This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്രെഷ്മര്‍, ഏണസ്റ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്രെഷ്മര്‍, ഏണസ്റ്റ്
Kretschmer, Ernst (1888 - 1964)
പ്രശസ്ത ജര്‍മന്‍ ഭിഷഗ്വരനും മനഃശാസ്ത്രജ്ഞനും. 1888 ഒ. 8-ന് ക്രെഷ്മര്‍ ഹൈല്ബ്രോണിനു സമീപമുള്ള വ്യൂസ്റ്റെന്റോട്ടില് ജനിച്ചു. വൈരുധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബാന്തരീക്ഷം. കലാകാരിയും ഫലിതക്കാരിയുമായിരുന്ന മാതാവും തത്ത്വചിന്തകനും ഗൗരവക്കാരനും പുരോഹിതനുമായിരുന്ന പിതാവും തമ്മില്‍ നിലനിന്നിരുന്ന ഭിന്നതകളാണ് 1921-ല്‍ പ്രസിദ്ധീകരിച്ച ശരീരഘടനയും സ്വഭാവവും (1921) എന്ന തന്റെ പ്രശസ്തകൃതിയുടെ ബീജങ്ങള്‍ ക്രെഷ്മറില് പാകിയതെന്നു കരുതപ്പെടുന്നു.
സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് റ്റ്യൂബിന്ഗെന് (Tubingen) സര്‍വകലാശാലയില്‍ ചേര്‍ന്നു തത്ത്വശാസ്ത്രപഠനം നടത്തിയ ക്രെഷ്മര്‍ രണ്ടു സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയശേഷം അത് ഉപേക്ഷിച്ച് മ്യൂണിച്ച് സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രപഠനം നടത്തി. പിഎച്ച്.ഡി. ബിരുദത്തിനുവേണ്ടി ക്രെഷ്മര്‍ തയ്യാറാക്കിയ പ്രബന്ധം ഇദ്ദേഹത്തിന്റെ ഒരു പ്രൊഫസറുടെയും റോബര്‍ട്ട് ഗൗപ്പ് (Robbert Gaup) എന്ന മനോരോഗ ചികിത്സാവിദഗ്ധന്റെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ഈ രംഗത്തെ ക്രെഷ്മറുടെ ബുദ്ധിവൈഭവം മനസ്സിലാക്കിയ റോബര്‍ട്ട് ഗൗപ്പ് ഒരു സ്ഥിരം ഉദ്യോഗം നല്കി ഇദ്ദേഹത്തെ തന്റെ ചികിത്സാകേന്ദ്രത്തില്‍ നിയമിച്ചു.
മൂന്നുമാസങ്ങള്‍ക്കുശേഷം ക്രെഷ്മര്‍ സ്വയം സൈനിക സേവനം സ്വീകരിച്ചു. സൈനിക ആശുപത്രിയിലെ ഞരമ്പുരോഗ ചികിത്സാവിഭാഗത്തിലായിരുന്നു ജോലി. ഞരമ്പുരോഗത്തെയും ഹിസ്റ്റീരിയയെയും കുറിച്ച് ഇവിടെ നടത്തിയ പഠനങ്ങള്‍ ഹിസ്റ്റീരിയയുടെ അടിസ്ഥാനകാരണങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണത്തിലേക്ക് ഇദ്ദേഹത്തെ നയിച്ചു.
1918-ല്‍ ക്രെഷ്മര്‍ സൈനികസേവനം ഉപേക്ഷിച്ച് റ്റ്യൂബിന്ഗെന് സര്‍വകലാശാലയില്‍ ലക്ചറര്‍ ആയിച്ചേര്‍ന്നു. സാമൂഹിക വ്യവഹാരങ്ങളില്‍ മനോരോഗങ്ങള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ചായിരുന്നു ഇവിടെ ഇദ്ദേഹം പ്രധാനമായും പഠിപ്പിച്ചിരുന്നത്. തന്റെ പഠനങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ വ്യക്തിയുടെ ശരീരഘടനയ്ക്കു അനുസരണമായ വിദ്യാഭ്യാസം മാത്രമേ അയാള്‍ക്കു നല്‍കാവൂ എന്ന് ക്രെഷ്മര്‍ നിഷ്കര്‍ഷിച്ചിരുന്നു. 1919-ഓടുകൂടി ഒരു പ്രശസ്ത എഴുത്തുകാരന് എന്ന ഖ്യാതി ക്രെഷ്മര്ക്കു ലഭിച്ചു.
1926-ല്‍ മര്ബുര്ഗ് (Marburg) സര്‍വകലാശാലയില്‍ മനോരോഗ ചികിത്സാവിഭാഗം പ്രൊഫസറായി ക്രെഷ്മര്‍ നിയമിതനായി. 1946 മുതല്‍ 59 വരെയുള്ള കാലഘട്ടത്തില്‍ ശരീരഘടനാധിഷ്ഠിത ജീവശാസ്ത്രത്തെക്കുറിച്ചും ബാല്യത്തിലും യൗവനത്തിലും ഉണ്ടാകുന്ന മാനസിക രോഗങ്ങളെക്കുറിച്ചും ഉള്ള ഗവേഷണങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടു. ഈ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ രീതിയിലുള്ള മനോരോഗ ചികിത്സാസമ്പ്രദായങ്ങളും ഹിപ്നോസിസ് രീതികളും ആവിഷ്കരിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു.
1964 ഫെ. 8-ന് ടുബിന്ഗെനില് വച്ച് ക്രെഷ്മര്‍ അന്തരിച്ചു.