This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊന്‍കൊംബ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊന്‍കൊംബ

Konkomba

നൃത്തം വയ്ക്കുന്ന കൊന്‍കൊംബകള്‍

ആഫ്രിക്കയിലെ ഒരു ജനവിഭാഗം. ജനസംഖ്യ അഞ്ചുലക്ഷത്തോളം വരും. ഘാനയിലെ ടാഗോ (Togo) മലനിരകള്‍ക്കും കുലാവ് (Kulaw) നദിക്കും ഓടി (Oti) സമതലവും ഡാഗോംബാ (Dagomba), ഗോംജ (Gonja) പ്രദേശങ്ങളുമാണ് പൊതുസമൂഹത്തില്‍ നിന്നും പാര്‍ശ്വവത്കരിക്കപ്പെട്ട ഇവരുടെ അധിവാസകേന്ദ്രം. ഓടി പ്രദേശം ഒരു ചതുപ്പുനിലമാണ്. ഇവിടെ വര്‍ഷന്തോറും ഉണ്ടാകാറുള്ള വെള്ളപ്പൊക്കംമൂലം കുന്നിന്‍ചരിവുകളില്‍ ചെറുഗ്രാമങ്ങള്‍ ഉണ്ടാക്കി അവിടെയാണ് കൊന്‍കൊംബകള്‍ താമസിക്കുന്നത്. ഇവര്‍ തങ്ങള്‍ക്ക് ബെക്പോക്പം (Bekpokpam) എന്നും നാടിന് കെക്പോക്പം (Kekpokpam) എന്നും സ്വയം പേരിട്ടിരിക്കുന്നു. കൃഷിയും കന്നുകാലിവളര്‍ത്തലുമാണ് ഇവരുടെ വരുമാനമാര്‍ഗം. കരിമ്പ്, നിലക്കടല, ചീനി, നെല്ല്, ചോളം, തിന എന്നിവ കൃഷിചെയ്യുന്നു. ചെമ്മരിയാട്, കോലാട്, കോഴി തുടങ്ങിയവയെ വളര്‍ത്തുന്നു. മണല്‍ഭിത്തിയും ചരിഞ്ഞ മേല്‍ക്കൂരയുമുള്ള വീടുകളില്‍ കഴിയുന്ന ഇവര്‍ മതവിശ്വാസികളുമാണ്. വോള്‍ട്രായിക് (voltraic) കുടുംബത്തില്‍പ്പെട്ട ഗര്‍ (gur) ഭാഷയുടെ ഒരു ഉപഭാഷയായ കെക്പോക്പം ആണ് ഇവരുടെ വ്യവഹാരഭാഷ. ഗോത്രവര്‍ഗാധിഷ്ഠിതമായ ജീവിതചര്യകള്‍ കാത്തുസൂക്ഷിക്കുവാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. 1990-കളോടെ ഭൂമിക്കും രാഷ്ട്രീയ അടിച്ചമര്‍ത്തലിനുമെതിരെയുള്ള ഇവരുടെ പല പോരാട്ടങ്ങളും രക്തരചിതമായി കലാശിക്കുകയായിരുന്നു. 1994-95 കാലയളവിലുണ്ടായ സംഘട്ടനത്തില്‍ 2,000 പേര്‍ മരിക്കുകയും 2,00,000 പേര്‍ പലായനത്തിനിരയാവുകയും ചെയ്തു. 2002-ല്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഘാനയില്‍ പ്രസിഡന്റ് കുഫോര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍