This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുല്‍ബര്‍ഗ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗുല്‍ബര്‍ഗ
കര്‍ണാടകത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന നഗരവും. ഹൈദരാബാദില്‍ നിന്ന് 160 കി.മീ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയ്ക്ക് 16,224 ച.കി.മീ.; വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 427,929 (2010).
14-ാം ശ.-ത്തിന്റെ ആദ്യകാലത്ത് ഡല്‍ഹിയിലെ സുല്‍ത്താന്‍ ഭരണത്തിനു കീഴിലായിരുന്ന ഗുല്‍ബര്‍ഗ പിന്നീട് ഭാമിനി സാമ്രാജ്യത്തിന്റെ ഭാഗമായി. 1347 മുതല്‍ 1424 വരെ ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. 17-ാം ശ.-ത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ അറംഗസേബ് ഡക്കാന്‍പ്രദേശം പിടിച്ചടക്കിയതോടെ ഗുല്‍ബര്‍ഗ വീണ്ടും ഡല്‍ഹി സുല്‍ത്താന്റെ കീഴിലായി. എന്നാല്‍ 18-ാം ശ.-ത്തില്‍ ഹൈദരാബാദ് സംസ്ഥാനത്തിന്റെ രൂപീകരണത്തോടെ ഇതിന്റെ ഭാഗമായി മാറി. 1956-ല്‍ ഗുല്‍ബര്‍ഗ ജില്ല കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു.
നഗരത്തില്‍ കാണുന്ന കൊട്ടാരങ്ങളുടെയും മാളികകളുടെയും അവശിഷ്ടങ്ങള്‍ ഗുല്‍ബര്‍ഗയുടെ ചരിത്ര പശ്ചാത്തലത്തെയും ഗാംഭീര്യത്തെയും വെളിപ്പെടുത്തുന്നു. ഭാമിനി രാജാക്കന്മാര്‍ പണികഴിപ്പിച്ച പല സൗധങ്ങളുടെയും അവശിഷ്ടങ്ങള്‍ ജില്ലയുടെ കിഴക്കന്‍ ഭാഗത്ത് കേന്ദ്രീകരിച്ചു കാണാം. ഇവയില്‍ ശ്രദ്ധേയമായതാണ് സ്പെയിനിലെ കോര്‍ദോവ പള്ളിയെ മാതൃകയാക്കി പണിതീര്‍ത്ത 'ജുമാ മസ്ജിദ്'. 13-ാം ശ.-ത്തില്‍ നിര്‍മിച്ച ഇത് ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏക മുസ്ലിം ദേവാലയമാണ്.
കൃഷ്ണാനദിയുടെ വടക്കേ തീരത്തുള്ള ഗുല്‍ബര്‍ഗയില്‍ താരതമ്യേന മഴ കുറവാണ്. പരുത്തിക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടം ഒരു പ്രമുഖ പരുത്തിവ്യവസായ കേന്ദ്രമാണ്. പയറു വര്‍ഗങ്ങളാണ് മറ്റു പ്രധാനവിള. ജനങ്ങളില്‍ ഭൂരിഭാഗം കര്‍ഷകരാണ്. മുഖ്യമായി വാണിജ്യകേന്ദ്രമാണെങ്കിലും നിരവധി വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിട്ടുണ്ട്. എണ്ണമില്ലുകള്‍, പരുത്തിമില്ലുകള്‍, നൂല്‍നൂല്പു കേന്ദ്രങ്ങള്‍, സ്പിന്നിങ് മില്ലുകള്‍, പെയിന്റു നിര്‍മാണ ശാലകള്‍, സിമന്റ് ഫാക്ടറികള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു.
വിദ്യാഭ്യാസ രംഗത്തും ഈ നഗരം വളരെയധികം പുരോഗതിയാര്‍ജിച്ചിട്ടുണ്ട്. എന്‍ജിനീയറിങ് കോളജ്, ലോ കോളജ്, ആര്‍ട്സ്- സയന്‍സ് കോളജുകള്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഒരു സര്‍വകലാശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഇവിടത്തെ സിമന്റ് ഫാക്ടറികള്‍ക്കാവശ്യമായ ചുണ്ണാമ്പുകല്ല് ഇവിടെ നിന്നുതന്നെ ലഭിക്കുന്നു. വേണ്ടത്ര ഗതാഗത സൗകര്യങ്ങള്‍ ലഭ്യമായ ഇവിടം ഒരു പ്രധാന തീവണ്ടി സ്റ്റേഷന്‍കൂടിയാണ്.
(ജെ.കെ. അനിത)