This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളപാണിനീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളപാണിനീയം

മലയാള വ്യാകരണഗ്രന്ഥം. ഇതിന്റെ രചനയിലൂടെ 'കേരളപാണിനി' എന്നു പ്രസിദ്ധനായിത്തീര്‍ന്ന ഏ. ആര്‍. രാജരാജവര്‍മകോയിത്തമ്പുരാന്‍ ആദ്യം 1895-ലും- പിന്നീടു രണ്ടാംപതിപ്പായി 1916-ലും ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. പേരിലല്ലാതെ ഒന്നാം പതിപ്പുമായി രണ്ടാം പതിപ്പിനു കാര്യമായ ബന്ധം ഇല്ലെന്നു തമ്പുരാന്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പാണിനിമഹര്‍ഷിയുടെ മാതൃക മുമ്പില്‍ വച്ചുകൊണ്ടു സൂത്രരൂപത്തില്‍ വിരചിതമായ ഒന്നാം പതിപ്പ് 'അഭ്യൂഹിക' പ്രസ്ഥാനത്തില്‍പ്പെടുന്നു. സൂത്രവൃത്തിഭാഷ്യാത്മകമാണ് അത്. 'ഇപ്പുസ്തകത്തില്‍ ശരീരഭൂതമായതു വൃത്തി എന്ന ഭാഗമാകുന്നു. ഭാഷ്യം പ്രായേണ അധ്യാപകന്മാരുടെ ദൃഷ്ടിക്കുമാത്രമായി ഉദ്ദേശിക്കപ്പെട്ടതാണ്' എന്ന് ഗ്രന്ഥകര്‍ത്താവുതന്നെ പ്രസ്താവിച്ചു കാണുന്നു. കൊല്ലവര്‍ഷം 1071-ല്‍ പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥം ശിക്ഷ, പരിനിഷ്ഠ, ആകാംക്ഷ, നിരുക്തി എന്നു നാലു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കാരികകളുടെ രൂപത്തിലാണ് രണ്ടാം കേരളപാണിനീയത്തിന്റെ രചന. ഭാഷാചരിത്രം കണക്കിലെടുത്ത് 'ആഗമിക' സമ്പ്രദായത്തിലാണ് ഈ ഗ്രന്ഥത്തിന്റെ നിര്‍മാണം. കൊല്ലവര്‍ഷം 1092-ല്‍ ഇത് പ്രസിദ്ധീകൃതമായി. മലയാളഭാഷയുടെ ഉത്പത്തി, മലയാളവും തമിഴുമായുള്ള ബന്ധം, തമിഴിന്റെ സഹോദരിയായ മലയാളത്തിനുള്ള സ്ഥാനം, മലയാളഭാഷ പ്രാചീനകാലത്തു സംസാരിച്ചിരുന്ന പ്രദേശങ്ങള്‍, ഒരു പൊതുഭാഷാരൂപത്തില്‍ നിന്നു വേറിട്ടു മലയാളം അതിന്റെ തനി രൂപത്തിലേക്കു നീങ്ങിത്തുടങ്ങിയ ഘട്ടങ്ങള്‍, മലയാളഭാഷയ്ക്കു സ്വന്തമായുള്ള വ്യാകരണ പ്രത്യേകതകള്‍ തുടങ്ങിയ വിഷയങ്ങള്‍ വിദഗ്ധമായി പ്രതിപാദിച്ചിട്ടുള്ള ഇതിന്റെ പീഠിക സ്വയമൊരു ഭാഷാശാസ്ത്രപ്രബന്ധമാണ്. ഇതിനു ശേഷം ഏഴു പ്രകരണങ്ങളിലായി മലയാള വ്യാകരണത്തിന്റെ സമഗ്രപ്രതിപാദനവും പരിശിഷ്ടമായി ഒരു ധാതുകോശവും ഉണ്ട്. സന്ധിപ്രകരണം, നാമാധികാരം, ധാത്വധികാരം, ഭേദകാധികാരം, നിപാതാവ്യയാധികാരം, ആകാംക്ഷാധികാരം, ശബ്ദോത്പത്തി എന്നീ അധികാരങ്ങളിലായി 194 കാരികകളാണ് കേരളപാണിനീയത്തിന്റെ ഉള്ളടക്കം. എല്ലായിടത്തും ഉദാഹരണങ്ങളും വേണ്ടിടത്ത് ഉപരിചര്‍ച്ചകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പൂര്‍വവൈയാകരണന്മാര്‍ അംഗീകരിച്ചിരുന്ന ഛന്ദസ്, അലങ്കാരം എന്നിവയെ വിട്ടുകളയുക; സംസ്കൃത വ്യാകരണവും ഭാഷാവ്യാകരണവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാതിരിക്കുക; നാമം, കൃതി, ഭേദകം, നിപാതം , അവ്യയം എന്നിങ്ങനെ ശബ്ദങ്ങളെ വിഭജിക്കുക; ഗതികള്‍ അനുപ്രയോഗങ്ങള്‍, വിഭക്ത്യാഭാസങ്ങള്‍ മുതലായ ശബ്ദസമൂഹങ്ങള്‍ ഉണ്ടെന്നു വ്യവസ്ഥാപനം ചെയ്യുക ഇങ്ങനെ പല പരിഷ്കാരങ്ങളും വരുത്തി ഭാഷാവ്യാകരണത്തിന്റെ സമഞ്ജസവും സമ്പൂര്‍ണവുമായ സ്വരൂപം വ്യവസ്ഥാപനം ചെയ്ത ഗ്രന്ഥം എന്ന നിലയില്‍ ഈ കൃതി പ്രാധാന്യം അര്‍ഹിക്കുന്നു.

കേരളപാണിനീയത്തിന്റെ രചനയില്‍ രാജരാജവര്‍മ മലയാളഭാഷയെ ഇതര ദ്രാവിഡ ഭാഷകളുടെയും സംസ്കൃതത്തിന്റെയും പശ്ചാത്തലത്തില്‍ പരിശോധിച്ചിട്ടുണ്ട്. കോള്‍ഡ്വെല്ലിന്റെ താരതമ്യാത്മക ദ്രാവിഡവ്യാകരണം (A Comparative grammar of the Dravidiam Languages), ഗുണ്ടര്‍ട്ടിന്റെ മലയാളവ്യാകരണം, ലീലാതിലകം, കോവുണ്ണി നെടുങ്ങാടിയുടെ കേരളകൗമുദി മുതലായ പൂര്‍വവ്യാകരണങ്ങള്‍ ഇദ്ദേഹത്തിന്റെ സശ്രദ്ധമായ പഠനത്തിനും വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്. കോള്‍ഡ്വെല്ലിന്റെ വ്യാകരണത്തോടുള്ള കടപ്പാട് വ്യക്തവുമാണ്. എന്നാല്‍ കോള്‍ഡ്വെല്‍ മുഖ്യമായി ഒരു തമിഴ്വ്യാകരണരചനയ്ക്കിടയ്ക്കു അങ്ങിങ്ങായി ഏതാനും മലയാള വ്യാകരണവസ്തുതകള്‍കൂടി പറഞ്ഞുപോയിട്ടേയുള്ളൂ. ഏ. ആറിന്റെ വ്യാകരണമാകട്ടെ സമഗ്രമായ ഒരു മലയാള വ്യാകരണം തന്നെ. നാമവിശേഷണം മുതലായ അധികരണങ്ങളില്‍ സ്വന്തമായ നിലപാട് ഇദ്ദേഹം സ്വീകരിക്കുന്നുമുണ്ട്. അതുപോലെ മലയാളത്തിലെ കര്‍മണിപ്രയോഗത്തിന്റെ അസാധുത ചൂണ്ടിക്കാണിച്ചിട്ടുള്ളതു വളരെ ശ്രദ്ധേയമാണ്. കേരളപാണിനീയത്തിലെ ചില നിഗമനങ്ങള്‍ പില്ക്കാലത്ത് ഭിന്നാഭിപ്രായങ്ങള്‍ക്ക് ഇടനല്കിയിട്ടുണ്ട്. പക്ഷേ മലയാളത്തിന്റെ ഏറ്റവും പ്രാമാണികമായ വ്യാകരണം എന്ന ഇതിന്റെ പദവിക്ക് ഇന്നുവരെ കോട്ടം തട്ടിയിട്ടില്ല. കേരളത്തിലും പുറത്തും മലയാളവ്യാകരണത്തിന്റെ മുഖ്യ പാഠ്യഗ്രന്ഥമായി കോളജുകളില്‍ പഠിപ്പിക്കുന്നതും ഈ ഗ്രന്ഥം തന്നെ. ഈ ഗ്രന്ഥത്തിന് പല പതിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.

(ഡോ. കെ. രാഘവന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍