This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്യാരംസ് കളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്യാരംസ് കളി
ഒരു ഗൃഹാന്തര(indoor) വിനോദം. മധ്യകാലഘട്ടംമുതല്‍ പല പാശ്ചാത്യരാജ്യങ്ങളിലും-പ്രത്യേകിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍-സമ്പന്നരുടെ വിനോദമായി ആരംഭിച്ച ബില്ല്യാര്‍ഡ് എന്ന കളിയില്‍ നിന്നാണ് ക്യാരംസ് കളി ഇന്നുകാണുന്ന രീതിയില്‍ രൂപംകൊണ്ടത്. ഈ കളിയുടെ ആരംഭം ചൈനയില്‍ നിന്നാണെന്ന് വാദിക്കുന്നവരുമുണ്ട്. 20-ാം ശതകത്തിന്റെ ആരംഭകാലത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഈ കളി പ്രചരിച്ചുതുടങ്ങി. ആദ്യകാലത്ത് വിദ്യാസമ്പന്നരുടെ ഇടയില്‍മാത്രം ഒതുങ്ങിനിന്നിരുന്ന ഈ വിനോദം ക്രമേണ എല്ലാ വിഭാഗം ആളുകളുടെയിടയിലും പ്രചരിച്ചു.
76 സെ.മീ. ചതുരാകൃതിയില്‍ വളരെ മിനുസപ്പെടുത്തിയ ഒരു തട്ടുപലകയിലാണ് കളി. പലകയുടെ നാലുമൂലകളിലും പോക്കറ്റുകളും നാലുവശത്തും ഏകദേശം 4 സെ.മീ. പൊക്കത്തില്‍ കട്ടിയുള്ള തടികൊണ്ട് വരമ്പു(border)കളുമുണ്ടായിരിക്കും. 8 മില്ലിമീറ്റര്‍ വണ്ണവും 3.5 സെ.മീ. വ്യാസവുമുള്ള 9 വെളുത്ത കോയിനുകളും (coins/draughts)9 കറുത്ത കോയിനുകളും ഇതേ അളവിലുള്ള ഒരു ചുവന്ന കോയിനും ഇവയെക്കാള്‍ കുറച്ചുകൂടി വലുപ്പവും മിനുസവുമുള്ള ഒരു സ്ട്രൈക്കറും (striker) ആണ് ഈ കളിക്കുവേണ്ട മറ്റുപകരണങ്ങള്‍.
ക്യാരംസ് രണ്ടുപേര്‍ തമ്മിലോ രണ്ടുപേര്‍ വീതമുള്ള രണ്ടു ടീമുകള്‍ തമ്മിലോ കളിക്കാം. എതിരാളിയെക്കാളും മുമ്പേ സ്വന്തം കോയിനുകളെ സ്ട്രൈക്കര്‍കൊണ്ട് സമര്‍ഥമായി അടിച്ച് പോക്കറ്റിനുള്ളില്‍ തള്ളുക എന്നതാണ് കളിയുടെ രീതി. വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ചാണ് സ്ട്രൈക്കര്‍ അടിക്കേണ്ടത്. നേരിട്ടു കോയിനുകളില്‍ അടിച്ചോ അല്ലെങ്കില്‍ സ്ട്രൈക്കര്‍ വശങ്ങളില്‍ അടിച്ചുമടക്കി (rebound) കോയിനുകളില്‍ കൊള്ളിച്ചോ പോക്കറ്റിനുള്ളില്‍ വീഴ്ത്താം.
ബോര്‍ഡിന്റെ വശങ്ങളില്‍ 10 സെ.മീ. വിട്ട്, നാലുവശത്തും രണ്ടുഭാഗത്ത് ഓരോ ചെറിയ വൃത്തത്തോടുകൂടിയതും 2.5 സെ.മീ. ഇടവിട്ടുള്ളതുമായ രണ്ടു സമാന്തരവരകള്‍ ഉണ്ടായിരിക്കും. തട്ടുപലകയുടെ ഒത്ത നടുക്ക് ഒരു കോയിന്റെ വലുപ്പത്തിലുള്ള ഒരു ചെറിയ വൃത്തവും അതിന്റെ ചുറ്റിനും 15 സെ.മീ. വ്യാസത്തിലുള്ള ഒരു വലിയ വൃത്തവും അടയാളപ്പെടുത്തിയിരിക്കും. കളിക്കു മുമ്പേ ചെറിയ വൃത്തത്തില്‍ ചുവന്ന കോയിന്‍വച്ച് അതിനു ചുറ്റും വെളുപ്പും കറുപ്പുമുള്ള കോയിനുകള്‍ ഒന്നിടവിട്ട് നിരത്തിവയ്ക്കുന്നു. വെളുത്ത കോയിന്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ടി കളിയാരംഭിക്കുന്നു. സമാന്തരവരകള്‍ക്കുള്ളില്‍ നിന്നാണ് വലിയ വൃത്തത്തില്‍ നിരത്തിവച്ചിട്ടുള്ള കോയിനുകളിലേക്കാണ് സ്ട്രൈക്കര്‍ അടിക്കേണ്ടത്.
ചുവന്ന കോയിന്‍ രണ്ടു വിഭാഗക്കാര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ്. ഓരോ പാര്‍ട്ടിയും മാറിമാറി കളിക്കുന്നു. എന്നാല്‍ ഒരു കളിക്കാരന്‍ ഒരു കോയിന്‍ പോക്കറ്റിലടിച്ചിട്ടാല്‍ തുടര്‍ന്നു വീണ്ടും കളിക്കാം. കളിക്കുന്ന അവസരത്തില്‍ സ്ട്രൈക്കര്‍ പോക്കറ്റില്‍ പോയാല്‍ പിഴ(penalty)യായി അയാളുടെ ഒരു കോയിന്‍ എതിരാളിക്ക് പോക്കറ്റില്‍ നിന്ന് എടുത്ത് വലിയവൃത്തത്തില്‍ വയ്ക്കാം. വീണ്ടും അടിക്കാനുള്ള അയാളുടെ അവസരവും നഷ്ടപ്പെടുന്നു. എന്നാല്‍ സ്ട്രൈക്കറിന്റെ കൂടെ ഒന്നോ അതില്‍ക്കൂടുതലോ സ്വന്തം കോയിനുകള്‍ പോക്കറ്റില്‍ വീണിട്ടുണ്ടെങ്കില്‍ അവ പിഴയായി എതിരാളിക്ക് വലിയവൃത്തത്തില്‍ എടുത്തുവയ്ക്കാമെങ്കിലും വീണ്ടും അടിക്കാനുള്ള അയാളുടെ അവകാശം നഷ്ടപ്പെടുന്നില്ല. അനധികൃതമായി ചുവന്ന കോയിന്‍ പോക്കറ്റില്‍ വീണാന്‍ എതിരാളിക്ക് അതെടുത്ത് ചെറിയ വൃത്തത്തില്‍ വയ്ക്കാം. കളിക്കുന്ന സമയത്ത് കൈ ബോര്‍ഡിലെ വര കടക്കുന്നത് പിഴയ്ക്കു കാരണമാകും.
ഒരു വിഭാഗത്തിന് 29 പോയിന്റ് തികയുന്നതുവരെയാണ് കളിയുടെ ദൈര്‍ഘ്യം. അതുവരെ ഇരുവിഭാഗങ്ങളും മാറിമാറി അടിക്കും. 9 കോയിനുകളും അടിച്ചിടുമ്പോള്‍ ഒരു തവണത്തെ കളി അവസാനിക്കും. എതിരാളിക്ക് അപ്പോള്‍ ബോര്‍ഡില്‍ അവശേഷിക്കുന്ന കോയിനുകള്‍ എത്രയുണ്ടോ അത്രയും പോയിന്റാണ് ആദ്യത്തെ വിഭാഗത്തിന് ആ കളിയില്‍ ലഭിക്കുന്നത്. സ്വന്തം തുട്ടുകള്‍ മുഴുവനും പോക്കറ്റില്‍ വീഴ്ത്തുന്നതിനു മുമ്പ് ചുവന്ന കോയിന്‍കൂടി അയാള്‍ പോക്കറ്റില്‍ ഇട്ടാല്‍ ആ കളിയില്‍ 5 പോയിന്റുകൂടി അയാള്‍ക്കുലഭിക്കും. ചുവപ്പുകോയിന്‍ ആരും പോക്കറ്റില്‍ ഇട്ടില്ലെങ്കില്‍ അതിനു പോയിന്റില്ല. അതുപോലെതന്നെ കളിയില്‍ 24-ഓ അതില്‍ക്കൂടുതലോ പോയിന്റുകള്‍ ഒരാള്‍ നേടിക്കഴിഞ്ഞാല്‍ അയാളെ സംബന്ധിച്ചിടത്തോളം ചുവപ്പു കോയിനു വിലയില്ല.
ഒരു ഗൃഹാന്തര വിനോദമായി ക്യാരംസ് കളിക്ക് വളരെ കൂടുതല്‍ പ്രചാരമുണ്ടെങ്കിലും കായികവിനോദമത്സരവേദിയില്‍ അതിനു കിട്ടിയിട്ടുള്ള ഔദ്യോഗിക അംഗീകാരം തൃപ്തികരമല്ല. ഒരു അംഗീകൃത അന്താരാഷ്ട്രമത്സരം ക്യാരംസ് കളിക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ക്യാരംസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ എന്ന ഒരു സംഘടന ഇപ്പോള്‍ നിലവിലുണ്ടെങ്കിലും മറ്റു കായിക വിനോദമത്സര സംഘടനകള്‍ക്ക് തുല്യമായ സ്ഥാനം ഇതിനില്ല.
(എന്‍. പരമേശ്വരന്‍ നായര്‍)