This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുവര്‍ ചിത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുവര്‍ ചിത്രങ്ങള്‍

ചുവരുകളിലോ മുകള്‍ത്തട്ടിന്റെ അടിവശത്തോ വരയ്ക്കുന്ന ചിത്രങ്ങള്‍. ഗുഹാചിത്രങ്ങള്‍, കൊട്ടാരങ്ങളിലെ അകത്തള അലങ്കാരങ്ങള്‍, ക്ഷേത്രഭിത്തികളിലെ ആലേഖനങ്ങള്‍ എന്നീ നിലകളിലാണ് ഇത് നിലനില്ക്കുന്നത്. ചരിത്രാതീതകാലത്തേതെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹാചിത്രങ്ങളില്‍ തുടങ്ങുന്ന ഇവയുടെ ചരിത്രം 20-ാം ശതകത്തിലെ മെക്സിക്കന്‍ ഫ്രെസ്കോ വരെ വ്യാപിച്ചുകിടക്കുന്നു. ചരിത്രകഥാപാത്രങ്ങളോ മുഹൂര്‍ത്തങ്ങളോ പുരാണ കഥകളോ കഥാപാത്രങ്ങളോ ആണ് ഇവയിലെ പ്രധാന ഇതിവൃത്തം. ദീര്‍ഘകാലം നിലനില്ക്കത്തക്കവിധമുള്ള സാങ്കേതികവിദ്യയാണ് ഈ ചിത്രങ്ങളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്.

ചൈനയിലെ ഹാന്‍ വംശത്തിലെ ശവക്കല്ലറയിലെ ചുവര്‍ചിത്രം 1-ാം ശതകം

ആദ്യകാല മാതൃകകള്‍. ദക്ഷിണ ഫ്രാന്‍സിലെയും ഉത്തര സ്പെയിനിലെയും ഗുഹാചിത്രങ്ങളിലാണ് ചുവര്‍ ചിത്രകലയുടെ പ്രാഗ്രൂപം കുടികൊള്ളുന്നത്. ഇവിടങ്ങളിലെ ചിത്രങ്ങള്‍ ബി.സി. 30,000-നും 10,000-നുമിടയ്ക്കുള്ളവയാണെന്ന് കരുതപ്പെടുന്നു. ഇവയ്ക്കു പുറമേ മധ്യ ഫ്രാന്‍സ്, ദക്ഷിണ-മധ്യ സ്പെയിന്‍, ഇറ്റലി, സിസിലി, ജര്‍മനി, ഉത്തര-ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലും ചില ആദ്യകാല മാതൃകകള്‍ കാണാം. എങ്കിലും സ്പെയിനിലെ അള്‍ടാമിറ എന്ന സ്ഥലത്തെ ഗുഹകളിലാണ് മികച്ച മാതൃകകള്‍ ഉള്ളത്. കറുപ്പ്, ചുവപ്പ്, തവിട്ട്, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ചായങ്ങളാണ് അള്‍ടാമിറയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇവിടത്തെയും മറ്റു ആദ്യകാലരചനകളിലെയും പ്രതിപാദനം മൃഗങ്ങള്‍, വേട്ടയുടെ മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയവയാണ്. അള്‍ടാമിറയിലും ഫ്രാന്‍സിലെ ലാന്‍സ്കാക്സിലും രേഖീയചിത്രങ്ങളില്‍ നിന്നുള്ള വ്യതിയാനം പ്രകടമാണ്. ഫ്രാന്‍സിലെ ചില മാതൃകകളില്‍ മൃഗക്കൊഴുപ്പുകൊണ്ട് മയപ്പെടുത്തിയ ഭിത്തിയിലേക്ക് മുളങ്കുഴലിലോ എല്ലിലോ ചായപ്പൊടി നിറച്ച് ഊതിപ്പറത്തി ചിത്രങ്ങള്‍ രചിച്ചിരുന്ന സാങ്കേതികവിദ്യ കാണാം. ആസ്റ്റ്രേലിയയില്‍ ഈ രീതി അടുത്തകാലംവരെ നിലനിന്നിരുന്നു.

ആദ്യകാല രചനകള്‍ അധികമൊന്നും ഇന്ന് നിലനില്ക്കുന്നില്ല. അവശേഷിക്കുന്നവ തന്നെ കേടുപാടുകള്‍ പറ്റിയ അവസ്ഥയിലുമാണ്. അവ അനുഷ്ഠാനങ്ങളുടെ ഭാഗമായോ മാന്ത്രികച്ചടങ്ങുകളുടെ ഭാഗമായോ വരച്ചവയായതിനാല്‍ ഒന്നിനുമീതെ ഒന്നായി വരച്ചിട്ടുള്ളവയാണെന്നതും ചിത്രങ്ങളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ ഇവയുടെ കൃത്യമായ കാലനിര്‍ണയനം നടത്തുന്നതിന് കഴിഞ്ഞിട്ടില്ല.

സാങ്കേതിക വിവരണം. ചുവര്‍ ചിത്രകലയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യത്യസ്ത സാങ്കേതിക വിദ്യകള്‍ ചിത്രണത്തിന് ഉപയോഗിച്ചിട്ടുള്ളതായി കാണാം. എന്‍കാസ്റ്റിക്, ടെമ്പറ, ഫ്രെസ്കോ (നോ. ചിത്രകല) തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടവയാണ്. ചുവരില്‍ കുമ്മായക്കൂട്ട് തേച്ച് അതുണങ്ങുന്നതിനുമുമ്പ് ചിത്രമെഴുതുന്ന രീതിയാണ് ഏറെ പ്രചാരത്തിലുള്ളത്. കുമ്മായക്കൂട്ടും ചായവും തമ്മിലുള്ള രാസസംയോജനംമൂലം കുമ്മായം ഉണങ്ങുമ്പോള്‍ ചിത്രം മാഞ്ഞുപോകാത്തവിധം കുമ്മായത്തിന്റെ ഭാഗമായിത്തീരും എന്നതാണ് ഇതിന്റെ സവിശേഷത.

ഈ രീതിയില്‍ ചിത്രം വരയ്ക്കുന്നതിന് ആദ്യം കുമ്മായംകൊണ്ട് പരുക്കന്‍ പ്രതലം ഉണ്ടാക്കുന്നു. അജന്തയില്‍ കളിമണ്ണും വയ്ക്കോലും ചേര്‍ത്താണ് പ്രാഥമികപ്രതലം ഉണ്ടാക്കിയിരുന്നത്. അതിനുമുകളിലായി കുമ്മായംകൊണ്ട് നേര്‍ത്ത മറ്റൊരു പ്രതലംകൂടി തീര്‍ത്തശേഷമാണ് ചിത്രങ്ങള്‍ വരയ്ക്കുക. ഓരോ ദിവസവും വരച്ചുതീര്‍ക്കാവുന്നത്ര സ്ഥലത്ത് മാത്രമേ ദ്വിതീയപ്രതലമുണ്ടാക്കുകയുള്ളൂ.

അജന്താ ഗുഹാചിത്രം:കൊട്ടാരത്തിലെ രംഗം ചിത്രീകരിച്ചിരിക്കുന്നു.

പ്രകൃതിദത്തമായ ചായങ്ങളാണ് ചുവര്‍ ചിത്രരചനയ്ക്ക് ഉപയോഗിച്ചിരുന്നത്. ധാതുരാഗം (Red Orche), കടുംനീലം (Lapis Lazuli), കറുപ്പ് (വിളക്കുകരി) തുടങ്ങിയവ അജന്താചിത്രരചനയ്ക്ക് ഉപയോഗിച്ചിരുന്നു. കേരളത്തില്‍ കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീലം, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വര്‍ണമഞ്ഞ എന്നീ നിറങ്ങളാണ് ഉപയോഗിച്ചുകാണുന്നത്. വെട്ടുകല്ലില്‍നിന്നും കാവിച്ചുവപ്പും കാവിമഞ്ഞയും നീലയമരിച്ചെടിച്ചാറില്‍നിന്നും നീല, എരവിക്കരയും നീലയും ചേര്‍ത്ത് (ചിലപ്പോള്‍ മനയോലയും നീലവും) പച്ച, എണ്ണക്കരിയില്‍നിന്നും കറുപ്പ് എന്നിവയാണ് ഉണ്ടാക്കിയിരുന്നത്. ചിലപ്പോള്‍ മാലക്കൈറ്റ് എന്ന ചെമ്പയിരില്‍നിന്നും പച്ച ഉണ്ടാക്കാറുണ്ട്. ചായില്യം, പഴച്ചാറുകള്‍, പച്ചിലച്ചായങ്ങള്‍, ധാതുക്കള്‍ എന്നിവയും ചായനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു.

കോരപ്പുല്ല്, കൈതവേര് എന്നിവ കൊണ്ടാണ് വരയ്ക്കാനുള്ള ബ്രഷുകള്‍ ഉണ്ടാക്കിയിരുന്നത്. മുളന്തണ്ട് കൂര്‍പ്പിച്ചെടുത്ത ബ്രഷും ഉപയോഗിച്ചിരുന്നു.

പൊതുവേ ആദ്യം രേഖകളിലൂടെ ബാഹ്യരൂപം വരയ്ക്കുകയും പിന്നീട് അകത്ത് ചായം നിറയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് ചുവര്‍ ചിത്രങ്ങള്‍ വരച്ചിരുന്നത്. മഞ്ഞകൊണ്ടായിരുന്നു ആദ്യ വരകള്‍ ആലേഖനം ചെയ്തിരുന്നത്. അകത്ത് കാവിമഞ്ഞ ആദ്യം ഉപയോഗിക്കുന്നു. ചില ചായങ്ങള്‍ ഉപയോഗിക്കുന്നതിനുമുമ്പ് നാരങ്ങാനീരോ തുരിശുലായനിയോ പുരട്ടി കുമ്മായത്തിന്റെ ഗാഢത കുറയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. വിളാമ്പശ, കള്ളിപ്പാല്‍, വേപ്പിന്‍പശ, ശര്‍ക്കര ഇവയെല്ലാമാണ് പശയായി ഉപയോഗിച്ചിരുന്നത്.

വിഷ്ണുധര്‍മോത്തരത്തിലെ ചിത്രസൂത്രം (7-ാം ശ.), സോമേശ്വരന്റെ അഭിലാഷ ചിന്താമണി (12-ാം ശ.), ഭോജന്റെ സമരാംഗണസൂത്രധാര, ശ്രീകുമാരന്റെ ശില്പരത്നം (16-ാം ശ.) എന്നിവയില്‍ ചുവര്‍ ചിത്രകലയുടെ സാങ്കേതികകാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വര്‍ണവിധികള്‍ എന്ന ഗ്രന്ഥത്തില്‍ കേരളീയ ചുവര്‍ ചിത്രകലയിലുപയോഗിക്കുന്ന ചായങ്ങളെക്കുറിച്ചും മറ്റും പ്രതിപാദനമുണ്ട്. കേരളത്തിലെ ചുവര്‍ ചിത്രങ്ങളിലെ ഹൈന്ദവദേവന്മാരുടെ രൂപം ധ്യാനശ്ളോകങ്ങളെ അവലംബിച്ച് തയ്യാറാക്കിയിരുന്നുവെന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ശിവതാണ്ഡവം ഏറ്റുമാനൂര്‍ ക്ഷേത്രം

ചുവര്‍ ചിത്രകല വിവിധ രാജ്യങ്ങളില്‍. ഈജിപ്തിലാണ് ആദ്യമായി ഒരു തദ്ദേശീയ ചുവര്‍ ചിത്രശൈലി രൂപപ്പെട്ടത്. ബി.സി. 3200-ഓടുകൂടിയാണ് അത് ജന്മമെടുത്തത്. ശൈലീവത്കൃതവും ദ്വിമാന പ്രതീതിയുള്ളതുമായ രേഖാചിത്രങ്ങളായിരുന്നു അവിടത്തെ രീതി. നിരവധി അമൂര്‍ത്ത ബിംബകല്പനകള്‍കൊണ്ട് സങ്കീര്‍ണശോഭ പരത്തിയ ചിത്രങ്ങളും അവിടെയുണ്ടായിരുന്നു. ടെമ്പറ ശൈലിയിലായിരുന്നു ആലേഖനം. മെസപ്പൊട്ടേമിയന്‍ കൊട്ടാരങ്ങളിലും നിരവധി സ്വകാര്യഭവനങ്ങളിലുമായി ഒട്ടനവധി ചിത്രങ്ങള്‍ അവശേഷിക്കുന്നുണ്ട്. എങ്കിലും തെബാന്‍ ഗോപുരത്തിലെ ചിത്രങ്ങളാണ് ഈജിപ്തിലെ ചുവര്‍ ചിത്രകലയുടെ സൗന്ദര്യസാരം പ്രകടമാക്കുന്നത്.

ചൈനയില്‍ കൊട്ടാരങ്ങളും ഗോപുരങ്ങളും അലങ്കരിക്കുന്നതിനാണ് ചുവര്‍ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഷാങ്വംശത്തിന്റെ കാലം മുതലേ (സു. ബി.സി. 1776-1123) ഇത് നിലനിന്നിരുന്നു; എന്നതിന് തെളിവുകളുണ്ട്. ഹാന്‍ വംശകാലത്തും നിരവധി ചുവര്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നതായി സാഹിത്യകൃതികളില്‍ പരാമര്‍ശമുണ്ട്. മിങ് കാലം വരെ ബൗദ്ധ ചുവര്‍ ചിത്രകലാപാരമ്പര്യമാണ് ചൈനയില്‍ നിലനിന്നിരുന്നത്. എങ്കിലും തുന്‍-ഹുയാങ്ങിലെ (കന്‍സു) പ്രസിദ്ധ ബൌദ്ധഗുഹാക്ഷേത്രത്തില്‍ ഭാരതീയ ചൈനീസ് ശൈലികളുടെ സമ്മിശ്രശോഭയാര്‍ന്ന ചിത്രങ്ങള്‍ കാണാം.

ജപ്പാനില്‍ ബുദ്ധമതത്തിന്റെ പ്രചാരത്തിനുമുമ്പാണ് മികച്ച രചനകള്‍ ഉണ്ടായിട്ടുള്ളത്. ജ്യാമിതീയ വടിവുകളോടുകൂടിയതും എന്നാല്‍ പ്രതീകാത്മദൃശ്യങ്ങളുടെ ചാരുതയാര്‍ന്നതുമായ രചനകള്‍ ഇവിടത്തെ ചിത്രങ്ങളില്‍പ്പെടുന്നു. മികച്ച ജാപ്പനീസ് ചുവര്‍ ചിത്രകലാമാതൃകകള്‍ മുറോചാമിയുടെ കൊട്ടാരം, ടൊക്കുഗവയുടെ കൊട്ടാരം എന്നിവയാണ്.

ഗ്രീസിലെ ചുവര്‍ ചിത്രങ്ങളുടെ അതിപുരാതനമാതൃക ബി.സി. 5-ാം ശതകത്തിലേതാണെന്നാണ് ലഭ്യമായ പരാമര്‍ശങ്ങള്‍ വെളിപ്പെടുത്തുന്നത്. വീരനായകന്മാരുടെ ചിത്രങ്ങളായിരുന്നു ആദ്യകാലത്ത് രചിച്ചിരുന്നത്. പിന്നീട് വിവിധതരം പാനലുകളിലേക്ക് അവിടത്തെ ശൈലി വഴിമാറി. ഹെല്ലനിസ്റ്റിക് കാലഘട്ടത്തില്‍ സ്വകാര്യഭവനങ്ങളിലും ചുവര്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്തുതുടങ്ങി.

റോമിലെ ചുവര്‍ ചിത്രകലയുടെ അവശിഷ്ടങ്ങള്‍ പൊപെയ്, ഓസ്റ്റിയ എന്നിവിടങ്ങളിലെ സൌധനങ്ങളുടെ ചുവരുകളിലും മച്ചുകളിലുമായുണ്ട്. പ്രകൃതിദൃശ്യങ്ങള്‍ക്കായിരുന്നു അവിടെ പ്രാമുഖ്യം. എട്രൂസ്കന്‍ ക്ഷേത്രങ്ങളും ഗോപുരങ്ങളുമാണ് ചുവര്‍ ചിത്രങ്ങള്‍ ധാരാളമായ മറ്റൊരിടം.

ചുവര്‍ ചിത്രകല ഇന്ത്യയില്‍. ശാസ്ത്രീയരീതിയിലുള്ള ചുവര്‍ ചിത്രങ്ങള്‍ വരച്ച് ദേവാലയങ്ങളും രാജകീയസൌധങ്ങളും മോടിപിടിപ്പിക്കുന്ന സമ്പ്രദായം ഭാരതത്തില്‍ രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി നിലവിലുണ്ടെന്നാണ് അനുമാനം. എങ്കിലും അതിനു മുമ്പേതന്നെ നിരവധി ഗുഹാചിത്രങ്ങളാല്‍ ഭാരതം സമ്പന്നമായിരുന്നു. ഭാരതത്തിലെ ചുവര്‍ ചിത്രകലയുടെ ആദിമ മാതൃകകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന അവ ഭീമ്ബട്ക, മിര്‍സാപൂര്‍, ബാന്ദ്ര, സിംഗാന്‍പൂര്‍, പിഖ്ഹ്ഹാല്‍, മെഹബൂബ്നഗര്‍, ബല്ലാറി, മറയൂര്‍ (കേരളം), മല്ലംപാടി (തമിഴ്നാട്) എന്നിവിടങ്ങളിലാണുള്ളത്. ആദ്യകാല മുസ്ലിം ഭരണാധികാരികളുടെ കാലത്താണ് ഇന്ത്യന്‍ ചുവര്‍ ചിത്രകലയ്ക്ക് അല്പം പ്രാധാന്യം കുറഞ്ഞത്. അക്കാലത്ത് മിനിയേച്ചര്‍ പെയിന്റിങ്ങുകളോടായിരുന്നു പ്രിയം. എന്നാല്‍ തുടര്‍ന്ന് ഭാരതീയ ചുവര്‍ ചിത്രകല നിരവധി ഉത്കൃഷ്ടമാതൃകകള്‍ സമ്മാനിക്കുകയുണ്ടായി. അജന്ത, ബാദാമി, സിറ്റണ്ണവാസല്‍, തഞ്ചാവൂര്‍, പദ്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളിലെ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.

ഇന്ത്യയില്‍ അവശേഷിക്കുന്ന ഏറ്റവും പഴക്കമുള്ള ചുവര്‍ ചിത്രകല ഒഡിഷയിലെ രാവണാച്ചയ എന്ന ശിലാസങ്കേതത്തിലേതാണെന്ന് കരുതപ്പെടുന്നു. 7 മീറ്ററോളം ഉയരമുള്ള മേല്‍ക്കൂരയുടെ അടിവശത്താണ് ഇവിടെ ചിത്രം വരച്ചിട്ടുള്ളത്. ഒരു രാജകീയ ഘോഷയാത്രയുടെ ചിത്രമാണ് ഇവിടെ ഇന്നവശേഷിക്കുന്നത്. ആനപ്പുറത്തെഴുന്നള്ളുന്ന രാജാവ്, അശ്വാരൂഢരായ നാല് അംഗരക്ഷകര്‍, അകമ്പടിക്കാരായ സ്ത്രീകള്‍ എന്നിവരാണ് അതിലുള്ളത്. ഇത് 6-ാം ശതകത്തിലേതാണെന്ന് അനുമാനിക്കപ്പെടുന്നു. ഒഡിഷയില്‍ നിലനില്ക്കുന്ന മറ്റു ചിത്രങ്ങളാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ലക്ഷ്മീദേവാലയത്തിലുള്ള രാമാനുജചിത്രവും ക്ഷേത്രസഭയിലുള്ള കാഞ്ചി കാവേരി-യാത്ര എന്ന പാനലും.

ഗുപ്ത-വാകാടക കാലഘട്ടത്തിലെ ചിത്രങ്ങളാണ് അജന്താഗുഹകളിലുള്ളത്. ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇവയില്‍ മിക്കതും (നോ. അജന്ത). ബാദാമിയിലെ (വാതാപി) വൈഷ്ണവ ഗുഹാക്ഷേത്രത്തില്‍ ചാലൂക്യ കാലഘട്ടത്തില്‍ വരച്ച നിരവധി ചുവര്‍ ചിത്രങ്ങളുണ്ട് (നോ. ചാലൂക്യ കല). അവ അജന്തയിലെ വാകാടക പാരമ്പര്യത്തിന്റെ തുടര്‍ച്ചയെയും പുരോഗതിയെയുമാണ് സൂചിപ്പിക്കുന്നത്.

പല്ലവകാലത്തെ ചുവര്‍ ചിത്രകലയുടെ സൗന്ദര്യം കാഞ്ചീപുരത്തെ കൈലാസനാഥക്ഷേത്രത്തിലും പനമാലയിലെ ക്ഷേത്രത്തിലും കാണാം. പനമാലക്ഷേത്രത്തിലെ ദേവിയുടെ ചിത്രം അജന്താഗുഹ കക-ലെ മായയുടെ ചിത്രംപോലെ ആകര്‍ഷകമാണ്. കൈലാസനാഥ ക്ഷേത്രത്തില്‍ വിവിധരീതിയിലുള്ള ശിവരൂപങ്ങള്‍, പാര്‍വതി, ബാലനായ സ്കന്ദന്‍ എന്നീ ചിത്രങ്ങളാണുള്ളത്.

സിറ്റണ്ണവാസലിലും തിരുമലൈപുരത്തുമായുള്ള ചിത്രങ്ങള്‍ പാണ്ഡ്യചിത്രകല ചുവര്‍ ചിത്രകലയ്ക്ക് നല്കിയ മികച്ച സംഭാവനകളാണ്. സിറ്റണ്ണവാസലില്‍ ചുമരുകളിലും മച്ചിലും മാത്രമല്ല, സ്തംഭശീര്‍ഷകങ്ങളില്‍പ്പോലും ചിത്രങ്ങളുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. മച്ചിലുള്ള താമരപ്പൊയ്ക അതിന്റെ വിശദാംശങ്ങള്‍കൊണ്ട് കമനീയമായിരിക്കുന്നു. താമരപ്പൂക്കള്‍, മൊട്ട്, നീന്തുന്ന പക്ഷികള്‍, നീരാടുന്ന മൃഗങ്ങള്‍, താമരയേന്തുന്ന ഗന്ധര്‍വന്മാര്‍ എന്നിവ വിശദാംശങ്ങളില്‍ ചിലത് മാത്രമാണ്. തിരുമലൈപുരത്തെ ഗുഹാക്ഷേത്രത്തില്‍ ക്രുദ്ധനായ സിംഹം, ഒരു സ്ത്രീക്ക് ചുറ്റുമിരിക്കുന്ന താടി വളര്‍ത്തിയ ബ്രാഹ്മണസന്ന്യാസിമാര്‍, നര്‍ത്തകികള്‍, നര്‍ത്തകിയെ നോക്കി നില്ക്കുന്ന വാദ്യക്കാരന്‍, സസ്യജന്തുജാലങ്ങള്‍ നിറഞ്ഞ നിരവധി പാനലുകള്‍ എന്നീ ചിത്രങ്ങളാണുള്ളത്.

എല്ലോറയിലെ കൈലാസനാഥക്ഷേത്രം രാഷ്ട്രകൂടകാലത്തെ ചുവര്‍ ചിത്രകലയുടെ മികച്ച മാതൃകയാണ് (നോ. എല്ലോറ). ലക്ഷ്മീസമേതനായി ഗരുഡനിലേറി മേഘമാര്‍ഗത്തിലൂടെ യാത്ര ചെയ്യുന്ന വിഷ്ണുവിന്റെ ചിത്രം മുഖമണ്ഡപത്തിലെ മച്ചില്‍ ആലേഖനം ചെയ്തിരിക്കുന്നു. മേഘമാലകളില്‍ ഗന്ധര്‍വന്മാരെയും വിദ്യാധരന്മാരെയും കാണാം. മികച്ച ഒരു രചനയാണിത്.

നാര്‍ത്താമലയിലും തഞ്ചാവൂരിലുമാണ് ചോള ചുവര്‍ ചിത്രകലയുടെ അവശിഷ്ടങ്ങളുള്ളത്. നാര്‍ത്താമലയിലെ ക്ഷേത്രച്ചുവരില്‍ ഗന്ധര്‍വന്മാരെയും മച്ചില്‍ കാളിയുടെ നടനത്തെയും അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. തഞ്ചാവൂരിലെ ബൃഹദേശ്വരക്ഷേത്രത്തില്‍ ദേവനര്‍ത്തകികള്‍, രാജരാജചോഴന്‍, ചേരമാന്‍ പെരുമാള്‍, സുന്ദരമൂര്‍ത്തി നായനാര്‍ തുടങ്ങിയ ചിത്രങ്ങളാണുള്ളത്. സുന്ദരമൂര്‍ത്തിയുടെ ഐതിഹ്യത്തിലെ വിവിധ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഇവിടെ ആലേഖനം ചെയ്തിട്ടുള്ളത് ശ്രദ്ധേയമാണ്. ശിരസ്സ് പിന്‍ഭാഗത്തേക്ക് വെട്ടിത്തിരിച്ച് നൃത്തം ചെയ്യുന്ന ദേവനര്‍ത്തകിയുടെ ചിത്രം ചോളചിത്രകലയുടെ അസാധാരണമായ കരുത്ത് വെളിപ്പെടുത്തുന്ന ഒന്നാണ്.

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും കൊട്ടാരങ്ങളിലും ഇന്നത്തെ തമിഴ്നാട്ടിലുള്‍പ്പെട്ട തിരുനന്തിക്കര, പദ്മനാഭപുരം എന്നിവിടങ്ങളിലുമാണ് ഭാരതീയ ചുവര്‍ ചിത്രകലയുടെ മറ്റു മാതൃകകള്‍ ലഭ്യമായിട്ടുള്ളത്.

ചുവര്‍ ചിത്രകല കേരളത്തില്‍. ഇന്നത്തെ കേരളത്തിലും പണ്ട് തിരുവിതാംകൂറിലുള്‍പ്പെട്ടിരുന്നതും ഇന്ന് തമിഴ്നാട്ടിലായതുമായ സ്ഥലങ്ങളിലെ ചുവര്‍ ചിത്രകലാമാതൃകകളെയും ചേര്‍ത്ത് ചേര ചുവര്‍ ചിത്രകല എന്ന് വിളിക്കുകയാണ് ഉചിതമെന്ന് കൃഷ്ണചൈതന്യ അഭിപ്രായപ്പെടുന്നു. കേരളീയ ചുവര്‍ചിത്രങ്ങള്‍ എന്ന പേര് അപ്രസക്തമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ചേര ചുവര്‍ ചിത്രകലയുടെ ആദിമ മാതൃക തിരുനന്തിക്കരയിലെ ഗുഹാക്ഷേത്രത്തിലാണ് കാണുന്നത്. ദക്ഷിണ തിരുവിതാംകൂറിലുള്‍പ്പെട്ടിരുന്ന ഈ സ്ഥലം ഇപ്പോള്‍ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. എ.ഡി. 8-9 ശതകങ്ങളില്‍ വരച്ചതായിരിക്കാമെന്ന് കരുതപ്പെടുന്ന ചിത്രങ്ങളാണ് ഇവിടെയുള്ളത്. അജന്താ ശൈലിയോട് സാദൃശ്യം പുലര്‍ത്തുന്നവയാണ് ഇവിടത്തെ ചിത്രങ്ങള്‍. ആന, ഇരിക്കുന്ന സ്ത്രീ, നില്ക്കുന്ന പുരുഷന്‍, ഗണപതി എന്നീ ചിത്രങ്ങള്‍ ഇവിടെയുണ്ട്. ഏറ്റവും മനോഹരമായത് ശിവപാര്‍വതിമാരുടെ മനോജ്ഞമായ രൂപമാണ്. തിരുനന്തിക്കര ചിത്രങ്ങള്‍ക്ക് ചേര ചുവര്‍ ചിത്രകലാ ചരിത്രത്തില്‍ മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. അവ അവശേഷിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നമ്മുടെ ചുവര്‍ ചിത്രകല 16-ാം ശതകത്തിലാണ് ആരംഭിച്ചതെന്ന് കരുതേണ്ടിവരുമായിരുന്നു. തിരുവിതാംകൂറിലെ ചുവര്‍ ചിത്രകലയെക്കുറിച്ച് പഠനം നടത്തിയ കെ.പി. പദ്മനാഭന്‍ തമ്പിയും വെങ്കടാചലവും ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാന്‍ കഴിഞ്ഞാല്‍ പുരാതത്വ പ്രാധാന്യമുള്ള ചുവര്‍ ചിത്രങ്ങള്‍ കൂടുതല്‍ കാണുന്ന സംസ്ഥാനം കേരളമാണ്. രേഖാചാരുതയാണ് ഇവിടത്തെ ചിത്രങ്ങളുടെ സവിശേഷത.

തിരുനന്തിക്കര ചിത്രങ്ങള്‍ക്കുശേഷമുണ്ടായ ആദ്യത്തെ രചന തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിലെ തിരുവമ്പാടിക്ഷേത്രഭിത്തിയിലേതാണെന്ന് കരുതപ്പെടുന്നു.

തുടര്‍ന്നുവന്നത് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ നടരാജനൃത്തം, അനന്തശയനം, അഘോരമൂര്‍ത്തി എന്നീ ചിത്രങ്ങളാണെന്നാണ് അനുമാനം. 1545 ആയിരിക്കണം ഇതിന്റെ കാലമെന്നാണ് ചരിത്രകാരന്മാരുടെ മതം. പടിഞ്ഞാറേ ഗോപുരത്തിനുള്ളില്‍ തെക്കേഭിത്തിയില്‍ വരച്ചിട്ടുള്ള നടരാജനൃത്തം ശിവതാണ്ഡവത്തിന്റെ രൌദ്രഭാവവും ഗാംഭീര്യവും സമന്വയിപ്പിക്കുന്നതില്‍ കേരളീയ ചിത്രകല സാക്ഷാത്കാരം നേടിയെന്നതിനെ ഉദാഹരിക്കുന്നു. തറപറ്റിക്കിടക്കുന്ന മുയാലകന്‍ എന്ന അസുരന്റെ മേല്‍ പരമേശ്വരന്‍ നടത്തുന്ന താണ്ഡവമാണ് പ്രധാന പ്രമേയം. താണ്ഡവം കാണുന്നവര്‍, വാദ്യമേളക്കാര്‍, മറ്റനേകം ദേവീദേവന്മാര്‍ എന്നിവരെക്കൂടി ചിത്രീകരിച്ചുകൊണ്ട് ബ്രഹ്മാനന്ദതാണ്ഡവം, പ്രദോഷനൃത്തം എന്നീ സങ്കല്പങ്ങളുടെ സമന്വയവും ഇതില്‍ നടത്തിയിട്ടുണ്ടെന്ന് കാണാം.

ഏറ്റുമാനൂരിലെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ് അനന്തശയനം. പടിഞ്ഞാറേ ഗോപുരഭിത്തിയുടെ അകവശത്താണ് ഇതുള്ളത്. കേരളത്തിലെ ഏറ്റവുമധികം വലുപ്പമുള്ള ചുവര്‍ ചിത്രങ്ങളില്‍ ഒന്നാണിത്. വൈഷ്ണവവിഗ്രഹസങ്കല്പത്തെ അനുപദം പിന്തുടര്‍ന്നുകൊണ്ടുള്ള രചനയാണിത്. ശ്രദ്ധേയമായ മറ്റൊരു ചിത്രം അഘോരമൂര്‍ത്തിയുടേതാണ്. ആ ചിത്രത്തെക്കുറിച്ച് നാലാങ്കല്‍ കൃഷ്ണപിള്ള വര്‍ണിച്ചിട്ടുള്ളത് ഇങ്ങനെയാണ്. '... ലോകം മുഴുവന്‍ ഭസ്മീകരിക്കുവാനായി തീജ്ജ്വാലകള്‍ വമിക്കുന്ന കണ്ണും വായുമായി നാനാതരം ആയുധങ്ങളേന്തുന്ന എട്ടു തൃക്കൈകളോടെ ചുടലക്കളത്തില്‍ നില്ക്കുന്ന കാലകാലന്റെ പ്രതിഭാസമാണ് അഘോരമൂര്‍ത്തിയുടേത്... ഭയം, വിസ്മയം, അദ്ഭുതം, വീരം മുതലായ വിവിധ വികാരങ്ങള്‍ അഘോരമൂര്‍ത്തിയുടെ നാലഞ്ചടി വലുപ്പമുള്ള ആ കലാശില്പം കാണികളില്‍ ജനിപ്പിക്കും.'

പനയന്നാര്‍ക്കാവില്‍ അനന്തശയനം, അര്‍ധനാരീശ്വരന്‍, മഹിഷാസുരവധം, കിരാതാര്‍ജുനയുദ്ധം എന്നീ ചിത്രങ്ങളും ഒട്ടേറെ രാമായണദൃശ്യങ്ങളുമാണുള്ളത്. അശോകവൃക്ഷച്ചുവട്ടിലിരിക്കുന്ന സീത, രാമരാവണയുദ്ധം, മണ്ഡോദരീവിലാപം, ശ്രീരാമപട്ടാഭിഷേകം എന്നിവയാണ് രാമായണചിത്രങ്ങളില്‍ പ്രധാനം.

ഏറ്റുമാനൂരിനും കോട്ടയത്തിനുമിടയ്ക്കുള്ള കുമാരനല്ലൂര്‍ കാര്‍ത്ത്യായനീ മഹാമായ ക്ഷേത്രത്തില്‍ വട്ടക്കോവിലിന്റെ ഭിത്തിയില്‍ മാഞ്ഞു തുടങ്ങിയ കുറേ ചിത്രങ്ങളുണ്ട്. ടെമ്പറ ചിത്രങ്ങളാണ് ഇവ. ഇലച്ചാറുകൊണ്ടാണ് ഇവ വരച്ചിട്ടുള്ളത്. പുരാണേതിവൃത്തങ്ങളെ അവലംബമാക്കിയിട്ടുള്ള ഈ ചിത്രങ്ങള്‍ ഇന്ന് ഏതാണ്ട് നാമാവശേഷമായിരിക്കുകയാണ്.

18-ാം ശതകത്തിലെ ഏറ്റവും മികച്ച ചുവര്‍ ചിത്രകലാമാതൃകകള്‍ കാണുന്നത് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പരിക്കമാളികയില്‍ ആണ്. ഹരിഹരന്‍, അര്‍ധനാരീശ്വരന്‍, ഗണപതിപൂജ, നടരാജനൃത്തം, സുബ്രഹ്മണ്യന്‍, ശാസ്താവിന്റെ വേട്ട, ഗോപീകൃഷ്ണന്‍, അനന്തശയനം, പാര്‍വതീ പരിണയം, ദേവീസഹിതസ്കന്ദന്‍ എന്നീ ചുവര്‍ ചിത്രങ്ങളാണിവിടെയുള്ളത്. ഇവയില്‍ ഏറെ ആകര്‍ഷകമായത് തെക്കേ ഭിത്തിയുടെ മധ്യഭാഗത്തുള്ള വേണുഗോപാലന്റെയും ഗോപികമാരുടെയും ചിത്രമാണ്. പതിനേഴ് ഗോപികമാര്‍, ഓടക്കുഴല്‍ ഊതുന്ന വൃന്ദാവനഗോപാലന്‍ എന്നീ രൂപങ്ങള്‍ കേരളീയ ചുവര്‍ ചിത്രകലയുടെ മൌലിക സൗന്ദര്യത്തിന്റെ മികച്ച സാക്ഷ്യപത്രങ്ങളാണ്. രൂപഭാവങ്ങളുടെ സന്നിവേശത്തിലെ വൈദഗ്ധ്യവും രേഖകളുടെ സൂക്ഷ്മവടിവുകളും ഒത്തിണങ്ങിയ ഇവിടത്തെ ചിത്രങ്ങള്‍ എല്ലാ അര്‍ഥത്തിലും ക്ലാസ്സിക് രചനകള്‍ തന്നെയാണ്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ സാന്നിധ്യവും ഈ ചിത്രങ്ങള്‍ വിളിച്ചോതുന്നു.

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ രതിവൈകൃതങ്ങളുടെ ആലേഖനങ്ങള്‍; വൈക്കം പെരും തൃക്കോവിലിലെ ശിവന്‍, പാര്‍വതി, സുബ്രഹ്മണ്യന്‍; തൃച്ചംബരം ക്ഷേത്രത്തിലെ ദശാവതാരം, കൃഷ്ണാവതാരം, രാസക്രീഡ, കാളിയമര്‍ദനം, ഗോവര്‍ധനോദ്ധാരണം, കുചേലവൃത്തം എന്നിവയാണ് കേരളത്തിലെ മറ്റ് മികച്ച ചുവര്‍ ചിത്രകലാമാതൃകകള്‍.

അര്‍ധനാരീശ്വരന്‍, ശങ്കരനാരായണന്‍, സീത, കൃഷ്ണനും ഗോപികമാരും തുടങ്ങിയ ചിത്രങ്ങള്‍കൊണ്ട് നമ്മുടെ ചുവര്‍ ചിത്രകലാരംഗത്തെ സമ്പന്നമാക്കിയ ക്ഷേത്രച്ചുവരുകളാണ് പുണ്ഡരീകപുരത്തുള്ളത്. മറ്റൊരു മുഖ്യസങ്കേതം കോട്ടയ്ക്കലാണ്. വര്‍ണങ്ങളില്‍ ലയിക്കുന്ന വരകളോടുകൂടിയ ശൈലിയും വരകളില്‍ ലയിക്കുന്ന വര്‍ണങ്ങളോടുകൂടിയ ശൈലിയും ഇവിടത്തെ ചിത്രങ്ങളില്‍ കാണാം.

കേരളത്തില്‍ നിലവിലുള്ള ഏറ്റവും വലിയ ചുവര്‍ ചിത്രം കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷമാണ്. നീരാഴിക്കെട്ടുഭിത്തിയിലാണ് ഈ ചിത്രം വരച്ചിട്ടുള്ളത്. ഇതിന് 49 ച.മീ. വലുപ്പമുണ്ട്. മുതലയുടെ വായില്‍പ്പെട്ട് പരിക്ഷീണനായ ഗജേന്ദ്രന്‍, മഹാവിഷ്ണുവിനെ ചുമലില്‍ വഹിക്കുന്ന ക്രുദ്ധനായ ഗരുഡന്‍, പ്രശാന്തമധുരമായ മുഖത്തോടുകൂടിയ മഹാവിഷ്ണു, ഇതെല്ലാം കണ്ട് ആശങ്കാകുലരായി നില്ക്കുന്ന ആനകള്‍, മഹാവിഷ്ണുവിന്റെ ആഗമനംകണ്ട് ഭക്തിഭാവത്തോടെ നില്ക്കുന്ന ദേവന്മാര്‍ ഇതെല്ലാം ഉള്‍ച്ചേര്‍ന്ന ഈ ബൃഹത്ചിത്രം നമ്മുടെ ചിത്രകലാവിദഗ്ധരുടെ ഉദാത്തമായ വൈദഗ്ധ്യത്തിന് ഉത്തമോദാഹരണമാണ്.

തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലെ മഹാഭാരതയുദ്ധം ആവിഷ്കരിക്കുന്ന ചിത്രങ്ങള്‍; തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലെയും ലക്ഷ്മണക്ഷേത്രത്തിലെയും പൂതനാമോക്ഷം, പാഞ്ചാലീ സ്വയംവരം, ഖാണ്ഡവദഹനം തുടങ്ങിയ ചിത്രങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ചുവര്‍ ചിത്രകലയുടെ സവിശേഷകാന്തി ഉള്‍ക്കൊള്ളുന്നവയാണ്.

ഹൈന്ദവ ദേവാലയങ്ങളില്‍ മാത്രമല്ല, ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ചുവരുകളിലും ചിത്രങ്ങളുള്ളതായി കാണാം. ഹരിപ്പാടിനും കായംകുളത്തിനും ഇടയ്ക്കുള്ള ചേപ്പാടു പള്ളിയില്‍ ക്രിസ്തുവിന്റെ ജനനം മുതല്‍ കുരിശാരോഹണം വരെയുള്ള സംഭവങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. അങ്കമാലി ഓര്‍ത്തഡോക്സ് പള്ളി, കാഞ്ഞൂര്‍ പള്ളിക്കവാടം, കുന്നുംപുറംപള്ളി, മാന്നാനം പള്ളി എന്നിവിടങ്ങളിലും കേരളീയ കലാകാരന്മാര്‍ വരച്ചതെന്നു കരുതപ്പെടുന്ന ചുവര്‍ ചിത്രങ്ങള്‍ കാണാം.

കേരളത്തിലെ ചുവര്‍ ചിത്രങ്ങള്‍ക്കു പേരുകേട്ട മറ്റൊരു സങ്കേതമാണ് മട്ടാഞ്ചേരിയിലെ ഡച്ചുകൊട്ടാരം. 16-17 ശതകങ്ങളിലേതാണ് ഇവിടത്തെ ചിത്രങ്ങള്‍ എന്നു കരുതപ്പെടുന്നു. 66 പാനലുകളിലായി രാമായണം, ഭാഗവതം, കുമാരസംഭവം എന്നിവയിലെ രംഗങ്ങള്‍ ഇലച്ചാറുകൊണ്ടു വരച്ചിരിക്കുകയാണിവിടെ. ഇവയില്‍ മിക്കതിനും വിജയനഗരചിത്രരചനയുടെ ഭംഗിയുണ്ട്.

സംരക്ഷണവും പുനരുജ്ജീവനവും. നമ്മുടെ ചുവര്‍ ചിത്രകലാമാതൃകകള്‍ കാലംചെല്ലുംതോറും നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ ആക്രമണവും ചരിത്രത്തിന്റെ ഈടുവയ്പുകളുടെ മാഹാത്മ്യമറിയാത്തവരുടെ കടന്നുകയറ്റവുമാണ് മുഖ്യകാരണങ്ങള്‍. നിലവിലുള്ള ചിത്രങ്ങള്‍ സംരക്ഷിക്കുവാനും മാഞ്ഞു തുടങ്ങിയവ പുതുക്കി വരയ്ക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്തകാലത്ത് ആരംഭിച്ച 'ചുവര്‍ ചിത്രകലാപഠനകേന്ദ്രം' (ഗുരുവായൂര്‍) പുതിയ ചുവര്‍ ചിത്രകലാകാരന്മാരെ സൃഷ്ടിച്ചുകൊണ്ട് ഈ ചുമതല ഏറ്റെടുക്കാനൊരുങ്ങിയിട്ടുണ്ട്. അവിടെ നിന്നും പഠിച്ചിറങ്ങിയവരില്‍ ചിലര്‍ പരമ്പരാഗത രീതിയില്‍ത്തന്നെ കേരളീയ ശൈലിയിലുള്ള ചുവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇത്തരം പുനഃസൃഷ്ടികള്‍ നടത്തുന്നവരില്‍ ശ്രദ്ധേയനാണ് മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിയാശാന്റെ ശിഷ്യന്‍ സുരേഷ് മുതുകുളം. ആധുനിക ഗൃഹവാസ്തു വിദ്യയില്‍ ചുവര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നരീതി ആരംഭിച്ചിട്ടുള്ളതും ഈ പരമ്പരാഗത ചിത്രകലയ്ക്ക് പുത്തനുണര്‍വു നല്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍