This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോള്‍ച്ചിക്കം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോള്‍ച്ചിക്കം
Colchicum
ലിലിയേസി സസ്യകുടുംബത്തിലെ ഏകവര്‍ഷിയായ ഒരു ഓഷധി. ഏഷ്യാമൈനറിലെ കോള്‍ച്ചിസ് എന്ന സ്ഥലത്ത് ധാരാളമായി വളരുന്നതുകൊണ്ടാണ് ഇതിനു കോള്‍ച്ചിക്കം എന്ന പേര് ലഭിച്ചത്. മെഡോ സാഫ്റോണ്‍ (Meadow safron), ഓട്ടം ക്രോക്കസ് (Autumn crocus) എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഇംഗ്ലണ്ട്, ഗ്രീസ്, തുര്‍ക്കി, സ്വിറ്റ്സര്‍ലണ്ടിലെ ആല്‍പ്സ് താഴ്വരകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോള്‍ച്ചിക്കം ധാരാളമായുണ്ട്. കോള്‍ച്ചിക്കം ജീനസ്സില്‍ മുപ്പതോളം സ്പീഷീസുകളുണ്ട്. എങ്കിലും കോള്‍ച്ചിക്കം ഓട്ടംനേല്‍ (Colchicum autumnale) എന്നയിനമാണ് സര്‍വസാധാരണം.
കോള്‍ച്ചിക്കത്തിന്റെ ചെറിയ കട്ടിയുള്ള പ്രകന്ദത്തിന് (corm) കോണാകൃതിയാണുള്ളത്. പ്രകന്ദത്തിന്റെ ചുവടുഭാഗത്ത് കടുംതവിട്ടു നിറമുള്ള ധാരാളം വേരുകളുണ്ട്. ഞെടുപ്പില്ലാത്തതും വീതികുറഞ്ഞതുമായ മൂന്നോ നാലോ ഇലകളുണ്ടാകും. കടുംപച്ച നിറത്തില്‍ തിളക്കമുള്ള മാര്‍ദവമേറിയ ഇലയില്‍ മുള്ളുകളുണ്ടാവാറുണ്ട്. ഇലകളുടെ പോളകള്‍ ഘനകന്ദത്തോടു യോജിച്ചിരിക്കുന്നു. ജൂണ്‍ മാസാദ്യത്തോടെ ഇവ കൊഴിഞ്ഞുപോവുകയും ചെയ്യും.
മനോഹരമായ പുഷ്പങ്ങള്‍ വളരെ വലുപ്പമേറിയവയും ഇളം വയലറ്റ് നിറമുള്ളവയുമാണ്. ഇലകളുണ്ടാകുന്നതിനു മുമ്പുതന്നെ ഇവ പുഷ്പിക്കും. ശരത്കാലത്താണിവ പുഷ്പിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ബീജസങ്കലനത്തിനുശേഷം പുഷ്പങ്ങള്‍ ഉണങ്ങും. പുഷ്പങ്ങള്‍ക്ക് കുങ്കുമച്ചെടിയുടെ പുഷ്പങ്ങളോടുള്ള സാദൃശ്യംമൂലം പലപ്പോഴും കോള്‍ച്ചിക്കം കുങ്കുമച്ചെടിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മണ്ണിനടിയിലെ പ്രകന്ദത്തിലുള്ള അണ്ഡാശയം ശീതകാലത്താണ് പൂര്‍ണവളര്‍ച്ചയെത്തുന്നത്. പ്രകന്ദം വലുതാകുകയും ഏപ്രില്‍ ആദ്യത്തോടെ പകുതി പ്രായമെത്തിയ കായ്കളും ഒരു കൂട്ടം ഇലകളും പ്രകന്ദത്തില്‍ നിന്നു പുറത്തേക്കു വരികയും ചെയ്യുന്നു. ജൂണില്‍ കായ്കള്‍ വളര്‍ച്ചയെത്തുന്നതോടെ പ്രകന്ദത്തില്‍നിന്ന് ഒരു പാര്‍ശ്വമുകുളമുണ്ടാകുന്നു. ഈ മുകുളം വളര്‍ന്ന് ഒരു പുതിയ പ്രകന്ദമുണ്ടാകും. ഇതില്‍ നിന്നാണ് ശരത്കാലത്ത് പുഷ്പങ്ങളും വസന്തകാലത്ത് ഇലകളും ഉണ്ടാകാറുള്ളത്. ഇതിനുശേഷം പഴയ പ്രകന്ദം ഉണങ്ങിപ്പോകുന്നു.
കോള്‍ച്ചിക്കത്തിന്റെ ഉണങ്ങിയ പ്രകന്ദത്തിലും കായ്കളിലും നിന്ന് ക്ഷാരഗുണമുള്ള 'കോള്‍ച്ചിസിന്‍' എന്ന ആല്‍ക്കലോയ്ഡ് എടുക്കുന്നു. മാരകവിഷമുണ്ടിതിന്.
എന്നാല്‍ ചെറിയ അളവിലുള്ള കോള്‍ച്ചിസിന്‍ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്നു. ഇത് വാതം, പിത്തം, വില്ലന്‍ചുമ, ബ്രോങ്കയ്റ്റിസ്, ഗുഹ്യരോഗങ്ങള്‍, മലബന്ധം, നാടവിരബാധ, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ഇവയ്ക്ക് മരുന്നുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അര്‍ബുദകലകളില്‍ കോള്‍ച്ചിസിന്റെ പ്രഭാവം പരീക്ഷിച്ചപ്പോള്‍ ഇത് കോശവിഭജനത്തെ ഒരളവില്‍ തടയുന്നതായി കാണാന്‍ കഴിഞ്ഞു. ക്രോമസോമിന്റെ എണ്ണത്തെ ഇരട്ടിപ്പിക്കാനുള്ള കഴിവ് കോല്‍ച്ചിസിനുള്ളതിനാല്‍ പോളിപ്ളോയിഡുകളെ ഉണ്ടാക്കാനുപകരിക്കുന്നുണ്ട്. വിവിധ സസ്യ പ്രജനനരീതികളില്‍ കോള്‍ച്ചിസിന്‍ ഉപയോഗിച്ച് വലുപ്പമേറിയ ഫലങ്ങളും പച്ചക്കറികളും ഉണ്ടാക്കിയെടുക്കാറുണ്ട്.