This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രിയെസ്റ്റെ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ട്രിയെസ്റ്റെ
Trieste
ഉത്തര-പൂര്‍വ ഇറ്റലിയിലെ ഒരു നഗരവും പ്രവിശ്യയും. ടെര്‍ഗെസ്തെ (Tergeste) എന്നായിരുന്നു പ്രാചീന നാമം. ഫ്രിയുലി വെനസീയ ഗ്വീയുലിയ (Friuli-Venezia Giulia) പ്രദേശത്തിന്റെ തലസ്ഥാനമായ ട്രിയെസ്റ്റെ, ഈസ്റ്റ്രിയന്‍ ഉപദ്വീപിന്റെ വ. പ. -ന്‍ തീരത്ത് വെനീസിന് 112 കി. മീ. വ. കി. സ്ഥിതിചെയ്യുന്നു. ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്താത്ത സ്വതന്ത്ര തുറമുഖമാണ് ഈ നഗരം. ജനസംഖ്യ: 2,23,611 (1995).
ട്രിയെസ്റ്റെ ഉള്‍ക്കടലില്‍ നിന്നും ക്രമേണ ഉയര്‍ന്നു നില്‍ക്കുന്ന രൂപത്തിലാണ് ട്രിയെസ്റ്റെ നഗരത്തിന്റെ ഭൂപ്രകൃതി. സാന്‍ ഗിയുസ്തോ (San Giusto) കുന്നും അതിനടുത്തുള്ള മലനിരകളും ചെറുനദികളും കടന്ന് കാസ്റ്റ് പീഠഭൂമിയിലെ തരിശുഭൂമി വരെ ഈ നഗരം വ്യാപിച്ചിരിക്കുന്നു. മിതോഷ്ണ കാലാവസ്ഥയാണ് ട്രിയെസ്റ്റെയിലേത്. എന്നാല്‍ മഞ്ഞുകാലത്ത് ഉത്തര-പൂര്‍വദിശയില്‍ വീശുന്ന 'ബോറ' (Bora) എന്ന ശീതക്കാറ്റ് ഇവിടെ നാശനഷ്ടങ്ങള്‍ വരുത്താറുണ്ട്.
1924-ല്‍ സ്ഥാപിച്ച ട്രിയെസ്റ്റെ സര്‍വകലാശാലയും ധാരാളം മ്യൂസിയങ്ങളും ഈ നഗരത്തിലുണ്ട്. ട്രിയെസ്റ്റെയിലെ മെച്ചപ്പെട്ട തുറമുഖ സൗകര്യങ്ങളും കപ്പല്‍ നിര്‍മാണവുമാണ് ഇവിടത്തെ ജനജീവിതത്തെ നിയന്ത്രിക്കുന്ന മുഖ്യഘടകങ്ങള്‍. സൂയസ് കനാല്‍ ഗതാഗതത്തിനായി തുറന്നതോടെ ട്രിയെസ്റ്റെ മെഡിറ്ററേനിയന്‍ മേഖലയിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നായിമാറി. റോമന്‍ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന കസ്റ്റംസ് തുറമുഖം, 1868-നും 83-നും മധ്യേ പണികഴിപ്പിച്ച പഴയ ഫ്രീപോര്‍ട്ട്, 1900-ത്തിനുശേഷം നിര്‍മിച്ച പുതിയ ഫ്രീ പോര്‍ട്ട് എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ ഈ തുറമുഖത്തിനുണ്ട്. ഒന്നാം ലോകയുദ്ധത്തിനുശേഷം ഗണ്യമായ പുരോഗതി നേടിയ ഇവിടത്തെ കപ്പല്‍ നിര്‍മാണ കേന്ദ്രം രണ്ടാം ലോകയുദ്ധാനന്തരം നഗരത്തിനുണ്ടായ സാമ്പത്തിക പുരോഗതിയില്‍ സുപ്രധാനമായ പങ്കുവഹിച്ചു. നിരവധി പ്രാദേശിക ഇരുമ്പുരുക്കു ശാലകള്‍, എണ്ണശുദ്ധീകരണകേന്ദ്രങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ മുതലായവ ട്രിയെസ്റ്റെ തുറമുഖത്തെയും കപ്പല്‍നിര്‍മാണ കേന്ദ്രത്തെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എണ്ണ സംസ്കരണവും, ചണവസ്ത്ര അനുബന്ധ ഉത്പന്നങ്ങള്‍, പെയിന്റ്, വിവിധതരം ലഹരി പാനീയങ്ങള്‍ എന്നിവയുടെ നിര്‍മാണവുമാണ് ഇവിടത്തെ പ്രധാന വ്യവസായങ്ങള്‍. മത്സ്യമാണ് ഇവിടത്തെ ഒരു പ്രധാന ആഹാരയിനവും കയറ്റുമതി വിഭവവും. ട്രിയെസ്റ്റെയിലെ മുന്തിരിത്തോപ്പുകള്‍ നല്ലയിനം മുന്തിരി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവിടത്തെ കാര്‍ഷികോത്പാദനം ആഭ്യന്തരോപയോഗത്തിനുപോലും തികയുന്നില്ല.
ചരിത്രം. പ്രാചീനകാലം മുതല്‍ ജനവാസമുണ്ടായിരുന്ന പ്രദേശമായിരുന്നു ട്രിയെസ്റ്റെ. പില്ക്കാലത്ത് ഇത് ഒരു റോമന്‍ കോളനിയായി വളര്‍ന്നു. റോമാക്കാര്‍ ഇവിടെ ഒരു തുറമുഖം നിര്‍മിച്ചിരുന്നു. എ.ഡി. 5-ാം ശ.-ത്തില്‍ റോമന്‍ സാമ്രാജ്യം ശിഥിലമായതോടെ ഓസ്ട്രോഗോത്തുകള്‍ ഈ പ്രദേശം കയ്യടക്കി. 6-ാം ശ.-ത്തില്‍ ട്രിയെസ്റ്റെ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. 8-ാം ശ.-മായപ്പോള്‍ കുറച്ചുകാലം ലൊംബാര്‍ഡുകളുടെ കൈവശമായിരുന്നു ട്രിയെസ്റ്റെ. 788-ല്‍ ഈ സ്ഥലം ഷാര്‍ലമെയ് ന്‍ ന്റെ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. ലോഥര്‍ രാമന്‍ പ്രാദേശിക ബിഷപ്പിന്റെ കീഴില്‍ 948-ല്‍ ട്രിയെസ്റ്റെയ്ക്ക് സ്വയംഭരണസ്വാതന്ത്ര്യം അനുവദിച്ചു. 1202-ല്‍ വെനീസിന്റെ മേല്ക്കോയ്മയിലാകുന്നതുവരെ ഈ സ്വയംഭരണം നിലനിന്നു. 1380-ല്‍ വീണ്ടും സ്വതന്ത്രമായി. തുടര്‍ന്ന് 1382-ല്‍ ആസ്റ്റ്രിയയുടെ സംരക്ഷണം സ്വീകരിച്ചു. ആസ്റ്റ്രിയയിലെ ചാള്‍സ് ആറാമന്‍ 1719-ല്‍ ഒരു തുറമുഖമായി ഇതിനെ നിലനിര്‍ത്തിയതോടെ ഈ പ്രദേശം ഏറെ അഭിവൃദ്ധി പ്രാപിച്ചു. തുടര്‍ന്ന് ഒന്നാം ലോകയുദ്ധം വരെ ആസ്റ്റ്രിയയുടെ ഭാഗമായാണ് വര്‍ത്തിച്ചതെങ്കിലും ഇടയ്ക്ക് 1797 മുതല്‍ 1805 വരെയും 1809 മുതല്‍ 13 വരെയും ഫ്രാന്‍സിന്റെ ഭാഗമായിരുന്നു. സൂയസ് കനാല്‍ തുറന്നതോടെ മധ്യയൂറോപ്പിലെ എല്ലാ രാജ്യങ്ങള്‍ക്കും പ്രാപ്യമായ ഒരു പ്രധാന തുറമുഖനഗരമായി ട്രിയെസ്റ്റെ വളര്‍ന്നു. ഇറ്റാലിയന്‍ ദേശീയ സമര(ഇറിഡെന്റിസം)ത്തെ തുടര്‍ന്ന് സ്വതന്ത്ര തുറമുഖമെന്ന ട്രിയെസ്റ്റെയുടെ പദവിക്ക് ആസ്ട്രിയ 1819-ല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒന്നാം ലോകയുദ്ധാനന്തരം ട്രിയെസ്റ്റെ ഇറ്റലിയുടെ ഭാഗമായി മാറി. രണ്ടാം ലോകയുദ്ധത്തില്‍ യൂഗോസ്ലാവ് സേന 1945-ല്‍ ട്രിയെസ്റ്റെ പിടിച്ചടക്കി. ട്രിയെസ്റ്റെയ്ക്കുവേണ്ടി ഇറ്റലിയും യൂഗോസ്ലാവിയയും അവകാശമുന്നയിച്ചപ്പോള്‍ സമീപപ്രദേശങ്ങള്‍കൂടി ചേര്‍ത്തുകൊണ്ട് 'ഫ്രീ ടെറിട്ടറി ഒഫ് ട്രിയെസ്റ്റെ' എന്ന പേരിലുള്ള മേഖലയാക്കി മാറ്റുകയും ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്തിനെ 'എ' മേഖലയെന്നും തെക്കുഭാഗത്തിനെ 'ബി' മേഖലയെന്നും വിഭജിച്ച് യഥാക്രമം ആംഗ്ലോ-അമേരിക്കന്‍ ഭരണപ്രദേശവും യൂഗോസ്ലാവ് ഭരണ പ്രദേശവുമാക്കി മാറ്റി. 1954-ല്‍ തര്‍ക്കം പരിഹരിച്ചതോടെ 'ബി' മേഖലയും 'എ' മേഖലയിലെ ചില പ്രദേശങ്ങളും യൂഗോസ്ലാവിയയ്ക്കും 'എ' മേഖലയിലെ ബാക്കി ഭാഗങ്ങള്‍ ഇറ്റലിക്കും ലഭ്യമായി.
(പി. സുഷമ, സ. പ.)