This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരളസാഹിത്യ ചരിത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കേരളസാഹിത്യ ചരിത്രം
മഹാകവി ഉള്ളൂര്‍ ദീര്‍ഘകാലത്തെ പരിശ്രമത്തിന്റെ ഫലമായി അഞ്ചു വാല്യങ്ങളിലായി സംവിധാനം ചെയ്തു രചിച്ച ഒരു ബൃഹത് സാഹിത്യചരിത്രഗ്രന്ഥം. ഉള്ളൂരിന്റെ ശാശ്വതയശസ്സിനു കാരണമായ ഇതിന്റെ ആദ്യത്തെ വാല്യം 1953 ജൂണിലും അഞ്ചാമത്തെ വാല്യം 1957 ആഗസ്റ്റിലും പ്രസിദ്ധീകരിച്ചു. ആകെ 64 അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിലെ ഏഴ് അധ്യായങ്ങള്‍ പൂര്‍ണമായും കേരളത്തിലെ സംസ്കൃതസാഹിത്യത്തിന്റെ ചരിത്രത്തിനാണ് വിനിയോഗിച്ചിട്ടുള്ളത്. കേരളത്തിലെ പ്രഥമഗണനീയന്മാരായ കവി മൂര്‍ധന്യന്മാരില്‍ ശങ്കരാചാര്യര്‍, വില്വമംഗലത്തു സ്വാമിയാര്‍, മേല്പുത്തൂര്‍ നാരായണഭട്ടതിരി മുതലായവര്‍ സംസ്കൃതത്തില്‍ മാത്രമേ ഗ്രന്ഥങ്ങള്‍ നിര്‍മിച്ചിട്ടുള്ളൂ എന്നും അവരെ അകറ്റി നിര്‍ത്തിയാല്‍ സാഹിത്യ സാമ്രാജ്യത്തില്‍ കേരളത്തിനുള്ള യഥാര്‍ഥസ്ഥാനമെന്തെന്ന് അനുവാചകര്‍ക്ക് ഗ്രഹിക്കാനാവില്ലെന്നും ആണ് ഉള്ളൂരിന്റെ അഭിപ്രായം. ഏതായാലും മറ്റു പല സാഹിത്യചരിത്രകൃതികളെ അപേക്ഷിച്ച് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിനുള്ള ഒരു സവിശേഷതയാണ് കേരളീയ സംസ്കൃതസാഹിത്യ ചരിത്രവും സുവിശദമായി ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട് എന്നത്.
ആകെയുള്ള അഞ്ചു വാല്യങ്ങളില്‍ ഒന്നാം വാല്യത്തില്‍ ഗവേഷകനും ബഹുഭാഷാപണ്ഡിതനുമായ ഉള്ളൂര്‍ ഒളിചിതറി നില്ക്കുന്നതായി കാണാം. ഒന്നാമധ്യായത്തില്‍ ഭാഷ, അക്ഷരമാല, സാഹിത്യം എന്നിവയെക്കുറിച്ചൊക്കെ നിര്‍വചനരൂപത്തില്‍ എഴുതിയശേഷം രണ്ടാമധ്യായത്തില്‍ ദ്രാവിഡം, ദ്രാവിഡഭാഷകള്‍, ദക്ഷിണഭാരതത്തിലെ ആദിമഭാഷ, ആര്യന്മാരും ദ്രാവിഡഭാഷകളും, പഴന്തമിഴ്, ദ്രാവിഡം സംസ്കൃതഭവമോ എന്നീ ശീര്‍ഷകങ്ങളിലായി സുപ്രധാനങ്ങളായ വിഷയങ്ങള്‍ ചര്‍ച്ചചെയ്തിരിക്കുന്നു. ഒടുവില്‍ ദ്രാവിഡവും സംസ്കൃതവും ഏകഗോത്രത്തില്‍പ്പെട്ട ഭാഷകള്‍ അല്ല എന്ന് ഒമ്പതു കാരണങ്ങള്‍ അക്കമിട്ട് കാണിച്ച് ഇദ്ദേഹം സമര്‍ഥിച്ചിരിക്കുന്നു. തുടര്‍ന്ന് മൂന്നാമധ്യായത്തില്‍, മലയാളഭാഷയുടെ ഉത്പത്തിയെപ്പറ്റിയുള്ള ചര്‍ച്ചയാണ് നടത്തുന്നത്. ഈ വിഷയത്തില്‍ മുന്‍ഗാമികള്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളെയെല്ലാം പരിശോധിച്ച് ഉള്ളൂര്‍ ഒരു നിഗമനത്തിലെത്തിച്ചേരുന്നു. പഴന്തമിഴ് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെ മുമ്പു പിരിഞ്ഞു എന്നും ദക്ഷിണദ്രാവിഡത്തിലെ കൊടുന്തമിഴിന്റെ ഒരു രൂപഭേദം ക്രമേണ മലയാളഭാഷയായി പരിണമിച്ചു എന്നുമാണ് ഇദ്ദേഹത്തിന്റെ നിഗമനം.
നാലാം വാല്യത്തില്‍ വെണ്‍മണി കവികളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും കൊട്ടാരത്തില്‍ ശങ്കുണ്ണിയും കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും ഒക്കെ ചേര്‍ന്ന് മലയാള ഭാഷയ്ക്ക് നല്‍കിയ സേവനങ്ങളും ചിരസ്ഥായി സാഹിത്യ സൃഷ്ടികളും ചര്‍ച്ച ചെയ്യപ്പെടുന്നു.
അഞ്ചാം വാല്യത്തില്‍ ഗദ്യമായും പദ്യമായും മലയാളഭാഷ ആര്‍ജിച്ച വളര്‍ച്ചയുടെ നിര്‍ണായക ഘട്ടമാണ് പ്രതിപാദിക്കുന്നത്. ആശാനും ചങ്ങമ്പുഴയും തുടങ്ങി പദ്യരചയിതാക്കളെ വിമര്‍ശന ബുദ്ധ്യാ സമീപിക്കുമ്പോള്‍, ചന്തുമേനോനും കുഞ്ഞിരാമന്‍ നായനാരും മൂര്‍ക്കോത്ത് കുമാരനും ഗദ്യസാഹിത്യത്തില്‍ ചെയ്ത നവോത്ഥാനത്തിന്റെ സ്ഫുലിംഗങ്ങളും കാണാതെ പോകുന്നില്ല.
മറ്റുള്ളവരുടെ വാദങ്ങളെ പുച്ഛിച്ചുതള്ളാതെ, അവര്‍ക്ക് അര്‍ഹമായ പരിഗണന നല്കി, യുക്തിയുടെ വെളിച്ചത്തില്‍ നിരാകരിക്കേണ്ടവയെ നിരാകരിച്ച് സ്വന്തം നിഗമനത്തില്‍ എത്തിച്ചേരുന്നതില്‍ ഉള്ളൂര്‍ പ്രകടിപ്പിക്കുന്ന കുലീനത മാതൃകാപരമാണ്. ഒന്നാം വാല്യത്തിലെ ലീലാതിലക നിരൂപണം, ഉണ്ണുനീലിസന്ദേശനിരൂപണം തുടങ്ങിയവ ഈ സവിശേഷതകള്‍ക്കു മകുടോദാഹരണങ്ങളാണ്.
ഒന്നാം വാല്യത്തിന്റെ ഘനഗംഭീരത മറ്റുവാല്യങ്ങള്‍ക്ക് അവകാശപ്പെട്ടുകൂടാ. അതങ്ങനെ സംഭവിക്കാനേ നിവൃത്തിയുള്ളൂതാനും. ഗവേഷണപരവും ഭാഷാപാണ്ഡിത്യപരവുമായ കഴിവുകള്‍ ഒന്നാം വാല്യത്തിനുശേഷം പ്രകടിപ്പിക്കേണ്ട സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരുന്നു. എഴുത്തുകാരെക്കുറിച്ചും അവരുടെ കൃതികളക്കുറിച്ചും നാതിവിസ്തൃതങ്ങളായ വിവരണങ്ങളേ രണ്ടാം വാല്യം മുതല്ക്കുള്ളൂ. ഗ്രന്ഥകാരെക്കുറിച്ചറിയാവുന്ന വസ്തുതകള്‍, കൃതികളുടെ നാമനിര്‍ദേശം, ലഘുവിവരണം, ചില ഉദാഹരണങ്ങളുടെ ഉദ്ധരണം എന്ന ഒരു രീതിയാണ് ഉള്ളൂര്‍ സാമാന്യേന കൈക്കൊണ്ടിട്ടുള്ളത്. ജീവിച്ചിരിക്കുന്ന എഴുത്തുകാരെ ഒഴിവാക്കുക എന്ന നയം സാഹിത്യ ചരിത്രത്തിന് സമഗ്രത കൈവരുത്തുന്നതില്‍ ഒരു തടസ്സമായി നിന്നില്ലേ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. തന്റെ കാലത്തു ജീവിച്ചിരുന്ന വള്ളത്തോളിനെക്കുറിച്ച് ഒന്നും പ്രസ്താവിച്ചിട്ടില്ല. വള്ളത്തോളിനുശേഷം കാവ്യരംഗത്തേക്കു കടന്നുവന്നു മണ്‍മറഞ്ഞ ചങ്ങമ്പുഴയെക്കുറിച്ച് ഏറെയെഴുതിയിരിക്കുന്നുവെന്നത് ഈ അസമഗ്രതയ്ക്ക് ഒരു ഉദാഹരണമാണ്.
ഉള്ളൂരിന്റെ സാഹിത്യചരിത്രത്തില്‍ നിരൂപണാംശം വളരെക്കുറഞ്ഞുപോയി എന്ന ഒരു പരാതിയുണ്ട്. സാഹിത്യചരിത്രകാരനു കൃതികളുടെ ലഘുവിവരണം നല്കാനേ ബാധ്യതയുള്ളൂ എന്നാണ് ഉള്ളൂരിന്റെ സമീപനമെന്നു തോന്നുന്നു. ഉള്ളൂരിന്റെ ഓജസ്സുറ്റ ഗദ്യശൈലിയുടെ ഉത്തമനിദര്‍ശനമായ ഈ കൃതി മലയാളഭാഷയ്ക്കു ലഭിച്ച ഒരു അനര്‍ഘസംഭാവനയാണ്.
(പ്രൊഫ. എ.പി.പി. നമ്പൂതിരി)