This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗൗഡസാരസ്വതബ്രാഹ്മണര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗൗഡസാരസ്വത ബ്രാഹ്മണര്‍
കൊങ്കണികള്‍. പഞ്ചാബിലെ മുമ്പത്തെ സരസ്വതി നദിയുടെ തീരത്തു വസിച്ചിരുന്ന ആര്യന്മാരാണത്രെ ഇവരുടെ പൂര്‍വികര്‍.
പൂര്‍വചരിത്രം. ഏതാണ്ടു പന്ത്രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന വരള്‍ച്ചയെത്തുടര്‍ന്ന് ബി.സി. 297-ല്‍ ഇവര്‍ പഞ്ചാബ്, കാശ്മീര്‍, സിന്‍ഡ്, രാജപുത്താന, സൗരാഷ്ട്ര എന്നിവിടങ്ങളിലേക്കും ത്രിഹോത്രപുരത്തേക്കും (ആധുനിക ബിഹാറിലെ തിര്‍ഹട്ട് - ഇന്നത്തെ മുംഗിര്‍ ജില്ല) കുടിയേറിയതായി ഭാഗവതപുരാണത്തിലും സ്കന്ദപുരാണത്തിലും (സഹ്യാദ്രിഖണ്ഡം) ശതപഥ ബ്രാഹ്മണത്തിലും പരാമര്‍ശമുണ്ട്. ക്ഷത്രിയഹത്യയുടെ പാപം തീരുന്നതിനു വേണ്ടി പരശുരാമന്‍ വളരെയേറെ ദാനങ്ങള്‍ നടത്തി. ഭൂമി മുഴുവന്‍ കശ്യപനു നല്കി. ദാനഭൂമിയില്‍ കഴിയുന്നതു ശരിയല്ലെന്നു തോന്നിയ പരശുരാമന്‍ തെക്കോട്ടു യാത്രചെയ്തു സമുദ്രതീരത്തെത്തിയ ശേഷം തനിക്കു ഭൂമി തരണമെന്നു സമുദ്രത്തോട് ആവശ്യപ്പെട്ടെന്നും വരുണന്റെ നിര്‍ദേശാനുസരണം പരശുരാമന്‍ മഴു സമുദ്രത്തിലെറിഞ്ഞുവെന്നും ശൂര്‍പ്പം വീണതുവരെയുള്ള കടല്‍ നീങ്ങി കരയുയര്‍ന്നുവെന്നുമാണ് ഐതിഹ്യം. ഇങ്ങനെ കരയുയര്‍ന്ന സ്ഥലമാണത്രെ ശൂര്‍പ്പാരം അല്ലെങ്കില്‍ കേരളം. സപ്ത കൊങ്കണങ്ങളെയാണ് (കേരളം, തുളുംഗം, സൗരാഷ്ട്രം, കൊങ്കണം, കര്‍ഹാടം, കര്‍ണാടകം, ബര്‍ബരം എന്നീ പ്രവിശ്യകള്‍) സമുദ്രത്തില്‍ നിന്നും ഉയര്‍ത്തിയതെന്നും പറയപ്പെടുന്നു.
പരശുരാമന്‍ ത്രിഹോത്രപുരത്തുനിന്നും ഭരദ്വാജന്‍, കൗശികന്‍, വത്സന്‍, കൗണ്ഡിന്യന്‍, കശ്യപന്‍, വസിഷ്ഠന്‍, ജമദഗ്നി, വിശ്വാമിത്രന്‍, ഗൗതമന്‍, അത്രി എന്നീ ഋഷിവര്യന്മാരുടെ ഗോത്രങ്ങളില്‍പ്പെട്ട പത്തു കുടുംബങ്ങളെ കൊണ്ടുവന്ന് ഗോമന്തകം (ഇന്നത്തെ ഗോവ) പഞ്ചക്രോശി, കുശസ്ഥലി എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചുവെന്നാണ് സ്കന്ദപുരാണത്തിലെ സഹ്യാദ്രിഖണ്ഡത്തില്‍ വിവരിച്ചിട്ടുള്ളത്. ത്രിഹോത്രം, ആഗ്നിവൈശ്യം, കന്യാകുബ്ജം, കനൌജം, മൈത്രായണം എന്നിങ്ങനെ അഞ്ചു ഉപവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഈ പത്തുകുടുംബക്കാര്‍. ഈ പത്തു കുടുംബങ്ങളുടെ കുലദേവതകളെയും (മാംഗിരീശന്‍, മഹാദേവന്‍, മഹാലക്ഷ്മി, മഹാലസ, ശാന്താദുര്‍ഗ, നാഗേശന്‍ തുടങ്ങിയവര്‍) പരശുരാമന്‍ കുശസ്ഥലി, കര്‍ദലി എന്നിവിടങ്ങളില്‍ പ്രതിഷ്ഠിച്ചു. കാലക്രമേണ മറ്റു കുടുംബാംഗങ്ങളും ഗോവയിലെത്തി. ഗോവയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള 60 ഗ്രാമങ്ങളിലും 96 ചെറുഗ്രാമങ്ങളിലുമായി ഇവര്‍ വസിച്ചു. ദക്ഷിണേന്ത്യയില്‍ പാര്‍ത്തിരുന്ന ദ്രാവിഡ ബ്രാഹ്മണരില്‍ നിന്നു വേര്‍തിരിച്ചറിയാനാണ് വിന്ധ്യനു വ. ഗൗഡദേശത്തുനിന്നുവന്നവരെ ഗൗഡബ്രാഹ്മണര്‍ എന്നു പറയുന്നത്. ഗോവ കൊങ്കണദേശത്തിന്റെ ഭാഗമായിരുന്നതിനാല്‍ അവിടെ താമസിച്ചവര്‍ക്കും അവരുടെ ഭാഷയ്ക്കും കൊങ്കണി (കൊങ്ങിണി) എന്നു പേരുണ്ടായി. ഗൗഡദേശത്തുനിന്നും എത്തിയവരാണ് തങ്ങള്‍ എന്ന വിശ്വാസം ഇന്നും അവര്‍ അഭിമാനത്തോടെ കാത്തുസൂക്ഷിക്കുന്നുണ്ട്. ആദ്യത്തെ ആത്മീയ ഗുരുവായ സാരസ്വത മുനിയില്‍ നിന്നാണ് ഇവര്‍ സാരസ്വത ബ്രഹ്മണര്‍ എന്ന സംജ്ഞ സ്വീകരിച്ചിട്ടുള്ളത്. സാരസ്വത ബ്രാഹ്മണര്‍ക്ക് സാരസ്വതം, കന്യാകുബ്ജം, ഉത്കലം, മൈഥിലം, ഗൗഡം എന്നിങ്ങനെ ഒരു ഗോത്രവിഭജനമുണ്ട്.
ഗോവയില്‍. 1294-ല്‍ അലാവുദീന്‍ ഡക്കാണ്‍ ആക്രമിച്ചതോടെ ഗൗഡസാരസ്വതരുടെ ക്ഷേത്രങ്ങളും ഭവനങ്ങളും കൊള്ളയടിക്കപ്പെട്ടു. 1378-ല്‍ മാധവ്മന്ത്രി എന്ന സാരസ്വത ബ്രാഹ്മണന്‍ വിജയനഗര രാജാവായ ശ്രീഹരിഹരന്‍ കക-മായി ചേര്‍ന്ന് അവരെ ഗോവയില്‍ നിന്നു തുരത്തി. വിജയനഗര ചക്രവര്‍ത്തിമാരുടെ സംരക്ഷണവും സ്വാധീനവും നിമിത്തം വിജയനഗരചക്രവര്‍ത്തിമാരുടെ ഭരദേവതയായ തിരുപ്പതിവെങ്കിടാചലപതി ഗൗഡസാരസ്വത ബ്രാഹ്മണരുടെയും ആരാധനാമൂര്‍ത്തിയായി. 1470-ല്‍ ഭാമിനി സുല്‍ത്താന്‍ മുഹമ്മദ് ഷാ കകക ഗോവ ആക്രമിച്ചതോടെ സാരസ്വതരുടെ സ്ഥിതി കഷ്ടത്തിലായി. ഗൗഡസാരസ്വതര്‍ വന്‍തോതില്‍ മതപരിവര്‍ത്തനത്തിനു വിധേയരായി. 1510 മാ. പോര്‍ച്ചുഗീസ് വൈസ്രോയി അല്‍ഫോണ്‍സോ ദെ ആല്‍ബുക്കര്‍ക്ക് ഗോവയില്‍ കപ്പലിറങ്ങി. ബിജാപ്പൂര്‍ സുല്‍ത്താന്‍ യൂസഫ് ആദില്‍ഷായെ പരുപൂര്‍ണമായി പരാജയപ്പെടുത്തിക്കൊണ്ട് ആല്‍ബുക്കര്‍ക്ക് 1510 ന.-ല്‍ ഗോവയില്‍ പോര്‍ച്ചുഗീസ് ആധിപത്യം ഉറപ്പിച്ചു. ഇന്ത്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്താന്‍ പോര്‍ച്ചുഗീസ് രാജാവ് ജോ ആവോ കകക നിര്‍ബന്ധം കാണിച്ചിരുന്നു. ഗോവയിലും പ്രാന്തപ്രദേശങ്ങളിലും മതപരിവര്‍ത്തനത്തിനു വിധേയരാകാന്‍ മടിക്കുന്നവരെ വധിക്കാനും 1559-ല്‍ രാജാവ് കല്പന പുറപ്പെടുവിച്ചിരുന്നു. നിര്‍ബന്ധിതമായ മതപരിവര്‍ത്തനം ഗോവയിലെ ഹിന്ദുമത വിശ്വാസികളായ ഗൗഡസാരസ്വതരെ വിധിനിര്‍ണായകമായ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചു. ഒന്നുകില്‍ ക്രിസ്തുമതം സ്വീകരിച്ച് പോര്‍ച്ചുഗീസു ഭരണകര്‍ത്താക്കളുടെ പ്രീതി സമ്പാദിക്കുക, അല്ലാത്തപക്ഷം ക്രൂരമായ മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വശംവദരാകുക-ഗൗഡസാരസ്വതരുടെ 580 ക്ഷേത്രങ്ങള്‍ നശിപ്പിച്ച് തത്സ്ഥാനത്ത് പോര്‍ച്ചുഗീസുകാര്‍ പള്ളികള്‍ പണിതു. ഗൗഡസാരസ്വതരുടെ ദുഃസ്ഥിതിയില്‍ അലിവു തോന്നിയ ഒരു പോര്‍ച്ചുഗീസ് ഗവര്‍ണര്‍ രാജാവിന്റെ ഉത്തരവു നടപ്പിലാക്കാന്‍ പോകുന്നവിവരം ഗൗഡസാരസ്വതരെ മുന്‍കൂട്ടി അറിയിക്കുകയും അന്യനാടുകളിലേക്കു കൂട്ടപ്പലായനം നടത്താന്‍ അവരെ അനുവദിക്കുകയും ചെയ്തു. ഒരു ന്യൂനപക്ഷം പോര്‍ച്ചുഗീസ് ഭരണകര്‍ത്താക്കളുടെ ഭീഷണിയില്‍ ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്തുമതത്തില്‍ ചേരാന്‍ വിസമ്മതിച്ച 12,000 ഗൗഡസാരസ്വത ബ്രാഹ്മണകുടുംബങ്ങള്‍ 1560-ല്‍ കൂട്ടപ്പലായനം നടത്തി. 4000 കുടുംബങ്ങള്‍ മഹാരാഷ്ട്ര, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ താമസമാക്കി. ബാക്കിയുള്ളവര്‍ കര്‍ണാടകം, കോഴിക്കോട്, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലേക്കു തിരിച്ചു.
കേരളത്തില്‍. പറങ്കികളോടുള്ള വിധേയത്വത്തിന്റെ ഫലമായി കോഴിക്കോട് സാമൂതിരി ഗൗഡസാരസ്വതരെ കോഴിക്കോട് കുടിയേറാന്‍ അനുവദിച്ചില്ല. അവര്‍ പിന്നീട് കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും കടന്നു. കൊച്ചിയിലെത്തിയ ഗൗഡസാരസ്വതരെ കൊച്ചിരാജാവ് കേശവരാമവര്‍മ (ഭ.കാ. 1565-1601) സ്വീകരിക്കുകയും ചെറളായിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് അവര്‍ക്ക് കരമൊഴിവായി ഭൂമി നല്കുകയും ചെയ്തു. 13-ാം ശതകത്തില്‍ത്തന്നെ ചില ഗൗഡസാരസ്വത ബ്രാഹ്മണകുടുംബങ്ങള്‍ കൊച്ചിയില്‍ താമസിച്ചിരുന്നതിനു തെളിവുണ്ട്. കൊങ്കണത്തു നിന്നും 1294-ല്‍ കൊച്ചിയിലെത്തുകയും രാജാവില്‍ നിന്ന് ഭൂമിയും സംരക്ഷണ വാഗ്ദാനവും ലഭിച്ചതിനെത്തുടര്‍ന്ന് 'കൊങ്കണ മഹാജനം' എന്ന ഒരു സമുദായമായി കൊച്ചിയില്‍ അധിവാസമുറപ്പിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. സാരസ്വതര്‍ തങ്ങളോടൊപ്പം കുടുംബികളെയും (കൃഷിജോലിക്കാര്‍) കൊങ്കണി ശോണര്‍ അഥവാ ദൈവാംഗ ബ്രാഹ്മണരെയും (സ്വര്‍ണപ്പണിക്കാര്‍) വണിക്കുകളെയും കൊണ്ടുവന്നിരുന്നു.
1600-ല്‍ത്തന്നെ ഗൗഡസാരസ്വതര്‍ കൊച്ചിയില്‍ തിരുമല ദേവസ്വക്ഷേത്രം പണികഴിപ്പിച്ചു. കൊച്ചിരാജാവ് വീരകേരളവര്‍മ (1624-37) ഗൗഡസാരസ്വതര്‍ക്കു നല്കിയ ഒരു തിട്ടൂരത്തില്‍ (1627) സാരസ്വതസങ്കേതത്തില്‍ (അവര്‍ തങ്ങളുടെ സങ്കേതത്തിന് ഗോശ്രീപുരം എന്ന പേരു നല്കിയിരുന്നു. ഗോവാപുരിയെ അനുസ്മരിച്ചായിരിക്കണം അവര്‍ ഈ പേര്‍ നല്കിയത്.) സിവില്‍ ക്രിമിനല്‍ ഉള്ള നീതിന്യായം നടത്തുന്നതിനുള്ള അവകാശങ്ങള്‍ കല്പിച്ചുകൊടുത്തിരുന്നു.
ഗൗഡസാരസ്വതരോടു വൈരം പുലര്‍ത്തിയിരുന്ന പോര്‍ച്ചുഗീസ് കമ്പനിക്കാരുടെ പ്രേരണയോടെ കൊച്ചി രാജാവ് പിന്നീട് ഗൗഡസാരസ്വതരെ പീഡിപ്പിക്കാന്‍ തുടങ്ങി. ഡച്ചുകമ്പനിയുടെ ആഗമനത്തോടെയാണ് ഗൗഡസാരസ്വതരുടെ സ്ഥിതി മെച്ചപ്പെട്ടത്. അവരുടെ സംരക്ഷണം ഡച്ചുകമ്പനി ഏറ്റെടുത്തു. ഡച്ചുകാരെ സഹായിച്ചു എന്നതുകൊണ്ട് കൊങ്കണികളുടെ കേന്ദ്രം കൊച്ചിയില്‍ നിന്നും മാറ്റുക എന്നതായിരുന്നു കൊച്ചിയില്‍ നിന്നു ഡച്ചുകമ്പനിസേന പിന്മാറിയപ്പോള്‍ പോര്‍ച്ചുഗീസ് കമ്പനിസേന കൈക്കൊണ്ട ആദ്യനടപടി. എന്നാല്‍ ഡച്ചുകമ്പനി കൊച്ചിയില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ചതോടെ കൊങ്കണികള്‍ക്കു തുടര്‍ന്നും സംരക്ഷണം നല്കി. ഗൗഡസാരസ്വതര്‍ക്കു പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുകയും കമ്പനിയുടെ വാണിജ്യ കാര്യങ്ങളില്‍ മുഖ്യ ഏജന്റുമാരായും ബ്രോക്കര്‍മാരായും സാരസ്വതരെ നിയോഗിക്കുകയും ചെയ്തു.
കൊച്ചി പ്രദേശത്തു കരംപിരിക്കുന്നതു സംബന്ധിച്ച് രാജാവും ഡച്ചുകമ്പനിയുമായുള്ള തര്‍ക്കം തീര്‍ത്ത കരാറില്‍ (1772) മട്ടാഞ്ചേരിയില്‍ നിന്നും ചെറളായിയില്‍ നിന്നുമുള്ള ആദായവും അമരാവതിയിലെ നിലനികുതിയും ചുങ്കവും പിരിക്കുവാനും മട്ടാഞ്ചേരി, ചെറളായി പ്രദേശങ്ങളുടെയും കൊങ്കണക്ഷേത്രങ്ങളുടെയും ഭരണം നടത്തുവാനും ഉള്ള അവകാശം കൊങ്കണികള്‍ക്കു നല്കി. കൊങ്കണികളുടെ മേല്‍ രാജാവ് പുതിയ നികുതികള്‍ ചുമത്തരുതെന്നും കൊങ്കണികളുടെ ക്ഷേത്രകാര്യങ്ങളില്‍ കമ്പനിയുടെ അറിവോ സമ്മതമോ കൂടാതെ കൊച്ചിരാജാവ് ഇടപെടരുതെന്നും രാജാവിനെതിരെ ഡച്ചുകമ്പനി ഗവര്‍ണരുടെ മുമ്പാകെ പരാതിപ്പെടാന്‍ കൊങ്കണികള്‍ക്കു പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ഈ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ സൗകര്യം കിട്ടുമ്പോഴൊക്കെ രാജാവ് ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട് ഗൗഡസാരസ്വതരെ പീഡിപ്പിച്ചിരുന്നു.
ശക്തന്‍തമ്പുരാന്റെ (രാമവര്‍മ 1751-1805) ക്രൂരമായ മര്‍ദനങ്ങള്‍ക്കു ഗൗഡസാരസ്വതര്‍ വിധേയരായിരുന്നു. തൃപ്പൂണിത്തുറയിലെ ഒരു ആഘോഷത്തിന് ഒരു വലിയ അളവ് ശര്‍ക്കര നല്കണമെന്ന് സ്ഥാനാരോഹണം ചെയ്ത് അധികം താമസിയാതെ ശക്തന്‍ തമ്പുരാന്‍ തിരുമല ദേവസ്വത്തോടു കല്പിച്ചു. ഈ അഭ്യര്‍ഥന ക്ഷേത്രഭരണസമിതി നിരസിച്ചതിനെത്തുടര്‍ന്ന് ശക്തന്‍തമ്പുരാന്‍ നിരവധി കൊങ്കണി വ്യാപാരികളെ അറസ്റ്റുചെയ്യുകയും 1772-ലെ ഡച്ച് കറാറിനു വിരുദ്ധമായി കസ്റ്റംസ് തീരുവ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 1791 ഒ. 12-ന് നിരവധി കൊങ്കണി വ്യാപാരികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു.
ക്ഷേത്ര ട്രസ്റ്റികളില്‍ ഒരാളായ ദേവരേശ കിണിയുടെ തല 'കണി'യായി കൊണ്ടുവരണമെന്നാണ് ശക്തന്‍ തമ്പുരാന്‍ ആജ്ഞാപിച്ചത്. ദേവരേശ കിണിയുടെ പണ്ടികശാലയില്‍ എത്തിയ രാജകിങ്കരന്മാര്‍ കിണിയുടെ തല വെട്ടിയെടുത്ത് അടുത്തദിവസം രാവിലെ രാജാവിന് കണിയായി സമര്‍പ്പിച്ചു. രാജാവിന്റെ നിര്‍ദേശാനുസരണം പടയാളികള്‍ തിരുമലക്ഷേത്രവും കൊള്ളചെയ്തു. സംഭ്രാന്തരായ സാരസ്വതര്‍ തങ്ങളുടെ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് തിരുവിതാംകൂറിലേക്ക് ഓടി രക്ഷപ്പെട്ടു. ക്ഷേത്ര പുരോഹിതന്മാര്‍ തിരുമലദേവന്റെ വിഗ്രഹവും രത്നങ്ങളും ഒരു പെട്ടിയിലടച്ച് ഡച്ചുകോട്ടയില്‍ അഭയം പ്രാപിച്ചു. ഏതാണ്ട് ഒരു മാസത്തിനകം അവര്‍ വിഗ്രഹം ആലപ്പുഴയിലെത്തിച്ചു. ദിവാന്‍ രാജാ കേശവദാസന്റെ സഹായത്തോടെയാണ് തിരുവിതാംകൂര്‍ രാജാവില്‍ നിന്നു ആനുകൂല്യങ്ങള്‍ നേടി കൊച്ചിയില്‍ നിന്നെത്തിയ ഗൗഡസാരസ്വതന്മാര്‍ ആലപ്പുഴയില്‍ താമസമുറപ്പിച്ചതും ആലപ്പുഴ കനാലിന്റെ തീരത്ത് ഒരു അഗ്രശാലയില്‍ തിരുമലദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതും. തിരുമലദേവന്റെ ഈ വിഗ്രഹത്തിനും ഒരു കഥയുണ്ട്. തുടക്കത്തില്‍ കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തില്‍ ഒരു ചെറിയ ലോഹവിഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. 1600-ല്‍ ഗൗഡസാരസ്വതന്മാരുടെ പുരോഹിതശ്രേഷ്ഠനായ കുംഭകോണം മഠാധിപതി വിജയേന്ദ്രതീര്‍ഥസ്വാമി കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സ്വന്തമായി പൂജ ചെയ്തിരുന്ന വെങ്കിടാചലപതിയുടെ പഞ്ചലോഹ വിഗ്രഹവും കൊണ്ടുവന്നിരുന്നു. 1472-ല്‍ വിജയ നഗര സാമ്രാജ്യത്തിലെ രാജസ്ഥാനം കൈയേറിയ നരസിംഹനായകന്‍ കുടുംബ പൂജയ്ക്ക് ഉപയോഗിച്ചിരുന്നതാണീ വിഗ്രഹം എന്നും ഒരു ഐതിഹ്യമുണ്ട്. ആറുമാസം കഴിഞ്ഞ് സ്വാമിയാര്‍ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിനു പല പ്രതിബന്ധങ്ങളുമുണ്ടായെന്നും പിന്നീട് ആ ബിംബം കൊച്ചിയില്‍ത്തന്നെ വച്ചശേഷം അദ്ദേഹം മടങ്ങിപ്പോയെന്നുമാണു പറയപ്പെടുന്നത്. വിജയേന്ദ്രതീര്‍ഥസ്വാമികളുടെ ശിഷ്യനായ സുധീന്ദ്രതീര്‍ഥസ്വാമി പിന്നീട് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. 1719-ല്‍ ഈ വിഗ്രഹം പൊടുന്നനെ അപ്രത്യക്ഷമായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമാണ് വിഗ്രഹം ക്ഷേത്രത്തില്‍ മടങ്ങിയെത്തിയത്.
ബ്രിട്ടീഷ് അധീശത്വത്തോടെ കൊച്ചിയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. ആലപ്പുഴയില്‍ നിന്ന് വിഗ്രഹം മടക്കിക്കൊണ്ടുവന്ന് പുനഃപ്രതിഷ്ഠ നടത്തണമെന്ന് കൊച്ചിയിലെ കൊങ്കണികള്‍ തീരുമാനിച്ചു. ബിംബം മടക്കി കൊണ്ടുപോകുന്നത് തിരുവിതാംകൂര്‍ രാജാവിന് സ്വീകാര്യമായിരുന്നില്ല. കൊച്ചിയിലെ ഒരു സാരസ്വതബ്രാഹ്മണന്‍ വിഗ്രഹം മോഷ്ടിച്ച് ക്ഷേത്രത്തില്‍ ആഹാരപദാര്‍ഥങ്ങള്‍ പുറത്തുകൊണ്ടുപോകുന്ന കുട്ടയില്‍വച്ച് കൊച്ചിയിലേക്കു കൊണ്ടുപോയി (1853 ഫെ. 7). കൊച്ചിയും തിരുവിതാംകൂറും തമ്മില്‍ ഒരു യുദ്ധം ഉണ്ടാകുമെന്ന നിലവന്നു. വിഗ്രഹം വീണ്ടെടുക്കാന്‍ തിരുവിതാംകൂര്‍ സേന 1856-ല്‍ കൊല്ലത്തുനിന്നും കൊച്ചിയിലേക്കു തിരിച്ചു. വിഗ്രഹം തിരിച്ചുനല്കാമെന്ന് കൊച്ചിദിവാന്‍ സമ്മതിച്ചതനുസരിച്ച് 1857 ജനു. 28-ന് ആലപ്പുഴയില്‍ വിഗ്രഹം കൊണ്ടുവന്നു. എന്നാല്‍ അത് വ്യാജവിഗ്രഹമായിരുന്നു. തിരുവിതാംകൂര്‍ ഇതില്‍ പ്രതിഷേധിച്ചതോടെ ജനു. 31-ന് മറ്റൊരു വിഗ്രഹം കൊണ്ടുവന്നു. അതും വ്യാജനിര്‍മിതമായിരുന്നു. വിഗ്രഹം കൊച്ചിയില്‍ തന്നെ പ്രതിഷ്ഠിക്കട്ടെ എന്ന് മദ്രാസ് ഗവണ്‍മെന്റ് തീരുമാനിച്ചതോടെയാണ് (1859) ഈ പ്രശ്നത്തിന് അവസാനമുണ്ടായത്. 1881-ല്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കി. ഭുവനേന്ദ്രതീര്‍ഥസ്വാമിയും ശിഷ്യനായ വരദേന്ദ്രതീര്‍ഥസ്വാമിയും കൂടി വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ നടത്തി.
'സാരസ്വതമഠം.'Bold text ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ മഠാധിപതിയുടെ ആസ്ഥാനം കേലോഷി ഗ്രാമിലുള്ള (ഗോവ) ഗൗഡപാദാചാര്യമഠമാണ്. മാണ്ഡുക്യോപനിഷത്തിന്റെ പ്രസിദ്ധ കാരികകളുടെ കര്‍ത്താവായ ശ്രീമദ് ഭഗവത് പൂജ്യപാദഗൗഡപാദാചാര്യരില്‍ നിന്നാണ് ഈ മഠത്തിന് ഈ പേരുണ്ടായത്. ഗൗഡപാദാചാര്യരുടെ ശിഷ്യനായ ശ്രീഗോവിന്ദ ഭഗവത്പൂജ്യപാദരുടെ ശിഷ്യനായ ശ്രീമദ് വിവരാനന്ദസരസ്വതിയാണ് ഗൗഡപാദാചാര്യ മഠത്തിന്റെ സ്ഥാപകന്‍.
ഗൗഡസാരസ്വതര്‍ക്ക് ശൈവര്‍, വൈഷ്ണവര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. ഗോവയിലെ കാവലെ എന്ന സ്ഥലത്തുള്ള ഗൗഡ പാദാചാര്യമഠത്തിലെ (കൈവല്യമഠം) ഗുരുവാണ് ശൈവരുടെ മഠാധിപതി.
വൈഷ്ണവര്‍ ശ്രീമധ്വാചാര്യരുടെ ദ്വൈത സിദ്ധാന്തത്തില്‍ വിശ്വസിക്കുകയും വിഷ്ണുവിനെ പ്രധാനദൈവമായി ആരാധിക്കുകയും ചെയ്യുന്നു. വൈഷ്ണവരുടെ രണ്ടു പ്രധാന മഠങ്ങളാണ് പാര്‍ഥകാളി (ഗോവ)യിലുള്ള ഗോകര്‍ണമഠവും കാശിയിലുള്ള കാശിമഠ് സമസ്താനും. കേരളത്തിലെയും ദക്ഷിണ കര്‍ണാടകത്തിലെയും ഗൗഡസാരസ്വത ബ്രാഹ്മണര്‍ കാശിമഠ് സമസ്താന്റെ കീഴില്‍ 1542 ജനുവരിക്കുമുമ്പാണ് കാശിമഠ് സമസ്താന്‍ സ്ഥാപിതമായത്. ആദ്യത്തെ കാശിമഠാധിപതി കൊച്ചിയിലെ ഒരു ഗൗഡസാരസ്വതബ്രാഹ്മണനായ ശ്രീമദ് യാദവേന്ദ്രതീര്‍ഥ ശ്രീപാദവാഡര്‍ ആയിരുന്നു.
ക്ഷേത്രങ്ങള്‍. മതത്തിലുള്ള അടിയുറച്ച വിശ്വാസമാണ് ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ പ്രത്യേകത. ഗൗഡസാരസ്വതര്‍ താമസമുറപ്പിച്ച സ്ഥലങ്ങളിലെല്ലാം അവര്‍ തങ്ങളുടെ ദേവാലയങ്ങള്‍ പടുത്തുയര്‍ത്തിയിരുന്നു. മഞ്ചേശ്വരം ശ്രീമത് അനന്തേശ്വര ക്ഷേത്രം, കാസര്‍കോട് ശ്രീ വെങ്കട രമണക്ഷേത്രം, ആണ്ടിക്കടവ് ആനന്ദപുരം തിരുമലക്ഷേത്രം, എറണാകുളം തിരുമല ദേവസ്വം, കൊച്ചി തിരുമല ദേവസ്വം എന്നിവയുള്‍പ്പെടെ 33 ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്.
ആദ്യകാലത്ത് എല്ലാ പുരുഷന്മാരെയും പിതാവ് എന്നര്‍ഥമുള്ള 'പൈ' എന്നും എല്ലാ സ്ത്രീകളെയും മാതാവ് എന്നര്‍ഥമുള്ള 'മായ്' എന്നും ബഹുമാനത്തോടെ വിളിച്ചുവന്നു. കുശസ്തലി, കേലോഷി എന്നിവിടങ്ങളിലെ സാരസ്വതര്‍ 'ഷേണായി' (ഷാനോ എന്ന പദത്തിനര്‍ഥം വിദ്വാന്‍ എന്നാണ്) എന്നറിയപ്പെട്ടു. ഷേണായികളില്‍ ഭൂരിഭാഗവും കണക്കെഴുത്തുകാരും അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ആയിരുന്നു. കൃഷിക്കാരും ഭൂവുടമകളും 'കാമത്ത്' എന്ന പേരിലും ധാന്യം സംഭരിച്ചിരുന്നവര്‍ 'കുടുവ' എന്ന പേരിലും സൈനികോദ്യോഗസ്ഥര്‍ 'നായക്' എന്ന പേരിലും ഖജനാവ് സൂക്ഷിപ്പുകാര്‍ 'ഭണ്ഡാരി' എന്ന പേരിലും ഖജനാവിന്റെ ചുമതലക്കാര്‍ 'കെനി' (കിനി) എന്ന പേരിലും അറിയപ്പെട്ടു. മഹലിന്റെ (ഉപതാലൂക്ക്) ചുമതല വഹിക്കുന്നയാള്‍ 'മഹലി' അഥവാ 'മല്ലയ്യ' ആണ്. ഗ്രാമത്തലവനാണ് പ്രഭു. മതപരമായ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഇവര്‍ സ്വയം 'ശര്‍മ' എന്നു വിശേഷിപ്പിച്ചിരുന്നു.
കൊച്ചിയിലെയും തിരുവിതാംകൂറിലെയും (പുറക്കാട്) വ്യാപാരത്തിന്റെ സിംഹഭാഗവും കയ്യാളിയിരുന്നത് കൊങ്കണികളായിരുന്നു. കണ്ണൂരിന്റെ വ്യാപാരാഭിവൃദ്ധിക്ക് ബാബനി ഷേണായി വലിയ പങ്കുവഹിച്ചു. ബാബ പ്രഭുവിന് ഡച്ചു കമ്പനിയുടെ ചരക്കുകളില്‍ കുത്തക തന്നെയുണ്ടായിരുന്നു. 1771 ന. 11-നു ജൂതവ്യാപാരിയായ എസ്കിയല്‍ റഹാബിയുടെ പുത്രന്മാരും അനന്തരാവകാശികളും ചലഗ പ്രഭുവുമായി (ഇവര്‍ക്ക് 1752 മുതല്‍ വ്യാപാരത്തില്‍ പങ്കാളിത്തമുണ്ടായിരുന്നു) ഒരു കേസുണ്ടായി. രാജാവിനെയും കൊച്ചിയിലെ ജൂതന്മാരെയും അപമാനിക്കണം എന്ന ഉദ്ദേശ്യത്തോടെ ഹൈദരാലിയുടെ സേനാനായകരുമായി ചലഗ പ്രഭു കത്തിടപാടു നടത്തിയെന്നായിരുന്നു ആരോപണം. ചലഗ പ്രഭുവും പുത്രന്‍ ചോര്‍ദ പ്രഭുവും ഗുഡ്ഹോപ്പ് മുനമ്പിലേക്കു നാടുകടത്തപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ താമസമാക്കിയ ആദ്യത്തെ ഇന്ത്യക്കാരിലൊരാളാണ് ചലഗ പ്രഭു. ഡര്‍വാ നായ്ക്ക്, വിത്തുല നായ്ക്ക് എന്നിവരുടെ പേരുകള്‍ വ്യാപാരരംഗത്ത് പ്രത്യേകം സ്മരണീയമാണ്. കേരളത്തില്‍ നിറംമുക്കല്‍ വ്യവസായം പ്രചരിപ്പിച്ചത് ബാബ പ്രഭുവായിരുന്നു.
കൊച്ചിരാജാവിന്റെ ഖജനാവു സൂക്ഷിപ്പുകാരായും സാരസ്വതര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭരണിതിരുനാള്‍ സാമൂതിരിക്ക് ബാവന്‍ പട്ടര്‍ എന്ന ഒരു മന്ത്രി ഉണ്ടായിരുന്നു. ബാഭ എന്ന സാരസ്വത ബ്രാഹ്മണന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. പോയില്‍ക്കര്‍ നായ്ക്കിന്റെയും ബാവന്‍ പട്ടരുടെയും നേതൃത്വത്തിലുള്ള ഒരു വ്യാപാരി സംഘവും പെരിമ്പാല നായ്ക്കിന്റെയും വാമന്‍ നായ്ക്കിന്റെയും നേതൃത്വത്തിലുള്ള മറ്റൊരു വ്യാപാരി സംഘവുമാണ് പശ്ചിമതീരത്തെ ചില്ലറ വ്യാപാരം മുഴുവന്‍ കൈയടക്കിയിരുന്നത്.
കറുപ്പ്, മരം, സില്‍ക്ക്, രത്നങ്ങള്‍ എന്നിവ വ്യാപാരം ചെയ്തിരുന്ന ആര്‍.എസ്. ഹരി ഷേണായ് ഗോ ശ്രീവിലാസം പ്രസ്സും കേരള നന്ദിനി എന്ന പത്രവും ആരംഭിച്ചിരുന്നു. ഇദ്ദേഹം കയര്‍ കയറ്റുമതിക്കുവേണ്ടി 'കേരള കരകൗശല കമ്പനി' എന്ന പേരില്‍ ഒരു സ്ഥാപനവും ആരംഭിച്ചു.
ഗണിതശാസ്ത്രജ്ഞന്‍, ജ്യോതിഷ പണ്ഡിതന്‍, വിദ്വാന്‍, കവി, ദാര്‍ശനികന്‍, ഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും കന്നഡസാഹിത്യത്തിന്റെ പിതാവ് എന്ന നിലയില്‍ ആദരിക്കപ്പെടുന്ന വ്യക്തിയുമായിരുന്ന മഞ്ചേശ്വര്‍ ഗോവിന്ദപ്പൈ (മഹാകവി വള്ളത്തോളിനോടൊപ്പം മദ്രാസ് ഗവണ്‍മെന്റ് ഇദ്ദേഹത്തിന് ആസ്ഥാനകവിപ്പട്ടം നല്കിയിരുന്നു); ക്ഷേത്ര വാസ്തുവിദ്യയിലും വിഗ്രഹ നിര്‍മാണ ശാസ്ത്രത്തിലും ഗവേഷണം നടത്തിയ ഡോ. എന്‍.വി. മല്ലയ്യ; മലയാളത്തില്‍ വ്യാകരണ പണ്ഡിതനെന്ന നിലയിലും സംസ്കൃതപണ്ഡിതനെന്ന നിലയിലും പ്രസിദ്ധനായ സാഹിത്യകുശലന്‍ ശേഷഗിരി പ്രഭു, മലയാളം എഴുത്തുകാരനായ വിദ്വാന്‍ എ.ഡി. ഹരിശര്‍മ; കൊങ്കണി സാഹിത്യത്തിനു കനപ്പെട്ട സംഭാവനകള്‍ നല്കിയ നാരായണ മല്ലന്‍, നരസിംഹപ്പൈ, ശ്രീമതി അമ്മുലക്ക ഷേണായ്, കൊങ്കണി ഭാഷയ്ക്ക് ഓരോ നിഘണ്ടു നിര്‍മിച്ച പുറക്കാട്ടെ ആര്‍. രങ്കനാഥപ്രഭു, തലശ്ശേരിയിലെ രങ്കനാഥശേഷഗിരി പ്രഭു, 1678-ല്‍ ആംസ്റ്റര്‍ഡാമില്‍ നിന്നും 12 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തിന്റെ നിര്‍മാണത്തിന് സംഭാവനകള്‍ നല്കിയ രംഗഭട്ട്, അപ്പുഭട്ട്, വിനായക് ഭട്ട് എന്നീ ആയുര്‍വേദ വൈദ്യന്മാര്‍, ഡോ. കെ.എന്‍. പൈ തുടങ്ങിയവര്‍ ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിലെ പ്രശസ്തരില്‍ ചിലരാണ്.
വേദങ്ങളിലും ബ്രാഹ്മണങ്ങളിലും ഉപനിഷത്തുകളിലും നിര്‍ദേശിച്ചിരുന്ന ഷോഡശ കര്‍മങ്ങള്‍ ഇവര്‍ അനുഷ്ഠിക്കുന്നു. ഇവര്‍ മറ്റു ബ്രാഹ്മണരുമായി മിശ്രവിവാഹമോ മിശ്രഭോജനമോ നടത്താറില്ല. സ്വജാതിയില്‍ത്തന്നെ സ്വന്തം തറവാടിനു പുറത്തുനിന്നാണ് വിവാഹം കഴിക്കുന്നത്. വധൂവരന്മാര്‍ ഒരേ ഗോത്രത്തില്‍പ്പെട്ടവരായിരിക്കരുത്. വ്യത്യസ്ത ഗോത്രക്കാരാണെങ്കിലും സഹോദരിമാരുടെ സന്താനങ്ങള്‍ അന്യോന്യം വിവാഹം കഴിക്കുകയില്ല.
ശവം ദഹിപ്പിക്കുകയാണ് പതിവ്. പ്രസവം, മരണം എന്നിവയോടനുബന്ധിച്ച് 10 ദിവസത്തെ പുലയുണ്ട്.
ബാലന്മാര്‍ക്കുള്ള 'യജ്ഞോപവീതസംസ്കാരം', വിവാഹം എന്നിവ പ്രധാനപ്പെട്ട സംസ്കാരങ്ങളാണ്. ഗൃഹാഗ്നിയിലാണ് ഗൃഹസ്ഥന്മാര്‍ സംസ്കാരങ്ങള്‍ നിര്‍വഹിക്കേണ്ടത്. വിവാഹം കഴിഞ്ഞ ഗൃഹസ്ഥര്‍ ഗൃഹാഗ്നി എപ്പോഴും കാത്തുസൂക്ഷിക്കണമെന്നുണ്ട്.
ഹോളി, ദീപാവലി എന്നിവയാണ് പ്രധാന ആഘോഷങ്ങള്‍. ശ്രീരാമനവമി, വൈശാഖപൗര്‍ണമി, ആഷാഢഏകാദശി, നാഗപഞ്ചമി, കൃഷ്ണാഷ്ടമി, വിനായക ചതുര്‍ഥി, അനന്ത ചതുര്‍ദശി, മഹാലയഅമാവാസ്യ, നവരാത്രി, കാര്‍ത്തിക ഏകാദശി, ഉത്തര ദ്വാദശി, കാര്‍ത്തിക പൗര്‍ണമി, മധ്വനവമി, മഹാശിവരാത്രി എന്നിവയാണ് മറ്റ് ആഘോഷദിനങ്ങള്‍. ചൈത്ര ശുദ്ധ പ്രതിപദത്തിനാണ് നവവത്സരം ആരംഭിക്കുക. സാരസ്വതരുടെ മാതൃഭാഷയായ കൊങ്കണിയില്‍ പ്രാകൃതത്തില്‍പ്പെട്ട രണ്ടു ഭാഷകള്‍ (പഞ്ചാബിലെയും കാശ്മീരിലെയും പൈശാചി പ്രാകൃത് ഭാഷയും ഉത്തര ബിഹാറിലെ ആര്യന്മാരുടെ ഭാഷയായ മാഗധി പ്രാകൃത്ഭാഷയും) അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ലിപി ദേവനാഗരിയാണ്. നോ: കൊങ്കണിഭാഷ; ഗോവ