This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലോറോഫ്ളൂറോകാര്‍ബണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ലോറോഫ്ളൂറോകാര്‍ബണ്‍
Chlorofluorocarbon - CFC
ക്ലോറിന്‍, കാര്‍ബണ്‍, ഫ്ളൂറിന്‍ എന്നിവ അടങ്ങിയതും ഭൂമിയുടെ ഓസോണ്‍ പാളിക്ക് നാശം വരുത്തുന്നതുമായ കൃത്രിമ രാസ സംയുക്തങ്ങള്‍. 1928-ല്‍ തോമസ് മിഡ്ഗ്ലി ആണ് ആദ്യമായി സിഎഫ്സി നിര്‍മിച്ചത്. ദ്രാവക രൂപത്തിലുള്ള സി.എഫ്.സി.കള്‍ വിഷകരമല്ലാത്തതും കാണാന്‍ സാധിക്കാത്തവയുമാണ്. ഇവ മറ്റു രാസപദാര്‍ഥങ്ങളുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവയുമല്ല. സിഎഫ്സിയുടെ ഈ ഗുണം വളരെപ്പെട്ടെന്ന് ഇതിനെ എയര്‍കണ്ടിഷനിലും റെഫ്രിജെറേഷനിലും ഒരു ശീതീകാരിയാക്കി മാറ്റി. ഏറോസോള്‍ സ്പ്രേകാനുകളില്‍ പ്രൊപ്പലന്റായും ഇലക്ട്രോണിക് ക്ലിനിക് സോള്‍വന്റായും സിഎഫ്സി ഉപയോഗിക്കപ്പെട്ടു. സിഎഫ്സി-11 (ട്രൈ ക്ലോറോ ഫ്ളൂറോ മീഥേന്‍ CCl3F),സിഎഫ്സി-12 (ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേന്‍-CCl2F2), സിഎഫ്സി-13 (ക്ലോറോ ട്രൈ ഫ്ളൂറോ മീഥേന്‍-CClF3) എന്നിവയാണ് വ്യാപകമായി ഉപയോഗിച്ചു വരുന്ന ക്ലോറോഫ്ളൂറോ കാര്‍ബണുകള്‍.
1976-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഏറോസോള്‍ സ്പ്രേകാനുകളില്‍ നിന്നും വിമോചിക്കപ്പെടുന്ന സിഎഫ്സി സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ പാളിയെ നശിപ്പിക്കുന്നതായി മുന്നറിയിപ്പ് നല്‍കി. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് വികിരണത്തെ, പ്രത്യേകിച്ചും UV-B വികിരണത്തെ, തടഞ്ഞുനിര്‍ത്തി ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ പാളിയാണ്. UV-B വികിരണം ഭൂമിയില്‍ എത്തിയാല്‍ അത് ജീവജാലങ്ങളുടെ കോശങ്ങളെ നശിപ്പിക്കുകയും ത്വക് കാന്‍സറിന് വഴിയൊരുക്കുകയും ചെയ്യും. മനുഷ്യരില്‍ ഇത് തിമിരത്തിനും കാരണമാകും. 1948-ല്‍ ഓസോണ്‍ പാളീശോഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു.
ഭൂമിയില്‍ നിന്നും സ്ട്രാറ്റോസ്ഫിയറില്‍ എത്തുന്ന സി.എഫ്.സി., യു.വി. വികിരണവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ഓസോണ്‍ പാളീശോഷണം ആരംഭിക്കുന്നത്. യു.വി. വികിരണം സി.എഫ്.സി. തന്മാത്രകളെ വിഘടിപ്പിക്കുകയും ക്ലോറിന്‍ ആറ്റത്തെ അന്തരീക്ഷത്തിലേക്ക് മോചിപ്പിക്കുകയും ചെയ്യുന്നു. ക്ലോറിന്‍ ആറ്റം ഓസോണ്‍ തന്മാത്രയുമായി (O3) കൂട്ടിമുട്ടുകയും തത്ഫലമായി ക്ലോറിന്‍ മോണോക്സൈഡും (ClO) ഓക്സിജന്‍ (O2) വാതകവും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഓസോണിന്റെ മൗലികതന്മാത്ര വിഘടിക്കപ്പെടുന്നു. സി.എഫ്.സി.യില്‍ നിന്നും ക്ലോറിനെ വിമോചിപ്പിക്കുന്നതിന് ഉപരിയായി യു.വി. വികിരണം ഓക്സിജന്‍ തന്മാത്രകളെ വിഘടിപ്പിച്ച് അസ്ഥിര ഓക്സിജന്‍ ആറ്റങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ഓക്സിജന്‍ ആറ്റം ഒരു ക്ലോറിന്‍ മോണോക്സൈഡ് തന്മാത്രയുമായി കൂട്ടിമുട്ടുമ്പോള്‍ സംജാതമാകുന്ന രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഓക്സിജന്‍ ആറ്റം കൂടിച്ചേരുകയും തത്ഫലമായി ഓക്സിജന്‍ തന്മാത്രയും ഒരു ആറ്റം ക്ലോറിനും വിമോചിക്കപ്പെടുകയും ചെയ്യുന്നു. ഈ രാസപ്രവര്‍ത്തനം ഒരേ സമയം ആവര്‍ത്തിക്കപ്പെടുന്നതിനാല്‍ ഒരു ക്ലോറിന്‍ ആറ്റത്തിന് തന്നെ നിരവധി ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാന്‍ കഴിയുകയും ഓക്സിജന്‍ ആറ്റത്തിന്റെ ഒരു പാളിതന്നെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഈ ഓക്സിജന്‍ പാളിക്ക് പക്ഷേ യു.വി. വികിരണത്തെ നിരോധിക്കാന്‍ കഴിയില്ല.
CFCl3 + UV → CFCl2 + Cl
Cl + O3 → ClO + O2
ClO + O → Cl + O2
ഇവിടെ സ്വതന്ത്രമാക്കപ്പെടുന്ന ക്ലോറിന്‍ ആറ്റം മറ്റൊരു ഓസോണ്‍തന്മാത്രയുമായി പ്രതിപ്രവര്‍ത്തിച്ച് ഈ രാസപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും.
Cl + O3 → ClO + O2
ClO + O → Cl + O2
സ്ട്രാറ്റോസ്ഫിയറില്‍ ഒരിക്കലും സ്വതന്ത്ര ക്ലോറിന്‍ ആറ്റം നിലനില്‍ക്കില്ല. അവ അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിലേക്ക് സഞ്ചരിക്കുകയും അവിടെ നിലനില്‍ക്കുന്ന മീഥേന്‍ പോലുള്ള വാതകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ ക്ലോറൈഡ് (HCL) തന്മാത്രകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപംകൊള്ളുന്ന ഹൈഡ്രജന്‍ ക്ലോറൈഡ് ജലബാഷ്പവുമായി പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രോക്ലോറിക് ആസിഡിന് രൂപം നല്‍കുകയും അത് ഭൂമിയിലേക്ക് അവക്ഷേപണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ സി.എഫ്.സി.യില്‍ നിന്നും ക്ലോറിന്‍ ആറ്റം മോചിപ്പിക്കപ്പെടാനും അത് തിരിച്ച് ഭൂമിയില്‍ എത്തിച്ചേരാനും ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ വേണ്ടിവരും.
ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ ആഗോളവ്യാപകമായി ഉയരുന്ന ഓസോണ്‍ നിലയെക്കുറിച്ച് ജാഗരൂകരാണ്. ടോട്ടല്‍ ഓസോണ്‍ മാപ്പിങ് സ്പെക്ട്രോമീറ്ററിന്റെ (TOMS) സഹായത്താല്‍ നാസ ബഹിരാകാശത്ത് നിന്ന് ഓസോണ്‍ അളവിനെ നിര്‍ണയിക്കുന്നുണ്ട്.
ഓസോണ്‍ പാളീശോഷണത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ 1987-ല്‍ 90 രാജ്യങ്ങള്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു (മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍). സി. എഫ്. സി. ഉത്പാദനം കുറയ്ക്കാന്‍ ഈ ഉടമ്പടി ആഹ്വാനം ചെയ്യുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സി.എഫ്.സി. ഉത്പാദനം പൂര്‍ണമായി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഈ ഉടമ്പടി ഭേദഗതി ചെയ്യുകയുണ്ടായി. 2000-ത്തോടെ ഓസോണ്‍പാളിക്ക് ശോഷണം വരുത്തുന്ന എല്ലാ രാസപദാര്‍ഥങ്ങളുടെയും ഉത്പാദനം നിര്‍ത്താനും ഈ ഭേദഗതി ശിപാര്‍ശചെയ്തു. ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള നിരവധി കമ്പനികള്‍ സി.എഫ്.സിക്ക് പകരം ഉപയോഗിക്കാവുന്ന രാസസംയുക്തം കണ്ടുപിടിക്കാനുള്ള ഗവേഷണത്തില്‍ വ്യാപൃതരായിരിക്കുകയാണ്. ഹൈഡ്രോക്ലോറോഫ്ളൂറോകാര്‍ബണുകളും ഹൈഡ്രോ ഫ്ളൂറോകാര്‍ബണുകളുമാണ് സി.എഫ്.സി.ക്ക് പകരം ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവയും ഓസോണ്‍ പാളിക്ക് ശോഷണം വരുത്തുമെങ്കിലും ഇവമൂലമുള്ള ശോഷണം സി.എഫ്.സി.യോളം ഗുരുതരമല്ല.