരംഭിച്ചത്. 1904-ല്‍ നടന്ന ഒളിമ്പിക് മത്സരങ്ങളില്‍ ഡൈവിങ് മത്സരവും ഉള്‍പ്പെടുത്തി. ഉയരമേറിയ പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഡൈവിങ് നാലുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉള്‍പ്പെടുത്തിയത്. ഇതോടെ പ്രത്യേകതരത്തിലുള്ള ഡൈവിങ്ങുകള്‍ മത്സരാടിസ്ഥാനത്തില്‍ നടത്തിത്തുടങ്ങി.

ട്വിസ്റ്റ് ഡൈവിങ്

ആദ്യകാല ഒളിമ്പിക് മത്സരങ്ങളില്‍ സ്വീഡനും ജര്‍മനിയുമാണ് മുന്നിട്ടു നിന്നിരുന്നതെങ്കിലും 1920-നു ശേഷം അമേരിക്കയുടെ ആധിപത്യമാണു കണ്ടുവരുന്നത്. സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ വളരെക്കാലം ഡൈവിങ് പരിശീലകനായിരുന്ന ഏണസ്റ്റ് ബ്രാന്‍സ്റ്റെന്‍ ആണ് ഡൈവിങ്ങിന്റെ പിതാവായി അറിയപ്പെടുന്നത്. അമേരിക്കയിലുടനീളം ഡൈവിങ്ങിന് വന്‍പ്രചാരം നല്‍കിയത് ഇദ്ദേഹമായിരുന്നു. സ്വീഡിഷ് ഒളിമ്പിക് ഡൈവിങ് ടീമില്‍ അംഗമായിരുന്ന ബ്രാന്‍സ്റ്റെന്‍ 1920-ലാണ് അമേരിക്കയിലെത്തിയത്. ഒളിമ്പിക് ചാമ്പ്യന്മാരായ അല്‍വൈറ്റ്, ക്റന്‍സ് പിങ്സ്റ്റന്‍, പീറ്റര്‍ ഡെസാഡിന്‍സ് മുതലായവര്‍ക്ക് പരിശീലനം നല്കിയത് ഇദ്ദേഹമായിരുന്നു. ഡൈവിങ്ങിന്റെ അടിസ്ഥാന വിദ്യകള്‍ പഠിപ്പിക്കുന്നതിനായി ബ്രാന്‍സ്റ്റെന്‍ രൂപം നല്കിയ പഠനപദ്ധതികള്‍ക്ക് വ്യാപകമായ പ്രചാരം ലഭിച്ചു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് സ്വിമ്മിങ് അസ്സോസിയേഷനില്‍ ഡൈവിങ്ങിന്റെ അമേരിക്കന്‍ പ്രതിനിധിയായി ബ്രാന്‍സ്റ്റെന്‍ വളരെക്കാലം സേവനമനുഷ്ഠിച്ചു.

ഉപകാരപ്രദമായ കാര്യങ്ങള്‍ക്കുവേണ്ടിയും ഡൈവിങ് ഉപയോഗപ്പെടുത്താറുണ്ട്. ശ്വസിക്കാനുള്ള ഉപകരണങ്ങളും മറ്റുമായി ജലത്തിന്റെ അടിത്തട്ടിലേക്കു ഡൈവ് ചെയ്തു പോവുകയും പരിശോധനകളും നിരീക്ഷണങ്ങളും മറ്റും നടത്തുകയും ചെയ്യുന്നു. സമുദ്രങ്ങളിലും നദികളിലും ആഴത്തിലേക്ക് ഡൈവിങ് നടത്താ റുണ്ട്. 18-ാം ശ.-ത്തില്‍ ഇംഗ്ളണ്ടിലാണ് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഡൈവിങ് ആരംഭിച്ചത്. അക്കാലത്ത് യുദ്ധക്കപ്പലുകളും ഡൈവിങ് ഉപയോഗപ്പെടുത്തിയിരുന്നു. 1819-ല്‍ അഗസ്റ്റസ് സീബെയാണ് സമുദ്രാന്തര്‍ഭാഗത്തേക്കു ഡൈവിങ് നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ക്കു രൂപം നല്കിയത്. അമേരിക്കയില്‍ നാവികസേന ഡൈവിങ്ങിനുള്ള മാതൃകകള്‍ വികസിപ്പിച്ചെടുത്തു. 1915-ല്‍ ഹൊണോ ലുലുവില്‍ മുങ്ങിപ്പോയ അന്തര്‍വാഹിനി കണ്ടെത്താന്‍ ഡൈവിങ് ഏറെ പ്രയോജനപ്പെട്ടു. 92 മീ. ജലത്തിനടിയിലേക്ക് താണുപോയ അന്തര്‍വാഹിനിയെ രക്ഷപ്പെടുത്തിയത് അദ്ഭുതകരമായ സംഭവമായിരുന്നു. ശ്വസിക്കാനായി വായു അല്ലാതെ മറ്റുചില സങ്കരങ്ങള്‍ കണ്ടുപിടിച്ചതോടെ കൂടുതല്‍ ആഴങ്ങളിലേക്കുള്ള ഡൈവിങ്ങിനു സാധ്യതകള്‍ തെളിഞ്ഞു. ഹീലിയം-ഓക്സിജന്‍ സങ്കരമാണ് ഇവയിലൊന്ന്. ഇതുപയോഗിച്ച് 168 മീ. വരെ ആഴത്തില്‍ ഡൈവിങ് നടത്തുവാന്‍ സാധിച്ചിട്ടുണ്ട്.

ഡൈവര്‍ ജലത്തിനടിയിലേക്കു പോകുന്തോറും ശരീരത്തിനു മേല്‍ മര്‍ദം വര്‍ധിച്ചുകൊണ്ടിരിക്കും. ജലത്തിന്റെ അടിത്തട്ടില്‍ എത്തുമ്പോള്‍ മാത്രമാണ് ഇതിനൊരു മാറ്റം സംഭവിക്കുന്നത്. ജലമര്‍ദത്തിനു സമാനമായ മര്‍ദമുള്ള ശ്വസനമാധ്യമം നല്കിയാണ് ഈ പ്രശ്നം പരിഹരിക്കുന്നത്. ഇപ്രകാരം ശരീരത്തിലുള്ള മര്‍ദവും പുറമേയുള്ള മര്‍ദവും സന്തുലിതാവസ്ഥയിലാക്കുന്നു. സമുദ്രാന്തര്‍ഭാഗത്തേക്കുള്ള ഡൈവിങ്ങിനും നദീജല ഡൈവിങ്ങിനും വ്യത്യസ്തമായ ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

സമുദ്രാന്തര്‍ഭാഗത്തേക്കുള്ള ഡൈവിങ് പലതരം അപകടങ്ങള്‍ നിറഞ്ഞതാണ്. അടിഭാഗത്തെ ചുഴികളും പാറക്കെട്ടുകളും അപകടകാരികളായ ജീവികളും ഡൈവര്‍ക്ക് ഭീഷണിയുയര്‍ത്തു ന്നു. ശ്വസനോപകരണങ്ങളുടെ പ്രവര്‍ത്തന വൈകല്യവും പ്രശ്ന മാകാം. ഇക്കാരണങ്ങളാല്‍ തികച്ചും സുരക്ഷിതമായ ഉപകരണ ങ്ങള്‍ ഡൈവര്‍ക്കു നല്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

Image:p64a1a.png

Image:p64a2aa.png

Image:p64a3a.png

Image:p64a4a.png

Image:p65a5a.png

Image:p64a6a.png

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%88%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍