This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടായ്‌മവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂട്ടായ്‌മവാദം

സ്വതന്ത്രതാവാദത്തിന്റെ പ്രതികരണമായി 18-ാം ശതകത്തില്‍ രൂപം പ്രാപിച്ച ഒരു രാഷ്‌ട്രീയ സിദ്ധാന്തം. സമൂഹത്തെയും സമൂഹത്തിന്റെ അവകാശങ്ങളെയും അവഗണിച്ചുകൊണ്ട്‌ വ്യക്തിക്കും വ്യക്തിയുടെ അവകാശവാദങ്ങള്‍ക്കുമായിരുന്നു സ്വതന്ത്രതാവാദം പ്രാധാന്യം കല്‌പിച്ചിരുന്നത്‌. കൂട്ടായ്‌മവാദം സമൂഹത്തിനും സമൂഹത്തിന്റെ അവകാശവാദത്തിനും പ്രാമുഖ്യം നല്‌കുന്നു. സമൂഹത്തിന്റെ താത്‌പര്യത്തിനും നിലനില്‌പിനും അതീതമായി വ്യക്തിക്കു തനിച്ചു നിലനില്‌പ്‌ ഇല്ലാ എന്നാണ്‌ ഈ സിദ്ധാന്തം അനുശാസിക്കുന്നത്‌. ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ വിഭാഗത്തിന്റെയോ വര്‍ഗത്തിന്റെയോ അംഗം എന്ന നിലയിലാണ്‌ കൂട്ടായ്‌മവാദസിദ്ധാന്തങ്ങളില്‍ വ്യക്തികളെ ഗണിക്കാറുള്ളത്‌.

കൂട്ടായ്‌മവാദസിദ്ധാന്തത്തിന്റെ ആദ്യകാല വക്താക്കളായിരുന്നു ഹെഗലും റൂസ്സോയും. റൂസ്സോയുടെ അഭിപ്രായത്തില്‍ , സമൂഹത്തിന്റെ പൊതുവായ താത്‌പര്യത്തിനു വഴങ്ങിക്കൊണ്ടു മാത്രമേ ഒരു വ്യക്തിക്ക്‌ തന്റെ യഥാര്‍ഥ നിലനില്‌പും സ്വാതന്ത്യ്രവും സംരക്ഷിക്കാന്‍ കഴിയു. പൊതുതാത്‌പര്യം എല്ലാവരുടെയും താത്‌പര്യത്തിന്റെ ആകെത്തുകയല്ല; സ്വാര്‍ഥതാത്‌പര്യങ്ങളെ നിര്‍മാര്‍ജനം ചെയ്‌ത്‌ പൊതുനന്മയ്‌ക്ക്‌ ഉപയുക്തമായ രീതിയില്‍ ആവിഷ്‌കരിക്കുന്ന ഒരു പരിപാടിയാണ്‌. പ്രായോഗികാവശ്യത്തിനു പൊതുതാത്‌പര്യത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്‌ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കണം. ഗവണ്‍മെന്റിനും ഗവണ്‍മെന്റ്‌ നിയമങ്ങള്‍ക്കും വഴങ്ങാതെ ഒരു വ്യക്തിക്ക്‌ തന്റെ നിലനില്‌പും സ്വാതന്ത്യ്രവും സംരക്ഷിക്കാന്‍ കഴിയില്ല എന്നതായിരുന്നു ഹെഗലിന്റെ രാഷ്‌ട്രീയ തത്ത്വശാസ്‌ത്രം. സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഉത്‌പാദനം, വിതരണം, കൈമാറ്റം എന്നിവ ഗവണ്‍മെന്റില്‍ നിക്ഷിപ്‌തമായിട്ടുള്ള ഭരണസംവിധാനത്തെയാണ്‌ കൂട്ടായ്‌മ വാദസിദ്ധാന്തം വിഭാവന ചെയ്യുന്നത്‌. രാജ്യത്തിന്റെ പൊതുസാമ്പത്തിക വ്യവസ്ഥ വ്യാപകമായ തോതില്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്‌തമായിട്ടുള്ള ഭരണസംവിധാനങ്ങള്‍ക്കും ചിലപ്പോള്‍ ഈ പേര്‍ ഉപയോഗിച്ചു വരുന്നു. സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക സ്വതന്ത്രവാദത്തിന്റെ പ്രതികരണമാണ്‌ കൂട്ടായ്‌മ വാദസിദ്ധാന്തം എന്നു കാണാന്‍ കഴിയും. ആഡം സ്‌മിത്താണ്‌ ഇതിന്‌ ഉപോദ്‌ബലകമായിട്ടുള്ള ന്യായീകരണം നല്‌കിയിട്ടുള്ളത്‌. സമകാലിക സമൂഹത്തില്‍ സോഷ്യല്‍ ഡെമോക്രസി, സോഷ്യലിസം, കമ്യൂണിസം, ഫാസിസം എന്നിങ്ങനെയുള്ള നാലു വ്യത്യസ്‌ത രീതികളില്‍ കൂട്ടായ്‌മവാദ സിദ്ധാന്തത്തെ ദര്‍ശിക്കാവുന്നതാണ്‌. ഉദാരമായ സ്വാതന്ത്യ്രം അനുവദിച്ചിട്ടുള്ള ഭരണസംവിധാനം മുതല്‍ ദുര്‍ഭരണം നടത്തുന്ന സര്‍വാധിപത്യവ്യവസ്ഥിതി വരെ ഇതില്‍ ഉള്‍പ്പെടുന്നു.

കൂട്ടായ്‌മവാദസിദ്ധാന്തത്തിന്റെ ഏറ്റവും താഴ്‌ന്നതരത്തിലുള്ള സംവിധാനമാണ്‌ സോഷ്യല്‍ ഡെമോക്രസി. മുതലാളിത്ത വ്യവസ്ഥിതിമൂലമുണ്ടായിട്ടുള്ള സാമ്പത്തികമായ അസന്തുലിതാവസ്ഥ കുറയ്‌ക്കുകയും ഉത്‌പാദനരംഗത്തുള്ള അനാരോഗ്യകരമായ മത്സരം ഒഴിവാക്കുകയുമാണ്‌ സോഷ്യല്‍ ഡെമോക്രസിയുടെ ലക്ഷ്യം. ഉത്‌പാദനരംഗത്തുള്ള സ്വകാര്യ ഉടമാസമ്പ്രദായം നിലനിര്‍ത്തിക്കൊണ്ടുതന്നെ സാമ്പത്തിക വികേന്ദ്രീകരണം സൃഷ്‌ടിക്കുകയാണ്‌ ഈ സംവിധാനത്തില്‍ ചെയ്യാറുള്ളത്‌. നികുതികള്‍ ഏര്‍പ്പെടുത്തുക, പലവിധത്തിലുള്ള സാമൂഹികക്ഷേമ പരിപാടികള്‍ ആസൂത്രണം ചെയ്യുക, ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നിവയാണ്‌ സാമ്പത്തിക വികേന്ദ്രീകരണത്തിനുള്ള പ്രധാനോപാദികളായി സ്വീകരിച്ചു കാണുന്നത്‌. ആസൂത്രിത സമ്പദ്‌വ്യവസ്ഥിതിയും ക്ഷേമരാജ്യവുമാണ്‌ സോഷ്യല്‍ ഡെമോക്രസിയുടെ മുദ്രാവാക്യം.

18-ാം ശതകത്തില്‍ ഫ്രാന്‍സിലാണ്‌ സോഷ്യലിസ്റ്റ്‌ ചിന്താഗതി ആദ്യമായി രൂപംകൊണ്ടത്‌. ഉത്‌പാദനവിതരണരംഗത്തുനിന്ന്‌ സ്വകാര്യ ഉടമകളെ പൂര്‍ണമായും ഉന്മൂലനം ചെയ്‌തുകൊണ്ട്‌ തൊഴിലാളികളുടെ താത്‌പര്യം സംരക്ഷിക്കാന്‍ പര്യാപ്‌തമായ വിധത്തില്‍ സമൂഹം ഉടച്ചുവാര്‍ത്തെങ്കില്‍ മാത്രമേ എല്ലാവര്‍ക്കും നന്മയും നീതിയും ലഭിക്കൂ എന്നതാണ്‌ സോഷ്യലിസ്റ്റുകളുടെ വിശ്വാസം. ആധുനികലോകം സോഷ്യലിസത്തെ പലവിധത്തിലാണ്‌ വീക്ഷിക്കുന്നത്‌. എല്ലാ സോഷ്യലിസ്റ്റുകളും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥിതിയില്‍ ഗവണ്‍മെന്റിനുള്ള നിയന്ത്രണത്തെയും അവകാശത്തെയും അംഗീകരിക്കുന്നുണ്ട്‌. മര്‍മപ്രധാനമായ വ്യവസായസ്ഥാപനങ്ങള്‍ മാത്രം ദേശസാത്‌കരിച്ചാല്‍ സോഷ്യലിസം ഉണ്ടാകുമെന്നു ചിലര്‍ വാദിക്കുമ്പോള്‍ മറ്റു ചില സോഷ്യലിസ്റ്റുകള്‍ വിശ്വസിക്കുന്നത്‌ ഉത്‌പാദനവും വിതരണവും പൂര്‍ണമായും ഗവണ്‍മെന്റ്‌ നിയന്ത്രണത്തില്‍ വരണമെന്നാണ്‌.

ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിന്‌ ജനാധിപത്യമാര്‍ഗങ്ങളാണ്‌ സോഷ്യലിസ്റ്റുകള്‍ സ്വീകരിക്കാറുള്ളത്‌. ജനപ്രതിനിധിസഭ, നിയമവാഴ്‌ച, പൗരാവകാശ സ്വാതന്ത്യ്രങ്ങള്‍ തുടങ്ങിയ അനിയന്ത്രിത ജനാധിപത്യ രാഷ്‌ട്രീയവ്യവസ്ഥിതികള്‍ ഈ സംവിധാനത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇന്ത്യ, ബ്രിട്ടന്‍, ബെല്‍ ജിയം, ന്യൂസിലന്‍ഡ്‌, നോര്‍വെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്‌ എന്നീ രാജ്യങ്ങളാണ്‌ പ്രധാനമായും സോഷ്യല്‍ ഡെമോക്രസിയുടെ മാര്‍ഗം അവലംബിച്ചുവരുന്നത്‌. വിപ്ലവമാര്‍ഗത്തിലൂടെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്ഥാപിച്ചുകൊണ്ടു ലോകവ്യാപകമായിട്ടുള്ള ഒരു സോഷ്യലിസ്റ്റ്‌ സമൂഹം കെട്ടിപ്പടുക്കുകയാണ്‌ കമ്യൂണിസത്തിന്റെ ലക്ഷ്യം. പ്രായോഗികതലത്തില്‍ അനിയന്ത്രിതമായ ജനാധിപത്യസംവിധാനത്തെ കമ്യൂണിസം അംഗീകരിക്കാറില്ലെങ്കിലും അതിനെ പൂര്‍ണമായും തള്ളിപ്പറയാറില്ല.

1922-ല്‍ ഇറ്റലിയിലെ ബനിറ്റോ മുസ്സോളിനിയാണ്‌ ഏകാധിപത്യ ഫാസിസ്റ്റ്‌ ഭരണത്തിനു തുടക്കം കുറിച്ചത്‌. 1933-ല്‍ ജര്‍മനിയില്‍ ഫാസിസ്റ്റ്‌ സര്‍വാധിപത്യം ഏറ്റവും കിരാതമായ രീതിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍