This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജലവൃക്കത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജലവൃക്കത
Hydronephrosis
മൂത്രപ്രവാഹം തടസ്സപ്പെടുന്നതുമൂലം വൃക്കയിലുണ്ടാകുന്ന വീക്കം. മൂത്രനാളിയിലെ തടസ്സമോ നാളിക്കുണ്ടാകുന്ന ശോഷമോ ആവാം കാരണം. ഗവീനീയ ട്യൂമര്‍ (Ureteral tumor), അശ്മരി (calculi) നെഫ്റോപ്ടോസിസ്, അര്‍ബുദം മൂലം പുരസ്ഥലത്തിലുണ്ടാകുന്ന അതിവികസനം, മൂത്രാശയത്തിലെയോ മൂത്രനാളിയിലെയോ ശിശ്നമുണ്ഡ(glans penis)ത്തിലെയോ അര്‍ബുദം എന്നിവയില്‍ ഏതെങ്കിലും മൂലമാവാം വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത്. ഗവീനീയിലോ മൂത്രമാര്‍ഗത്തിലോ നീര്‍ക്കെട്ടോ ഞെരുക്കമോ ഉണ്ടായി മൂത്രപ്രവാഹം തടസ്സപ്പെടുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം തകരുന്നു.
വൃക്കഭാഗത്ത് ഇടയ്ക്കിടെയുണ്ടാകുന്ന കലശലായ വേദനയാണ് ആദ്യത്തെ പ്രധാനലക്ഷണം. മൂത്രം പരിശോധിച്ചാല്‍ രക്തത്തിന്റെയും പഴുപ്പിന്റെയും അംശങ്ങള്‍ കാണാന്‍ കഴിയും. അണുബാധയേറ്റിട്ടുണ്ടെങ്കില്‍ പനി അനുഭവപ്പെടും.
പൈലോഗ്രാഫി ഉള്‍പ്പെടെയുള്ള ആധുനിക പരിശോധനാ സങ്കേതങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധനകള്‍ നടത്തി രോഗം നിര്‍ണയിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. മൂത്രപ്രവാഹതടസ്സങ്ങള്‍ നീക്കിയും അണുബാധയ്ക്കെതിരെ ഔഷധപ്രയോഗം നടത്തിയും വൃക്കകളെ സംരക്ഷിച്ചില്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനഘടകങ്ങള്‍ നശിച്ച് ആദ്യം യുറീമിയയും തുടര്‍ന്ന് വൃക്കസ്തംഭനവും ഉണ്ടാകുന്നു.