This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുല്‍മോഹര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുല്‍മോഹര്‍

Gulmohar

ഗുല്‍മോഹര്‍ പുഷ്പം

ലെഗുമിനേസി സസ്യകുടുംബത്തിലെ ഇലകൊഴിയുംവൃക്ഷം. ശാ.നാ. ഡിലോണിക്സ് റീജിയ (Delonix regia). മഡഗാസ്കര്‍ ആണ് ഇതിന്റെ ജന്മദേശം. ഇന്ത്യയില്‍ ഈ വൃക്ഷം നട്ടുവളര്‍ത്താന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു ശതകം കഴിയുന്നു. 13 മീറ്ററോളം ഉയരത്തില്‍ വളരുമെങ്കിലും ഇതിന്റെ തടിക്ക് കടുപ്പം കുറവാണ്. വളരെയധികം ശാഖോപശാഖകളുള്ള ഈ വൃക്ഷത്തിന്റെ ശാഖാഗ്രങ്ങളില്‍ ഇലകള്‍ കൂട്ടമായി ഉണ്ടായി ഒരു കുടയുടെ ആകൃതിയായിത്തീരുന്നു. സംയുക്തപത്രങ്ങളാണ് ഇവയ്ക്കുള്ളത്. ദ്വിപിച്ഛകികളായ ഇലകള്‍ക്ക് 2-8 ജോടി പത്രങ്ങള്‍ (leaflets) ഉണ്ടായിരിക്കും. കടും വേനല്‍ ആകുന്നതോടെ ഇലകളെല്ലാം കൊഴിഞ്ഞുപോവുകയും ശാഖാഗ്രങ്ങളില്‍ പൂങ്കുലകളുണ്ടാവുകയും ചെയ്യും. ഓറഞ്ചുനിറം കലര്‍ന്ന കടും ചുവപ്പുനിറമുള്ള സാമാന്യം വലിയ പുഷ്പങ്ങളാണിവയ്ക്കുള്ളത്. ദളങ്ങള്‍ക്ക് ബാറ്റിന്റെ ആകൃതിയാണ്. ബാഹ്യഭാഗം പച്ചനിറമുള്ളതും അകവശം ചുവപ്പുനിറമുള്ളതുമായ കട്ടിയുള്ള അഞ്ചു ബാഹ്യദളങ്ങളുണ്ട്. പൂര്‍ണമായി വിടര്‍ന്ന പുഷ്പത്തിന്റെ ബാഹ്യദളങ്ങള്‍ പുറകോട്ട് വളഞ്ഞിരിക്കും. ദളങ്ങള്‍ അഞ്ചെണ്ണമാണ്. ദളത്തിന്റെ അഗ്രങ്ങള്‍ വളഞ്ഞുപുളഞ്ഞിരിക്കും. പതാകദളത്തിന്റെ നിറം മറ്റുള്ളവയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. വര്‍ത്തികയ്ക്കു ചുറ്റുമായി കേന്ദ്രീകരിച്ചിരിക്കുന്ന വളഞ്ഞ പത്തുകേസരങ്ങളുണ്ട്. ദളങ്ങള്‍ കൊഴിഞ്ഞുകഴിയുമ്പോഴാണ് കായ്കള്‍ പാകമാകുന്നത്. കായ്കള്‍ക്ക് പച്ച നിറമാണ്. കട്ടികുറഞ്ഞ കൊച്ചു കായ്കള്‍ 30-60 സെ.മീറ്ററോളം നീളവും നാലു സെ.മീറ്ററോളം വീതിയുമുള്ള, കട്ടികൂടി, കറുത്ത് പരന്ന ഒരു പോഡായിട്ടാണ് കാണപ്പെടുക. ഫലത്തിന്റെ അഗ്രഭാഗം കിളിച്ചുണ്ടുപോലെ വളഞ്ഞിരിക്കുന്നു. വിത്തുകള്‍ക്ക് രണ്ടര സെ. മീറ്ററോളം നീളമുണ്ട്. കായ്കള്‍ വളരെക്കാലത്തോളം വൃക്ഷത്തില്‍ത്തന്നെ നില്‍ക്കാറുണ്ട്. അടുത്ത പുഷ്പകാലാരംഭത്തില്‍പ്പോലും മുന്‍വര്‍ഷത്തെ കായ്കള്‍ പുഷ്പങ്ങള്‍ക്കിടയില്‍ കാണാന്‍ കഴിയും. കായ് നെടുകേ പൊട്ടിത്തെറിച്ച് വിത്തുവിതരണം നടത്തുന്നു. വിത്തുകള്‍ മുളയ്ക്കാന്‍ ഏറെനാള്‍ വേണം.

ഗുല്‍മോഹര്‍ പ്രധാനമായും തണല്‍വൃക്ഷമായിട്ടാണ് നട്ടുവളര്‍ത്തപ്പെടുന്നത്. വഴിവക്കുകളിലും പൂന്തോട്ടങ്ങളിലും ഇവ നട്ടുവളര്‍ത്തുന്നുണ്ട്. വിരിഞ്ഞു രണ്ടുദിവസംവരെ ചെടിയില്‍ത്തന്നെ നില്‍ക്കുന്ന പുഷ്പങ്ങളുടെ ദളങ്ങള്‍ കൊഴിഞ്ഞ് വീണ് വൃക്ഷച്ചുവട് ഒരു ചുവന്ന പരവതാനിയായി കാണപ്പെടും. വൃക്ഷത്തിന്റെ ശാഖകള്‍ക്കും തടിക്കും ബലം കുറവായതിനാല്‍ ചില്ലകള്‍ വേഗം ഒടിഞ്ഞുപോവാറുണ്ട്. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ വൃക്ഷത്തിന്റെ തണലില്‍ പുല്ലുകളും മറ്റുചെടികളും നന്നായി വളരില്ല. ഇതിന്റെ തടി വിറകിനായി ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍