This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊളോസസ് പ്രതിമ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൊളോസസ് പ്രതിമ
Colossus Statue
ഭീമാകാരമായ പ്രതിമാസംരചനയ്ക്കു പൊതുവായുള്ള പേര്. ഗ്രീസിലെ റോഡ്സ് (Rhodes) തുറമുഖത്തിന്റെ മുഖപ്പിലുണ്ടായിരുന്ന സൂര്യദേവ (Helios, the Sun God)ന്റെ പടുകൂറ്റന്‍ പ്രതിമയാണ് പ്രാചീനചരിത്രത്തിലെ അതിപ്രശസ്തമായ കൊളോസസ് പ്രതിമ. റോഡ്സ് തുറമുഖത്തിന്റെ ഉപരോധം (ബി.സി. 305-304) നീക്കിയതിന്റെ സ്മരണയ്ക്കായി വെങ്കലത്തില്‍ തീര്‍ത്ത് കല്ലും ഇരുമ്പും കൊണ്ടു കെട്ടിയുറപ്പിച്ച ഈ പ്രതിമയ്ക്ക് 32 മീ. ഉയരമുണ്ടായിരുന്നു. ഇത് സംവിധാനം ചെയ്തത് ലിന്‍ഡസ് നഗരത്തിലെ കാറെസ് (Chares) എന്ന യവനവാസ്തുശില്പിയാണ്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷം (ബി.സി. 292-280) വേണ്ടിവന്നു. ബി.സി. 224-ല്‍ ഉണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി ഈ പ്രതിമ നിലംപതിച്ചു. 653-ല്‍ അറബികള്‍ റോഡ്സ് ആക്രമിക്കുകയും ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ പ്രതിമയെ തച്ചുടച്ച് ലോഹവിലയ്ക്ക് വില്‍ക്കുകയും ചെയ്തു. ഈ ലോഹഖണ്ഡങ്ങള്‍ കൊണ്ടുപോകുന്നതിന് 900-ത്തില്‍പ്പരം ഒട്ടകങ്ങള്‍ വേണ്ടിവന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
പുരാതനകാലത്തെ സപ്തമഹാദ്ഭുതങ്ങളിലൊന്നാണ് റോഡ്സിലെ കൊളോസസ് പ്രതിമ. ഇത്തരത്തിലുള്ള ബൃഹത്കായമായ പ്രതിമാശില്പങ്ങള്‍ ലോകത്തില്‍ പലയിടത്തും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. തീബ്സിലെ (ഈജിപ്ത്) രണ്ടു മെമ്നോണ്‍ പ്രതിമകള്‍ (പീഠം കൂടാതെയുള്ള ഉയരം 16 മീ.), ഇറ്റലിയിലെ അരോണയ്ക്കടുത്തുള്ള സെന്റ് കാര്‍ളോബോറോമ്യോയുടെ പ്രതിമ (23 മീ.), ന്യൂയോര്‍ക്കിലെ ദീപശിഖ വഹിക്കുന്ന സ്വാതന്ത്ര്യദേവീ പ്രതിമ (46 മീ.), കര്‍ണാടകത്തിലെ ശ്രവണബളഗോളയിലെ ഒറ്റക്കല്‍ ജൈന (ഗോമതേശ്വര) പ്രതിമ (19.5 മീ.), ജപ്പാനിലെ കാകുറയിലുള്ള ഡയബുത്സു (മഹാബുദ്ധ-11.4 മീ.) പ്രതിമ എന്നിവ ഇക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
(അജയ്കുമാര്‍; സ.പ.)