This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടികാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടികാല്‍

Tikal

പുരാതന മായന്‍ സംസ്കാരകാലഘട്ടത്തിലെ ഏറെ പ്രാധാന്യമുള്ള വന്‍നഗരങ്ങളിലൊന്ന്. എ. ഡി. 600 കളിലും 700 കളിലും ഇവിടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്നതായി കരുതപ്പെടുന്നു. പടിഞ്ഞാറന്‍ ഗ്വാട്ടിമാലയിലുള്ള പീറ്റനിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം.

ഒരു ചെറു കാര്‍ഷിക ഗ്രാമമെന്ന നിലയ്ക്കാണ് ഇതിന്റെ ആരംഭമെന്ന് (600 ബി.സി.) കരുതപ്പെടുന്നു. ബി. സി. 300 കളില്‍ നിര്‍മാണമാരംഭിച്ച ടികാല്‍ നഗരത്തിന്റെ കേന്ദ്രഭാഗത്തിന്റെ പണി എ. ഡി. 800 ആയപ്പോഴേക്കും പൂര്‍ത്തിയായി എന്നാണ് വിശ്വാസം. ഏറെ വിസ്തൃതമായിരുന്ന നഗരത്തിന്റെ കേന്ദ്രഭാഗത്തിന് 2.59 ച. കി. മീ. വിസ്തീര്‍ണമുണ്ടായിരുന്നു. നഗരപ്രൗഢിയുടെ ഉച്ചാവസ്ഥയില്‍ ഇവിടെ ഒരു ലക്ഷത്തോളം ജനങ്ങള്‍ നിവസിച്ചിരുന്നതായിട്ടാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. സമ്പല്‍ സമൃദ്ധമായിരുന്ന ഈ നഗരം കാര്‍ഷിക-വാണിജ്യ-മത മേഖലകളിലും കലാരംഗത്തും ഒരുപോലെ ശോഭിച്ചിരുന്നു. മധ്യ മെക്സിക്കോയില്‍നിന്നുവരെ വണിക്കുകള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കൈമാറ്റം ചെയ്യുവാനായി ഇവിടെ എത്തിയിരുന്നു.

ജനപ്പെരുപ്പം, പ്രകൃതി വിഭവങ്ങളുടെ ദൗര്‍ലഭ്യം, മായന്‍ നഗരങ്ങള്‍ തമ്മിലുണ്ടായിരുന്ന കിടമത്സരം തുടങ്ങിയ കാരണങ്ങളാല്‍ ഈ നഗരം ഉപേക്ഷിക്കപ്പെട്ടുവെന്ന് ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇന്നും ഇതിന്റെ യഥാര്‍ഥകാരണം അജ്ഞാതമാണ്.

ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങള്‍ ടികാല്‍ പ്രദേശത്തു കാണാം. തട്ടുതട്ടായി നിലകൊള്ളുന്ന പിരമിഡുകളിലാണ് ഇവ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നഗരചത്വരത്തിനു ചുറ്റുമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഇതിലെ ഏറ്റവും പൊക്കംകൂടിയ കെട്ടിടഭാഗത്തിന്റെ ഉയരം 67 മീ. ആണ്.

ടികാല്‍ പ്രദേശത്തുനിന്നും കണ്ടെടുത്തിട്ടുള്ളതില്‍വച്ച് ഏറ്റവും പ്രധാന പുരാവസ്തു മുദ്രിതമായ ഒരു ജേഡ് കല്ല് (Layden plaque) ആണ്. കട്ടികുറഞ്ഞ ഈ ജേഡ് പാളിയുടെ ഒരു വശം 320 എ. ഡിക്ക് അനുരൂപമായ ഒരു തീയതിയാലും മറുവശം വേഷഭൂഷാദികളണിഞ്ഞ രൂപത്താലും അലംകൃതമായിരിക്കുന്നു. ഇവിടെനിന്നും ലഭിച്ച കൊത്തുപണികള്‍ ചെയ്ത ശിലാസ്തൂപങ്ങള്‍, ശിലാമണ്ഡപങ്ങള്‍ എന്നിവ ഒരു അനുഷ്ഠാന കേന്ദ്രമെന്ന നിലയില്‍ ടികാലിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

1960 കളിലും 70 കളിലും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഈ പ്രദേശത്ത് പര്യവേക്ഷണവും പുരാവസ്തുഗവേഷണവും നടത്തുകയുണ്ടായി. ഇന്ന് ഗ്വാട്ടിമാലയിലെ ദേശീയ ഉദ്യാനങ്ങളിലൊന്നാണ് ടികാല്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍