This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോമി അച്ചന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോമി അച്ചന്
കൊച്ചി രാജാവിന്റെ മന്ത്രി. 17-ാം ശ. മുതല്‍ ഏതാണ്ട് ഒന്നര ശതകക്കാലം കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രിമാര്‍ എന്ന നിലയില്‍ ഭരണത്തില്‍ സൂത്രധാരത്വം വഹിച്ചവരായിരുന്നു പാലിയത്തച്ഛന്മാര്‍. ചേന്ദമംഗലം ദേശത്തെ പ്രസിദ്ധ പ്രഭുകുടുംബമാണ് പാലിയം. പാലിയത്തച്ചന്മാരില്‍ പ്രമുഖന്മാരായിരുന്നു കോമിയച്ചന് I-ഉം II-ഉം. കോമിയച്ചന് ക. 1634-ല്‍ പാലിയം കുടുംബം ഭരിച്ചിരുന്ന "കോംപി' എന്ന കോമിയച്ചന് സമര്‍ഥനായ രാജ്യതന്ത്രജ്ഞനായിരുന്നു. കൊച്ചി രാജകുടുംബത്തില്‍ മൂത്ത താവഴിയും ഇളയ താവഴിയും തമ്മില്‍നടന്ന അധികാരമത്സരത്തില്‍ മൂത്ത താവഴിയുടെ ഭാഗത്തായിരുന്നു കോമിയച്ചന്. ഇളയ താവഴിക്കാരെയും അവരെ സഹായിച്ചിരുന്ന പോര്‍ച്ചുഗീസുകാരെയും തുരത്താതിരുന്നാല് രാജ്യം വിദേശികളുടെ കൈയില്‍ അകപ്പെടുമെന്നുറച്ച കോമിയച്ചന് സന്ദര്‍ഭം വന്നപ്പോള്‍ ഡച്ചുകാരുടെ സഹായം അഭ്യര്‍ഥിച്ചു. 1661 മാ. 12-നു രാത്രി ഡച്ച് കപ്പലില്‍ പ്രവേശിച്ച് വാന്‍ഗൂണ്‍സ് (Vangoens)എന്ന കപ്പിത്താനുമായി ഒരു ഉടമ്പടി ഉണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോമിയച്ചനും മൂത്തതാവഴിയിലെ കേരളവര്‍മ രാജാവുമായി സിലോണില്‍നിന്ന് ഡച്ച് കപ്പല്‍പ്പടയെ കൊണ്ടുവന്നു. കടപ്പുറത്തുണ്ടായ ഘോരയുദ്ധത്തില്‍ പോര്‍ച്ചുഗീസുകാര്‍ പരാജയപ്പെട്ടു. ഒടുവില്‍ തിരുവഞ്ചിക്കുളത്തുണ്ടായ യുദ്ധത്തില്‍ തോറ്റ് അവര്‍ കൊച്ചിയില്‍നിന്ന് എന്നന്നേക്കുമായി പിന്മാറി. കടപ്പുറം യുദ്ധം കഴിഞ്ഞ ഉടനെ മൂത്തതാവഴിയിലെ അവകാശി മഹാരാജാവും കോമിയച്ചന് പ്രധാനമന്ത്രിയുമായി. മന്ത്രിപദവി പാലിയത്തച്ഛന്മാര്ക്കു പാരമ്പര്യം വഴി അനുഭവിക്കത്തക്ക വിധത്തിലായിരുന്നു വ്യവസ്ഥചെയ്തിരുന്നത്. 1809 വരെ പാലിയത്തച്ഛന്മാര്ക്കായിരുന്നു കൊച്ചിയിലെ മന്ത്രിസ്ഥാനം. ഡച്ച് ശില്പ മാതൃകയില്‍ ചേന്ദമംഗലത്ത് പാലിയം വകയായി ഒരു കോവിലകം പണികഴിപ്പിച്ചത് കോമിയച്ചനായിരുന്നു. 1684-ല്‍ കോമിയച്ചന് I അന്തരിച്ചു.
കോമിയച്ചന് II (1730-79). കൊച്ചിരാജ്യത്ത് 29 വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്നു കോമിയച്ചന് II. കാര്യശേഷിയും ഭരണതന്ത്രജ്ഞതയും യുദ്ധസാമര്ഥ്യവുമുള്ള ഒരു സേനാനായകനുമായിരുന്നു ഇദ്ദേഹം.
കൊച്ചിയിലെ ഏറ്റവും പ്രതാപമുള്ള പ്രഭുകുടുംബത്തിന്റെ തലവനായിരുന്നെങ്കിലും ഫ്യൂഡല്‍ പ്രഭുത്വത്തെ തകര്‍ത്ത് കൊച്ചിരാജ്യത്തില്‍ കേന്ദ്രീകൃത ഭരണത്തില്‍ അധിഷ്ഠിതമായ രാജ്യാധിപത്യം സ്ഥാപിക്കുന്നതിന് അതിപ്രധാനമായ പങ്കുവഹിച്ച വ്യക്തിയാണ് കോമി അച്ചന്. 1750-ല്‍ കോമിയച്ചന് മൂപ്പുകിട്ടിയപ്പോള്‍ വേണാട്ടിലെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഒരു സൈന്യം വടക്കോട്ടു നീങ്ങി. ഇതിനെ നേരിടാന്‍ അമ്പലപ്പുഴ, വടക്കുംകൂര്‍, തെക്കുംകൂര്‍ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാര് കോമിയച്ചന്റെ സഹായം തേടി. കൊച്ചിസൈന്യത്തിന്റെ സേനാനായകന് കോമിയച്ചനായിരുന്നു. യുദ്ധത്തില്‍ തിരുവിതാംകൂര്‍ വിജയിച്ചു. കോമിയച്ചനേയും മറ്റു സൈന്യാധിപന്മാരെയും തടവുകാരാക്കി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. കോമിയച്ചന് തിരുവിതാംകൂര്‍ ഇളയ രാജാവുമായി സമ്പര്‍ക്കം പുലര്‍ത്തി. കോമിയച്ചന്റെ ഉപദേശപ്രകാരം തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ 1761-ല്‍ ഒരു സന്ധിയുണ്ടാക്കി. ഇത് കോമിയച്ചന്റെ നയതന്ത്രത്തിന്റെ ഒരു നേട്ടമായിരുന്നു. രണ്ടു രാജ്യങ്ങളുംതമ്മില്‍ സൗഹാര്‍ദത്തില്‍ കഴിയാനുള്ള സന്ധിവ്യവസ്ഥകള്‍ക്കു ദൂരവ്യാപകമായ ഫലമുണ്ടായി. ഹൈദരാലിയും ഡച്ചു ഗവര്‍ണറായ മൂണ്സും ഇദ്ദേഹത്തിന്റെ വ്യക്തമാഹാത്മ്യത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
1779-ല്‍ കോമി അച്ചന് അന്തരിച്ചു.
(പ്രൊഫ. പി.എസ്. വേലായുധന്)