This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്തുപരിപാലനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജന്തുപരിപാലനം

മനുഷ്യന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി ജന്തുക്കളെ വളര്‍ത്തുന്നരീതി. ഓരോ ജീവജാലത്തിലും പ്രകൃതി സൂക്ഷിച്ചിരിക്കുന്ന സവിശേഷതകളെ തെരഞ്ഞെടുക്കല്‍ (ഒഴിവാക്കല്‍), ഇണ ചേര്‍ക്കല്‍, ബീജസങ്കലനം എന്നിവ വഴി വികസിപ്പിച്ചു മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കി വളര്‍ത്തിയെടുക്കുന്ന ശാസ്ത്രശാഖയാണിത്. അധിക ക്ഷീരോത്പാദനക്ഷമതയുള്ള കന്നുകാലി, നല്ല തൂക്കവും മേന്മയും ഉള്ള ഇറച്ചി തരുന്ന കന്നുകാലി, മേല്‍ത്തരം രോമം നല്കുന്ന ചെമ്മരിയാടുകള്‍, ഇറച്ചിയും പാലും തരാനും വരണ്ട കാലാവസ്ഥയില്‍ വളരാനും സാധിക്കുന്ന കോലാടുകള്‍, മുഴുവന്‍ ശരീരവും ഇറച്ചിയായി നല്കുന്ന പന്നികള്‍, ഓരോ വര്‍ഷവും മുന്നൂറിലേറെ മുട്ടകള്‍ തരാന്‍ കെല്പുള്ള കോഴികള്‍, 90 ദിവസം കൊണ്ട് വളര്‍ച്ചയെത്തുന്ന ഇറച്ചിക്കോഴികള്‍, വേഗത്തിലോടുന്ന പന്തയക്കുതിരകള്‍, പ്രത്യേകം പ്രത്യേകം ആവശ്യങ്ങള്‍ക്കുതകുന്ന നായ്ക്കള്‍ ഇവയെല്ലാം തന്നെ മനുഷ്യന്‍ ജന്തുപരിപാലനത്തിലൂടെ വികസിപ്പിച്ചെടുത്തവയാണ്.

വര്‍ധിച്ചുവരുന്ന മാനവരാശിക്കു മുഴുവന്‍ വേണ്ടത്ര പാലും ഇറച്ചിയും മുട്ടയും തുകലും രോമക്കുപ്പായങ്ങളും നല്കാനും യാത്രയ്ക്കും വിനോദത്തിനും ഭാരം വലിക്കാനും ഒക്കെ വേണ്ട മൃഗങ്ങളെ പരിപാലിച്ചു സൂക്ഷിക്കാനുള്ള അറിവ് മനുഷ്യന്‍ സ്വന്തം അനുഭവത്തിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുമാണ് സമ്പാദിച്ചത്. ജന്തുക്കളില്‍ നിന്നും മനുഷ്യനു ലഭിക്കുന്ന വസ്തുക്കളുടെ കണക്കെടുപ്പ് അസാധ്യമാണ്. പശ മുതല്‍ മരുന്നുകള്‍ വരെയും മിഠായി തുടങ്ങി വളം വരെയും ശരീരം തുന്നാനുപയോഗിക്കുന്ന നാരു തുടങ്ങി രാസവസ്തുക്കള്‍വരെയും ഉള്ള എണ്ണമറ്റ വസ്തുക്കള്‍ മൃഗങ്ങളില്‍ നിന്നും ലഭ്യമാണ്.

ബി.സി. 10,000 വരെ മനുഷ്യന്‍ മൃഗങ്ങളെമെരുക്കി വളര്‍ത്താന്‍ തുടങ്ങിയിരുന്നില്ല. പ്രകൃതിശക്തികളെയെന്നപോലെ ഭയത്തോടെ മാത്രമാണ് മൃഗങ്ങളെ പ്രാകൃതമനുഷ്യന്‍ വീക്ഷിച്ചിരുന്നത്. ഹിംസ്രമൃഗങ്ങളല്ലാത്ത പശു, പോത്ത്, ആട്, മാന്‍ എന്നിവ മേച്ചില്‍ സ്ഥലങ്ങള്‍ തേടി അലഞ്ഞു നടന്നപ്പോഴെല്ലാം മനുഷ്യന്‍ അവയെ പിന്തുടര്‍ന്ന് നായാട്ടു ജീവിതം നയിച്ചിരുന്നു. ഇത്തരത്തില്‍ കൈയില്‍ വന്നു ചേര്‍ന്നിരുന്ന കിടാങ്ങളെയും മറ്റും ഓടിപ്പോകാതെ സൂക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് മൃഗങ്ങളെമെരുക്കാനും വളര്‍ത്താനും ഉപയോഗപ്പെടുത്താനും സാധിക്കുമെന്ന ആശയം മനുഷ്യനു ലഭിച്ചത്. ബി.സി. 10,000-ത്തിനും 8,000-ത്തിനും ഇടയ്ക്ക് മനുഷ്യന്‍ മൃഗങ്ങളെ വളര്‍ത്തിത്തുടങ്ങി.

വളര്‍ത്തുമൃഗങ്ങളില്‍ മനുഷ്യനുമായി ദൃഢമായ ബന്ധം പുലര്‍ത്തിയിരുന്നത് നായ്ക്കളാണ്. കൂടാതെ ഇനങ്ങളുടെ എണ്ണത്തിലും നായ്ക്കള്‍ മുന്നിലാണ്. ചില ഭൂഭാഗങ്ങളിലെ മനുഷ്യന്‍ കുറുക്കന്മാരെയും ചെന്നായ്ക്കളെയും ഇണക്കി വളര്‍ത്താന്‍ തുടങ്ങി. കാലക്രമത്തില്‍ ഇന്നു കാണുന്ന നായ്ക്കളുടെ പൊതുവായ ഒരു പിതൃകുലം രൂപംകൊണ്ടു. ആധുനിക നായ്ക്കളുടെ പിതൃകുടുംബം ചെന്നായ് (Canisupus) വര്‍ഗമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വളര്‍ത്തു ചെന്നായയെ (ചെന്നായ് പട്ടി- Canis fariliaris) കാട്ടു (wild) ചെന്നായ്ക്കളുമായി ഇണചേര്‍ത്തു പ്രജനനം നടത്തുന്ന പതിവും ആരംഭിച്ചു.

ചെമ്മരിയാടുകളുടെ ഇന്നത്തെ തലമുറ യൂറോപ്പിലെയും ഏഷ്യയിലെയും വന്യ ഇനമായ ഓവിസ് ആമോണി(Ovis ammon)ന്റെ വിവിധ ഉപവര്‍ഗങ്ങളില്‍നിന്നും ഉടലെടുത്തവയാണ്. വടക്കു കിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന വന്യ ഇനമായ ഓവിസ് കനാഡെന്‍സിസി(Ovis canadensis)ന്റെ ഉപവര്‍ഗങ്ങളുടെയും ഓവിസ് ആമോണിന്റെ ഉപവര്‍ഗങ്ങളുടെയും സങ്കരവര്‍ഗമാണ് ഇന്നുള്ള ചെമ്മരിയാടുകള്‍. ഈ സങ്കലനം പ്രധാനമായും നടന്നത് മധ്യ പൂര്‍വദേശത്തും മധ്യഏഷ്യയിലും ആണ്. വളരെ ശാസ്ത്രീയമായി നടത്തുന്ന ചെമ്മരിയാടു പരിപാലനത്തിന്റെ ഫലമായി വിവിധതരം ഉപയോഗങ്ങള്‍ക്കുള്ള രോമങ്ങളും മാംസവും പാലും തരാന്‍ കഴിവുള്ള ഇനങ്ങളെ ഇന്നു വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കോലാടുകളുടെ ജന്മദേശം ഏഷ്യാമൈനറാണ്. കാപ്റാഹിര്‍ക്കസ് (Capra-hircus) എന്ന ഉപകുടുംബത്തില്‍പ്പെട്ടതാണ് ഇണക്കി വളര്‍ത്തപ്പെട്ട ആദ്യ കോലാടുകള്‍. ഇന്നു നിലവിലുള്ള പ്രധാനപ്പെട്ട കോലാട് ഇനങ്ങളെല്ലാം കാപ്റാ ഹിര്‍ക്കസ് എയ്ഗാഗ്രസ് (Capra hircus aegagras) ഉപകുടുംബത്തിലെ അംഗങ്ങളാണ്. മലമ്പ്രദേശങ്ങളിലെ പ്രത്യേകിച്ചും ഉണങ്ങി വരണ്ട കാലാവസ്ഥയുള്ള ദേശങ്ങളിലെ വാസികള്‍ക്കുവേണ്ട ഇറച്ചി, പാല്‍, തുകല്‍ എന്നിവ ലഭ്യമാക്കുന്നത് കോലാടുകളില്‍ നിന്നാണ്.

കിഴക്കന്‍ യൂറോപ്പ്, മധ്യ ഏഷ്യ, തെക്കു കിഴക്കനേഷ്യ എന്നിവിടങ്ങളിലാണ് പശുക്കളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയത്. ഇവ ബോസ് പ്രിമിജനിയുസ് പ്രിമിജനിയുസ് (Bos primigenius primigenius) എന്ന വര്‍ഗത്തില്‍ നിന്നും ഉടലെടുത്തവയാണ്. മുന്‍കാല ഗുണവിശേഷങ്ങളും ശരീര പ്രകൃതിയും വലിയ മാറ്റങ്ങള്‍ കൂടാതെ ഇന്നും തുടരുന്നു. ഇന്ത്യയാണ് പുരാതന പശുക്കളുടെയും കാളകളുടെയും ജന്മസ്ഥലം. ഇവിടെ നിന്നും ഇവ യൂറോപ്പ്, ഏഷ്യ, വടക്കനാഫ്രിക്ക എന്നിവിടങ്ങളിലേക്കു വ്യാപിച്ചതായി കണക്കാക്കുന്നു. വിവിധ വലുപ്പത്തിലും ആകാരത്തിലും പ്രകൃതിയിലും കാണപ്പെട്ടിരുന്ന പുരാതന കാലിവര്‍ഗത്തെ മനുഷ്യന്‍ തെരഞ്ഞെടുത്ത് ഇണ ചേര്‍ത്തു കൂടുതല്‍ പാല്‍, ഇറച്ചി, ഭാരം വലിക്കാനുള്ള കഴിവ് എന്നീ ഗുണങ്ങള്‍ ഉള്ള ഇനങ്ങളായി മാറ്റിയെടുക്കുകയായിരുന്നു.

ഇന്ത്യയില്‍ 4500 വര്‍ഷംമുമ്പ് എരുമകളെ വളര്‍ത്തിയിരുന്നു. എന്നതിനു തെളിവുകളുണ്ട്. 3500 വര്‍ഷം മുമ്പ് ചൈനക്കാരും എരുമകളെ വളര്‍ത്തിയിരുന്നു. എരുമകളുടെ ഉദ്ഭവസ്ഥാനം ഇന്ത്യയാണ്. അസമിലെ വനങ്ങളില്‍ ഇന്നും കണ്ടുവരുന്ന ബോസ് അര്‍നി(Bos arni)യുടെ പിന്‍ഗാമികളാണ് ഇന്നത്തെ എരുമകളായ ബുബാലസ് ബുബാലിസ് (Bubalus bubalis). ക്ഷീരോത്പാദനത്തിനു പേരു കേട്ടവയായ മൂറാ, നീലി, രാവി എന്നീയിനങ്ങള്‍ ഇന്ത്യയുടെ വടക്കുഭാഗങ്ങളിലും പണിയെടുക്കാന്‍ പറ്റിയവ ഇന്ത്യയുടെ തെക്കു ഭാഗങ്ങളിലും കണ്ടുവരുന്നു. പശുവിനെക്കാള്‍ പാല്‍തരുന്ന എരുമ വര്‍ഗങ്ങള്‍ക്ക് അവികസിത രാജ്യങ്ങളില്‍ പ്രിയം ഏറിയിട്ടുണ്ട്.

38 ദശലക്ഷം വര്‍ഷം മുമ്പ് കുതിരവര്‍ഗം ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രമതം. ഏഷ്യയാണ് കുതിരയുടെ ജന്മദേശമെങ്കിലും യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ ഭുഖണ്ഡങ്ങളിലെല്ലാം അവ വ്യാപിച്ചിട്ടുണ്ട്. പുരാതന കുതിരകുടുംബത്തിലെ തലമുറകളിലൊന്നായ പ്രസ് വാള്‍സ്കിയുടെ കുതിര (Prze Walski's horse)കളെയാണ് ആദ്യമായി മനുഷ്യന്‍ ഇണക്കി വളര്‍ത്തിയതെന്നാണ് വിദഗ്ധമതം. വളര്‍ത്തുമൃഗങ്ങളില്‍ മനുഷ്യന്‍ ആദ്യം മെരുക്കിയ മൃഗവും കുതിരയാണ്.

ഒട്ടകങ്ങള്‍ വളര്‍ത്തുമൃഗങ്ങളായി മാറിയതിനെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ല. മധ്യപൂര്‍വദേശത്ത് രണ്ടു പൂഞ്ഞകളുള്ള ഒട്ടകങ്ങളും അറേബ്യയിന്‍ ഒറ്റ പൂഞ്ഞയുള്ള ഒട്ടകങ്ങളും വളര്‍ത്തുമൃഗങ്ങളാണ്. ഈ രണ്ടിനങ്ങളും കാമിലസ് (Camelus) വിഭാഗത്തില്‍പ്പെടുന്നു.

വന്യവിഭാഗമായ സൂസ് സെറോറ്റാ (Sus serota) വര്‍ഗത്തില്‍പ്പെട്ട പന്നികളാണു വളര്‍ത്തുപന്നിയായി മാറിയത്. യൂറേഷ്യയാണ് ഇവയുടെ ജന്മദേശം. വടക്കുകിഴക്കന്‍ ഏഷ്യയിലും ഇന്തോ ചൈനയിലും തനതു സ്ഥലങ്ങളിലെ പന്നി വര്‍ഗങ്ങള്‍ ഇണക്കി വളര്‍ത്തപ്പെട്ടിട്ടുള്ളതായി രേഖകള്‍ ഉണ്ട്. ഇന്നു നിലവിലുള്ള മേല്‍ത്തരം പന്നിവര്‍ഗങ്ങളെല്ലാം തന്നെ ഏഷ്യയിലെയും യൂറോപ്പിലെയും പന്നിവര്‍ഗങ്ങളുടെ സങ്കലനത്തിലൂടെ ജന്മംകൊണ്ടവയാണ്.

ചുവന്ന കാട്ടുകോഴിയെന്നറിയപ്പെടുന്ന ഗാല്ലസ് ഗാല്ലസ് (Gallus gallus) ആണ് കോഴിവര്‍ഗത്തിന്റെ മുന്‍ഗാമി. ഈ ഇനം കോഴികളുടെ പുരാതന തറവാട് ഇന്ത്യയാണ്. ഗാല്ലസ് ഗാല്ലസ് എന്ന വര്‍ഗം ഗാല്ലസ് സൊനെരാറ്റി(Gallus sonnerati)യുമായി ഇണചേര്‍ന്നാണ് ആദ്യസങ്കര വര്‍ഗമുണ്ടായത്. പിന്നാലെ മുട്ടകളുടെ എണ്ണം, ഇറച്ചിയുടെ തൂക്കം എന്നിവ മെച്ചപ്പെടുത്താനായി മനുഷ്യന്‍ വിവിധ സങ്കര ഇനങ്ങള്‍ രൂപപ്പെടുത്തിയെടുത്തു.

മൃഗസമ്പത്തു നിലനിര്‍ത്താനും വംശവര്‍ധനവുണ്ടാക്കാനും ഉതകുന്ന ഒരു ശാസ്ത്രശാഖയാണ് ജന്തുപരിപാലനം, മൃഗങ്ങളുടെ എണ്ണത്തില്‍ കുറവുള്ള വികസിത രാജ്യങ്ങള്‍ക്കു മൃഗസമ്പത്തിന്റെ കാര്യത്തില്‍ മികവു കാട്ടാന്‍ സാധിക്കുന്നു. കാരണം വികസിത രാജ്യങ്ങളില്‍ പൊതുവേ ജനപ്പെരുപ്പം കുറവാണ്. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യ വിളകളില്‍ ഭൂരിഭാഗവും മൃഗങ്ങളുടെ ഭക്ഷണത്തിനായി വിനിയോഗിക്കുന്നു. അവികസിത രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങളും മറ്റു വിളകളും മനുഷ്യപോഷണത്തിനുപോലും തികയാത്ത സാഹചര്യമാണ്. ജന്തുപരിപാലനത്തിനനുയോജ്യമായ പോഷണമൂല്യമുള്ള ആഹാരം ലഭ്യമാക്കിയാല്‍ എണ്ണത്തില്‍ മുന്നിട്ടു നില്ക്കുന്ന കാലിസമ്പത്തും മൃഗസമ്പത്തുമുള്ള അവികസിത രാജ്യങ്ങള്‍ക്കും മൃഗസമ്പത്തു വര്‍ധിപ്പിക്കാവുന്നതാണ്. മൃഗങ്ങളുടെ പോഷണാവശ്യങ്ങളെയും ഇവര്‍ക്കു നേരിടാന്‍ സാധിക്കും. മനുഷ്യന് ഭക്ഷ്യയോഗ്യമായ സസ്യങ്ങള്‍ കൃഷിചെയ്യാന്‍ പറ്റാത്ത തരിശു ഭൂമികള്‍ ധാരാളമുള്ള അവികസിത രാജ്യങ്ങള്‍ തരിശു ഭൂമിക്കു പറ്റിയ സസ്യയിനങ്ങള്‍ വളര്‍ത്തിയെടുത്തു മൃഗാഹാരപദ്ധതികള്‍ക്കു രൂപം നല്കി ആരോഗ്യമുള്ള മൃഗസമ്പത്ത് വളര്‍ത്തിയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ജന്തുപരിപാലനം വികസിത രാജ്യങ്ങളില്‍ മറ്റേതൊരു ആധുനിക ശാസ്ത്ര ശാഖയെയും പോലെ വളര്‍ന്നു പന്തലിച്ച ശാസ്ത്രശാഖയാണ്. ഇത്തരത്തിലൊരു മുന്നേറ്റത്തിനു അവികസിത രാജ്യങ്ങള്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. നോ: ആട്; ആടു വളര്‍ത്തല്‍; കന്നുകാലികള്‍; കോഴി

(ഡോ. എ.സി. ഫെര്‍ണാന്റസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍