This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചമ്പകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചമ്പകം

മഗ്നോളിയേസി സസ്യകുടുംബത്തില്‍പ്പെട്ട ഒരു നിത്യഹരിതവൃക്ഷം ശാ.നാ.: മൈക്കീലിയ ചമ്പക (Michelia champaca). ഫ്ളോറന്റയിലെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായ പി.എ. മൈക്കീലിയുടെ (P.A. Michele) ഓര്‍മയ്ക്കായിട്ടാണ് ഈ വൃക്ഷത്തിന് മൈക്കീലിയ എന്ന പേരിട്ടത്. ചാംപാ ദ്വീപില്‍ (Ciampa island) ധാരാളമായി ഈ വൃക്ഷം വളരുന്നതുകൊണ്ടാണ് 'ചമ്പകം' എന്ന പേര് ഇതിനു കിട്ടിയതെന്നു കരുതപ്പെടുന്നു. മലയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ചമ്പകമെന്ന പേരില്‍ത്തന്നെയാണ് ഈ വൃക്ഷം അറിയപ്പെടുന്നത്. കിഴക്കന്‍ ഹിമാലയ പ്രദേശങ്ങളിലും അസമിലും പശ്ചിമഘട്ടത്തിലും ഇവ ധാരാളമായുണ്ട്. മ്യാന്‍മറിലും ചമ്പകം സമൃദ്ധിയായി വളരുന്നു. തണുപ്പുള്ള കാലാവസ്ഥയിലും ഈര്‍പ്പമുള്ള അടിമണ്ണിലും ഈ വൃക്ഷം നന്നായി വളരും.

സാധാരണഗതിയില്‍ ഏകദേശം 12 മീ. ഉയരത്തില്‍ വളരുന്ന ചമ്പകത്തിന്റെ ഇലകള്‍ക്ക് മാവിലകളോട് സാദൃശ്യമുണ്ട്. 25 സെ.മീറ്ററോളം നീളമുള്ള ഇലകള്‍ക്ക് ലംബാഗ്രമാണുള്ളത്. ഇലകളുടെ അടിവശം ലോമാവൃതമാണെങ്കിലും ഉപരിതലത്തില്‍ ലോമങ്ങളില്ല. പര്‍ണവൃന്തത്തിന് രണ്ടര സെ.മീറ്ററോളം നീളമുണ്ട്.

മേയ്-ഒ. മാസങ്ങളില്‍ ഈ വൃക്ഷം പുഷ്പിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് ചെറിയ കൂട്ടങ്ങളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ വലുതും ഇളം മഞ്ഞനിറമുള്ളവയുമാണ്. നല്ല സൗരഭ്യമുള്ള ഈ പുഷ്പങ്ങള്‍ പോള (spathe) പോലെയിരിക്കുന്ന സഹപത്രങ്ങള്‍ക്കുള്ളിലാണുണ്ടാവുക. സഹപത്രം വളരെവേഗം കൊഴിഞ്ഞുപോകുന്നു. മൂന്നു ബാഹ്യദളങ്ങളും, മൂന്നു വീതമുള്ള രണ്ടു നിരകളിലായി ആറ് ഇതളുകളുമുണ്ട്. വെള്ളയും ഇളം മഞ്ഞയും പുഷ്പങ്ങളുണ്ടാകുന്നയിനങ്ങള്‍ സ്വര്‍ണനിറമുള്ള പുഷ്പങ്ങളുണ്ടാകുന്ന ഇനങ്ങളുമായി ഗ്രാഫ്റ്റ് ചെയ്ത് സ്വര്‍ണ ഓറഞ്ച്നിറമുള്ള ഒരു പുതിയ ഇനത്തിന് ജന്മം നല്കിയിട്ടുണ്ട്. ഏറ്റവും സുഗന്ധമുള്ള ഇനവും ഇതുതന്നെ.

ഫലങ്ങള്‍ ഫോളിക്കിളുകളുടെ ഒരു സമുച്ചയ രൂപത്തിലുള്ളവയാണ്. ഇവയില്‍ ചെറിയ വെളുത്ത പുള്ളികളുണ്ടായിരിക്കും. വിത്തിന് ആദ്യഘട്ടത്തില്‍ ചുവപ്പുനിറമാണ്. പിന്നീട് ഇത് കടുംതവിട്ടുനിറമായിത്തീരുന്നു. തോട്ടങ്ങളില്‍ നട്ടുവളര്‍ത്തപ്പെടുമ്പോള്‍ കായ്കള്‍ പ്രായമെത്തുന്നതിനുമുന്‍പ് മുറിച്ചുനീക്കിയില്ലെങ്കില്‍ അത് അടുത്തവര്‍ഷം പുഷ്പങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കാരണമായിത്തീരും. വിത്തുകള്‍ക്ക് ജീവനക്ഷമത കുറവാണ്. അതിനാല്‍ ശേഖരിച്ച ഉടന്‍തന്നെ പാകേണ്ടതാണ്.

ചമ്പകത്തിന്റെ തടിയുടെ കാതലിന് കടും തവിട്ടുനിറമാണ്. ഇത് ചെണ്ട, മദ്ദളം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കാനുപയോഗിക്കുന്നു. വിറകായും ചമ്പകത്തടി പ്രയോജനപ്പെടുത്താറുണ്ട്.

തടിക്ക് കനം കുറവായതിനാല്‍ കപ്പല്‍ നിര്‍മാണത്തിനും അനുയോജ്യമാണ്. വേര് ഉണക്കിപ്പൊടിച്ച് മോരില്‍ കലക്കി ശരീരത്തില്‍ നീരുള്ള ഭാഗങ്ങളില്‍ തേച്ചാല്‍ ശമനം കിട്ടും. തടിയുടെ കാതലില്‍ നിന്ന് ചുമ, വാതം തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നുകളുണ്ടാക്കുന്നുണ്ട്. കണ്ണിന്റെ അസുഖങ്ങള്‍ക്ക് ചമ്പകപ്പൂവിന്റെ നറുമണമുള്ള എണ്ണ ഒരു മരുന്നാണ്. പുഷ്പങ്ങള്‍ മതപരമായ ചടങ്ങുകള്‍ക്കും കേശാലങ്കാരത്തിനും ഉപയോഗിക്കുന്നു. പുഷ്പങ്ങള്‍ തിളപ്പിച്ച് ഊറ്റിയെടുക്കുന്ന മഞ്ഞച്ചായം മറ്റു നിറങ്ങളുടെകൂടെ ചേര്‍ക്കുന്നതിന് ഉപയോഗിക്കാറുണ്ട്. പൂക്കള്‍ പൂജയ്ക്ക് ഉപയോഗിക്കുന്നതിനാല്‍ ചമ്പകച്ചെടി അമ്പലപ്പറമ്പുകളില്‍ ധാരാളമായി നട്ടുവളര്‍ത്തപ്പെടുന്നു. സുന്ദരിമാര്‍ മന്ദഹസിച്ചാല്‍ ചമ്പകം പൂക്കും എന്നൊരു കവി സങ്കല്പമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍