This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗസറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗസറ്റ്

Gazette

സര്‍ക്കാരിന്റെ തീരുമാനങ്ങളും വിജ്ഞാപനങ്ങളും കല്പനകളും മറ്റും ഉള്‍ക്കൊള്ളുന്ന ഔദ്യോഗിക പ്രസിദ്ധീകരണം. ആധുനിക യുഗത്തിലെ വര്‍ത്തമാനപത്രങ്ങളുടെ മുന്‍ഗാമിയായി ഗണിക്കപ്പെടുന്ന ഗസറ്റ് ആനുകാലികസംഭവങ്ങളുടെ ചുരുങ്ങിയ വിവരണമടങ്ങുന്ന വാര്‍ത്താപത്രികയാണ് ആരംഭിച്ചത്. 16-ാം ശതകത്തിന്റെ പകുതിയോടെ വെനീസില്‍ പ്രസിദ്ധീകരിച്ച അനൗപചാരിക വാര്‍ത്താപത്രത്തിന് ഗസറ്റ് എന്നു പേരുണ്ടായത് ഗസറ്റാ എന്ന വെനീഷ്യന്‍ നാണയത്തില്‍ നിന്നാണ്. ഇതു പിന്നീട് മറ്റു രാജ്യങ്ങളിലേക്കും പ്രചരിച്ചു. ഇതു പോലെയുള്ള വാര്‍ത്താപത്രങ്ങള്‍ ഫ്രാന്‍സിലും ഇംഗ്ലീണ്ടിലും തുടര്‍ന്നുണ്ടായി. സ്വകാര്യ ന്യൂസ് ലെറ്ററുകളായിരുന്ന ഗസറ്റ് ക്രമേണ നയതന്ത്ര പ്രാധാന്യമുള്ള കാര്യങ്ങളും കോടതി അറിയിപ്പുകളും പ്രധാനമായും പ്രതിപാദിക്കുന്ന നിലയിലേക്കു മാറി. കുറച്ചാളുകളുടെ ഇടയില്‍ മാത്രമായി ഇതിന്റെ പ്രചാരണം നിയന്ത്രിച്ചു നിര്‍ത്തിയിരുന്നു. ഒന്നാം എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് (1558-1603) കുറേക്കൂടി വൈവിധ്യപൂര്‍ണമായ ഒന്നായി ഈ പ്രസിദ്ധീകരണം ഇറങ്ങി. വിശാലവും വ്യാപകവുമായ ഒരു അനുവാചക സമൂഹത്തെ മുന്നില്‍ക്കണ്ടുകൊണ്ട് കെട്ടുകഥകളും ഔദ്യോഗിക രൂപത്തിലല്ലാത്ത അറിയിപ്പുകളും വാണിജ്യപരസ്യങ്ങളും കൊലപാതകങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയ സംഭ്രമജനകമായ വാര്‍ത്തകളും മറ്റും പ്രസിദ്ധീകരിച്ചു തുടങ്ങി. ഇങ്ങനെ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമോ ആധികാരികസ്വഭാവമോ ഇല്ലായിരുന്നു. 17-ാം ശതകമായപ്പോഴേക്കും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം മാത്രമായി ഗസറ്റ് ചുരുങ്ങി. ആദ്യത്തെ യഥാര്‍ഥ ഔദ്യോഗിക വാര്‍ത്താപത്രമായ ഓക്സ്ഫഡ് ഗസറ്റ് 1665-ല്‍ ആരംഭിച്ചു. ഇത് 1666-ല്‍ ലണ്ടന്‍ ഗസറ്റ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ബഹുമതികള്‍, പൊതു അറിയിപ്പുകള്‍, ഔദ്യോഗിക നിയമനങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഒരു കോടതി പ്രസിദ്ധീകരണമായി ഇന്നും ഇതു നിലനില്‍ക്കുന്നു. 20-ാം ശതകത്തില്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച ഗസറ്റുകളാണ് ദ് പാല്‍മാല്‍ ഗസറ്റ്. വെസ്റ്റ് മിനിസ്റ്റര്‍ ഗസറ്റ്, ദ് സെന്റ് ജയിംസ് ഗസറ്റ് എന്നിവ. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പ്രസിദ്ധീകരിച്ച പെന്‍സില്‍വാനിയ ഗസറ്റ് ഈ രംഗത്തെ അറിയപ്പെടുന്ന സംരംഭമാണ്. അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗസറ്റും തോമസ് ജെഫേഴ്സണ്‍ നാഷണല്‍ ഗസറ്റും പ്രസിദ്ധീകരിച്ചു.

ഔദ്യോഗിക അറിയിപ്പുകളും കോടതിപരസ്യങ്ങളും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ ഗസറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന സാധാരണ ഗസറ്റിനു പുറമേ, ഔദ്യോഗിക നിയമനങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളെ അറിയിക്കേണ്ട അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി അസാധാരണ ഗസറ്റുകളും പ്രസിദ്ധീകരിക്കുന്നുണ്ട്.

(ഡോ. റ്റി.വി. പിള്ള; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B8%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍