This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊക്കപ്പുഴു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൊക്കപ്പുഴു
Hook worm
മനുഷ്യന്റെ ചെറുകുടലില്‍ പരാദമായി കാണപ്പെടുന്ന ഉപദ്രവകാരിയായ ഒരിനം ഉരുളന്‍ വിര. അസ്കാരിസ് കഴിഞ്ഞാല്‍ മനുഷ്യരെ ഏറ്റവുമധികം ബാധിക്കുന്ന രണ്ടാമത്തെ വിരയാണ് കൊക്കപ്പുഴുക്കള്‍. നിമാറ്റൊഡ ജന്തുഗോത്രത്തിലെ ആന്‍കൈലോസ്റ്റോമിഡേ കുടുംബത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊക്കപ്പുഴുവിന്റെ രണ്ടു പ്രധാന സ്പീഷീസുകളാണുള്ളത്. അമേരിക്കന്‍ സ്പീഷീസായ നെക്കാറ്റര്‍ അമേരിക്കാനസും യൂറോപ്യന്‍ സ്പീഷീസായ ആന്‍കൈലോസ്റ്റോമ ഡൂവോഡിനേലും. പട്ടി, പൂച്ച എന്നീ മൃഗങ്ങളുടെ ചെറുകുടലില്‍ കാണപ്പെടുന്ന ആന്‍കൈലോസ്റ്റോമ ബ്രസീലിയെന്‍സ് എന്ന മറ്റൊരിനത്തെപ്പറ്റിയും ശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിക്കാണുന്നു. വളരെ അപൂര്‍വമായി ഇവ മനുഷ്യരിലും കാണപ്പെടുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കൊക്കപ്പുഴുവിന്റെ ഏതെങ്കിലും ഒരിനത്തെ കണ്ടുവരുന്നുണ്ട്.
ഉരുണ്ട ശരീരമുള്ള കൊക്കപ്പുഴുവിന് ഒരു സെന്റിമീറ്ററില്‍ അധികം നീളം ഉണ്ടാവാറില്ല. തല ചെറുതായി വളഞ്ഞ് കൊളുത്തിന്റെ ആകൃതിയിലുള്ളതിനാലാണ് ഈ പേരുവന്നത്. വലിയ വായും വദനഗഹ്വരവുമാണ് ഇവയ്ക്കുള്ളത്. വായ്ക്കുള്ളില്‍ കൈറ്റിനില്‍ നിര്‍മിതമായ ദന്തസമാനപ്ളേറ്റുകളുണ്ട്. ഇതിന്റെ സഹായത്താലാണിവ ചെറുകുടലിന്റെ ചര്‍മസ്തരത്തെ ആക്രമിക്കുന്നത്. പചനവ്യൂഹം നീണ്ടതാണ്. കൊക്കപ്പുഴുക്കളില്‍ ലിംഗവ്യത്യാസം ദൃശ്യമാണ്. ആണ്‍പുഴുക്കളുടെ ശരീരത്തിന്റെ പിന്നറ്റത്തായി ഏതാണ്ടൊരു വിശറിയുടെ ആകൃതിയിലുള്ള പ്രജനനാവയവം കാണപ്പെടുന്നു.
മനുഷ്യരുടെയും മറ്റു സസ്തനികളുടെയും ചെറുകുടല്‍ഭിത്തി തുരന്നാണിവ തൂങ്ങിക്കിടക്കാറുള്ളത്. എന്നാല്‍ കുടലില്‍ നിന്നും ഭക്ഷണപദാര്‍ഥങ്ങള്‍ ഇവ വലിച്ചെടുക്കാറില്ല. അതിനുപകരം കുടല്‍ഭിത്തിയില്‍ മുറിവേല്‍പ്പിച്ചു രക്തം വലിച്ചു കുടിക്കുന്നു. ഒരു സ്ഥലത്തു നിന്നും മാറി മറ്റൊരുസ്ഥലത്ത് ഇവ വീണ്ടും മുറിവേല്‍പ്പിക്കുന്നു. ഇതിന്റെ ഫലമായി കുടലില്‍ ചെറിയ തോതില്‍ രക്തസ്രാവം ഉണ്ടാവാറുണ്ട്. ഇപ്രകാരം കുടലിനെ ആകമാനം തകരാറിലാക്കാന്‍ ഇവയ്ക്കു കഴിയും. ഇത് ചെറുകുടലില്‍ ഉപേക്ഷിക്കുന്ന വിസര്‍ജന വസ്തുക്കളും ഹാനികരമാണ്. കൊക്കപ്പുഴുവിന്റെ ആക്രമണംമൂലം അനീമിയയും മനുഷ്യരില്‍ പിടിപെടാറുണ്ട്. കൊക്കപ്പുഴുബാധമൂലം വിളര്‍ച്ചയുണ്ടാകുന്ന രോഗാവസ്ഥ ആന്‍കൈലോസ്റ്റോമിയാസിസ് എന്നാണറിയപ്പെടുന്നത്.
രണ്ടിനം കൊക്കപ്പുഴുക്കളുടെയും ജീവിതചക്രം ഏതാണ്ടു സമാനമാണ്. നെക്കാറ്റര്‍ സ്പീഷീസ് ഒരു ദിവസം പതിനായിരം മുട്ടവരെ ഇടുന്നു; ആന്‍കൈലോസ്റ്റോമ പതിനയ്യായിരം വരെ മുട്ടകള്‍ ഇടും. കൊക്കപ്പുഴുവിന്റെ പരപോഷി(Host)യുടെ മലത്തിലൂടെ ഈ മുട്ടകള്‍ പുറത്തുവരുന്നു. തുറസായ സ്ഥലങ്ങളില്‍ മലശോധന നടത്തുന്നതുമൂലം ഇവയുടെ മുട്ടകള്‍ മണ്ണില്‍പരക്കുന്നു. അനുകൂലപരിതഃസ്ഥിതിയില്‍ 24 മണിക്കൂറിനകം മുട്ടകള്‍വിരിയും. മുട്ടവിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ രണ്ടു പ്രാവശ്യം പടം പൊഴിക്കുന്നു. ഇവ മനുഷ്യരുടെ തൊലി തുരന്നാണ് ഉള്ളിലെത്തുന്നത്. പാദരക്ഷകള്‍ ഉപയോഗിക്കാത്തവരുടെ പാദങ്ങളിലൂടെയാണിവ കൂടുതലായും ശരീരത്തിനുള്ളിലെത്തുന്നത്. ശരീരത്തിനുള്ളിലെത്തുന്ന ലാര്‍വകള്‍ നേരെ രക്തത്തിലേക്കാണു കടക്കുന്നത്. രക്തത്തിലൂടെ ഇത് ശ്വാസകോശങ്ങളുടെ അറകളില്‍ എത്തിച്ചേരുന്നു. ശ്വാസകോശങ്ങളില്‍ നിന്നും ശ്വാസനാളിവഴി തൊണ്ടയിലും അവിടെ നിന്നു അവസാനം ചെറുകുടലിലും കടന്നുകൂടുന്നു.
കൊക്കപ്പുഴുവിന്റെ ലാര്‍വകള്‍ തുരന്നു കയറുന്ന കാല്‍പ്പാദത്തിന്റെ ഭാഗങ്ങളില്‍ ഒരുതരം ചര്‍മരോഗം പിടിപെടാറുണ്ട്. 'ഡ്യൂ ഇച്ച്' എന്നറിയപ്പെടുന്ന ഈ രോഗത്തിന്റെ പ്രധാനലക്ഷണം കഠിനമായ ചൊറിച്ചിലാണ്. മനുഷ്യരുടെ മലപരിശോധനയിലൂടെ കൊക്കപ്പുഴുവിന്റെ സാന്നിധ്യം മനസ്സിലാക്കാം. ഒരു ഗ്രാം മലത്തില്‍ അമ്പതോളം മുട്ടകള്‍ കണ്ടെത്തിയാല്‍ കൊക്കപ്പുഴുബാധയുണ്ടെന്നു തീരുമാനിക്കാം. ടെട്രാക്ളോറെത്തീലിന്‍ എന്ന ഔഷധം ഇതിനു ഫലപ്രദമായ ഒരു നിവാരണകാരിയാണെന്ന് കരുതപ്പെടുന്നു. പട്ടി, പൂച്ച എന്നിവയിലെ കൊക്കപ്പുഴുരോഗത്തിനു തയാവെന്‍ഡഡോള്‍ മരുന്നു നല്‍കാറുണ്ട്. തുറസ്സായ സ്ഥലത്തു മലവിസര്‍ജനം ഒഴിവാക്കുകയും സാനിറ്ററി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പാദരക്ഷകള്‍ ധരിക്കുകയും ചെയ്താല്‍ കൊക്കപ്പുഴുബാധയില്‍ നിന്നും രക്ഷനേടാന്‍ കഴിയുന്നതാണ്. നോ. അസ്കാരിസ്