This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രീഡാബോധന രീതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രീഡാബോധന രീതി

കളികളിലൂടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന മാര്‍ഗം. ജര്‍മന്‍ വിദ്യാഭ്യാസചിന്തകനായ ഫ്രെഡറിക് ഫ്രോബല്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ്. അധ്യാപകന്റെ വിദഗ്ധമായ ആസൂത്രണവും വ്യക്തമായ അവതരണവുമാണ് ഇവിടെ പ്രധാനം.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും കളികള്‍ സഹായകമാണ്. കുട്ടികളെ സംബന്ധിച്ച പഠനത്തിന് വിവരങ്ങള്‍ ശേഖരിക്കാന്‍ മനഃശാസ്ത്രജ്ഞര്‍ കളികള്‍ പ്രയോജനപ്പെടുത്താറുണ്ട്. സാമൂഹികതലത്തിലും കളികളുടെ പ്രാധാന്യം കുറവല്ല. വ്യക്തിത്വത്തിന്റെ പല സവിശേഷതകളും പ്രകടമാകുന്നതിവിടെയാണ്. സാമൂഹികവത്കരണത്തിന്റെയും സഹകരിച്ചുള്ള പ്രവര്‍ത്തനത്തിന്റെയും ബാലപാഠങ്ങള്‍ കളികളിലൂടെ ആരംഭിക്കുന്നു. കളിക്കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതില്‍ നിന്നും മുതിര്‍ന്നവരെ അനുകരിക്കുന്നതില്‍ നിന്നും കുട്ടികളുടെ വികസനഘട്ടവും ഭാവിസാധ്യതകളും അപഗ്രഥിക്കാന്‍ കഴിയും. കളിയിലൂടെ കുട്ടികള്‍ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്നു.

ശിശുക്കളുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് കളിക്ക് ഫ്രോബല്‍ നല്കിയിട്ടുള്ളത്. ഏറ്റവും പരിശുദ്ധവും ആത്മീയ പ്രവൃത്തിയുമായ ഇത് മനുഷ്യജീവിതത്തിന്റെയും ആന്തരിക ചോദനകളുടെയും പ്രതീകമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. സ്വാതന്ത്ര്യം, സന്തോഷം, സംതൃപ്തി എന്നിവയ്ക്കു പുറമേ ആന്തരികവും ബാഹ്യവുമായ വിശ്രമവും സമാധാനവും കളികളിലൂടെ ലഭ്യമാകേണ്ടതുണ്ട്. നന്മകളുടെ ഉറവിടമാണ് കളികള്‍ എന്നും ഫ്രോബല്‍ കരുതിയിരുന്നു. കുട്ടികളിലെ ഭയം, നിരാശ, ഞെരുക്കം, പിരിമുറുക്കം, അസ്വസ്ഥത തുടങ്ങിയവ ഒഴിവാക്കാനും പ്രതീക്ഷയും സന്തോഷവും പകരം നല്കുവാനും ശരിയായി ആസൂത്രണം ചെയ്യുന്ന കളികള്‍ക്ക് കഴിയും. ലക്ഷ്യമില്ലാത്ത കളികളില്‍ നിന്ന് കുട്ടികളെ ഭാവിജീവിതത്തിനുപകരിക്കുന്ന പ്രവൃത്തികളിലേക്കും തദനുരൂപമായ കളികളിലേക്കും പ്രീ-സ്കൂള്‍ ഘട്ടം മുതലേ തിരിച്ചു വിടാന്‍ അധ്യാപകര്‍ ശ്രമിക്കേണ്ടതുണ്ട്.

കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ക്രീഡാമാര്‍ഗം ഉപയോഗിക്കാമെന്ന് കാള്‍ഡ് വെല്‍ കുക്ക് (Carld Well Cook) നിര്‍ദേശിച്ചിരുന്നു. കുട്ടികള്‍ ആത്മാര്‍ഥമായി ഏര്‍പ്പെടുന്ന പ്രവൃത്തിയാണ് കളിയെന്നും അതുകൊണ്ട് അതു മാത്രമാണ് കുട്ടികളെ സംബന്ധിച്ച് യഥാര്‍ഥ പ്രവൃത്തിയെന്നും അദ്ദേഹം കരുതിയിരുന്നു. കാള്‍ഡ് വെല്‍ കുക്ക് കുട്ടികളെ ഷേയ്ക്സിപിയര്‍ നാടകങ്ങള്‍ അഭ്യസിപ്പിച്ചത് അഭിനയത്തിലൂടെയായിരുന്നു. പ്രവൃത്തിയിലും അനുഭവത്തിലും കൂടിയേ യഥാര്‍ഥ അറിവ് ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്നാണ് കുക്കിന്റെ അഭിപ്രായം. ബാഹ്യപ്രേരണ കൂടാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സ്വയം പഠനത്തിനും വിജ്ഞാനാര്‍ജനത്തിനും സഹായകമാണ്.

ക്രീഡാപദ്ധതിയുടെ ചില സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു.

1.കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിലുള്ള താത്പര്യം നിലനിര്‍ത്തുവാനും, വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും വിട്ടു നില്‍ക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പര്യാപ്തമായ രീതിയില്‍ കളികളുടെ രൂപത്തില്‍ പ്രവൃത്തികള്‍ ആവിഷ്കരിച്ച് പഠനം ഉറപ്പു ചെയ്യുന്നു.

2.സ്വതന്ത്രമായ അന്തരീക്ഷത്തില്‍ പഠനം നടക്കുന്നതുകൊണ്ട് ബാഹ്യപ്രേരണ ആവശ്യമായി വരുന്നില്ല.

3.കുട്ടികളുടെ താത്പര്യങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി തികച്ചും അനൌപചാരികമായ രീതിയില്‍ വിജ്ഞാനം പകര്‍ന്നുകൊടുക്കുന്നു.

4.കുട്ടികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ലഭിക്കുന്നു. സംശയങ്ങള്‍ തുറന്നു പ്രകടിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും സന്നദ്ധരാക്കുകയും ചെയ്യുന്നു.

5.പഠനപ്രക്രിയയില്‍ സജീവമായി പങ്കെടുക്കുന്നതുവഴി സ്വന്തം പുരോഗതിയിലും വളര്‍ച്ചയിലും കുട്ടികള്‍ ഭാഗഭാക്കുകളാകുന്നു.

കുട്ടികളുടെ സ്വാഭാവികമായ പെരുമാറ്റരീതിയാണ് കളിയെന്നും ശാരീരികോര്‍ജം ശരിയായി വിനിയോഗിക്കാതിരുന്നാല്‍ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും അതുകൊണ്ട് 'കളിയിലൂടെ വിദ്യാഭ്യാസം' എന്നത് ശരിയായ മാര്‍ഗമാണെന്നും ഗ്രിഫിത്ത് (Griffith) അഭിപ്രായപ്പെട്ടിട്ടുണ്ട്. ഊര്‍ജസ്വലത, മുന്‍കൂട്ടിയുള്ള ചിന്ത, പ്രവര്‍ത്തനശേഷി എന്നിവ പൂര്‍ണമായി ഉപയോഗപ്പടുത്തുന്നതാണ് കളി എന്ന് സ്മിത്തും ഹാരിസണും അഭിപ്രായപ്പെട്ടിരുന്നു. ബുദ്ധിമുട്ടുള്ളതും കാലേക്കൂട്ടി ചിന്തിച്ചുറയ്ക്കേണ്ടതുമാണ് ക്രീഡാമാര്‍ഗത്തിലൂടെയുള്ള വിദ്യാഭ്യാസം. ഈ രീതിയിലുള്ള വിദ്യാലയപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ ആകര്‍ഷകവും അര്‍ഥവത്തും ആക്കുന്നു. എല്ലാ കാര്യങ്ങളും കളിരീതിയിലൂടെ പഠിക്കാന്‍ സാധിച്ചില്ലെന്ന് വരാം. എന്നാല്‍ ചെയ്തേ തീരൂ എന്നുള്ള പ്രവൃത്തികള്‍ സന്തോഷപ്രദമായി നിര്‍വഹിക്കാന്‍ ഈ രീതി അത്യന്തം സഹായകമാണ്.

ക്രീഡാരീതിയുമായി താത്ത്വികമായും പ്രായോഗികമായും ബന്ധപ്പെട്ട പല ആധുനിക വിദ്യാഭ്യാസരീതികളും ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് (1849) ഫ്രോബല്‍ ആവിഷ്കരിച്ച് ജര്‍മനിയില്‍ നടപ്പാക്കിയ കിന്‍ഡെര്‍ഗാര്‍ട്ടന്‍ രീതി. കുട്ടികള്‍ക്കു കളികളിലുള്ള താത്പര്യം ഉപയോഗപ്പെടുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്ന രീതിയാണിത്. വിവിധതരം കളിക്കോപ്പുകളാണ് കിന്‍ഡെര്‍ഗാര്‍ട്ടന്‍ രീതിയുടെ പ്രധാന ഘടകം. ആകൃതി, നിറം, എണ്ണം, തൂക്കം എന്നിവയെ സംബന്ധിച്ചുള്ള അറിവ് എളുപ്പത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഇത്തരം കളിക്കോപ്പുകള്‍ക്ക് കഴിയും. കളിച്ചും പാട്ടു പാടിയും ആടിയും രസിക്കുന്ന കുട്ടികള്‍ അവരറിയാതെ തന്നെ പലതും പഠിക്കുന്നു. പ്രീ-സ്കൂള്‍ ഘട്ടത്തിലാണ് ഈ പദ്ധതി ഏറ്റവും കൂടുതല്‍ അനുരൂപമായിട്ടുള്ളത്. പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള പരിശീലനമാണ് ഇവിടെ പ്രധാനം.

പ്രത്യേകം സംവിധാനം ചെയ്തിട്ടുള്ള ഡിഡാക്റ്റിക് അപ്പാരറ്റസ് (Didactic apparatus) കളിക്കോപ്പുകള്‍ ഉപയോഗിക്കുന്ന കളിരീതിയാണ് മറിയാ മോണ്ടിസോറി ആവിഷ്കരിച്ച മോണ്ടിസോറി (Mondissori) രീതി. കളിക്കോപ്പുകള്‍ ഉപയോഗിച്ച് എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പ്രകൃതിയെക്കുറിച്ചറിയാനും ഈ രീതി കുട്ടികളെ സഹായിക്കുന്നു. കുട്ടികള്‍ സ്വയം കളിക്കുകയും പാഠങ്ങള്‍ അഭ്യസിക്കുകയും തെറ്റ് തിരുത്തുകയുമാണിവിടെ. കുട്ടികള്‍ എപ്പോഴും ഊര്‍ജസ്വലരായിരിക്കും. പ്രീ-സ്കൂള്‍ ഘട്ടത്തിലാണ് ഇത് കൂടുതല്‍ അഭികാമ്യം.

നിശ്ചിതലക്ഷ്യങ്ങളോടെ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പ്രോജക്റ്റ് രീതി, പൂര്‍ണസ്വാതന്ത്ര്യത്തോടെ കുട്ടികള്‍ പരിപാടികള്‍ ആവിഷ്കരിക്കുന്ന ഡാല്‍ട്ടണ്‍ രീതി (Dalton plan), കുട്ടികളെ അന്വേഷണക്കരുക്കളാക്കി മാറ്റുന്ന ഹ്യൂറിസ്റ്റിക് രീതി (Heuristic method), കുട്ടികള്‍ സംഘം ചേര്‍ന്ന് പൊതുതാത്പര്യമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിന്നെറ്റ്കാ രീതി (Winnetka plan) എന്നിവയും ക്രീഡാരീതിയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

വിവിധപാഠ്യവിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ക്രീഡാരീതി ഉപയോഗപ്പെടുത്താറുണ്ട്. നാടകങ്ങള്‍ അഭിനയിപ്പിച്ചും ചര്‍ച്ചകള്‍ നടത്തിയും വാദപ്രതിവാദങ്ങള്‍, പ്രസംഗം, അക്ഷരസ്ലോകം, കഥനം മുതലായ പരിപാടികളില്‍ക്കൂടിയും ഭാഷാഭ്യസനത്തിന് ഈ രീതി പ്രായോഗികമാക്കാം. ടാബ്ളോ, മോഡല്‍ നിര്‍മാണം, ചാര്‍ട്ട് തയ്യാറാക്കല്‍ എന്നിവയിലൂടെ സാമൂഹികപാഠബോധനം മെച്ചപ്പെടുത്താം. തപാലാപ്പീസ്, തീവണ്ടിയാപ്പീസ്, വിമാനത്താവളം, അച്ചടിശാലകള്‍, വ്യവസായശാലകള്‍, കാര്‍ഷികകേന്ദ്രങ്ങള്‍, സുഖവാസസ്ഥലങ്ങള്‍, പൗരാണികകേന്ദ്രങ്ങള്‍, നിയമസഭ, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാര പരിപാടികള്‍ നടത്തി കുട്ടികളെ വിജ്ഞാനസമ്പന്നരാക്കാം. മണിച്ചട്ടങ്ങളും കളിപ്പാട്ടങ്ങളും ഗോലികളും മോഡലുകളും ഗണിതശാസ്ത്രാഭ്യസനത്തില്‍ ഉള്‍പ്പെടുത്താം. സ്കൂള്‍, സഹകരണസംഘം, ബാങ്ക്, തപാലാപ്പീസ്, കമ്പോളം, പോലീസ്സ്റ്റേഷന്‍, റേഷന്‍കട തുടങ്ങിയവയുടെ പ്രവര്‍ത്തനവുമായി കുട്ടികളെ ബന്ധപ്പെടുത്തി നിത്യജീവിതരംഗങ്ങളുമായി പരിചയപ്പെടുത്താം. രസകരങ്ങളായ ഇത്തരം അനുഭവങ്ങള്‍ കുട്ടികളില്‍ എന്നെന്നും തങ്ങിനില്‍ക്കും.

പ്രോഗ്രാംഡ് ലേണിങ് (Programmed learning), റോള്‍പ്ലേ (Role play), സംഘചര്‍ച്ച (Group discussion) തുടങ്ങിയവയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ (Multi media) ഉപയോഗിച്ചുള്ള ആധുനിക സങ്കേതങ്ങള്‍ ക്രീഡാബോധനരീതിയുടെ നൂതന സരണികളാണ്. 'അനുഭവത്തിലൂടെ പഠിപ്പ്' എന്ന ആശയത്തിനാണിവിടെ മുന്‍തൂക്കമെന്നത് ഗുണകരമായ വസ്തുതയാണ്.

(ഡോ. കെ. ശിവദാസന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍