This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുര്‍ജര പ്രതിഹാര രജപുത്രന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗുര്‍ജര പ്രതിഹാര രജപുത്രന്‍
ഉത്തരേന്ത്യ ഭരിച്ചിരുന്ന രജപുത്രരാജാക്കന്മാര്‍. ഗുര്‍ജര വര്‍ഗത്തില്‍പ്പെട്ട പ്രതിഹാര രജപുത്രന്മാര്‍ ഹര്‍ഷവര്‍ധനന്റെ മരണാനന്തരം (647) ഉത്തരേന്ത്യയില്‍ പ്രബലമായ സാമ്രാജ്യം സ്ഥാപിച്ചു. രജപുത്രചരിത്രം തുടങ്ങുന്നതുതന്നെ ഇവിടെനിന്നാണ്. ഹൂണരുടെ തിരോധാനത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് കടന്നുവന്ന മധ്യേഷ്യന്‍ വര്‍ഗമാണ് ഗുര്‍ജരന്മാരെന്ന് ഒരു അഭിപ്രായമുണ്ട്. അബുസെയ്ദ്, അല്‍മസൂരി മുതലായ ചരിത്രകാരന്മാരുടെ ലേഖനങ്ങളില്‍ നിന്ന് പ്രതിഹാരന്മാര്‍ ഗുര്‍ജരവര്‍ഗത്തില്‍പ്പെട്ടവരാണെന്ന് തെളിയുന്നു. പ്രതിഹാര രാജാവായ മഹീപാലനെ ഗുര്‍ജരരാജനെന്ന് കന്നഡ കവിയായ പമ്പ പുകഴ്ത്തിയിട്ടുണ്ട്. ജ്യേഷ്ഠനായ ശ്രീരാമചന്ദ്രന്റെ ദ്വാരപാലകനായി നിന്ന് ജ്യേഷ്ഠഭക്തി കാണിച്ച ലക്ഷ്മണകുമാരന്റെ സന്തതിപരമ്പരകളാണ് തങ്ങളെന്ന് പ്രതിഹാരന്മാര്‍ വിശ്വസിക്കുന്നു. 'പ്രതിഹാരന്മാര്‍' എന്ന പേരിന് ദ്വാരപാലകന്മാര്‍ എന്ന് അര്‍ഥം കല്പിക്കാവുന്നതാണ്. രാജശേഖരന്‍ പ്രതിഹാര രാജാവായ മഹേന്ദ്രപാലനെ 'രഘുകുലതിലകം' എന്ന് പ്രകീര്‍ത്തിച്ചിട്ടുണ്ട്. പ്രതിഹാരന്മാരുടെ ആദ്യ ആസ്ഥാനം മാണ്ഡോര്‍ (ജോഡ്പൂര്‍) ആയിരുന്നിരിക്കണം. മറ്റൊരു ശാഖ ഉജ്ജയിനിയില്‍ ശക്തി പ്രാപിച്ചു. ഈ വസ്തുത അമോഘവര്‍ഷന്‍ I എന്ന രാഷ്ട്രകൂടന്റെ ശാസനത്തില്‍ നിന്ന് വ്യക്തമാവുന്നു. ഹരിവംശത്തില്‍ പരാമര്‍ശിച്ചിട്ടുള്ള അവന്തിരാജനായ വത്സരാജന്‍ പ്രതിഹാര രാജാവാണെന്ന് തെളിഞ്ഞിരിക്കുന്ന സ്ഥിതിക്ക് പ്രതിഹാരന്മാര്‍ കന്യാകുബ്ജത്തില്‍ അധികാരം സ്ഥാപിക്കുന്നതിനു മുന്‍പ് അവന്തി കൈയടക്കിയിരുന്നുവെന്ന് വിശ്വസിക്കാവുന്നതാണ്.
ഗുര്‍ജര പ്രതിഹാര രാജവംശത്തിന്റെ സ്ഥാപകന്‍ ഹരിശ്ചന്ദ്രനാണെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ തലസ്ഥാനം ഭില്‍മന്‍ ആയിരുന്നിരിക്കണം. പ്രതിഹാര രാജവംശം പ്രസിദ്ധിയാര്‍ജിച്ചത് നാഗഭടന്‍ ക (ഭ.കാ.സു. 725-40) ന്റെ കാലത്താണ്. പശ്ചിമേന്ത്യയില്‍ നിന്നും അറബികളെ തുരത്തിയത് ഇദ്ദേഹമായിരുന്നു. ഗുര്‍ജര രാജ്യത്തിന്റെ തലസ്ഥാനം പി-ലോ-മോ-ലൂ (ഇന്നത്തെ ഭിന്‍മല്‍-അന്നത്തെ ഭില്ലമാല) ആണെന്ന് ഹ്യുയാന്‍സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. നന്ദിപുരം തലസ്ഥാനമാക്കി ഭരിച്ച മറ്റൊരു ഗുര്‍ജര രാജ്യത്തെ നാഗഭടന്‍ കീഴടക്കിയതായും സൂചനയുണ്ട്. രാഷ്ട്രകൂടരാജാവായ ദന്തിദുര്‍ഗന്‍ (ഭ.കാ. 733-58) ഗുര്‍ജര രാജാവിനെ പരാജയപ്പെടുത്തി തന്റെ കൊട്ടാരത്തിന്റെ പ്രതിഹാരനാക്കി നിര്‍ത്തിയത്രെ. എന്നാല്‍ ഈ വിജയം സുസ്ഥിരമല്ലായിരുന്നു. മാള്‍വ, ഗുജറാത്ത്, രജപുത്താനയിലെ ചില പ്രദേശങ്ങള്‍ എന്നിവ നാഗഭടന്റെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു.
വത്സരാജനായിരുന്നു (755-800) പിന്നത്തെ പ്രധാന രാജാവ്. രജപുത്താനയുടെ പൂര്‍വ മധ്യപ്രവിശ്യകളും മാള്‍വയും ഇദ്ദേഹത്തിന്റെ അധികാരപരിധിയിലായിരുന്നു. കന്യാകുബ്ജം പ്രതിഹാരസാമ്രാജ്യത്തില്‍ കൂട്ടിച്ചേര്‍ത്തത് വത്സരാജനായിരിക്കണം. ഗൗഡരാജാവായ ധര്‍മപാലനെ വത്സരാജന്‍ പരാജയപ്പെടുത്തിയതായും വിശ്വസിക്കുന്നു. ഈ യുദ്ധവേളയിലാണ് രാഷ്ട്രകൂട രാജാവായ ധ്രുവന്‍ വത്സരാജന്റെ രാജ്യം ആക്രമിച്ച് വത്സരാജനെ തലസ്ഥാനത്തുനിന്നും പലായനം ചെയ്യിച്ചത്. വത്സരാജന്റെ പുത്രനായ നാഗഭടന്‍ കക (805-39) രാജ്യത്തിന്റെ അന്തസ്സ് വീണ്ടെടുത്തു. പ്രാരംഭത്തില്‍ രാഷ്ട്രകൂട രാജാവായ ഗോവിന്ദന്‍ കകക നാഗഭടനെ പരാജയപ്പെടുത്തിയെങ്കിലും ആന്ധ്ര-സൈന്ധവ-വിദര്‍ഭ-കലിംഗ രാജാക്കന്മാരെ പരാജയപ്പെടുത്തി സാമ്രാജ്യത്തിന് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ നാഗഭടന് കഴിഞ്ഞുവെന്ന് ഗ്വാളിയോര്‍ ശാസനം സൂചിപ്പിക്കുന്നു. പക്ഷേ രാഷ്ട്രകൂട രാജാവിന്റെ വിജയം ഗൗഡ രാജാക്കന്മാര്‍ക്ക് സ്വാതന്ത്യ്രം വീണ്ടെടുക്കുന്നതിന് സഹായകമായിത്തീര്‍ന്നു. രാമഭദ്രനായിരുന്നു പിന്നത്തെ രാജാവ്. ഇദ്ദേഹത്തെത്തുടര്‍ന്ന് പുത്രനായ മിഹിരഭോജന്‍ (ഭ.കാ. 836-85) പ്രതിഹാര സമ്രാട്ടായി. ഭോജന്റെ രജത നാണയങ്ങളും ശിലാരേഖകളും അദ്ദേഹത്തിന്റെ സാമ്രാജ്യ വിസ്തൃതിയെ സൂചിപ്പിക്കുന്നു. സത്ലജ് നദിക്ക് കിഴക്കുള്ള പഞ്ചാബ്, ഉത്തര്‍പ്രദേശ്, രജപുത്താന, ഗ്വാളിയോര്‍, മാള്‍വ, ഗുജറാത്ത്, കത്തിയവാഡ് എന്നീ പ്രദേശങ്ങള്‍ മിഹിരഭോജന്റെ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. 'ആദിവരാഹം', 'വ്രദാസന്‍' എന്നീ ബിരുദങ്ങളായിരുന്നു ഭോജന്റേത്. ഗുപ്ത-ഹര്‍ഷ സാമ്രാജ്യങ്ങളോട് തുല്യമായ വലുപ്പം ഭോജസാമ്രാജ്യത്തിനും ഉണ്ടായിരുന്നു. വിഷ്ണു, സൂര്യന്‍ എന്നീ ദേവതകളെ ആരാധിച്ചിരുന്ന മിഹിരഭോജന്‍ 'ഭോജപുരം' എന്ന പട്ടണത്തിന്റെ സ്ഥാപകനാണ്. മിഹിരഭോജന്റെ സൈനികശക്തിയും സാമ്രാജ്യത്തിന്റെ സമ്പത്സമൃദ്ധിയും അറബിസഞ്ചാരിയായിരുന്ന സുലൈമാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മിഹിരഭോജന്റെ പുത്രനായ മഹേന്ദ്രപാലന്‍ (ഭ.കാ. 885-910) ആയിരുന്നു അടുത്ത രാജാവ്. തന്റെ പൈതൃകം നിലനിര്‍ത്തിയതു കൂടാതെ മഗധ, ഉത്തരബംഗാള്‍ എന്നിവകൂടി കീഴടക്കുവാന്‍ മഹേന്ദ്രപാലന് കഴിഞ്ഞു. രാജശേഖര കവിയുടെ പ്രോത്സാഹകനുമായിരുന്നു മഹേന്ദ്രപാലന്‍. സംസ്കൃതത്തിലും പ്രാകൃതത്തിലും ഒരുപോലെ അവഗാഹം നേടിയിരുന്ന രാജശേഖരന്‍ ബാലരാമായണം, ബാലഭാരതം, പ്രചണ്ഡപാണ്ഡവം, വിദ്ധസാലഭഞ്ജിക, കര്‍പ്പൂരമഞ്ജരി എന്നിവയുടെ കര്‍ത്താവാണ്. കാവ്യശാസ്ത്രത്തെക്കുറിച്ചുള്ള ആധികാരികഗ്രന്ഥമായ കാവ്യമീമാംസയും ഭൂമിശാസ്ത്രപരമായ ഭുവനകോശവും രാജശേഖരന്റെ കൃതികളാണ്.
മഹേന്ദ്രപാലനെത്തുടര്‍ന്ന് പുത്രനായ ഭോജന്‍ II രാജ്യം ഭരിച്ചു. തുടര്‍ന്ന് സഹോദരനായ മഹീപാലന്‍ I (912-44) രാജാവായി. രാഷ്ട്രകൂട രാജാവായ ഇന്ദ്രന്‍ III മഹീപാലനെ തോല്പിച്ച് കന്യാകുബ്ജം ചുട്ടെരിച്ച് പ്രയാഗവരെ ജൈത്രയാത്ര നടത്തി, വംഗരാജ്യം സ്വതന്ത്രമാവുകയും ചെയ്തു. തുടര്‍ന്ന് ഭരണം ഏറ്റ രാജ്യപാലനും ദേവപാലനും ദുര്‍ബലരായിരുന്നതുകൊണ്ട് ഈ അവസരത്തില്‍ ശക്തി പ്രാപിച്ച ചന്ദേല രാജാക്കന്മാരുടെ ഭീഷണിക്കു വഴങ്ങേണ്ടിവന്നു. സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും ആള്‍ഹിന്‍ വാഡയിലെ ചാലൂക്യന്മാര്‍, ജേജകഭുക്തിയിലെ ചന്ദേലന്മാര്‍, ദഹലയിലെ ചേദികള്‍, മാള്‍വയിലെ പരമാരന്മാര്‍, ദക്ഷിണ രജപുത്താനയിലെ ഗുഹിലന്മാര്‍, കാനമാനന്മാര്‍ മുതലായ രജപുത്രന്മാര്‍ പങ്കിട്ടെടുത്തു. രാജ്യപാലന്റെ കാലത്ത് (960-1018) പ്രതിഹാരരാജ്യത്തിന്റെ കീര്‍ത്തിയും ശക്തിയും നശിച്ചിരുന്നു. പഞ്ചാബ് ആക്രമിച്ച മുസ്ലിം സൈന്യത്തെ ചെറുക്കാന്‍ അവിടത്തെ രാജാവിന് ഇദ്ദേഹം സൈനികസഹായം ചെയ്തുകൊടുത്തു. രാജ്യപാലനെ ഈ കുറ്റത്തിന് ശിക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഗസ്നി പ്രതിഹാരരാജ്യം 1018-ല്‍ ആക്രമിച്ചു. രാജ്യപാലന്‍ ശത്രുവിന് കീഴടങ്ങി. രാജ്യപാലന്‍ കീഴടങ്ങിയത് ചന്ദേല രാജാവിനെ ക്ഷോഭിപ്പിക്കുകയും വിദ്യാധര രാജകുമാരന്റെ നേതൃത്വത്തില്‍ ചന്ദേല രജപുത്ര സൈന്യം രാജ്യപാലനെ ആക്രമിക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ രാജ്യപാലന്‍ കൊല്ലപ്പെട്ടു. പുത്രനായ തൃലോചനനെ ഗസ്നി 1019-ലെ യുദ്ധത്തില്‍ പരാജയപ്പെടുത്തി. തുടര്‍ന്ന് ഭരിച്ച യശപാലനായിരിക്കണം അവസാനത്തെ ഗുര്‍ജര പ്രതിഹാര രാജാവ്. ഗഹദവാല രജപുത്രനേതാവായ ചന്ദ്രദേവന്‍ 1080-കളില്‍ പ്രതിഹാര സാമ്രാജ്യം പിടിച്ചെടുത്തു. ഇതോടെ പ്രതിഹാര രാജവംശം അസ്തമിച്ചു.
(പ്രൊഫ. ഏ.ജി. മേനോന്‍)