This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേന്ദ്രീയ വിദ്യാലയങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേന്ദ്രീയ വിദ്യാലയങ്ങള്‍

ഏകീകൃത പാഠ്യപദ്ധതിയനുസരിച്ചു രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍. സ്കൂള്‍ വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഓരോ സംസ്ഥാനത്തിലെയും വിദ്യാഭ്യാസ രീതി വ്യത്യസ്തമാണ്. ബോധന മാധ്യമം, പാഠ്യ വിഷയങ്ങള്‍, പാഠ്യക്രമം എന്നിവയിലെല്ലാം ഗണ്യമായ വൈവിധ്യമാണുള്ളത്. അതിനാല്‍ ഏതെങ്കിലും കാരണവശാല്‍ മറ്റൊരു സംസ്ഥാനത്ത് തുടര്‍ന്നു പഠിക്കാന്‍ നിര്‍ബന്ധിതരാവുന്ന കുട്ടികള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനിടവരുന്നു. കൂടെക്കൂടെ സ്ഥലം മാറ്റത്തിനു വിധേയരാകുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നം ഗുരുതരമായി അനുഭവപ്പെട്ടു. ഇക്കൂട്ടരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി, പൊതു പാഠ്യക്രമവും പൊതു ബോധന മാധ്യമവുമുള്ള വിദ്യാലയങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് രണ്ടാം കേന്ദ്രീയ ശമ്പളക്കമ്മിഷനാണ്. ഇത്തരത്തിലുള്ള സ്കൂളുകള്‍ രാജ്യത്തിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും സ്ഥാപിക്കണം എന്നുള്ള കമ്മിഷന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും അതിനുള്ള നടപടികള്‍ സത്വരമായി കൈക്കൊള്ളുകയും ചെയ്തു . അങ്ങനെ 1962 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയുടെ ഫലമായിട്ടാണ് ഇന്ത്യയില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ (Central Schools) സ്ഥാപിതമായത്.


ആദ്യപടിയായി, പ്രതിരോധസേനാവിഭാഗങ്ങള്‍ കേന്ദ്രീകരിച്ചിരുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുപോന്ന 20 റെജിമെന്റല്‍ സ്കൂളുകള്‍ 1963-64-ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്ന പേരില്‍ നടത്തിത്തുടങ്ങി. തുടര്‍ന്ന് 1964-65-ല്‍ 36 കേന്ദ്രീയ വിദ്യാലയങ്ങളും 1965-66-ല്‍ 28 വിദ്യാലയങ്ങളും പുതുതായി സ്ഥാപിക്കപ്പെട്ടു. അങ്ങനെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം വര്‍ഷന്തോറും വര്‍ധിച്ചുവരികയും, ഏതാണ്ട് അഞ്ചു പതിറ്റാണ്ടുകൊണ്ട് (2011) ഇവയുടെ എണ്ണം 1087 ആവുകയും ചെയ്തിരിക്കുന്നു.

ആരംഭത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയ വിഭാഗം (Central Schools Unit) ആണ് ഈ വിദ്യാലയങ്ങളുടെ ഭരണം നടത്തിയിരുന്നത്. എന്നാല്‍ വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിച്ചു വന്നതോടെ ഇവയുടെ ഭരണത്തിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സ്വയംഭരണാവകാശമുള്ള ഒരു സംഘടന രൂപവത്കരിക്കേണ്ടതിന്റെ ആവശ്യം ബോധ്യമായതിന്റെ ഫലമായി 1860-ലെ 'സൊസൈറ്റീസ് രജിസ്റ്റ്രേഷന്‍ ആക്റ്റ്' അനുസരിച്ചു 'കേന്ദ്രീയ വിദ്യാലയ സംഘടന്‍' എന്ന പേരില്‍ ഒരു സ്വയംഭരണ സംഘടന 1965 ഡിസംബറില്‍ സ്ഥാപിതമായി. ഈ സംഘടനയുടെ കീഴിലാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

സംസ്ഥാനാന്തര സ്ഥലംമാറ്റത്തിനു വിധേയരാകുന്ന കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരോ സൈനികരോ ധാരാളമായുള്ള കേന്ദ്രങ്ങളിലാണു സാധാരണയായി കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്ഥാപിക്കാറുള്ളത്. സൈനികര്‍ക്കുവേണ്ടിയുള്ള വിദ്യാലയങ്ങള്‍ പ്രതിരോധ വകുപ്പിന്റെയും മറ്റു വിദ്യാലയങ്ങള്‍ അതതു സംസ്ഥാന ഗവണ്‍മെന്റിന്റെയും ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സാധാരണയായി സ്ഥാപിതമാകുന്നു. ചില ഉന്നത വിദ്യാഭ്യാസ സ്ഥാപന (Institutions of Higher Learning) ങ്ങളോടു ചേര്‍ന്നും (ഉദാ. ITI കള്‍, Indian Institute of Science), ചില പൊതുമേഖലാ സ്ഥാപന (Public Sector Undertakings) ങ്ങളോടു ചേര്‍ന്നും (ഉദാ. വെള്ളൂര്‍ പത്രക്കടലാസ് നിര്‍മാണശാല, കല്പാക്കം അണുശക്തി നിലയം) കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലയങ്ങളിലെ ബോധന മാധ്യമങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയുമാണ്. മാധ്യമം ഏതായാലും രണ്ടു ഭാഷകളും പഠിക്കേണ്ടതുണ്ട്. ഈ രണ്ടു ഭാഷകളിലും വിദ്യാര്‍ഥികള്‍ക്കു സാമാന്യം നല്ല പരിജ്ഞാനമുണ്ടാകണമെന്നതാണു ലക്ഷ്യം. മറ്റു പ്രാദേശിക ഭാഷകളും സംസ്കൃതം തുടങ്ങിയ ക്ലാസിക്കല്‍ ഭാഷകളും ആധുനിക വിദേശഭാഷകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ശാസ്ത്ര വിഷയങ്ങളുടെയും മാനവിക വിഷയങ്ങളുടെയും പാഠ്യക്രമം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ഇവ ആവശ്യാനുസരണം കാലാകലങ്ങളില്‍ പരിഷ്കരിക്കുകയും ആധുനികവത്കരിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സാമൂഹിക ബോധവികസനത്തിനും അവരുടെ സര്‍ഗശക്തിയുടെ പ്രോത്സാഹനത്തിനും ഉതകുന്ന സഹപാഠ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യവും നല്‍കിയിട്ടുണ്ട്. ഓരോ വര്‍ഷവും 220-ല്‍ കുറയാതെ സാധ്യായ ദിവസങ്ങള്‍ ഉണ്ടായിരിക്കണമെന്നുളളതാണ് ഈ വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു നിബന്ധന. ഇത്രയും ദിവസങ്ങളില്‍ ക്രമമായ അധ്യയനം നടക്കുന്നു എന്നത് ഇവിടത്തെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നാണ്.

ആരംഭകാലത്ത് 11 വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹയര്‍ സെക്കന്‍ഡറി കോഴ്സാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ നടന്നിരുന്നത്. 11 വര്‍ഷത്തിനു ശേഷമുള്ള ആള്‍ ഇന്ത്യാ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പരീക്ഷയില്‍ ജയിക്കുന്നവര്‍ക്ക് വൈദ്യശാസ്ത്രം, എന്‍ജിനീയറിങ് എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഡിഗ്രി കോഴ്സുകള്‍ക്കും പ്രവേശനം ലഭിച്ചിരുന്നു. അതേസമയം, 10 വര്‍ഷം കൊണ്ട് S.S.L.C ജയിക്കുന്ന സംസ്ഥാന വിദ്യാര്‍ഥികള്‍ക്കു രണ്ടു വര്‍ഷം കൂടി പ്രീഡിഗ്രി ക്ലാസ്സില്‍ പഠിച്ചതിനുശേഷമേ ഡിഗ്രി ക്ലാസ്സില്‍ ചേരുവാന്‍ കഴിയുമായിരുന്നുള്ളൂ. ഈ വിവേചനം ഇല്ലാതാക്കുന്നതിനും അഖിലേന്ത്യാതലത്തില്‍ ഐകരൂപ്യം വരുത്തുന്നതിനുമായി 1977 മുതല്‍, നിലവിലിരുന്ന 11 വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സിനു പകരം 10 വര്‍ഷത്തെ സെക്കന്‍ഡറി കോഴ്സും അതിനുശേഷം രണ്ടു വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്സും (10+2 പദ്ധതി) നടപ്പിലാക്കി. 10 വര്‍ഷത്തിനു ശേഷമുള്ള പരീക്ഷ ആള്‍ ഇന്ത്യാ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ (S.S.L.C യ്ക്കു തുല്യം) എന്നും 12 വര്‍ഷത്തിനു ശേഷമുള്ളത് 'ആള്‍ ഇന്ത്യാ സീനിയര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ' ('പ്ലസ്ടു'വിനു തുല്യം) എന്നും അറിയപ്പെടുന്നു.

കേന്ദ്രീയ വിദ്യാലയം - തിരുവനാന്തപുരം

ഈ പരീക്ഷകളുടെ പാഠ്യപദ്ധതി നിശ്ചയിക്കുന്നതും പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും ഡല്‍ഹി ആസ്ഥാനമായുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ആണ്. ഇതും കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഒരു സ്വായത്ത സമിതിയാണ്. കേന്ദ്രീയ വിദ്യാലയങ്ങളെല്ലാം ഈ സെന്‍ട്രല്‍ ബോര്‍ഡിന്റെ അംഗീകാരമുള്ളവയും ബോര്‍ഡുമായി അഫിലിയേറ്റു ചെയ്യപ്പെട്ടവയുമാണ്.


കേന്ദ്രീയ വിദ്യാലയ സംഘടനയുടെ ഭരണത്തലവന്‍ കമ്മിഷന്‍ ആണ്. ഡല്‍ഹിയിലാണ് സംഘടനയുടെ കേന്ദ്ര കാര്യാലയം. വിദ്യാലയ ഭരണസൗകര്യത്തിനായി രാജ്യത്തെ 21 മേഖല (Region) കളായി വിഭജിച്ചിരിക്കുന്നു. ഓരോ മേഖലയിലും 30-40 വിദ്യാലയങ്ങളുണ്ടാകും. മേഖലാ ഭരണാധികാരി അസിസ്റ്റന്റ് കമ്മിഷണറാണ്. മദ്രാസ്, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ജെയ്പൂര്‍, ജമ്മു, ചണ്ഡിഗഢ്, ഡല്‍ഹി, ലഖ്നൗ, പാറ്റ്ന, ഭുവനേശ്വര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, ഗുവാഹത്തി, സില്‍ച്ചാര്‍, ആഗ്രാ, എറണാകുളം, റാഞ്ചി, റായ്പൂര്‍, വാരാണസി, തിന്‍സുകിയ, സിര്‍സാ എന്നിവയാണ് 21 മേഖലാ ഭരണാധികാരികളുടെ ആസ്ഥാനങ്ങള്‍. ഇന്ത്യയ്ക്കു വെളിയില്‍ കാഠ്മണ്ഡു, മോസ്കോ, ടെഹ്റാന്‍ എന്നിവിടങ്ങളിലും ഓരോ കേന്ദ്രീയ വിദ്യാലയമുണ്ട്. അവ ഡല്‍ഹിയിലെ സംഘടനാ കേന്ദ്രകാര്യാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളവയാണ്.

കേന്ദ്രീയ വിദ്യാലയത്തിന്റെ ഭരണത്തലവന്‍ പ്രിന്‍സിപ്പലാണ്. അധ്യാപകരെ പോസ്റ്റ് ഗ്രാഡുവറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാഡ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍, സ്പെഷ്യലിസ്റ്റ് ടീച്ചര്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഓരോ മേഖലയിലും സ്കൂള്‍ പരിശോധനയ്ക്കും മറ്റുമായി എഡ്യൂക്കേഷന്‍ ആഫീസര്‍ എന്ന പേരിലുള്ള ഉദ്യോഗസ്ഥരുമുണ്ട്.

കേന്ദ്രീയ വിദ്യാലയത്തില്‍ സംഘടിപ്പിച്ച പുസ് തക പ്രദര്‍ശനം

കേന്ദ്രീയ വിദ്യാലയ സംഘടനയുടെ കീഴിലുള്ള വിദ്യാലയങ്ങളാണ് യഥാര്‍ഥ കേന്ദ്രീയ വിദ്യാലയങ്ങള്‍ അഥവാ സെന്‍ട്രല്‍ സ്കൂളുകള്‍. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്റെ അംഗീകാരത്തോടെ, ഏതാണ്ട് കേന്ദ്രീയ വിദ്യാലയങ്ങളുടെ അതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന മറ്റനേകം സ്കൂളുകളുമുണ്ട്. സൈനിക സ്കൂളുകള്‍, റീജനല്‍ കോളജ് ഒഫ് എഡ്യൂക്കേഷന്‍ നടത്തുന്ന ഡമോണ്‍സ്റ്റ്രേഷന്‍ സ്കൂളുകള്‍, ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ (ഉദാ. തുമ്പയിലെ ബഹിരാകാശ ഗവേഷണകേന്ദ്രം) നടത്തുന്ന സ്കൂളുകള്‍ എന്നിവ ഇത്തരത്തിലുള്ളവയാണ്. ഇവ കൂടാതെ സ്വകാര്യ മാനേജുമെന്റുകള്‍ നടത്തുന്ന അനവധി സ്കൂളുകളുമുണ്ട്. അത്തരം സ്കൂളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നു. ഇവയെല്ലാം 'സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എഡ്യൂക്കേഷ'ന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്നവയാണ്. കേന്ദ്രീയ മാതൃകയിലുള്ളവയായതിനാല്‍ അവയും സെന്‍ട്രല്‍ സ്കുളുകള്‍ എന്ന പേരില്‍ വിളിക്കപ്പെടാറുണ്ടെങ്കിലും അവയ്ക്കു കേന്ദ്രീയ വിദ്യാലയസംഘടനയുമായി ഔദ്യോഗിക ബന്ധമൊന്നുമില്ല. നിലവില്‍ (2011) 10,58,450 വിദ്യാര്‍ഥികള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കുകീഴില്‍ പഠനം നടത്തിവരുന്നു. 49,286 (2011) പേര്‍ അധ്യാപക-അനധ്യാപകരായി രാജ്യത്തും വിദേശത്തുമായി സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

അനുയോജ്യമായ അധ്യാപക-വിദ്യാര്‍ഥി അനുപാതം, ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകര്‍, മാന്യമായ സേവന വ്യവസ്ഥകള്‍, ആവശ്യാനുസരണമുള്ള വിദ്യാലയോപകരണങ്ങള്‍, അധ്യാപകര്‍ക്കായുള്ള കാര്യക്ഷമമായ സേവനകാല വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയില്‍ക്കൂടി സാമാന്യം ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുവാന്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. കേരളത്തില്‍ 2011-12 അധ്യയനവര്‍ഷം വരെ 32 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്. കേരളത്തില്‍ ഇടുക്കി മാത്രമാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ നിലവിലില്ലാത്ത ജില്ല.

(പ്രൊഫ. എന്‍. ശങ്കരന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍