This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായല്‍ക്കൃഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കായല്‍ക്കൃഷി

നെല്ലും താറാവും കൃഷി

കരയോടടുത്തുകിടക്കുന്ന കായല്‍ ഭാഗങ്ങള്‍ പൂര്‍ണമായി നികത്തിയെടുത്തോ, ചിറകള്‍ പിടിപ്പിച്ച്‌ അകത്തെ വെള്ളം വറ്റിച്ചോ നടത്തുന്ന കൃഷി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കായലുകള്‍ ഉള്ളത്‌ കേരളത്തിലാണ്‌. 590 കി.മീ. നീളമുള്ള കടല്‍ത്തീരത്തിനു സമീപമായി 25ഓളം കായലുകള്‍ ഉണ്ട്‌. (മൊത്തം വിസ്‌തീര്‍ണം 52,000 ഹെ). ഈ കായലുകളുടെ ദൈര്‍ഘ്യം കേരളത്തിന്റെ തീരപ്രദേശങ്ങളുടെ മൊത്തം ദൈര്‍ഘ്യത്തിന്റെ ഏകദേശം 13 ശതമാനത്തോളം വരും. സംസ്ഥാനത്ത്‌ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളില്‍ പലതും ഈ കായലുകളില്‍ കൂടിയാണ്‌ കടലിലേക്ക്‌ ജലനിര്‍ഗമനം നടത്തുന്നത്‌. വേമ്പനാട്‌, കായംകുളം, അഷ്‌ടമുടി, കഠിനംകുളം എന്നീ കായലുകളാണ്‌ ഇവയില്‍ പ്രധാനപ്പെട്ടവ.

കരയോടു ചേര്‍ന്നുകിടക്കുന്നതും ആഴംകുറഞ്ഞതുമായ ഭാഗങ്ങളില്‍ ചിറകെട്ടി പമ്പ്‌, ചക്രം മുതലായവ ഉപയോഗിച്ച്‌ അതിനകത്തുള്ള വെള്ളം വറ്റിച്ചു കൃഷി ചെയ്‌താണ്‌ കായലുകള്‍ ആദ്യകാലങ്ങളില്‍ വീണ്ടെടുത്തു വന്നിരുന്നത്‌. പില്‌ക്കാലങ്ങളില്‍ കായലുകളുടെ നടുവില്‍ത്തന്നെ ചെളികുത്തി വീതിയുള്ളതും ശക്തിയുള്ളതുമായ പുറംവരമ്പുകള്‍ നിര്‍മിച്ചു വലിയ പാടശേഖരങ്ങളാക്കാന്‍ തുടങ്ങി. അവയുടെ ഉള്ളില്‍ നെടുകേയും കുറുകേയും ചെറുവരമ്പുകള്‍ കെട്ടി ചെറിയ പാടങ്ങളാക്കുകയും അവയ്‌ക്കിടയില്‍ തോടുകള്‍ ഉണ്ടാക്കി പമ്പുകളുപയോഗിച്ച്‌ വെള്ളം വറ്റിച്ചശേഷം കൃഷിയിറക്കുകയും ചെയ്യുവാന്‍ കര്‍ഷകര്‍ ശ്രമിച്ചുപോന്നു. കുട്ടനാടന്‍ ഭാഗത്ത്‌ ആരംഭിച്ച ഈ കായല്‍ കൃഷി പിന്നീട്‌ അധികം ആഴമില്ലാത്ത മറ്റു കായല്‍പ്രദേശങ്ങളിലും പ്രചരിച്ചു. കായംകുളം കായലിലും തൃശൂര്‍ കോള്‍നിലങ്ങളിലും ആണ്‌ കുട്ടനാടിനു പുറമേ ഇത്തരം കൃഷി തുടരുന്നത്‌.

കാലവര്‍ഷതുലാവര്‍ഷക്കാലങ്ങളില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെയും വൃശ്ചികം, ധനു എന്നീ മാസങ്ങളിലുണ്ടാകുന്ന വേലിയേറ്റത്തെയും തടഞ്ഞുനിര്‍ത്താന്‍ ശക്തമായ ചിറകള്‍ ആവശ്യമാണ്‌. ഇത്തരം ചിറകള്‍ കെട്ടുന്നതിന്‌ ഭാരിച്ച ചെലവുണ്ട്‌. എത്ര സൂക്ഷ്‌മമായും സുശക്തമായും ചിറകള്‍ കെട്ടിയാലും പുറംവരമ്പ്‌ പൊട്ടി മടവീണ്‌ കൃഷി ചിലപ്പോള്‍ നിശ്ശേഷം നശിക്കാറുണ്ട്‌. കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍ സമുദ്രനിരപ്പിന്‌ 2.1 മീ. വരെ താഴെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ചെളിയും മണലും ജൈവവസ്‌തുക്കളും സമ്മിശ്രമായി കിടക്കുന്ന ഒരുതരം മണ്ണാണ്‌ അവിടെ കണ്ടുവരുന്നത്‌. ഏകദേശം 30 മീ. താഴ്‌ചവരെ ഇത്തരം മണ്ണുതന്നെയാണ്‌. മണ്ണില്‍ ധാരാളം അമ്ലം ഉള്ളതുകൊണ്ട്‌ പല പ്രാവശ്യം ശുദ്ധജലം കയറ്റി ഇറക്കിയും ധാരാളം കുമ്മായം ചേര്‍ത്തും മറ്റുമാണ്‌ ഈ സ്ഥലങ്ങള്‍ കൃഷിക്കനുയോജ്യമാക്കുന്നത്‌.

ചാലക്കുടിയാറിന്റെ പടിഞ്ഞാറേയറ്റം മുതല്‍ പൊന്നാനിവരെ നീണ്ടുകിടക്കുന്നതും സമുദ്രനിരപ്പില്‍നിന്ന്‌ 0.5 മുതല്‍ 2.2 മീ. വരെ താണുകിടക്കുന്നതും കുട്ടനാട്ടിലെ കായല്‍ നിലങ്ങളോടു സാദൃശ്യമുള്ളതുമായ തൃശൂര്‍ കോള്‍നിലങ്ങളും ആണ്ടില്‍ ഏഴുമാസത്തോളം വെള്ളത്തിനടിയില്‍ത്തന്നെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ചുറ്റും പുറംവരമ്പുകള്‍ കെട്ടിയുറപ്പിച്ച്‌ ജനുവരി മുതല്‍ മേയ്‌ വരെയുള്ള സമയത്ത്‌ വെള്ളം വറ്റിച്ചാണ്‌ ഇവിടെ പുഞ്ചക്കൃഷി ചെയ്യുന്നത്‌.

കായംകുളം കായലിലും പറവൂര്‍ കായലിലും ഇതേ രീതിയിലുള്ള കൃഷി പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

പഴയ തിരുവിതാംകൂര്‍ പ്രദേശത്ത്‌ ആദ്യകാലങ്ങളില്‍ കായല്‍ കുത്തിയെടുത്തു കൃഷിചെയ്യുന്നതിന്‌ സര്‍ക്കാരിന്റെ അനുവാദം ആവശ്യമായിരുന്നില്ല; മൂന്നാം കൊല്ലം നാമമാത്രമായ ഒരു കരംചുമത്തി സര്‍ക്കാര്‍ അതു കൃഷിക്കാരനു പതിച്ചുകൊടുക്കുകയായിരുന്നു പതിവ്‌. പില്‌ക്കാലങ്ങളില്‍ കായല്‍ ലേലം ചെയ്‌തു പതിച്ചു കൊടുത്തുവന്നു. കൃഷിനഷ്‌ടവും കൃഷിനാശവും സാധാരണമായിരുന്നതിനാല്‍ കായല്‍ക്കൃഷി പലപ്പോഴും ഒരു ഭാഗ്യപരീക്ഷണമായിരുന്നു. ഇപ്പോള്‍ വേമ്പനാട്ടുകായലിന്റെ തെക്കുഭാഗത്ത്‌ കൃഷിയോഗ്യമാക്കിയ ഏതാനും കായല്‍ ബ്ലോക്കുകളുണ്ട്‌. അവിടെ A മുതല്‍ T വരെ ഇംഗ്ലീഷ്‌ അക്ഷരമാലാക്രമത്തില്‍ 20 ബ്ലോക്കുകളുണ്ട്‌. R ബ്ലോക്കൊഴിച്ചുള്ള പാടശേഖരങ്ങളുടെ പുറവരമ്പിന്റെമുകള്‍ഭാഗം വര്‍ഷകാലത്തെ പ്രളയ ജലനിരപ്പിനെക്കാള്‍ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്‌. അതിനാല്‍ വര്‍ഷകാലത്ത്‌ പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കും. എന്നാല്‍ R ബ്ലോക്കിന്റെ ചിറകളുടെ മുകള്‍ഭാഗം പ്രളയജലനിരപ്പിനെക്കാള്‍ ഉയരത്തിലാണ്‌. അതുകൊണ്ട്‌ ഒരിക്കലും പ്രളയജലം വരമ്പുകവിഞ്ഞ്‌ ഒഴുകുകയില്ല. ചിറകള്‍ക്കുള്ളില്‍ നിര്‍മിച്ചിരിക്കുന്ന തൂമ്പുകള്‍ വഴി നിയന്ത്രിതരീതിയില്‍ വെള്ളം അകത്തു കയറ്റുകയും പമ്പുപയോഗിച്ചു പുറത്തേക്കു കളയുകയും ചെയ്യുന്നു. R ബ്ലോക്കിന്‌ ഹോളണ്ടിലെ കൃഷിരീതിയോട്‌ സാദൃശ്യമുള്ളതിനാല്‍ ഇതിനെ "ഹോളണ്ട്‌ പദ്ധതി' എന്നും വിളിക്കാറുണ്ട്‌. വേമ്പനാട്ടുകായലില്‍ ഏകദേശം 8,100 ഹെക്‌ടര്‍ കായല്‍നിലങ്ങള്‍ വീണ്ടെടുത്ത്‌ 32 പാടശേഖരങ്ങളായി തിരിച്ചിട്ടുണ്ട്‌. R ബ്ലോക്കിനു ഏകദേശം 625 ഹെക്‌ടര്‍ വിസ്‌തീര്‍ണമുണ്ട്‌. നെല്ലിന്‌ പുറമേ വന്‍തോതില്‍ നാണ്യവിളകളും ഇവിടെ കൃഷിചെയ്‌തുവരുന്നു.

കായല്‍ക്കൃഷി വളരെ ക്ലേശപൂര്‍ണമായ ഒരു ഉദ്യമമാണ്‌; മറ്റു പുഞ്ചപ്പാടങ്ങളെ അപേക്ഷിച്ച്‌ പണച്ചെലവും വളരെ കൂടുതലാണ്‌. കൂടാതെ പുറച്ചിറകള്‍ എത്ര ഭദ്രമായി സൂക്ഷിച്ചാലും ഉഗ്രമായ കാറ്റടിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ തിരമാലകളുടെ ശക്തമായ അടികൊണ്ടും, ചിലപ്പോള്‍ ക്രമാതീതമായ വേലിയേറ്റത്താലുണ്ടാകുന്ന സമ്മര്‍ദംകൊണ്ടും, ചിറകള്‍ പൊട്ടി മട വീഴാറുണ്ട്‌. കൃഷിയിറക്കിയ ശേഷം മടവീണാല്‍ ആ വര്‍ഷം വീണ്ടും ചിറ ശരിയാക്കി വെള്ളം വറ്റിച്ചു കൃഷിയിറക്കുവാന്‍ സാധാരണഗതിയില്‍ സാധ്യമാവുകയില്ല. എന്നാല്‍ അപകടമൊന്നും കൂടാതെ വിളവ്‌ എടുക്കുവാന്‍ സാധിച്ചാല്‍ ഇതുപോലെ ലാഭകരമായ വിളവ്‌ നല്‌കുന്ന വേറെ കൃഷിസ്ഥലങ്ങളും കണ്ടെന്നുവരില്ല.

കായല്‍നികത്തുന്നതിന്റെ ആദ്യഘട്ടം പുറംവരമ്പുകള്‍ ഉണ്ടാക്കുകയാണ്‌. വള്ളങ്ങള്‍വഴി വയ്‌ക്കോല്‍, ചപ്പുചവറുകള്‍, കായലിലെ ചെളി എന്നിവ ഒന്നിടവിട്ട്‌ ജലനിരപ്പുവരെ ഇറക്കിയാണ്‌ പണി ആരംഭിക്കുന്നത്‌. ഏറ്റവും അടിയില്‍ വളരെ വീതിയില്‍ ചെളിയിട്ടു ചിറ ഉറപ്പിക്കുന്നു. വെള്ളത്തിനു മുകളില്‍ ചെളിയും വയ്‌ക്കോലും ചവുട്ടിയുറപ്പിക്കുന്നു. സാധാരണ പ്രളയജലനിരപ്പിനെക്കാള്‍ ഏകദേശം ഒരു മീറ്റര്‍ താഴെ വരെ ചിറ ഉയര്‍ത്തും. ചിറയുടെ മുകള്‍ ഭാഗത്തിന്‌ ഏകദേശം 3 മീ. വീതി കാണും. കായല്‍വശത്ത്‌ ചരിവു കുറച്ചും (1.5:1) പാടശേഖരവശത്തു ചരിവു കൂട്ടിയും (2.5:1) ആണ്‌ ചിറ പൂര്‍ത്തിയാക്കുന്നത്‌. വെള്ളം പുറത്തേക്കു കളയുവാനും അകത്തേക്കു കയറുവാനും വേണ്ടി ചിറയുടെ പല ഭാഗങ്ങളിലും തൂമ്പുകള്‍ പണിതിരിക്കും. പാടശേഖരത്തിന്റെ വലുപ്പം അനുസരിച്ച്‌ ചിറയുടെ വശത്ത്‌ ഒന്നോ അധികമോ പമ്പുകളും സ്ഥാപിച്ചിരിക്കും.

ബ്ലോക്കിനു വെളിയിലുള്ള ജലനിരപ്പ്‌ കൃഷിസ്ഥലത്തെക്കാള്‍ വളരെ ഉയര്‍ന്നിരിക്കുന്നതിന്റെ ഫലമായി ഊറല്‍വഴി അല്‌പാല്‌പമായി വെള്ളം പാടശേഖരത്തിനകത്തേക്ക്‌ കടക്കാറുണ്ട്‌. വെള്ളം ഈ ചെറിയ തോടുകള്‍ വഴി ചിറയുടെ വശങ്ങളിലെത്തിച്ച്‌ പമ്പുപയോഗിച്ച്‌ പുറത്തേക്കു കടത്തിവിട്ടുകൊണ്ടിരിക്കും. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ കൊയ്‌തുകഴിഞ്ഞു നിലം ഉണങ്ങിയാലുടനെ പാടം മുഴുവന്‍ ഉഴുതിടും. വര്‍ഷകാലത്തു വെള്ളം കടത്തിവിടുന്നു. ഡിസംബര്‍ ആകുമ്പോള്‍ കായല്‍വെള്ളത്തില്‍ ഉപ്പുരസം തുടങ്ങുന്നതുകൊണ്ട്‌, അവസാനത്തെ വെള്ളംകയറ്റല്‍ അതിനുമുമ്പു നടന്നിരിക്കും. മലവെള്ളത്തിന്റെ ഒഴുക്ക്‌ തുടര്‍ച്ചയായി കടലിലേക്കുതന്നെ ആകുന്നസമയം (ജൂണ്‍) വരെ ഉപ്പുരസം ഉണ്ടായിരിക്കും. ജൂണ്‍ കഴിഞ്ഞാല്‍ കായലില്‍ ശുദ്ധജലമാണ്‌. ആഗസ്റ്റ്‌ വരെ പാടം വെള്ളത്തില്‍ മുങ്ങിത്തന്നെ കിടക്കുവാന്‍ അനുവദിച്ച ശേഷം വെള്ളം പുറത്തേക്കു പമ്പുചെയ്‌ത്‌ ഒക്‌ടോബറില്‍ കൃഷിയിറക്കിത്തുടങ്ങും.

മേല്‌പറഞ്ഞ കൃഷിരീതിയാണ്‌ വേമ്പനാട്ടുകായല്‍ നിലങ്ങളില്‍ സ്വീകരിച്ചുവരുന്നത്‌. കുട്ടനാട്ടിലെ കായല്‍നിലങ്ങളില്‍ കണ്ടുവരുന്ന പുളിരസമുള്ള മണ്ണുതന്നെയാണ്‌ തൃശൂരിലെ കോള്‍നിലങ്ങിലും കാണുന്നത്‌. വെള്ളത്തില്‍ ഉപ്പുരസമുള്ള മാസങ്ങളും അതുപോലതന്നെ. എന്നാല്‍ തൃശൂരിലെ കോള്‍നിലങ്ങളിലെ കൃഷിരീതി അല്‌പം വ്യത്യസ്‌തമാണ്‌.

തൃശൂര്‍ കോള്‍നിലങ്ങളില്‍ കൃഷി ജനുവരിയില്‍ ആരംഭിച്ച്‌ മേയില്‍ അവസാനിക്കുന്നു. കൃഷിക്ക്‌ ആവശ്യമുള്ള ശുദ്ധജലം പാടശേഖരങ്ങളുടെ ഇടയില്‍ കൃത്രിമമായി നിര്‍മിച്ചിരിക്കുന്ന ജലാശയങ്ങളില്‍ മഴക്കാലത്ത്‌ ശേഖരിച്ചിരിക്കും. കായല്‍നിലങ്ങളില്‍ കൃഷിമാസങ്ങളില്‍ ആവശ്യത്തിനു ശുദ്ധജലം ലഭ്യമാകുന്നതുകൊണ്ട്‌ സാധാരണയായി കൃത്രിമജലാശയങ്ങള്‍ ആവശ്യമില്ല. ചിറകളുടെ നിര്‍മാണച്ചെലവിന്റെ മുഖ്യഭാഗവും കൃഷിക്കാര്‍ക്ക്‌ ദീര്‍ഘകാലവ്യവസ്ഥയില്‍ സര്‍ക്കാര്‍ വായ്‌പയായി നല്‌കിയിട്ടുണ്ട്‌.

(കെ.ഐ. ഇടിക്കുള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍