This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കെയിന്‍സ് സാമ്പത്തിക സിദ്ധാന്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കെയിന്‍സ് സാമ്പത്തിക സിദ്ധാന്തം
Keynesian economics
ഇതുപതാം നൂറ്റാണ്ടില്‍ ധനശാസ്ത്രത്തില്‍ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ച ഒരു സിദ്ധാന്തം. താന്‍ പഠിച്ചതും തന്നെ പഠിപ്പിച്ചതുമായ ക്ളാസ്സിക്കല്‍ ധനശാസ്ത്രത്തിന്റെ അടിത്തറ ദുര്‍ബലമാണെന്നു കണ്ട കെയിന്‍സ് പുതിയ സാമ്പത്തിക സിദ്ധാന്തത്തിനു രൂപംകൊടുത്തു. 1913-ല്‍ തുടങ്ങിയ ആ ശ്രമം ഇന്ത്യയുടെ നാണ്യവ്യവസ്ഥയും ധനകാര്യവും (Indian Currency and Finance, 1913), നാണ്യപരിഷ്കാരത്തെക്കുറിച്ച് ഒരു പ്രബന്ധം (A Tract on Monetary Reform, 1923), പണത്തെ സംബന്ധിച്ച പ്രബന്ധം (Treatise on Money Vol I & Vol II, 1930) എന്നീ കൃതികളില്‍ക്കൂടി വളര്‍ന്ന് പണി, പലിശ, പണം എന്നിവയെക്കുറിച്ചുള്ള സാമാന്യസിദ്ധാന്തം (The General Theory of Employment, Interest and Money, 1936) എന്ന മഹാഗ്രന്ഥത്തില്‍ എത്തിയപ്പോള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇതോടെ കെയിനീഷ്യന്‍ വിപ്ലവം ജയിച്ചതായി ധനശാസ്ത്രലോകം അംഗീകരിച്ചു. ക്ലാസ്സിക്കല്‍ ധനശാസ്ത്രത്തിന്റെ വിലയിടിയുകയും ചെയ്തു.
കാറല്‍മാര്‍ക്സ് നല്‍കിയ വിശേഷണമാണ് 'ക്ലാസ്സിക്കല്‍ ധനശാസ്ത്രജ്ഞന്മാര്‍ എന്നത്. ഡേവിഡ് റിക്കാര്‍ഡോ, ജെയിംസ്മില്‍ എന്നിവര്‍ ഈ സംഘത്തില്‍പ്പെട്ടവരാണ്. കെയിന്‍സ് ഈ സംഘത്തില്‍ ജോണ്‍സ്റ്റുവാര്‍ട്ട്മില്‍, ആല്‍ഫ്രഡ് മാര്‍ഷല്‍, എഡ്ജ് വര്‍ത്ത്, എ.സി. പിഗു എന്നിവരെക്കൂടി ഉള്‍പ്പെടുത്തി. കെയിന്‍സിന്റെ അഭിപ്രായത്തില്‍ ക്ലാസ്സിക്കല്‍ ധനശാസ്ത്രത്തിന്റെ അന്തസ്സത്ത ജെ.ബി. സേയുടെ കമ്പോളനിയമങ്ങളും (Say's Law of Markets) പിഗുവിന്റെ തൊഴിലില്ലായ്മയുടെ സിദ്ധാന്തവും (Pigou's Theory of Unemployment) ആണ്. അതുകൊണ്ടു തന്റെ വിമര്‍ശനങ്ങള്‍ കെയിന്‍സ് ഇവയുടെ നേര്‍ക്ക് കേന്ദ്രീകരിച്ചു.
'പ്രദാനം അതിനുള്ള ചോദനം സ്വയം സൃഷ്ടിക്കുന്നു' (supply creates its own demand) ഇതാണു സേയുടെ കമ്പോളനിയമം. പ്രവൃത്തി അഥവാ അധ്വാനം ഏവര്‍ക്കും അഹിതമാണ്. സ്വയം ഉത്പാദിപ്പിക്കാന്‍ കഴിയാത്ത ചരക്കുകള്‍ മറ്റുള്ളവരില്‍ നിന്നും വാങ്ങിയേ പറ്റു. അതിന് അധ്വാനിക്കണം. തന്റെ ചോദനം പൂര്‍ത്തീകരിക്കാനാണ് ഒരാള്‍ പ്രദാനത്തിന് ഒരുമ്പെടുന്നത്. ചോദനമില്ലെങ്കില്‍ പ്രദാനവുമില്ല. അതുകൊണ്ട് സേയുടെ നിയമമനുസരിച്ച് എല്ലായ്പ്പോഴും ആകെയുള്ള ചോദനവും ആകെയുള്ള പ്രദാനവും തുല്യമായിരിക്കും. ഒരിക്കലും അധികോത്പാദനം ഉണ്ടാവുകയില്ല. അങ്ങനെയാണെങ്കില്‍ തൊഴിലില്ലായ്മയും ഉണ്ടാവുകയില്ല. ചരക്കിനു പകരം ചരക്കു കൊടുക്കുന്ന മാറ്റക്കച്ചവട സമ്പ്രദായത്തില്‍ (Barter System) ഇത് ശരിയാകാതെ വയ്യ. പണവ്യവസ്ഥയില്‍ ഇതു ശരിയാകണമെങ്കില്‍ പണം വെറും ഒരു വിനിമയമാധ്യമം (medium of exchange) ആണ് എന്നുള്ള നിബന്ധന വേണ്ടിവരും. മാധ്യമമായി ക്രയവിക്രയങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്ന പണം ആരും കൈവശം വയ്ക്കുകയില്ല. പണം കിട്ടിയാലുടന്‍ അതു ചെലവിടും. ചെലവിടാനാണല്ലോ പണം എന്നു ക്ളാസ്സിക്കല്‍ ധനശാസ്ത്രജ്ഞന്മാര്‍ ഓര്‍മിപ്പിക്കുന്നു. പണം പ്രദാനത്തെയോ ചോദനത്തെയോ ബാധിക്കുന്നില്ല. ഈ സമീപനത്തിന്റെ ഭവിഷ്യത്തുകള്‍ എന്തെന്നു നോക്കാം. കമ്പോളത്തിന്റെയും വിലനിര്‍ണയ പ്രക്രിയയുടെയും ദ്വിഭാഗീകരണമാണ് (dichotomization of markets and pricing process) ഏറ്റവും കാതലായ ഭവിഷ്യത്ത്. ദ്വിഭാഗീകരണത്തിന്റെ ഫലമായി ചരക്കുകമ്പോളവും പണക്കമ്പോളവും തമ്മില്‍ യാതൊരു ബന്ധവുമില്ലാതാകുന്നു. ഒന്നില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മറ്റേ കമ്പോളത്തില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. ചരക്കുകമ്പോളത്തില്‍ പ്രദാന-ചോദന ശക്തികളാണു താരതമ്യവിലകള്‍ നിര്‍ണയിക്കുന്നത്. എന്നാല്‍ പണക്കമ്പോളത്തില്‍ പണത്തിന്റെ സ്റ്റോക്ക് അഥവാ പ്രദാനം കേവല വിലനിലവാരത്തെ (absolute price level) നിര്‍ണയിക്കുന്നു. പണത്തിന്റെ സ്റ്റോക്ക് ഇരട്ടിപ്പിച്ചാല്‍ കേവല വിലനിലവാരം ഇരട്ടിക്കും. എന്നാല്‍ ദ്വിഭാഗീകരണത്തിന്റെ ഫലമായി ചരക്കുകളുടെ താരതമ്യ വിലകള്‍ക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ല. താരതമ്യവിലകള്‍ നിര്‍ണയിക്കുന്നത് യഥാര്‍ഥ ചരക്കുപ്രദാനവും ചോദനവുമാണല്ലോ. പണം ഒരു മൂടുപടം (veil) ആണ്. ചരക്കുകളുടെ പ്രദാനം, ചോദനം താരതമ്യവിലകള്‍ എന്നിവയെ തൊടാതെതന്നെ പണമാകുന്ന മൂടുപടം എടുത്തുമാറ്റാം. 'കേവല വിലനിലവാരം പണത്തിന്റെ സ്റ്റോക്കിനു നേരിട്ട് ആനുപാതികമായിരിക്കും' എന്ന പണത്തിന്റെ പരിണാമ സിദ്ധാന്ത (Quantity Theory of Money)മാണ് ഇതിന്റെ പിറകിലുള്ളത്. ഈ സിദ്ധാന്തത്തെ ഒരു നാണ്യസിദ്ധാന്ത (monetary theory)മായി ക്ളാസ്സിക്കല്‍ ധനശാസ്ത്രജ്ഞന്മാര്‍ കരുതി. സേയുടെ കമ്പോള നിയമവും ഈ പരിണാമസിദ്ധാന്തവും തികച്ചും അബദ്ധമാണെന്നു കെയിന്‍സ് വിശദീകരിച്ചു.
വിലകള്‍ക്ക് അനുനയസ്വഭാവമുണ്ടെങ്കില്‍ പ്രദാനവും ചോദനവും തുല്യമായേക്കാം. പക്ഷേ വിലകള്‍ ദൃഢതയുള്ളവയാണ്. പണമാണെങ്കില്‍ ഒരു മാധ്യമമെന്നതിലുപരി മൂല്യത്തിന്റെ ഒരു ഇരിപ്പിട (store of value)മാണ് എന്നു കെയിന്‍സ് പറഞ്ഞു. അതുകൊണ്ടാണ് നാം പണം കൈവശം വയ്ക്കുന്നത്. വിനിമയാവശ്യങ്ങള്‍ക്കു വേണ്ടി നാം പണം സൂക്ഷിക്കുന്നു. പണത്തിന്റെ വരവും ചെലവിന്റെ പോക്കും ഒത്തുവന്നില്ലെങ്കില്‍ കുറച്ചു പണം കൈവശം വച്ചേ പറ്റൂ. ഇതിനെ വരുമാന പ്രേരകം (income motive) എന്നോ ക്രയവിക്രയപ്രേരകം (transaction motive) എന്നോ വിളിക്കാം. പ്രതീക്ഷിക്കാത്ത ചെലവുകള്‍ക്കും പണം സൂക്ഷിക്കണം. അതിനെ മുന്‍കരുതലായുള്ളപ്രേരകം (precautionary motive) എന്നു വിളിക്കാം. കടപ്പത്രങ്ങളുടെ (bonds ans securities) പലിശനിരക്കില്‍ ഭാവിയിലുണ്ടാകാവുന്ന മാറ്റങ്ങളില്‍ നിന്നും ലാഭമുണ്ടാക്കാമെന്നുള്ള ഉദ്ദേശത്തോടുകൂടി അവ വാങ്ങി വില്ക്കുന്നതിനു പണം കൈവശം വയ്ക്കാറുണ്ട്. ഇതിനെ ലാഭലോചന പ്രേരകം (speculative motive) എന്നുവിളിക്കുന്നു. പണത്തിന്റെ ചോദനധര്‍മം മേല്പറഞ്ഞ മൂന്നു പ്രേരകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതംഗീകരിച്ചാല്‍ ക്ളാസ്സിക്കല്‍ ധനശാസ്ത്രത്തിന്റെ കാതലായ നാണ്യസിദ്ധാന്തം അടിപറ്റിയതു തന്നെ.
പണത്തിന്റെ ചോദനധര്‍മത്തില്‍ നിന്നും ഒരു പുതിയ പലിശ നിര്‍ണയസിദ്ധാന്തത്തിനു രൂപം കൊടുക്കാന്‍ കെയിന്‍സിന് എളുപ്പം കഴിഞ്ഞു. ഇതിലേക്കു കടക്കുന്നതിനു മുമ്പു ക്ളാസ്സിക്കല്‍ പലിശനിര്‍ണയസിദ്ധാന്തം എന്താണെന്നു നോക്കാം. മികച്ച സമ്പാദ്യ (saving)വും നിക്ഷേപ (investment)വും കൂടിയാണു പലിശനിരക്കിനെ നിര്‍ണയിക്കുന്നതതെന്ന് ഇത് വിശദമാക്കുന്നു. കൂടാതെ സമ്പാദ്യവും നിക്ഷേപവും പലിശയുടെ ധര്‍മവുമാണ്. സമ്പാദ്യം നിക്ഷേപത്തെക്കാള്‍ കൂടിയാല്‍ പലിശനിരക്കു കുറയും. ഇതു തുടര്‍ന്നു കൂടുതല്‍ നിക്ഷേപത്തിന് ഉത്തേജനം നല്കി സമ്പാദ്യത്തോളം നിക്ഷേപത്തെ ഉയര്‍ത്തും. മറിച്ച്, നിക്ഷേപം സമ്പാദ്യത്തെക്കാള്‍ കൂടിയാല്‍ പലിശനിരക്ക് ഉയരും. ഇതു സമ്പാദ്യത്തിന് ഉത്തേജനം നല്കി അതിനെ നിക്ഷേപത്തോളമെത്തിക്കും. പലിശനിരക്കിലുള്ള അനുനയമാറ്റങ്ങള്‍ സമ്പാദ്യ-നിക്ഷേപ തുലനം ഉണ്ടാക്കുന്നു. കെയിന്‍സ് ഈ ക്ലാസ്സിക്കല്‍ പലിശ സിദ്ധാന്തത്തെ പുച്ഛിച്ചു തള്ളി. പലിശ ഒരു നാണ്യ പ്രതിഭാസം (monetary phenomenon) ആണ്; യഥാര്‍ഥ പ്രതിഭാസമല്ല. പലിശയെ നിര്‍ണയിക്കുന്നതു പണത്തിന്റെ സ്റ്റോക്കും പ്രദാനവും, പണത്തിന്റെ ചോദനവും കൂടിയാണ്, അല്ലാതെ സമ്പാദ്യവും നിക്ഷേപവുമല്ല. പണത്തിന്റെ സ്റ്റോക്ക് സര്‍ക്കാരോ കേന്ദ്ര ബാങ്കോ (Central Bank) നിര്‍ണയിക്കുന്നു. പണത്തിനുവേണ്ടിയുള്ള ദ്രവത്വാഭിലാഷം (liquidity preference) പണം കൈവശം വയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഈ ദ്രവത്വാഭിലാഷം നേരത്തേ സൂചിപ്പിച്ച ക്രയവിക്രയപ്രേരകം, മുന്‍കരുതലായുള്ള പ്രേരകം, ലാഭലോചനപ്രേരകം എന്നിവ കൊണ്ടാണുണ്ടാകുന്നത്. ഈ പ്രേരകങ്ങളുടെ പൂരണത്തിനു പ്രത്യേകം പണം സൂക്ഷിക്കണം. ഒരു വ്യക്തിയുടെ വരുമാനമാണ് ആദ്യത്തെ രണ്ടു പ്രേരകങ്ങളുടെ പൂരണത്തിനുവേണ്ടി സൂക്ഷിക്കുന്ന പണത്തിന്റെ അളവു നിര്‍ണയിക്കുന്നത്. വരുമാനം കൂടിയാല്‍ പണം ചോദനം ചെയ്യണം. എന്നാല്‍ ലാഭലോചനപ്രേരകത്തിന്റെ പൂരണത്തിനു സൂക്ഷിക്കുന്ന പണം പലിശനിരക്കിനെ ആശ്രയിച്ചിരിക്കുന്നു. പലിശനിരക്കു കുറവാണെങ്കില്‍ അങ്ങനെ സൂക്ഷിക്കുന്ന പണത്തിന്റെ അളവു കൂടിയിരിക്കും. പലിശനിരക്കു കൂടിയാല്‍ പണം കൈവശം വയ്ക്കാതെ അതു പലിശയ്ക്കു കൊടുക്കുന്നതാണു ലാഭം. അതുകൊണ്ട് പലിശയെ ദ്രവത്വാഭിലാഷം ബലികഴിക്കുന്നതിനുവേണ്ടി വ്യക്തികള്‍ക്കു നല്കുന്ന സമ്മാനമായി കെയിന്‍സ് ചിത്രീകരിച്ചു. ചുരുക്കിപ്പറഞ്ഞാല്‍, പലിശയെ നിര്‍ണയിക്കുന്നത് പണത്തിന്റെ സ്റ്റോക്കും ലാഭലോചനപ്രേരകത്തിന്റെ പൂരണത്തിനുപയോഗിക്കുന്ന പണത്തിന്റെ ചോദനവുമാണ്, അല്ലാതെ സമ്പാദ്യവും നിക്ഷേപവുമല്ല. മറ്റൊന്നുകൂടി കെയിന്‍സ് ചൂണ്ടിക്കാട്ടി. യഥാര്‍ഥ ലോകത്തു സമ്പാദ്യം വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു; പലിശയെ അല്ല. സമ്പാദ്യം ഒരുക്കുന്നവരല്ല നിക്ഷേപം നടത്തുന്നത്. അതുപോലെ നിക്ഷേപം നടത്തുന്നവരല്ല സമ്പാദ്യം നടത്തുന്നത്. വരുമാനത്തില്‍ ഉപഭോഗച്ചെലവുകള്‍ കഴിച്ചു ബാക്കിവരുന്നതാണു സമ്പാദ്യം. പലിശനിരക്ക് എത്ര ഉയര്‍ന്നാലും, വരുമാനമില്ലാതെ സമ്പാദ്യം ഉണ്ടാകുകയില്ല.
നിക്ഷേപത്തെ നിര്‍ണയിക്കുന്ന രണ്ടു ഘടകങ്ങളില്‍ ഒന്നു മാത്രമാണു പലിശ. പലിശനിരക്കു കുറഞ്ഞാല്‍ നിക്ഷേപം വര്‍ധിക്കും. കൂടിയാല്‍ നിക്ഷേപം കുറയും. മൂലധനത്തിന്റെ സീമാന്തകാര്യക്ഷമത (marginal efficiency of capital) ആണു രണ്ടാമത്തെ ഘടകം. മുതല്‍മുടക്കു നിക്ഷേപം നടത്തുന്നവര്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഒന്ന്, മുതല്‍മുടക്കില്‍ നിന്നും ഭാവിയില്‍ കിട്ടാവുന്ന ലാഭനിരക്ക് (expected rate of profit); രണ്ട്, ഈ ലാഭം കിട്ടുന്നതിനുവേണ്ടിവരുന്ന ചെലവ്-അത് യന്ത്രസാമഗ്രികളുടെ പ്രദാനവിലയാണ് (supply price). ഭാവി അനിശ്ചിതമായതുകൊണ്ട്, ഇന്നത്തെ മുതല്‍മുടക്കില്‍ നിന്നും ഭാവിയില്‍ കിട്ടാവുന്ന ലാഭത്തുകയുടെ ഇന്നത്തെ മൂല്യമെന്തെന്നു കണക്കാക്കാം. ഒരു വര്‍ഷത്തിനുശേഷം കിട്ടിയേക്കാവുന്ന നൂറു ഉറുപ്പികയ്ക്കു പകരം ഇന്ന് തൊണ്ണൂറ് ഉറുപ്പിക കിട്ടിയാല്‍ മതിയെന്നു ചിലര്‍ പറയും. ഇന്നത്തെ പണത്തിന് ഒരു വര്‍ഷം കഴിഞ്ഞു കിട്ടുന്ന പണത്തെക്കാള്‍ കൂടുതല്‍ മൂല്യം കല്പിക്കുന്നതുകൊണ്ടാണിത്. യന്ത്രങ്ങള്‍ക്ക് ഈടുണ്ട്. ഇരുപതു വര്‍ഷം ഈടുനില്‍ക്കുന്ന യന്ത്രം, മുതല്‍മുടക്കിയ വര്‍ഷം മുതല്‍ ഇരുപതു വര്‍ഷക്കാലം ഓരോ വര്‍ഷവും വരുമാനം തരുന്നു. ഇങ്ങനെ ലഭിച്ചേക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അതിനെ ഇന്നത്തെ മൂല്യത്തിന്റെ നിരക്കിലേക്ക് ഒരുതരം കിഴിവുനടത്തി കണക്കാക്കണം. അങ്ങനെ കിട്ടുന്ന തുക യന്ത്രത്തിന്റെ ഇന്നത്തെ പ്രദാനവിലയുമായി തട്ടിച്ചുനോക്കി, പ്രദാനവില കുറവാണെങ്കില്‍ മാത്രമേ മുതല്‍മുടക്കിനു വ്യവസായികള്‍ തയ്യാറാവൂ. മേല്‍ത്തരത്തിലുള്ള കിഴിവിനുവേണ്ടി ഉപയോഗിക്കുന്ന ഡിസ്കൌണ്ട് റേറ്റാണ് മൂലധനത്തിന്റെ സീമാന്തകാര്യക്ഷമത. അതിനെ കെയിന്‍സ് നിര്‍വചിക്കുന്നതിങ്ങനെയാണ്: 'ഒരു മൂലധനാസ്തിയുടെ പ്രയോഗക്ഷമത കാലത്തിനുള്ളില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനങ്ങളെ വര്‍ത്തമാനകാലമൂല്യമായി മാറ്റി, ആ ആസ്തിയുടെ പ്രദാനച്ചെലവുമായി തുല്യമാക്കുന്നതിനുവേണ്ട ഡിസ്കൌണ്ട് റേറ്റാണ് മൂലധനത്തിന്റെ സീമാന്തകാര്യക്ഷമത'. മുതല്‍മുടക്കിന്റെ ഫലമായി മൂലധനസ്റ്റോക്കു വര്‍ധിച്ചാല്‍ മൂലധനത്തിന്റെ സീമാന്തകാര്യക്ഷമത കുറയും. മുതല്‍മുടക്കുന്ന വ്യക്തി മുതല്‍മൂടക്കില്‍ നിന്നും പ്രതീക്ഷിക്കുന്ന സീമാന്തകാര്യക്ഷമതയെന്ന പ്രതിഫലനിരക്കും മുതല്‍മുടക്കിനുവേണ്ടി ചെലവാക്കുന്ന തുകയ്ക്കു നല്കുന്ന കമ്പോളപ്പലിശ നിരക്കും തട്ടിച്ചുനോക്കും. കമ്പോളപ്പലിശനിരക്കു സീമാന്തകാര്യക്ഷമതയെക്കാള്‍ കുറവാണെങ്കില്‍ അയാള്‍ മുതല്‍മുടക്കുമായി മുന്നോട്ടു പോകും. മറിച്ചാണെങ്കില്‍ മുതല്‍മുടക്കു വേണ്ടെന്നുവയ്ക്കും.
പിഗുവിന്റെ 'തൊഴിലില്ലായ്മ-സിദ്ധാന്ത'ത്തെ കെയിന്‍സ് എതിര്‍ത്തത് ഇങ്ങനെയാണ്. സമ്പദ്വ്യവസ്ഥയില്‍ വിലകള്‍, പലിശ, കൂലി എന്നിവ അനുനയ സ്വഭാവമുള്ളതാണെങ്കില്‍ തൊഴിലില്ലായ്മ എന്ന അവസ്ഥ ഉണ്ടാകുകയേയില്ല. അനുനയവിലകള്‍ ചരക്കു കമ്പോളത്തില്‍ പ്രദാനചോദന തുല്യതയുണ്ടാക്കുന്നു; പലിശ സമ്പാദ്യ-നിക്ഷേപതുല്യതയുണ്ടാക്കുന്നു, കൂലി തൊഴില്‍ക്കമ്പോളത്തില്‍ പ്രദാനചോദനതുല്യതയുണ്ടാക്കുന്നു. ഇതു തെറ്റാണെന്നു കെയിന്‍സ് വിശ്വസിച്ചു. വിലകള്‍ക്കു വേണ്ടത്ര അനുനയസ്വഭാവമില്ല. പലിശയാണെങ്കില്‍ സമ്പാദ്യ-നിക്ഷേപ തുല്യതയുണ്ടാക്കാന്‍ പര്യാപ്തവുമല്ല. പിഗുവിന്റെ അഭിപ്രായത്തില്‍ പൂര്‍ണതൊഴില്‍സ്ഥിതി (Full employment) എല്ലായ്പോഴും നിലനില്‍ക്കും. തൊഴിലില്ലായ്മ ഉണ്ടായാല്‍ത്തന്നെ അതു ക്ഷണനേരം കൊണ്ട് കമ്പോളശക്തികള്‍ ഇല്ലാതാക്കും. രണ്ടു തരത്തിലുള്ള തൊഴിലില്ലായ്മ ഉണ്ടായേക്കാം. ഒന്ന്, സ്വേച്ഛാനുസാരമായ തൊഴിലില്ലായ്മ (voluntary unemployment) ഇതിനു പരിഹാരമില്ല; രണ്ട്, ഘര്‍ഷണഫലമായുള്ള തൊഴിലില്ലായ്മ (frictional unemployment) ഉത്പാദനഘടകങ്ങളുടെ ചലനശക്തി (mobility) വര്‍ധിപ്പിച്ചാല്‍ ഘര്‍ഷണത്തൊഴിലില്ലായ്മ ഇല്ലാതാക്കാം. നിലവിലുള്ള കൂലി നിരക്കില്‍ തൊഴില്‍ നല്കാന്‍ സാധിച്ചില്ലെങ്കില്‍ തൊഴിലില്ലായ്മ ഉണ്ടാകും. ഇതില്ലാതാക്കാന്‍ പിഗുവിന്റെ അഭിപ്രായത്തില്‍ ഒരു വഴിയേ ഉള്ളൂ; കൂലിനിരക്കു കുറയ്ക്കുക. കുറഞ്ഞകൂലിക്കു തൊഴില്‍ ചെയ്യാന്‍ വിസമ്മതിക്കുക, ഉയര്‍ന്ന കൂലി കുറയ്ക്കുന്നതിനെ തടസ്സപ്പെടുത്തുക എന്നീ കാരണങ്ങളാണു തൊഴിലില്ലായ്മയുടെ പിറകിലുള്ളത്. കൂലി കുറച്ചാല്‍ ലാഭനിരക്കു വര്‍ധിക്കും, മുതല്‍മുടക്കു വര്‍ധിക്കും, തൊഴില്‍നില മെച്ചപ്പെടും. ഈ വാദഗതിയോടു കെയിന്‍സ് വിയോജിച്ചു. നിലവിലുള്ള കൂലിനിരക്കിനോ അതിനെക്കാള്‍ കുറഞ്ഞ കൂലിനിരക്കിനോ ജോലി ചെയ്യാന്‍ മുന്നോട്ടുവന്നിട്ടും തൊഴില്‍ കിട്ടാത്ത സ്ഥിതിവിശേഷത്തിനെ അനിച്ഛാപൂര്‍വകമായ തൊഴിലില്ലായ്മ (involuntary unemployment) എന്ന് കെയിന്‍സ് വിശേഷിപ്പിച്ചു. ക്ലാസ്സിക്കല്‍ ധനശാസ്ത്രം ഈ യാഥാര്‍ഥ്യത്തെ അംഗീകരിച്ചില്ല. കൂലി കുറയ്ക്കുന്നതുകൊണ്ടു മറ്റൊരു അപകടം കൂടിയുണ്ട്. പണമായി നല്കുന്ന കൂലി കുറഞ്ഞാല്‍ ചരക്കുകള്‍ക്കുള്ള ആകെ ചോദനം തന്നെ കുറയും. ഇതു വ്യവസായികളുടെ ലാഭക്കണക്കുകൂട്ടലുകളെ തെറ്റിക്കും. അവര്‍ മുതല്‍മുടക്കുതന്നെ വേണ്ടെന്നുവയ്ക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യും. നേരത്തെയുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ തന്നെ ഇല്ലാതാകും.
തൊഴില്‍ അല്ലെങ്കില്‍ പണി (employment) നിര്‍ണയിക്കുന്ന ഘടകങ്ങളെക്കുറിച്ചു വ്യക്തമായ രൂപം ക്ലാസ്സിക്കല്‍ ധനശാസ്ത്രത്തിലില്ലായിരുന്നു. ആ വിടവ് കെയിന്‍സ് തന്റെ സാമാന്യസിദ്ധാന്തം കൊണ്ടു നികത്തി. സ്ഥൂല സാമ്പത്തികാപഗ്രഥന രീതിയാണ് (macro economic analysis) കെയിന്‍സ് ഉപയോഗിച്ചത്. ഒരു രാജ്യത്തിന്റെ ആകെയുള്ള തൊഴില്‍നില (level of employment) അവിടത്തെ മൊത്തവരുമാനത്തിന്റെ ധര്‍മമാണ്; ഫലനമാണ്. മൊത്ത ചോദനവും (aggregate demand) മൊത്തപ്രദാനവും (aggregate supply) കൂടിയാണ് തൊഴില്‍നില നിര്‍ണയിക്കുന്നത്. മൊത്തം ഉത്പന്നത്തിന്റെ വിലയാണു ദേശീയവരുമാനം (National Income). അതു മുഴുവനും മൊത്തചോദന വിലയായി തിരിച്ചു കിട്ടിയാല്‍ ഉത്പാദനം അതേ നിരക്കില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഉത്പാദകര്‍ തയ്യാറാകും. മൊത്തചോദനം ഉപഭോഗച്ചെലവും (consumption expenditure) മുതല്‍ മുടക്കു ചെലവും (investment expenditure) ചേര്‍ന്നതാണ്. മൊത്തപ്രദാനവും, മൊത്തചോദനവും തുല്യമാവുന്ന ബിന്ദുവിനെ കെയിന്‍സ് ഫലപ്രദചോദനം (effective demand) എന്നുവിളിച്ചു. മൊത്തപ്രദാനത്തെ ഫലപ്രദമായി ചോദനം ചെയ്യുന്ന പരിധിയാണ് ഫലപ്രദചോദനം. ഫലപ്രദചോദനം വര്‍ധിച്ചാല്‍ തൊഴിലും വരുമാനവും വര്‍ധിക്കും. സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും വരുമാന-തൊഴില്‍നില ഉയര്‍ത്തുന്നതിനും ഫലപ്രദചോദനത്തെ വര്‍ധിപ്പിച്ചാലേ പറ്റൂ. ഇതാണ് പണി, പലിശ, പണം എന്നിവയെക്കുറിച്ചുള്ള കെയിന്‍സിന്റെ സാമാന്യസിദ്ധാന്തത്തിന്റെ കാതല്‍.
കെയിന്‍സിന്റെ അഭിപ്രായത്തില്‍, ഫലപ്രദചോദനം=ദേശീയോത്പന്നത്തിന്റെ വില = ദേശീയവരുമാനം = ദേശീയച്ചെലവ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഫലപ്രദചോദനം = ഉപഭോഗച്ചെലവ് + മുതല്‍മുടക്കു ചെലവ്. ഉപഭോഗം വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ വരുമാനം വര്‍ധിക്കുമ്പോള്‍ അതേ നിരക്കില്‍ ഉപഭോഗം വര്‍ധിക്കുന്നില്ല. ഉപഭോക്താക്കളുടെ മാനസികാവസ്ഥയാണു ഇതിനു കാരണം. വരുമാനം വര്‍ധിക്കുമ്പോള്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനെക്കാളും മിച്ചസമ്പാദ്യം വര്‍ധിപ്പിക്കാനാണു പൊതുവേ താത്പര്യം. ഉപഭോഗത്തെ സ്വാധീനിക്കുന്ന വസ്തുനിഷ്ഠ ഘടകങ്ങളും (objective factors) ആത്മനിഷ്ഠ ഘടകങ്ങളും (subjective factors) കെയിന്‍സ് വിശദീകരിച്ചു. വരുമാനത്തിനുമുപരി വരുമാന വിതരണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ബിസിനസ് പ്രതീക്ഷകളിലുണ്ടാകുന്ന മാറ്റങ്ങള്‍, നിനച്ചിരിക്കാത്ത ഭാഗ്യവരുമാനങ്ങള്‍ (windfall gains), പണത്തെക്കുറിച്ചുള്ള ദ്രവത്വാഭിലാഷങ്ങള്‍ എന്നിവ ഉപഭോഗാഭിനിവേശത്തെ സ്വാധീനിക്കുന്നു. ഉപഭോഗത്തെ നേരിട്ടു ബാധിക്കുന്ന ഘടകങ്ങളില്‍ ആസ്വാദനം (enjoyment), സുഖഭോഗം, ഹ്രസ്വദൃഷ്ടി (short-sightedness), ഔദാര്യം (generosity), ദാനശീലം തെറ്റായ കണക്കുകൂട്ടലുകള്‍ (miscalculations), മോടികാട്ടല്‍ (ostentation), ആര്‍ഭാടം (extravagance) എന്നിവയാണു പ്രധാനം. സമ്പാദ്യത്തെ ബാധിക്കുന്ന ഘടകങ്ങളില്‍ പ്രധാനം മുന്‍കരുതല്‍ (precaution), ദീര്‍ഘദൃഷ്ടി (foresight), മുന്നാലോചന (calculation), പരിഷ്കാരഭ്രാന്ത് സ്വാതന്ത്യ്രം, സാഹസികത (enterprise) ഉത്സാഹം, ആത്മാഭിമാനം (pride) അതിതൃഷ്ണ (avarice) എന്നിവയാണ്. സീമാന്തോപഭോഗാഭിനിവേശ (marginal propensity to consume)ത്തിന്റെ മൂല്യം എപ്പോഴും ഒന്നില്‍ കുറവായിരിക്കും. വരുമാനം ഒരുറുപ്പികയില്‍ കുറവായിരിക്കും. ഇത്തരത്തില്‍ വരുമാന വര്‍ധനയനുസരിച്ച് ഉപഭോഗം വര്‍ധിക്കാത്തതുകൊണ്ട് അധികോത്പാദനം (over production) ഉണ്ടാകുന്നു. മുതല്‍മുടക്കു നടത്തിയവര്‍ക്കു നഷ്ടമുണ്ടാകും. അവര്‍ തൊഴില്‍നില ചുരുക്കും.
ക്രമമായി വരുമാന വര്‍ധനയുണ്ടായിക്കൊണ്ടിരുന്നാല്‍ ഉപഭോഗം കുറയുകയും സമ്പാദ്യം വര്‍ധിക്കുകയും ചെയ്യും. വരുമാനം = ഉപഭോഗം + സമ്പാദ്യം എന്നായതുകൊണ്ട്, ഉപഭോഗം കുറഞ്ഞാല്‍ സമ്പാദ്യം കൂടിയേതീരൂ. ഇതിനെ സമ്പാദ്യവിടവ് (saving gap) എന്നു കെയിന്‍സ് വിശേഷിപ്പിച്ചു. ഈ സമ്പാദ്യവിടവ് മുതല്‍മുടക്കുകൊണ്ടു നികത്തിയില്ലെങ്കില്‍ ഫലപ്രദചോദനം ചുരുങ്ങി, തൊഴിലില്ലായ്മ വര്‍ധിക്കും. സ്വകാര്യമേഖലയ്ക്ക് ഈ സമ്പാദ്യവിടവ് എല്ലായ്പോഴും നികത്താന്‍ കഴിയുകയില്ല; പ്രത്യേകിച്ചും ഫലപ്രദചോദനം ഇടിയാന്‍ തുടങ്ങിയാല്‍. കാരണം, സ്വകാര്യ മുതല്‍മുടക്കുകാര്‍ ലാഭത്തില്‍ കണ്ണുംനട്ടിരിക്കുന്നവരാണ്. വരുമാനത്തിനൊത്തു ഉപഭോഗം വര്‍ധിക്കുന്നില്ലെങ്കില്‍ ഭാവിയെക്കുറിച്ചുള്ള അശുഭാപ്തിവിശ്വാസത്തിന് (pessimism) അടിമകളാകുന്നു. നേരത്തേ ഉദ്ദേശിച്ച മുതല്‍മുടക്കുപോലും അവര്‍ വേണ്ടെന്നുവയ്ക്കും. തുടര്‍ന്നു തൊഴില്‍സ്ഥിതി മോശമാകും, തൊഴിലില്ലായ്മ വര്‍ധിക്കും, വരുമാനം ഇടിയും, വ്യാപാര-സാമ്പത്തികമാന്ദ്യം ഉണ്ടാകും. 1930-കളില്‍ ഉണ്ടായ ആഗോള സാമ്പത്തികമാന്ദ്യം ഇത്തരത്തിലുള്ള ഒരു സ്ഥിതിവിശേഷമായിരുന്നു. ഉപഭോഗം മൊത്തത്തില്‍ വെട്ടിച്ചുരുക്കി മൊത്തസമ്പാദ്യത്തെ വര്‍ധിപ്പിക്കുന്ന ഒരു ജനതയ്ക്ക് സാമ്പത്തികമാന്ദ്യം നേരിടേണ്ടിവരും. കെയിന്‍സിന്റെ ഭാഷയില്‍ ഇതാണു സമ്പാദ്യത്തിന്റെ വിരോധാഭാസം. വ്യക്തികള്‍ തനതായി അവരുടെ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് അവര്‍ക്കു വ്യക്തിപരമായി നല്ലതാണെങ്കിലും സമ്പദ്വ്യവസ്ഥയിലെ ആകെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ആപത്കരമാണ്. പ്രത്യേകിച്ചും സമ്പാദ്യവര്‍ധനയോടൊപ്പം നിക്ഷേപം വര്‍ധിച്ചില്ലെങ്കില്‍ സമ്പാദ്യം നടത്തുന്നവരും മുതല്‍മുടക്ക് നടത്തുന്നവരും രണ്ട് വ്യത്യസ്ത വിഭാഗക്കാരും വ്യത്യസ്തങ്ങളായ ഘടകങ്ങള്‍ കണക്കിലെടുത്ത് തീരുമാനങ്ങള്‍ എടുക്കുന്നവരുമാണ് എന്ന് കെയിന്‍സ് സ്ഥാപിച്ചു. അതാണ് തൊഴിലില്ലായ്മയുടെ അടിസ്ഥാനവും. സ്വകാര്യ മുതല്‍ മുടക്കില്‍ ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ അതുകൊണ്ടുതന്നെ പൊതു/സര്‍ക്കാര്‍ മുതല്‍മുടക്ക് വേണ്ടിവരുന്നു. പലിശനിരക്കിനെയും മുതല്‍മുടക്കില്‍നിന്നുണ്ടായേക്കാവുന്ന ലാഭത്തിനെയും ആശ്രയിച്ചാണ് സ്വകാര്യ മുതല്‍മുടക്ക് നില്‍ക്കുന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ പൊതു/സര്‍ക്കാര്‍ മുതല്‍ മുടക്കിന് ബാധകമല്ല.
വരുമാനത്തിനൊത്ത് ഉപഭോഗം വര്‍ധിക്കാത്ത ഒരവസ്ഥയില്‍ ഫലപ്രദചോദനം നിലനിര്‍ത്താനും ഉയര്‍ത്താനും മുതല്‍മുടക്കിനു മാത്രമേ സാധിക്കൂ. കെയിന്‍സിന്റെ അഭിപ്രായത്തില്‍ മുതല്‍മുടക്ക് കമ്പോളപ്പലിശനിരക്കിനെയും മൂലധനത്തിന്റെ സീമാന്തകാര്യക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു. കമ്പോളപ്പലിശയാകട്ടെ, പണത്തിന്റെ സ്റ്റോക്കിനെയും അതിന്റെ ദ്രവത്വാഭിലാഷ ചോദനത്തിനെയും ആണ് ആശ്രയിച്ചിരിക്കുന്നത്. പണത്തിന്റെ സ്റ്റോക്ക് സ്ഥിരമായി സങ്കല്പിച്ചാല്‍ പലിശനിരക്കു ദ്രവത്വാഭിലാഷത്തെയും അതിന്റെ പിന്നിലുള്ള ലാഭലോചന പ്രേരകത്തെയും ആശ്രയിച്ചിരിക്കുന്നു. ഇവയ്ക്ക് മാറ്റമില്ലെങ്കില്‍ പലിശനിരക്കു കുറയ്ക്കാന്‍ പണത്തിന്റെ സ്റ്റോക്ക് വര്‍ധിപ്പിച്ചേ മതിയാകൂ. അതിന് സുലഭനാണ്യനയം (cheap money policy) കെയിന്‍സ് നിര്‍ദേശിച്ചു. എന്നാല്‍ ഒരു പരിധികഴിഞ്ഞാല്‍ പണത്തിന്റെ സ്റ്റോക്ക് എത്ര വര്‍ധിപ്പിച്ചാലും പലിശനിരക്കു കുറയാന്‍ പോകുന്നില്ല. വളരെക്കുറഞ്ഞ പലിശനിരക്കില്‍ ജനങ്ങളുടെ ദ്രവത്വാഭിലാഷപ്പണച്ചോദനം അനന്തമാകും. വര്‍ധിച്ച പണസ്റ്റോക്ക് മുഴുവന്‍ ദ്രവത്വാഭിലാഷപൂരണത്തിനുവേണ്ടി ജനങ്ങള്‍ കൈവശം വയ്ക്കുന്നു. ഈ സ്ഥിതിവിശേഷത്തെ ദ്രവത്വക്കെണി (liquidity trap) എന്ന് കെയിന്‍സ് വിളിച്ചു.
പലിശനിരക്കിനെ മാത്രം ആശ്രയിച്ചു മുതല്‍മുടക്കു വര്‍ധിപ്പിക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട് മുതല്‍മുടക്കിനെ സ്വാധീനിക്കുന്ന കുറഞ്ഞ നികുതിനിരക്കുകള്‍, നികുതി-അവധി (tax holiday) സബ്സിഡികള്‍, ധനസഹായം, സാങ്കേതിക പുരോഗതി, പുതിയ കണ്ടുപിടിത്തങ്ങള്‍. പുതിയ കമ്പോളങ്ങള്‍ എന്നീ ഘടകങ്ങള്‍ക്കു പ്രാധാന്യം നല്കണം. ഇവ ബിസിനസ്സുകാരുടെ ലാഭപ്രതീക്ഷകള്‍ വളര്‍ത്തി മൂലധനത്തിന്റെ സീമാന്തകാര്യക്ഷമതയെ പലിശനിരക്കിനെക്കാള്‍ ഉയര്‍ത്തിനിര്‍ത്തും. ഇതു വര്‍ധിച്ച മുതല്‍മുടക്കിന് ഉത്തേജനം നല്കി തൊഴിലും വരുമാനവും വര്‍ധിപ്പിക്കും.
മുതല്‍മുടക്ക് വരുമാനത്തില്‍ ഒരു നിശ്ചിത മടങ്ങു വര്‍ധനയുണ്ടാക്കുമെന്നു കാണിക്കാന്‍ കെയിന്‍സ് മുതല്‍മുടക്കു ഗുണകം (investment multiplier) എന്ന ആശയം മുന്നോട്ടു വച്ചു. ഇത് ഉപഭോഗ ധര്‍മവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. സീമാന്തോപഭോഗാഭിനിവേശത്തിന്റെ മൂല്യം ഒന്നില്‍ കുറവാണ്. സീമാന്ത വരുമാനത്തില്‍ നിന്നും സീമാന്തോപഭോഗം കുറച്ചാല്‍ കിട്ടുന്നതാണു സീമാന്തസമ്പാദ്യം. സീമാന്തോപഭോഗാഭിനിവേശംപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സീമാന്ത സമ്പാദ്യാഭിനിവേശം (marginal propensity to save) നിക്ഷേപ മുതല്‍മുടക്കുഗുണകത്തിന്റെ മൂല്യം നിശ്ചയിക്കുന്നതു സീമാന്തസമ്പാദ്യാഭിനിവേശത്തിന്റെ ഏകകം നല്കുന്ന ഗുണകമാണ് (reciprocal of the marginal propensity to save). ഉദാ. ഒരു ഉറുപ്പികയുടെ വരുമാന വര്‍ധനവില്‍നിന്നും 4/5 ഭാഗം ഉപഭോഗത്തിനു മാറ്റിവച്ചാല്‍ സീമാന്തോപഭോഗാഭിനിവേശത്തിന്റെ മൂല്യം 4/5 അഥവാ 0.80 ആയിരിക്കും. ഇതു കഴിച്ച് ബാക്കിയുള്ള 1/5 അഥവാ 0.20 ആണ് സീമാന്തസമ്പാദ്യാഭിനിവേശത്തിന്റെ മൂല്യം. ഇതിന്റെ അടിസ്ഥാനത്തില്‍ മുതല്‍മുടക്കു ഗുണകത്തിന്റെ മൂല്യം 1/0.20 = 5 ആയിരിക്കും. അതായത് ഒരു ഉറുപ്പികയുടെ മുതല്‍ മുടക്കു വരുമാനത്തില്‍ 5 ഇരട്ടി വര്‍ധന ഉണ്ടാക്കും. സീമാന്തോപഭോഗാഭിനിവേശത്തിന്റെ മൂല്യം 3/4-ം, സീമാന്ത സമ്പാദ്യാഭിനിവേശത്തിന്റെ മൂല്യം 1/4-ം ആണെങ്കില്‍ മുതല്‍മുടക്കു ഗുണകത്തിന്റെ മൂല്യം 1/0.25 = 4 ആയിരിക്കും. സമ്പന്ന രാഷ്ട്രങ്ങളില്‍ സീമാന്തോപഭോഗാഭിനിവേശത്തിന്റെ മൂല്യം കുറഞ്ഞിരിക്കും. ഇതിന്റെ ഫലമായി സീമാന്ത സമ്പാദ്യാഭിനിവേശത്തിന്റെ മൂല്യം ഉയര്‍ന്നിരിക്കും. മുതല്‍മുടക്കു ഗുണകത്തിന്റെ മൂല്യം കുറഞ്ഞുമിരിക്കും. അതുകൊണ്ട് ഇത്തരം രാഷ്ട്രങ്ങളില്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ദേശീയവരുമാനം വര്‍ധിപ്പിക്കുന്നതിനും വലിയ മുതല്‍മുടക്കുതന്നെ വേണ്ടിവരും. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ സ്ഥിതി നേരെ മറിച്ചാണ്. അവിടെ മുതല്‍മുടക്കുഗുണകം വളരെ വലുതായിരിക്കും. അതുകൊണ്ട് ചെറിയ മുതല്‍മുടക്കു വലിയ വര്‍ധനവാണ് ദേശീയ വരുമാനത്തില്‍ ഉണ്ടാക്കുക.
സ്വകാര്യ മുതല്‍മുടക്ക് പലിശനിരക്കിനെയും സീമാന്ത കാര്യക്ഷമതയെയും ആശ്രയിച്ചിരിക്കുന്നതുകൊണ്ടും അവയ്ക്കാധാരമായ ഘടകങ്ങള്‍ അനിശ്ചിതമായതുകൊണ്ടും ഫലപ്രദചോദനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ മുതല്‍മുടക്കു രംഗത്തിറങ്ങേണ്ടി വരുമെന്ന് കെയിന്‍സ് വാദിച്ചു. മുതല്‍മുടക്കു ഗുണകം കണക്കിലെടുത്തുകൊണ്ട് ആകെ എത്ര മുതല്‍മുടക്കു നടത്തിയാല്‍ എത്രകണ്ട് വരുമാനം വര്‍ധിക്കുമെന്നു ഗണിക്കുവാന്‍ സാധിക്കും. രണ്ടുകാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം; ഒന്ന്, ഉപഭോഗനിലവാരം ഇടിയാതെ നിലനിര്‍ത്തി അതിനെ ഉയര്‍ത്താനുള്ള നടപടികള്‍ എടുക്കുക; രണ്ട്, സമ്പാദ്യ വിടവ് എത്രയെന്നു കണക്കാക്കി സ്വകാര്യ മുതല്‍മുടക്ക് ഉയര്‍ത്താനുള്ള നാണ്യ-ധനകാര്യ നയങ്ങള്‍ സ്വീകരിക്കുക. ഇവ രണ്ടും ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ടു മുതല്‍മുടക്കു നടത്തുക. ഏറ്റവും ഉയര്‍ന്ന തൊഴില്‍ സ്ഥിതി കൈവരിക്കത്തക്കവണ്ണം സമ്പദ്വ്യവസ്ഥയെ ക്രമീകരിക്കുക എന്നതാണ് സര്‍ക്കാര്‍ ഇടപെടലിന്റെ ധര്‍മം.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊടുത്ത സാമാന്യസിദ്ധാന്തം രണ്ടാംലോക യുദ്ധകാലത്തുണ്ടായ പണപ്പെരുപ്പവും വിലക്കയറ്റവും അപഗ്രഥിക്കാന്‍ പറ്റിയതല്ലെന്നു കണ്ട കെയിന്‍സ് പണപ്പെരുപ്പവിടവ് (inflationary gap) എന്ന സിദ്ധാന്തം മുന്നോട്ടുവച്ചു. പൂര്‍ണതൊഴില്‍ സ്ഥിതി ഒരു മരീചികയാണെങ്കിലും യുദ്ധകാലത്ത് കമ്മിപ്പണത്തിന്റെ ഉപയോഗംമൂലം പൂര്‍ണതൊഴില്‍ സ്ഥിതിയില്‍ ഉണ്ടായേക്കാവുന്നതിനെക്കാള്‍ വര്‍ധിച്ച ഫലപ്രദചോദനം ഉണ്ടാകുന്നു. ഇതാണ് പണപ്പെരുപ്പത്തിനിടയാക്കുന്നത്. ഇതു തടയണമെങ്കില്‍ നിര്‍ബന്ധ സമ്പാദ്യം (forced savings) നടപ്പിലാക്കണം.
കെയിന്‍സിയന്‍ സിദ്ധാന്തങ്ങള്‍ ധനശാസ്ത്രത്തില്‍ മാക്രോപഠനങ്ങള്‍ക്ക് അഭൂതപൂര്‍വമായ ഉത്തേജനം നല്കി. ധനശാസ്ത്ര ചരിത്രത്തില്‍ ഒരു കെയിനീഷ്യന്‍ വിപ്ളവം തന്നെ ഉണ്ടായി. എന്നാല്‍ കെയിന്‍സിന്റെ സിദ്ധാന്തം ധനശാസ്ത്രത്തിലെ അവസാന വാക്കല്ല. പണം സമ്പദ്വ്യവസ്ഥയില്‍ സ്വാധീനത ചെലുത്തുമെങ്കിലും നാണ്യനയങ്ങള്‍ (monetary policies) ധനകാര്യനയങ്ങളോളം (fiscal policies) ഫലവത്തല്ലെന്നു കെയിന്‍സ് വിശ്വസിച്ചു. ഇതിനെ ഏറ്റവും അധികം വിമര്‍ശിച്ചത് ചിക്കാഗോ സര്‍വകലാശാലയിലെ നവീന പണസിദ്ധാന്തത്തിന്റെ ശില്പിയായ മില്‍ട്ടണ്‍ ഫ്രെയിഡ്മാനാണ് (Milton Friedman). പണം ഒരു ആസ്തിയാണ്, പണം പ്രാധാന്യമര്‍ഹിക്കുന്നു (money does matter), എന്നൊക്കെ പറഞ്ഞുകൊണ്ട് പണത്തിന്റെ പരിമാണ സിദ്ധാന്തം ഇദ്ദേഹം തിരുത്തിയെഴുതി. ഫ്രെയിഡ്മാന്‍ സ്ഥാപിച്ച മോണിറ്ററിസം (monetarism) എന്ന ശാസ്ത്രശാഖയെത്തുടര്‍ന്ന് 1970-മുതല്‍ മിനിസോട്ടോ, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകളിലെ ഒരു സംഘം ധനശാസ്ത്രജ്ഞന്മാര്‍ ലുക്കാസിന്റെ നേതൃത്വത്തില്‍ കെയിന്‍സിയന്‍ സിദ്ധാന്തങ്ങളെ തള്ളിപ്പറയുന്നതിനുവേണ്ടി ഒരു നവ ക്ലാസ്സിക്കല്‍ സിദ്ധാന്തം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
അടിസ്ഥാന കെയിന്‍സ് സാമ്പത്തിക സിദ്ധാന്തത്തിന്റെ ഒരു പ്രതിഫലനമാണ് 1994-ലെ ബ്രെട്ടണ്‍ വുഡ്സ് സമ്മേളനത്തില്‍ (Bretton Woods Conference) കെയിന്‍സ് അവതരിപ്പിച്ച 'കെയിന്‍സ് പ്ലാന്‍' (Keynes Plan). അന്താരാഷ്ട്രാ വ്യാപാരത്തിലുണ്ടാകുന്ന അടച്ചു ബാക്കിക്കമ്മിക്ക് (Balance of Payments Deficit) പ്രധാന ഉത്തരവാദി, കയറ്റുമതിക്കൊപ്പം ഇറക്കുമതി വര്‍ധിപ്പിക്കുന്ന സമ്പന്ന രാജ്യമാണെന്ന് കെയിന്‍സ് വാദിച്ചു. അതിന് സമ്പന്ന രാജ്യങ്ങളെ ശിക്ഷിക്കണമെന്ന് കെയിന്‍സ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത അമേരിക്കയുടെ നേതൃത്വത്തിലുള്ള സമ്പന്നരാജ്യങ്ങള്‍ ഐ.എം.എഫ്. എന്ന അന്താരാഷ്ട്ര നാണ്യനിധി സ്ഥാപിക്കുകയാണ് ചെയ്തത്.
കെയിന്‍സിന്റെ സിദ്ധാന്തത്തിന്റെ സ്വാധീനത്തില്‍ ഹാരോഡ്ഡോമാര്‍ (Harrod Domar) സാമ്പത്തിക വളര്‍ച്ചാ മോഡല്‍ (Economic Growth Model) സൃഷ്ടിക്കപ്പെട്ടു. പോസ്റ്റ് കെയിന്‍സിയന്‍ കേംബ്രിജ് സ്കൂള്‍ (Post Keynesian Cambridge School), ജനറല്‍ ഇക്വിലീബ്രിയം (General Equilibrium) മോഡല്‍ എന്നിവ കെയിന്‍സിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. വിപണി വ്യവസ്ഥയുടെ ദീര്‍ഘകാല ചലനാത്മകത (Long term Dynamics of Market Economy) സംബന്ധിച്ച അപഗ്രഥന മോഡലുകളും കെയിന്‍സിന്റെ സാമ്പത്തികശാസ്ത്രത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു.
(ഡോ. കെ. രാമചന്ദ്രന്‍ നായര്‍)