This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുട്ടിത്തേവാങ്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുട്ടിത്തേവാങ്ക്
Slender loris
പ്രമേറ്റ് വര്‍ഗത്തില്‍ പ്പെട്ട ഒരു സസ്‌തനി. തേവാങ്കുകള്‍ മൊത്തത്തില്‍ "ലെമൂര്‍' എന്ന പേരിലാണറിയപ്പെടുന്നത്. കാഴ്‌ചയില്‍ മനുഷ്യരോട്, വാനരന്മാര്‍ക്കുള്ളിടത്തോളം സാമ്യം ഇവയ്‌ക്കില്ല. എങ്കിലും കൈകാലുകളുടെയും ആന്തരികാവയവങ്ങളുടെയും തലച്ചോറിന്റെയും ഘടനയില്‍ മനുഷ്യരോടും വാനരന്മാരോടും ഇവയ്‌ക്ക് വളരെ അടുപ്പമുണ്ട്. ലെമൂര്‍ വിഭാഗത്തിലെ ലോറിസിഡേ കുടുംബത്തിലുള്ള രണ്ടിനം തേവാങ്കുകള്‍ മാത്രമേ ഇന്ത്യയില്‍ ഇന്നു ജീവിച്ചിരിപ്പുള്ളൂ-തോവാങ്കും (Slow loris) കുട്ടിത്തേവാങ്കും (Slender loris). ആഫ്രിക്കയിലും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലും ഇവ കാണപ്പെടുന്നു.
ഉരുണ്ട തലയും വലിയ വട്ടക്കണ്ണുകളുമുള്ള കുട്ടിത്തേവാങ്കിന്റെ ശാ.നാ.: ലോറിസ് ടാര്‍ഡിഗ്രാഡുസ് (Loris tardigradus). വളര്‍ച്ചയെത്തുമ്പോള്‍ 20-25 സെ.മീ. നീളം കാണും; 280 മുതല്‍ 340 ഗ്രാം വരെ ഭാരവും. വാല്‍ ഇല്ല എന്നുതന്നെ പറയാം. ആണിനെ അപേക്ഷിച്ച് പെണ്ണിന് പൊതുവേ വലുപ്പവും ഭാരവും കുറവാണ്. ഉറച്ച ഉടലും നേര്‍ത്ത കൈകാലുകളുമാണ് ഇവയ്‌ക്കുള്ളത്. ദേഹമാസകലം സമൃദ്ധമായ രോമപാളികളുണ്ട്. ചെവി നീണ്ടതും മൂക്ക് കൂര്‍ത്തതുമാണ്. അടുത്തടുത്തു സ്ഥിതിചെയ്യുന്ന രണ്ടുവലിയ വട്ടക്കണ്ണുകള്‍ മൂങ്ങയെ ഓര്‍മിപ്പിക്കുന്നു. പൊതുവേ വെളുപ്പ്, തവിട്ട് എന്നീ നിറങ്ങളും അപൂര്‍വമായി ചാരനിറവും ഇവയുടെ പുറംചട്ടയ്‌ക്കുള്ളതായി കാണാം. ഇവയുടെ കണ്ണുകള്‍ക്കു ചുറ്റും കറുപ്പ്, തവിട്ട് എന്നീ നിറങ്ങളിലുള്ള വളയങ്ങളുണ്ട്.
തെക്കേ ഇന്ത്യയും ശ്രീലങ്കയുമാണ് കുട്ടിത്തേവാങ്കിന്റെ ആവാസകേന്ദ്രങ്ങള്‍. വനാന്തര്‍ഭാഗങ്ങളിലെന്നപോലെ വനത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ഇവ വളരുന്നുണ്ട്. ആരുടെയും കണ്ണില്‍ പ്പെടാതെ രഹസ്യജീവിതം നയിക്കുന്ന രാത്രിഞ്ചരന്മാരാണ് ഈ ജീവികള്‍. മുഴുവന്‍ സമയവും മരക്കൊമ്പുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന സ്വഭാവം ഇവയ്‌ക്കില്ല. രാത്രികാലത്ത് ഇടയ്‌ക്കിടെ തീറ്റതേടി കുറ്റിച്ചെടികളിലേക്ക് ഇറങ്ങിവരികയും, ചിലപ്പോള്‍ നിലത്തുകൂടി ഓടി വേറൊരു മരത്തില്‍ ച്ചെന്നു കയറുകയും ചെയ്യും. പകല്‍ സമയം മുഴുവനും ഗാഢനിദ്രയിലായിരിക്കും. ആ അവസരങ്ങളില്‍ മരച്ചില്ലയിലെ പച്ചിലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഇവയെ കണ്ടുപിടിക്കാന്‍ എളുപ്പമല്ല. നേരം സന്ധ്യയാകുന്നതോടെ മെല്ലെ ഇറങ്ങി അലയാന്‍ തുടങ്ങും. പൂച്ചെടി (അരിപ്പൂ)ക്കായ്‌കളാണ് ഇവയ്‌ക്ക് ഏറെ പഥ്യം. ഓന്ത്, ചെറുകിളികള്‍, മരത്തവള എന്നീ ജീവികളെയും ഇവ പിടിച്ചുതിന്നാറുണ്ട്. ജീവനുള്ള ഒരു ഇരയെ അടുത്തുകണ്ടെത്തിയാലുടന്‍ കാലുകള്‍ ഉറപ്പിച്ചു നിവര്‍ന്നുനിന്ന് രണ്ടു കൈകളുംകൊണ്ട് ക്ഷണം അതിനെ അള്ളിപ്പിടിക്കും. കൈയില്‍ കിട്ടിയ ഇര നിമിഷത്തിനുള്ളില്‍ വായ്‌ക്കുള്ളിലാകും. ഇലയില്‍ പറ്റിയിരിക്കുന്ന വെള്ളത്തുള്ളികള്‍ വിരലില്‍ എടുത്ത് ഊറ്റിക്കുടിക്കുന്നു. പാത്രത്തില്‍ വെള്ളം വച്ചുകൊടുത്താല്‍ കൈകള്‍ ഉപയോഗിക്കാതെ നക്കിക്കുടിക്കാനും ഇവയ്‌ക്കറിയാം.
ഒറ്റയ്‌ക്ക് ജീവിതം കഴിച്ചുകൂട്ടുവാനിഷ്‌ടപ്പെടുന്ന ജന്തുക്കളാണ് കുട്ടിത്തേവാങ്കുകള്‍. ഇവയുടെ ലൈംഗികജീവിതത്തെ സംബന്ധിക്കുന്ന വളരെ കുറച്ചുവിവരങ്ങള്‍ മാത്രമേ അറിവായിട്ടുള്ളൂ. ഏകദേശം 170 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ ഒറ്റക്കുട്ടിയാണ് പതിവെങ്കിലും അപൂര്‍വമായി ഇരട്ടകളെയും പ്രസവിക്കാറുണ്ട്. കുഞ്ഞിനു പകുതി വളര്‍ച്ചയെത്തുന്നതുവരെ തള്ള മുലയൂട്ടുന്നു.
ഒട്ടനവധി അന്ധവിശ്വാസങ്ങള്‍ ചൂഴ്‌ന്നുനില്‌ക്കുന്ന ഒരു ജീവിയാണ് കുട്ടിത്തേവാങ്ക്. മന്ത്രവാദങ്ങള്‍ക്കും, കണ്ണുചികിത്സയ്‌ക്കും വേണ്ടി ഇവയെ പിടിച്ചുകൊല്ലാറുണ്ട്. മൃഗശാലകളില്‍ വളരെ അപൂര്‍വമായി മാത്രമേ ഈ ജീവികളെ പാര്‍പ്പിക്കാറുള്ളൂ. ഇവയുടെ പ്രത്യേക ജീവിതചര്യകള്‍ മൃഗശാലയുമായി പൊരുത്തപ്പെട്ടുപോകാത്തതുമൂലമാവണം, ഏറെനാള്‍ ഈ രാത്രിഞ്ചരന്മാര്‍ ബന്ധനത്തില്‍ ജീവിച്ചിരിക്കാറില്ല. 2010-ലെ ഐ.യു.സി.എന്‍ റെഡ് ഡേറ്റാബുക്ക് പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളാണ് കുട്ടിത്തേവാങ്കുകള്‍.
(കെ. രാജേന്ദ്രബാബു)