This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവന്‍ലീല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജീവന്‍ലീല

ആചാര്യ കാകാ കലേല്‍ക്കറുടെ കൃതി. ഭാരതത്തിലെ ജലസ്രോതസ്സുകളെപ്പറ്റിയും ജലവും സംസ്കാരവും തമ്മിലുള്ള ദൃഢബന്ധത്തെപ്പറ്റിയും ആഴത്തില്‍ പരാമര്‍ശിക്കുന്ന ഗദ്യരചനയാണിത്. ഇത് ലോകമാതാ എന്ന പേരിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സാഹിത്യ അക്കാദമിയുടെ ആവശ്യപ്രകാരം പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചപ്പോഴാണ് 'ജീവന്‍ലീല' എന്ന് നാമകരണം ചെയ്തത്. 1956-ലായിരുന്നു പ്രഥമ പ്രസാധനം. 1959-ല്‍ അത് പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി.

പ്രഥമദൃഷ്ട്യാ ഒരു സഞ്ചാര സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കാവുന്ന ജീവന്‍ലീലയില്‍ കലേല്‍ക്കര്‍ തന്റെ അനുവഭമണ്ഡലത്തിലെ 'ജലസാന്നിധ്യ'ങ്ങളെ മുന്‍നിര്‍ത്തി പ്രകൃതിയും സംസ്കൃതിയും തമ്മിലുള്ള പാരമ്പര്യത്തിന്റെ വിശദാംശങ്ങളിലേക്ക് കടന്നുചെല്ലുകയാണ്. അങ്ങനെ അത് കേവലമായൊരു സാഹിത്യകൃതിയുടെ അതിരുകള്‍ കടന്നുപോവുകയും ദാര്‍ശനികഗ്രന്ഥത്തിന്റെ ഔന്നത്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ജീവന്‍ലീലയില്‍ ജലം ജീവന് സമാനമായ ഒന്നായി മാറുകയാണ്. കണിശതയോടെ സ്വധര്‍മം നിര്‍വഹിച്ചശേഷം തന്റെ 'നാമരൂപം' ഉപേക്ഷിച്ച് സാഗരപൂര്‍ണത തേടുന്ന ജലപ്രവാഹങ്ങളും നാമരഹിതമായ പരമാത്മചൈതന്യത്തെ മുക്തിയിലൂടെ പ്രാപിക്കാനായി ഒഴുകുന്ന 'ജീവ'നും സമാനമാണെന്നാണ് ഗ്രന്ഥകാരന്റെ മതം. ഭാരതത്തിലെ പവിത്രജലസന്നിധാനങ്ങള്‍ തുടങ്ങി മരുഭൂമിയിലെ മരുപ്പച്ചകള്‍ക്ക് മുന്നില്‍ വരെ ഭക്ത്യാദരങ്ങളോടെ നില്ക്കുന്ന ഗ്രന്ഥകാരനെയും ഈ കൃതി കാട്ടിത്തരുന്നുണ്ട്. ഗാന്ധിയന്‍ സ്വപ്നങ്ങളിലേക്ക് തൂലിക ചലിപ്പിച്ച ആചാര്യ കലേല്‍ക്കറിന്റെ കറകളഞ്ഞ ദേശസ്നേഹത്തിന്റെ ഊഷ്മളതയെയും ജീവന്‍ലീല പ്രതിനിധീകരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍