This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിബ്‌ല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിബ്‌ല

ദിശ, ഭാഗം, അഭിമുഖം എന്നീ അര്‍ഥമുള്ള അറബിപദം. നമസ്‌കാരം തുടങ്ങിയ ആരാധനാവേളകളില്‍ മുസ്‌ലിങ്ങള്‍ അഭിമുഖീകരിക്കുന്ന ദിശയെന്നാണ്‌ ശരീഅത്തില്‍ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഏകദൈവാരാധനയ്‌ക്കായി ഭൂലോകത്ത്‌ ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്‌ബ: മന്ദിരമാണ്‌ ലോകമുസ്‌ലിങ്ങളുടെ കിബ്‌ല. വിശുദ്ധ മക്കയിലെ അല്‍ മസ്‌ജിദുല്‍ ഹറാമിന്റെ മധ്യത്തിലായാണ്‌ ഇത്‌ സ്ഥിതിചെയ്യുന്നത്‌.

ഹിജ്‌റ രണ്ടാം വര്‍ഷമാണ്‌ (എ.ഡി. 623) കഅ്‌ബ:യെ കിബ്‌ല:യായി നിശ്ചയിച്ചുകൊണ്ടുള്ള ദൈവകല്‌പനയുണ്ടായത്‌. പലസ്‌തീനിലെ അല്‍ കുദ്‌സില്‍ സ്ഥിതിചെയ്യുന്ന അല്‍ മസ്‌ജിദുല്‍ അക്‌സ്വാ(ബൈതുല്‍ മുകദ്ദിസ്‌)യാണ്‌ അതുവരെ മുസ്‌ലിങ്ങള്‍ കിബ്‌ലയായി കണക്കാക്കിയിരുന്നത്‌. മദീനയിലെ ഇസ്‌റാ ഈലി വംശജരും (യഹൂദര്‍) ആരാധനാകര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നത്‌ ഇവിടേക്കു തിരിഞ്ഞായിരുന്നു. തങ്ങളുടെ മതം സ്വീകരിക്കാതെ തങ്ങളുടെ കിബ്‌ല മുസ്‌ലിങ്ങള്‍ സ്വീകരിക്കുന്നുവെന്നുള്ള യഹൂദരുടെ ആക്ഷേപവും പരിഹാസവും വര്‍ധിച്ചുവന്ന സന്ദര്‍ഭത്തില്‍ നബി ദൈവസഹായത്തിനായി അപേക്ഷിച്ചു. അപ്പോഴാണ്‌ ദൈവവിധിയുണ്ടായതെന്നാണ്‌ വിശ്വാസം. താങ്കളുടെ മുഖം ആകാശത്തില്‍ (നോട്ടമിട്ടു) തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതുകൊണ്ടു താങ്കള്‍ തൃപ്‌തിപ്പെടുന്നതായ ഒരു കിബ്‌ലയിലേക്കു നിശ്ചയമായും താങ്കളെ നാം തിരിച്ചുതരാം. ഇനി താങ്കളുടെ മുഖത്തെ "മസ്‌ജിദുല്‍ ഹറാമി'ലേക്കു തിരിച്ചുകൊള്ളുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖം അതിന്റെ നേരെ തിരിച്ചുകൊള്ളുക. നിശ്ചയമായും വേദഗ്രന്ഥം നല്‍ കപ്പെട്ടവര്‍ക്കറിയാം അത്‌ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള യാഥാര്‍ഥ്യമാണെന്ന്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല' (വി. ഖു. - 2: 144). ലോകസമൂഹത്തെ സന്മാര്‍ഗത്തിലേക്കു നയിക്കാനും അവരുടെ മൗലികവും ആത്മീയവുമായ സകലകാര്യങ്ങള്‍ക്കും സന്മാര്‍ഗികനേതൃത്വം നല്‌കാനുമുള്ള അവകാശം ഇസ്‌റാഈല്യരില്‍ നിന്നുമാറ്റി മുഹമ്മദീയ സമൂഹത്തിനു നല്‍ കുന്നതിനുവേണ്ടിയാണ്‌ ബൈതുല്‍ മുകദ്ദീസിനുപകരം കഅ്‌ബയെ കിബ്‌ലയായി നിശ്ചയിച്ചതെന്നത്ര വിശ്വാസം.

(പ്രാഫ. വി. മുഹമ്മദ്‌; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%AC%E0%B5%8D%E2%80%8C%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍