This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൂനൂർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൂനൂര്‍
തമിഴ്നാട്ടില്‍ നീലഗിരി ജില്ലയിലുള്ള ഒരു സുഖവാസകേന്ദ്രം. നീലഗിരിയുടെ രാജ്ഞിയായി കുനൂര്‍ വിശേഷിപ്പിക്കപ്പെടുന്നു. സുപ്രസിദ്ധമായ ഊട്ടി നഗരത്തിന് 18 കി.മീ. തെക്കുകിഴക്കായിട്ട് 2,670 മീ. ഉയരത്തിലാണ് കൂനൂര്‍ സ്ഥിതിചെയ്യുന്നത്. ഊട്ടിയുടെ അത്ര കഠിനമായ കാലാവസ്ഥയല്ല കൂനൂരിലനുഭവപ്പെടുന്നത്. ഡിസംബര്‍-ജനുവരി മാസം ഒഴികെയുള്ള എല്ലാ മാസങ്ങളും കൂനൂരില്‍ സുഖകരമായ കാലാവസ്ഥയാണ്. അതുകൊണ്ട് സഞ്ചാരികള്‍ താമസത്തിനു വേണ്ടി ഊട്ടിയെക്കാളും കൂനൂരാണ് ഇഷ്ടപ്പെടുക. ഇവിടത്തെ സെന്റ് കാതറൈന്‍സ് ജലപാതം വിദേശികളെ അത്യധികം ആകര്‍ഷിക്കുന്നു. സിംസ് പാര്‍ക്ക് സസ്യശാസ്ത്രകുതുകികള്‍ക്ക് വളരെയധികം പ്രയോജനമുള്ളതാണ്.
അപ്പര്‍ കൂനൂരെന്നും ലോവര്‍ കൂനൂരെന്നും കൂനൂരിനെ രണ്ടായി തിരിച്ചിട്ടുണ്ട്. അപ്പര്‍ കൂനൂരിലാണ് ഗവേഷണസ്ഥാപനങ്ങളും റസിഡന്‍ഷ്യല്‍ സ്കൂളുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ലോവര്‍ കൂനൂരിലധികവും കടകമ്പോളങ്ങളും വീടുകളും മറ്റുമാണ്. കോയമ്പത്തൂരുമായും ഊട്ടിയുമായും നല്ല രീതിയിലുള്ള റോഡുഗതാഗതം ഉണ്ട്. നീലഗിരിയുടെ ആസ്ഥാനം ഊട്ടിയാണെങ്കിലും കൂനൂരിനും അത്രതന്നെ പ്രാധാന്യം ഉണ്ട്. പദുഗരും തോഡരുമാണ് ഇവിടത്തെ പ്രധാനം ആദിവാസിവര്‍ഗങ്ങള്‍.
1907-ല്‍ കൂനൂരില്‍ സ്ഥാപിതമായ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈദ്യശാസ്ത്രഗവേഷണത്തില്‍ അന്തര്‍ദേശീയ പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. ഇവിടെ പേപ്പട്ടിവിഷം, വസൂരി, ഇന്‍ഫ്ളുവന്‍സ, പിള്ളവാതം, ശ്വസനരോഗങ്ങള്‍, കോളറ, സിഫിലിസ്, ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തുകയും ഇവയുടെ പ്രതിരോധത്തിനാവശ്യമായ മരുന്നുകള്‍ നിര്‍മിക്കുകയും ചെയ്തുവരുന്നു. മദ്രാസ് റെജിമെന്റിന്റെ ആസ്ഥാനം കൂനൂരിനടുത്തുള്ള വെല്ലിങ്ടണിലാണ്. സൈനികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്ന ഒരു സ്ഥാപനം കൂനൂരിലുള്ള അരുവങ്കാട്ടിലുണ്ട്. കൂടാതെ കരസേനയുടെ ഒരു പരിശീലനകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.
തോട്ടവ്യവസായമാണ് ഇവിടത്തെ പ്രധാനവരുമാനമാര്‍ഗം, തേയില, കാപ്പി, പ്ലം, സപ്പോട്ട, മറ്റു പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ മുതലായവ സമൃദ്ധമായി വളരുന്നു. ഏപ്രില്‍ -മേയ് മാസങ്ങളില്‍ ഒരു വലിയ സസ്യഫലപ്രദര്‍ശനോത്സവം ഇവിടെ ആണ്ടുതോറും നടത്തിവരുന്നു.
(എസ്. ഗോപിനാഥന്)