This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാവനീസ് ഭാഷയും സാഹിത്യവും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജാവനീസ് ഭാഷയും സാഹിത്യവും
മലയോ-പോളിനേഷ്യന്‍ (ആസ്റ്റ്രോനേഷ്യന്) ഗോത്രത്തിലെ ഉപഗോത്രമായ ഇന്തോനേഷ്യന്‍ വിഭാഗത്തിലെ ഒരു വികസിത ഭാഷ. ഇന്തോനേഷ്യന്‍, മലായ്, സുഡാനീസ്, മധുരീസ്, താഗലോസ്, വിസയന്‍, മലഗസി എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു വികസിത ഭാഷകള്‍. നാലു കോടിയിലേറെ ജനങ്ങള്‍ ഈ ഭാഷ ഉപയോഗിച്ചുവരുന്നു. പ്രധാനമായും ജാവയിലെ ജനങ്ങളാണ് ഇതിന്റെ പ്രയോക്താക്കള്‍. സുമാത്രയിലെ തോട്ടം തൊഴിലാളികളും ഖനിത്തൊഴിലാളികളും ഇതു സംസാരിക്കുന്നു. പശ്ചിമ ഇന്തോനേഷ്യയിലും ജാവനീസ് നിലവിലുണ്ട്.
ഈ ഭാഷയ്ക്ക് പോളിനേഷ്യന്‍ ഭാഷകളില്‍ ഏറ്റവുമധികം വികാസം സിദ്ധിച്ചതിനു മുഖ്യകാരണം പ്രാചീനകാലം മുതല്ക്കേ ജാവയ്ക്ക് ഭാരതവുമായുണ്ടായിരുന്ന ബന്ധമാണ്. ആര്യദ്രാവിഡ സംസ്കാരങ്ങളുടെ, വിശേഷിച്ചും ഭാഷയുടെ നിര്‍ണായക സ്വാധീനംമൂലം ജാവനീസ് അതിവേഗം പരിഷ്കരിക്കപ്പെടുകയുണ്ടായി. സംസ്കൃതത്തിലെ 'യവ' പദത്തില്‍ നിന്നാണ് 'ജാവ' എന്ന പദം ഉണ്ടായതെന്നുപോലും പറയപ്പെടുന്നുണ്ട്. ജാവനീസ് ഭാഷയുടെ പരിണാമങ്ങള്‍ക്ക് അവിടത്തെ നിരവധി മത രാഷ്ട്രീയ പരിഷ്കരണ പ്രസ്ഥാനങ്ങളും ഗതിവേഗം കൂട്ടിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ പല്ലവ ലിപികളില്‍ നിന്നും വികസിപ്പിച്ചെടുത്തവയാണ് ജാവനീസ് ലിപികള്‍.
ജാവനീസിന് നാല് ഉപഭാഷാഭേദങ്ങളുണ്ട്. സംസ്കൃത-മലായ് എന്നീ ഭാഷകളിലെ വാക്കുകള്‍ ധാരാളമുള്ള പശ്ചിമ ജാവനീസാണ് പത്തിലൊന്നോളം ജാവക്കാര്‍ സംസാരിക്കുന്നത്. സുരബായ എന്ന സ്ഥലം കേന്ദ്രമായുള്ള പ്രദേശങ്ങളിലെ ഭാഷ കിഴക്കന്‍ ജാവനീസെന്ന് അറിയപ്പെടുന്നു. പദങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ അവസാനിപ്പിക്കുന്ന ശൈലിയുള്ള മധ്യ ജാവനീസാണ് മറ്റൊരു ഭാഷാഭേദം. ബാലിദ്വീപിലേതാണ് നാലാമത്തേത്. അത് പൊതു-ജാവനീസില് നിന്നു വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ സംസ്കാരവും പഴയ എഴുത്തുരീതികളും നിലനിര്‍ത്തുന്നു എന്നതാണ് ഇവിടത്തെ ഭാഷയുടെ മുഖ്യസ്വഭാവം.
മുകളില്‍ സൂചിപ്പിച്ച നാലുരീതികള്ക്കു പുറമെയാണ് തീരത്തുള്ളവര്‍ സംസാരിക്കുന്ന 'ബാസ-ലുവാറും' ഉള്‍പ്രദേശങ്ങളിലുള്ളവര്‍ സംസാരിക്കുന്ന 'ബാസ-ദലയും'. സാമൂഹിക പദവി, പ്രായം എന്നിവയെ ആസ്പദമാക്കിയുള്ള പ്രത്യേക ശൈലികളും ഭാഷാപ്രയോഗങ്ങളും ജാവനീസില് ധാരാളമായുണ്ട്.
പൊതുവേ ജാവനീസ് ഭാഷയുടെ വികാസം മൂന്നു ഘട്ടങ്ങളിലായാണ് സംഭവിച്ചത്. പ്രാചീന ജാവനീസ് 16-ാം ശ.-ത്തോടെ മധ്യകാല ജാവനീസിലേക്ക് വികസിച്ചു. 1830 ആയപ്പോഴേക്കും ആധുനിക ജാവനീസ് പിറന്നു കഴിഞ്ഞു. ദീര്‍ഘകാലമായി നിലനിന്ന സംസ്കൃത സ്വാധീനത്തിനു വിരാമമിട്ടുകൊണ്ട് പാശ്ചാത്യ സ്വാധീനം ഏറിയതോടെയാണ് ഇതു സംഭവിച്ചത്.
അതിപ്രാചീനകാലത്ത് സംസ്കൃതത്തിലെ നിരവധി ഘടകങ്ങള്‍ നിലനിര്‍ത്തിയ ഒരു വിശുദ്ധ ഭാഷയായിരുന്നു ജാവനീസ്. അത് 'കവി' എന്നാണ് അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് ദീര്‍ഘകാലത്തേക്കു ഹിന്ദിയും സംസ്കൃതവും തമ്മിലുള്ള ബന്ധത്തിനു സമാനമായ ഒരു ബന്ധം 'കവി'ക്കും ജാവനീസിനും തമ്മിലുണ്ടായിരുന്നു. 14-ാം ശ.-ത്തോടെയാണ് ഇതിനു മാറ്റം വന്നു തുടങ്ങിയത്. എന്നാല്‍ തുടര്‍ന്നും കഥകളിലും നാടകങ്ങളിലും ചില സവിശേഷ അവസരങ്ങളിലും 'കവി' പ്രയോഗിക്കുക ഒരു പതിവായിരുന്നു. 'കവി' ശബ്ദം തലവാചകങ്ങളിലും പേരു സൂചിപ്പിക്കുന്ന പദങ്ങളിലും ഉപയോഗിക്കുന്ന പതിവും നിലനിര്‍ത്തപ്പെട്ടിരുന്നു. ജാവനീസ് രാമായണം രാമ-കവി എന്നറിയപ്പെടുന്നതും മഹാകവികള്‍ 'കവീന്ദ്രര്‍' ആയിരിക്കുന്നതും ഇതിനു തെളിവാണ്.
8,9 ശ.-ങ്ങളിലെ ശിലാശാസനങ്ങളില്‍ 'കവി' ഭാഷയുടെ മാതൃകകള്‍ കാണാം. സംസ്കൃതം, പാലി എന്നീ ഭാഷകളില്‍ നിന്നു കടം കൊണ്ട പദങ്ങള്‍ ഇതില്‍ പ്രയോഗത്തിലുണ്ടെങ്കിലും വ്യാകരണപരമായി അത് ജാവനീസില് നിന്നു വ്യത്യസ്തമല്ല. 14-ാം ശ. മായപ്പോഴേക്കും കവിഭാഷ പ്രചാരലുപ്തമായി. ഇസ്ലാം ആധിപത്യത്തിന്റെ ആരംഭം വരെ (15, 16, ശ.-ള്‍) നിയമപരവും മതപരവുമായ കാര്യങ്ങള്‍ക്ക് കവിഭാഷ ഉപയോഗിക്കുക പതിവായിരുന്നു. ബാലിദ്വീപില്‍ കവിഭാഷ ഇപ്പോഴും പ്രചാരത്തിലുണ്ട്.
ഭാരതീയ ഇതിഹാസ പുരാണങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സാഹിത്യമാണ് ആദ്യകാലത്ത് ജാവയിലുണ്ടായത്. ആദ്യകാല സാഹിത്യത്തിലെ ശ്രദ്ധേയമായ പുരാണങ്ങള്‍ രസാകസ (രാക്ഷസന്), വിഭാദുരി (ജലദേവതയെപ്പറ്റി), വിവാവ-കവി (വിവാഹ ഗീതകാവ്യം), മനേക്-മായ (ബുദ്ധമതവുമായി ബന്ധപ്പെട്ട ഒരു വംശഗാഥ), പരി കേ സ്വിത് (അര്‍ജുനന്റെ പൗത്രന്റെ കഥ) തുടങ്ങിയവയാണ്. നീതിശാസ്ത്രകവി എന്ന നീതി ഗ്രന്ഥമാണ് മറ്റൊരു നിര്‍ണായക കൃതി. 712 ഖണ്ഡികകളിലായി മഹാഭാരതത്തിലെ അര്ജുനകഥ വിവരിക്കുന്ന ഭ്രാതയുദ്ധ ഒരു ബൃഹത് കാവ്യമാണ്. മനുസ്മൃതിയുടെ ജാവനീസ് രൂപമാണ് ശാസ്ത്രമേനവ. മധ്യകാല ജാവനീസ് സാഹിത്യം വീരഗാഥകളോടെയാണ് ആരംഭിക്കുന്നത്. പാണ്ഡ്ജിയാണ് പ്രമുഖ വീരനായകന്. ആധുനിക ജാവനീസ് സാഹിത്യത്തില്‍ പാശ്ചാത്യ സ്വാധീനം പ്രകടമാണ്.