This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരാകൂം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരാകൂം

Kara-Kum

തുര്‍ക്‌മെനിസ്‌താനിലെ ഒരു മരുപ്രദേശം. ആന്തരികഅപവാഹ തടമായ ഈ പ്രദേശം മുഴുവന്‍ കറുത്ത (qara) മണല്‍ (Kum) നിറഞ്ഞു കാണപ്പെടുന്നു. ഈ മണല്‍പ്പാടത്തിന്‌ സു. 3,00,000 ച.കി.മീ. വ്യാപ്‌തിയുണ്ട്‌. തുര്‍ക്‌മെനിസ്‌താന്റെ 60 ശതമാനത്തോളം വ്യാപിച്ചിട്ടുള്ള കാരകൂം പ്രദേശത്തെ തുര്‍ക്‌മെന്‍ കാരാകൂം എന്നും കസാഖ്‌സ്‌താനില്‍ അറാള്‍ക്കടലിനു വടക്കു കിഴക്കായുള്ള മരുപ്രദേശത്തെ അറാള്‍ കാരാകൂം എന്നും വിശേഷിപ്പിക്കാറുണ്ട്‌.

കാരാ-കൂം രാജാവിന്റെ ശവകുടീരത്തില്‍ കണ്ടെത്തിയ കുതിരയുടെ അവശിഷ്‌ടം
വടക്ക്‌ അറാള്‍ കടലിനും, വടക്കുപടിഞ്ഞാറ്‌ ആമുദാരിയ നദീതടത്തിനും തെക്ക്‌ കോപെദാഗ്‌ (Kopet Dag) മലനിരകള്‍ക്കും ഇടയിലായി വ്യാപിച്ചുകിടക്കുന്ന ഈ ഇരുണ്ട മണലാരണ്യത്തിന്‌ കിഴക്കുനിന്ന്‌ പടിഞ്ഞാറേക്ക്‌ അല്‌പം ചരിഞ്ഞ പ്രകൃതിയാണുള്ളത്‌. ഉയര്‍ന്ന വിതാനത്തിലുള്ള വടക്കുഭാഗം, താരതമ്യേന താണ നിരപ്പിലുള്ള മധ്യഭാഗം, കരിനിലങ്ങള്‍ ധാരാളമായുള്ള ദക്ഷിണപൂര്‍വ ഭാഗം എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി മൂന്നു മേഖലകളായി ഇത്‌ വിഭജിതമാണ്‌. മുന്‍കാലങ്ങളില്‍ കാസ്‌പിയന്‍ കടലില്‍ പതിച്ചിരുന്ന ആമുദാരിയ നദിയിലൂടെ ഒഴുകിയെത്തിയ മണല്‍ അടിഞ്ഞ്‌ ഉണ്ടായതാണ്‌ കാരാകൂം മണലാരണ്യം; ഇതിന്റെ തെക്കന്‍ഭാഗങ്ങള്‍ മുര്‍ഗാബ്‌, തെഡ്‌ഴെന്‍ (Tedzhin) എന്ന രണ്ടുനദികളുടെ എക്കല്‍ തടങ്ങളും. ടാക്കിര്‍ (Takir) എന്നറിയപ്പെടുന്ന കളിമണ്‍ തടങ്ങളും ഷോറി (Shory) എന്നു വിശേഷിപ്പിക്കപ്പെടുന്ന ലവണ തടങ്ങളും ധാരാളമായുള്ള മണലാരണ്യത്തിലെ വായൂഢ മണല്‍ക്കൂനകളില്‍ 75 മീറ്ററോളം ഉയരമുള്ളവ സാധാരണമാണ്‌.

മധ്യമേഖലയുടെ പൂര്‍വഭാഗത്ത്‌ 500 മീ. കനത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ മണല്‍ കഴിഞ്ഞ 20,000 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്‌ നിക്ഷിപ്‌തമായിട്ടുള്ളത്‌. കാസ്‌പിയന്‍ കടലിനും അറാള്‍ക്കടലിനും ഇടയ്‌ക്ക്‌ ഉണ്ടായിരുന്ന ക്വാലിസ്‌ (Khvalys) കടലില്‍ പതിച്ചിരുന്ന ആമുദാരിയ നദി, ഇവിടം ക്രമേണ എക്കല്‍ അടിഞ്ഞ്‌ മൂടപ്പെട്ടതിനാല്‍ ദിശ മാറി ഒഴുകുകയുണ്ടായി. കഴിഞ്ഞ 5-ാം സഹസ്രാബ്‌ദം മുതല്‍ 2-ാം സഹസ്രാബ്‌ദം വരെയുള്ള കാലഘട്ടത്തില്‍ കാസ്‌പിയന്‍ കടലിലാണ്‌ ആമുദാരിയ നിപതിച്ചിരുന്നത്‌; പിന്നീട്‌ അറാള്‍ക്കടലിലായി ഇതിന്റെ നിപതനം.

വന്‍കര കാലാവസ്ഥ അനുഭവപ്പെടുന്ന മരുഭൂവില്‍ വേനല്‍ക്കാല താപനില 50C ആയിരിക്കുമ്പോള്‍ മണല്‍പ്പരപ്പിന്‌ 800C വരെ ചൂടുണ്ടാവും. ശരാശരി വാര്‍ഷികവര്‍ഷപാതം 60150 മില്ലിമീറ്റര്‍ മാത്രമാണ്‌. കാരാകടലിന്റെ വടക്കു കിഴക്കേ ഓരത്തുകൂടെ ഒഴുകി ആമുദാരിയ അറാള്‍ക്കടലില്‍ പതിക്കുമ്പോള്‍ തെഡ്‌ഴിക്‌, മുര്‍ഗാബ്‌ എന്നീ നദികള്‍ മണല്‍പ്പരപ്പില്‍ത്തന്നെ ഒഴുകി ഇല്ലാതാകുന്നു. തന്മൂലം ലവണരസമുണ്ടെങ്കിലും സംഭരിക്കപ്പെടുന്ന ഭൂജലം കുഴല്‍ക്കിണറുകളിലൂടെയും മറ്റും സ്ഥലവാസികള്‍ ഉപയോഗപ്പെടുത്തുന്നു.

വസന്തകാലത്ത്‌ മണല്‍ക്കൂനകള്‍ ഒഴിച്ചുള്ള മണല്‍പ്പാടത്ത്‌ ആകമാനവും പച്ചപ്പട്ടു വിരിച്ചതുപോലെ ചെറിയ ക്ഷണിക സസ്യങ്ങള്‍ (Ephemeroids) നിറഞ്ഞു കാണപ്പെടുന്നു. ഏപ്രില്‍, മേയ്‌ മാസങ്ങളോടെ അവയെല്ലാം കരിഞ്ഞുനശിക്കുന്നു. കരണ്ടുതീനികള്‍, തേള്‍, പാമ്പ്‌, ആമ, ഉറുമ്പ്‌, വന്യമായ പൂച്ചയിനങ്ങള്‍; ചെന്നായ്‌, ടാട്ടാര്‍ നരി (corsac) തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ്‌ ജന്തുജാലം. വാനമ്പാടി തുടങ്ങിയ പക്ഷിവര്‍ഗങ്ങളെയും ഇവിടെ കാണാം.

കാരാകൂം മരുപ്രദേശത്ത്‌ ജനസാന്ദ്രത പൊതുവേ വളരെ കുറവാണ്‌. നദീതടങ്ങളിലും മരുപ്പച്ചകളിലും ആണ്‌ മനുഷ്യാധിവാസം വ്യാപിച്ചിട്ടുള്ളത്‌. ജനങ്ങളില്‍ അധികവും തുര്‍ക്‌മെന്‍കാര്‍ ആണ്‌. പരിരക്ഷിക്കപ്പെട്ടു പോരുന്ന ആദിവാസികേന്ദ്രങ്ങളും ഇവിടെയുണ്ട്‌.

ആട്‌, ഒട്ടകം വളര്‍ത്തലാണ്‌ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം. മേരി (Mari), തേജന്‍ (Tejen) എന്നീ മരുപ്പച്ചകളില്‍ പരുത്തിക്കൃഷി വ്യാപകമായി നടന്നുവരുന്നു. കാരാകൂം പ്രദേശത്തെ ബോള്‍സോയ്‌ ബാള്‍ക്കന്‍ നിരകളില്‍ നിന്നും ശിലായുഗത്തിലേതെന്നു കരുതപ്പെടുന്ന മനുഷ്യാധിവാസത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

മണലിനെപ്പറ്റി പഠനം നടത്തുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗവേഷണശാലയായ ആര്‍.എസ്‌.ആര്‍.എസ്‌. (Repetek Sand Research Station) മണലാരണ്യത്തിന്റെ ദക്ഷിണപൂര്‍വഭാഗത്തായി സ്ഥിതിചെയ്യുന്നു. കാരാകൂം മണലാരണ്യത്തില്‍ കനത്ത തോതിലുള്ള പെട്രാളിയം നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെയാണ്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം വര്‍ധിച്ചത്‌. ഇതിനു പുറമേ പ്രകൃതിവാതകത്തിന്റെയും സള്‍ഫറിന്റെയും നിക്ഷേപങ്ങളും മരുപ്രദേശത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌. ട്രാന്‍സ്‌കാസ്‌പിയന്‍ റെയില്‍പ്പാത ഈ മരുപ്രദേശത്തെ മുറിച്ചുകടക്കുന്നു.

കാരാകൂം കനാല്‍. ആമുദാരിയ നദിയില്‍ നിന്ന്‌ കാരാകും മണലാരണ്യത്തിലൂടെ തുര്‍ക്‌മെനിസ്‌താന്റെ ദക്ഷിണഭാഗങ്ങളില്‍ ജലമെത്തിക്കാന്‍ ഉദ്ദേശിച്ച്‌ പണിയിച്ചിട്ടുള്ള കനാലാണ്‌ ഇത്‌. മണല്‍ക്കാടിന്റെ വടക്കുകിഴക്കു ഭാഗങ്ങളിലൂടെ കനാല്‍ കടന്നുപോകുന്നു. ഈ കനാല്‍ ഇപ്പോഴും പല ഘട്ടങ്ങളിലായി വിപുലപ്പെടുത്തി പരിഷ്‌കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ കനാല്‍ മുഖേന മരുഭൂമിയിലെ 3,00,000 ഹെക്‌ടര്‍ പ്രദേശത്ത്‌ ജലസേചനം സാധ്യമാണ്‌; കാര്‍ഷികമേഖലയ്‌ക്ക്‌ പുറത്ത്‌ 5,00,000 ഹെക്‌ടറോളം വരുന്ന പുല്‍മേടുകളും കനാല്‍ജലം ഉപയോഗിച്ച്‌ സംരക്ഷിക്കപ്പെട്ടുപോരുന്നു. പട്ടണങ്ങളില്‍ കുടിനീരായും വ്യാവസായികാവശ്യങ്ങള്‍ക്കായും കനാല്‍ജലം പ്രയോജനപ്പെടുത്തുന്നു. കനാലിനു നീളം 1962ല്‍ 805 കി.മീ. ആയിരുന്നത്‌ 1967ല്‍ 1,100 കി.മീ. ആയി വര്‍ധിപ്പിച്ചു. ഇപ്പോള്‍ 1375 കി.മീ. ദൈര്‍ഘ്യം ഈ കനാലിനുണ്ട്‌. ലോകത്തിലെ ഏറ്റവും ബൃഹത്തായ ജലസേചനശുദ്ധജലവിതരണ പദ്ധതികളിലൊന്നാണ്‌ കാരാകൂം കനാല്‍ വഴി നടപ്പാക്കിവരുന്നത്‌. 450 കി.മീ. ദൂരം ഗതാഗതസൗകര്യം കൂടി പ്രദാനം ചെയ്യുന്ന കനാലില്‍ മീന്‍വളര്‍ത്തലും വികസിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%95%E0%B5%82%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍