This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുണ്ടന്‍വള്ളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുണ്ടന്‍വള്ളം

ഉയര്‍ന്നു നില്ക്കുന്ന അമരവും കൂര്‍ത്ത അണിയവുമുള്ള ഒരിനം കളിവള്ളം. അണിയത്തിലെ കൂര്‍ത്ത ചുണ്ടില്‍ നിന്നാവണം 'ചുണ്ടന്‍വള്ളം' എന്ന പേരു ലഭിച്ചത്. കളിവള്ളങ്ങളുടെ രാജാവ് എന്നര്‍ഥത്തില്‍ ജലകേസരി, ജലരാജന്‍ എന്നും അറിയപ്പെടുന്നു. അമരത്തിന് പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനോടും അണിയത്തിലെ കൂര്‍ത്ത ചുണ്ടിന് മൂര്‍ഖന്റെ വാലിനോടും സാദൃശ്യമുള്ളതുകൊണ്ടാകണം ഇംഗ്ളീഷുകാര്‍ ഇതിനെ 'സ്നേക്ക്ബോട്ട്' എന്നു നാമകരണം ചെയ്തത്.

16-ാം ശ.-ല്‍ യുദ്ധാവശ്യത്തിനായി നിര്‍മിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ചുണ്ടന്‍വള്ളം പില്ക്കാലത്തു വള്ളംകളി മത്സരങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങി. ജലോത്സവവേളയില്‍ വിശിഷ്ട വ്യക്തികളെ വരവേല്ക്കാനും ജലഘോഷയാത്രകള്‍ക്കും ചുണ്ടന്‍വള്ളം ഉപയോഗിക്കുന്നു.

ചുണ്ടന്‍വള്ളം

1. ചരിത്രം. യുദ്ധം ചെയ്യാന്‍ വേണ്ടിയുള്ള നൗക എന്ന രീതിയിലാണു ചുണ്ടന്‍വള്ളങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നത്.

16-ാം ശ.-ല്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന നാട്ടുരാജാക്കന്മാരില്‍ പ്രബലരായിരുന്നു ചെമ്പകശ്ശേരിയും (അമ്പലപ്പുഴ) കായംകുളവും ഭരിച്ചിരുന്നത്. നിതാന്ത ശത്രുക്കളായിരുന്ന ഇവര്‍ മിക്കപ്പോഴും കായംകുളം കായലില്‍ വച്ചു പരസ്പരം ഏറ്റുമുട്ടിയിരുന്നു. യുദ്ധത്തിനു പറ്റിയ ഒരു ജലവാഹനം നിര്‍മിക്കാന്‍ ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്‍, എന്ന ശില്പിയോടാവശ്യപ്പെട്ടു. കിഴക്കേ അതിര്‍ത്തിയിലുള്ള 'കൊടുപുന്ന'യിലെ 'വെങ്കിട്ടയില്‍ നാരായണനാചാരി' എന്ന ശില്പി സമര്‍പ്പിച്ച മാതൃകയ്ക്ക് അംഗീകാരം ലഭിച്ചു. അദ്ദേഹം നിര്‍മിച്ച 'പടക്കപ്പലില്‍' തുഴക്കാര്‍ക്കും പടയാളികള്‍ക്കുമുള്ള ഇരിപ്പിടം, പടക്കോപ്പ്, പീരങ്കി തുടങ്ങിയവ വയ്ക്കാനുള്ള സൌകര്യം മുതലായവ സജ്ജമാക്കിയിരുന്നു.

പടക്കപ്പലിന്റെ മധ്യഭാഗത്തു നിര്‍മിച്ചിരുന്ന വെടിപ്പടി(വെടിത്തടി, വെടിത്തട്ട്)യിലാണു വെടിക്കോപ്പു സൂക്ഷിച്ചിരുന്നത്. അണിയം വളരെ ഉയര്‍ന്നതും ചുണ്ടോടുകൂടിയതുമായിരുന്നു; സാമാന്യം വേഗതയും ഇതിനുണ്ടായിരുന്നു.

ഈ 'പടക്കപ്പലി'ന്റെ സഹായത്താല്‍ ചെമ്പകശ്ശേരി രാജാവ് യുദ്ധം ജയിച്ചു. ഇതേ തുടര്‍ന്നു കായംകുളം രാജാവ് ശില്പിയെ പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി, 'പടക്കപ്പല്‍' മാതൃകയിലുള്ള ഒരു 'ജലവാഹനം' നിര്‍മിച്ചെടുത്തെങ്കിലും ശില്പിയുടെ ഒരു സൂത്രപ്പണി മൂലം പിന്നത്തെ യുദ്ധത്തിലും ചെമ്പകശ്ശേരി രാജാവുതന്നെ വിജയം കണ്ടെത്തി. സന്തുഷ്ടനായ ചെമ്പകശ്ശേരി രാജാവ് കരമൊഴിവായി ശില്പിക്കു ധാരാളം ഭൂമിയും പാരിതോഷികങ്ങളും നല്കി. തന്റെ സ്ഥാനപ്പേരായ 'ദേവനാരായണന്‍' എന്നതു ശില്പിയുടെ മാറാപ്പേരായി ഉപയോഗിക്കാനും അനുമതി നല്കി. തത്ഫലമായി ശില്പി 'കൊടുപുന്ന വെങ്കിട്ട ദേവനാരായണനാചാരി' എന്നറിയപ്പെട്ടു.

പില്ക്കാലത്ത് ഉപയോഗശൂന്യമായ 'പടക്കപ്പല്‍' ചെമ്പകശ്ശേരിയുടെ അനന്തരഗാമികളില്‍ ഒരാള്‍ കുലദൈവമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് അടിയറവച്ചശേഷം കൊടുപ്പുന്ന ദേശക്കാര്‍ക്ക് സമ്മാനിച്ചു. കൊടുപ്പുന്ന ദേവനാരായണനാചാരിയുടെ പിന്മുറക്കാര്‍ 'പടക്കപ്പലി'ന്റെ രൂപത്തിലും ഭാവത്തിലും വേണ്ടത്ര മാറ്റം വരുത്തി ചുണ്ടന്‍വള്ളം എന്ന പേരില്‍ അതു പുറത്തിറക്കി. അവര്‍ അവസാനമായി പണിത്തീര്‍ത്ത വള്ളം 'കൈനക്കരി പുത്തന്‍ ചുണ്ട'നാണ്. പിന്നീടു പുതുക്കിപ്പണിത വള്ളം 'കാവാലം ചുണ്ടന്‍' എന്നറിയപ്പെടുന്നു.

പില്ക്കാലത്തു പ്രശസ്തനായ ചുണ്ടന്‍വള്ള ശില്പിയാണ് കോഴിമുക്ക് നാരായണന്‍ ആശാരി. കരുവാറ്റ ചുണ്ടനുള്‍പ്പെടെ നിരവധി ചുണ്ടന്‍ വള്ളങ്ങളും പള്ളിയോടങ്ങളും നിര്‍മിച്ചത് ഇദ്ദേഹമാണ്.

2. നിര്‍മാണരീതി. ആഞ്ഞിലിത്തടിയിലാണു ചുണ്ടന്‍വള്ളം പണിയുന്നത്. ആദ്യകാല ചുണ്ടന്‍വള്ളത്തിനു 31 മീറ്ററോളം നീളമുണ്ടായിരുന്നു. 60-65 പേരാണ് തുഴക്കാരായി ഉണ്ടായിരുന്നത്. മത്സരവള്ളംകളിയില്‍ പങ്കെടുത്തു തുടങ്ങിയതോടെ ചുണ്ടന്റെ രൂപത്തില്‍ പ്രകടമായ മാറ്റം ഉണ്ടായി. വള്ളത്തിന്റെ നീളം കൂടുന്തോറും വിജയസാധ്യത വര്‍ധിക്കുന്നു എന്നു മനസ്സിലായതോടെ ചുണ്ടന്‍വള്ളത്തിന്റെ നീളം വര്‍ധിപ്പിക്കാന്‍ തുടങ്ങി. ഇപ്പോള്‍ 31-41 മീ. ആണ് ചുണ്ടന്റെ നീളം. ജലനിരപ്പില്‍ നിന്ന് അമരം 4.3-4.9 മീ. ഉയര്‍ന്നു നില്ക്കും; അണിയം 1.2-2.4 മീറ്ററും. കഴിവതും ഘനം കുറച്ച്, വീതി ഒതുക്കി, അധികം തുഴച്ചില്‍ക്കാര്‍ കയറാന്‍ സൗകര്യമായ രീതിയിലാണ് ഇന്ന് ചുണ്ടന്‍വള്ളങ്ങള്‍ പണിയുന്നത്.

നീട്ടിപ്പണിയാത്ത ചുണ്ടന്‍വള്ളങ്ങളുമുണ്ട്. ഇതില്‍ പ്രസിദ്ധം ഏകദേശം 25 മീ. നീളമുള്ള കാവാലം ചുണ്ടനാണ്. ഘനം കൂടിയവ ഈടു നില്‍ക്കുമെങ്കിലും ഘനം കുറഞ്ഞവയ്ക്കാണു കൂടുതല്‍ വേഗത ലഭിക്കുന്നത്. ചുണ്ടന്‍ വള്ളത്തിന്റെ ശരാശരി വേഗത മണിക്കൂറില്‍ 19 കി.മീ. വരും.

പ്രസിദ്ധങ്ങളായ ചില ചുണ്ടന്‍വള്ളങ്ങളാണ് കല്ലൂപ്പറമ്പന്‍, കാരിച്ചാല്‍, പുളിങ്കുന്ന, ജവഹര്‍, പായിപ്പാട് എന്നിവ (ഇതില്‍ ആറന്മുളയിലെ പള്ളിയോടങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല).

3. നിലയാളുകളും അമരക്കാരും. നൂറു പേര്‍ക്കിരിക്കാവുന്ന ഒരു ചുണ്ടന്‍ വള്ളത്തില്‍ 14-16 പേര്‍ വെടിത്തട്ടിലാണിരിക്കുക നിലയാളുകള്‍ എന്നറിയപ്പെടുന്ന ഇവരുടെ ജോലി പാടുകയും താളം പകരുകയുമാണ്. ഈ പാട്ടിന്റെ കൈത്താളത്തിനനുസരിച്ചാണ് തുഴകള്‍ വെള്ളത്തില്‍ വീഴുന്നത്. വരവേല്‍പ്പു വേളകളില്‍ ഉപയോഗിക്കുന്ന ചുണ്ടന്‍ വള്ളത്തിന്റെ മധ്യത്തുള്ള വെടിത്തട്ടിലാണു മുത്തുക്കുടയും ചൂടി കുടക്കാര്‍ നില്‍ക്കുന്നത്.

കളിവള്ളങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇളക്കം അനുഭവപ്പെടുന്ന ചുണ്ടന്‍വള്ളം നിയന്ത്രിക്കുന്നത് ഒരു വരിയായി നില്‍ക്കുന്ന നാല് അമരക്കാരാണ്. ഒന്നാം അമരക്കാരന്‍ അമരത്തില്‍ ദൂരനിരീക്ഷണം ചെയ്യാന്‍ സൌകര്യപ്രദമായ രീതിയില്‍ ഏറ്റവും പിന്നില്‍ നിലയുറപ്പിക്കുന്നു. അയാളുടെ മുന്നിലായി രണ്ടാമന്‍, മൂന്നാമന്‍, നാലാമന്‍ എന്ന ക്രമത്തില്‍ മറ്റ് അമരക്കാരും നിലയുറപ്പിക്കുന്നു.

ആറന്മുള വള്ളംകളിയില്‍ പങ്കെടുക്കുന്ന ചുണ്ടന്‍വള്ളങ്ങള്‍ 'പളളിയോടങ്ങള്‍' എന്നാണറിയപ്പെടുന്നത്. മങ്ങാട്ടു ഭട്ടതിരിയുടെ കാലത്താണ് അവ ആവിര്‍ഭവിച്ചതെന്നു കരുതപ്പെടുന്നു. പടക്കപ്പലിനു മുമ്പു തന്നെ പള്ളിയോടങ്ങള്‍ രൂപം കൊണ്ടുവെന്ന മറ്റൊരു വാദഗതിയും നിലവിലുണ്ട്.

ഓരോ പള്ളിയോടവും അതതു കരയുടെ പേരിലാണറിയപ്പെടുന്നത്. ഉദാ. ഇടപ്പാവൂര്, ആയിരൂര്‍, ചെറുകോല്‍, ഇടയാറന്മുള, ഇടനാട് തുടങ്ങിയവ. ആദ്യകാലത്ത് 48 പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നു. പലതും കാലപ്പഴക്കം കൊണ്ടു നശിച്ചുപോയി. നോ. ആറന്മുള വള്ളംകളി; ജലമത്സരങ്ങള്‍; വള്ളങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍