This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപ്പുവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാപ്പുവ

Capua

സാന്താമരിയ കാപ്പുവ വൈറ്റെറെ പള്ളി

ഇറ്റാലിയന്‍ നഗരം. നേപ്പിള്‍സില്‍നിന്ന്‌ 33 കി.മീ. വടക്കായി വോള്‍ടെര്‍നോ (Volturno) നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. നഗരം ഉള്‍പ്പെടുന്ന പ്രവിശ്യയ്‌ക്കും കാപ്പുവ എന്നാണ്‌ പേര്‌. ലൊംബാര്‍ഡ്‌, ബൈസാന്തിയന്‍, നോര്‍മന്‍, പല്ലാഡിയന്‍ എന്നീ ശൈലികളിലുള്ള കമനീയമായ കെട്ടിടങ്ങള്‍കൊണ്ട്‌ ഈ നഗരം അലങ്കൃതമാണ്‌. 9-ാം ശതകത്തില്‍ പണിയാരംഭിച്ച കാപ്പുവാ ദേവാലയത്തില്‍ 11-ാം ശതകത്തില്‍ പ്രചാരത്തില്‍ വന്ന റാമനെസ്‌ക്‌ വാസ്‌തുവിദ്യാശൈലിയുടെ പ്രഭാവം പ്രകടമായിക്കാണാം. ഈ ദേവാലയം 1943ല്‍ നശിപ്പിക്കപ്പെട്ടുവെങ്കിലും പിന്നീട്‌ പുനരുദ്ധരിക്കപ്പെട്ടു. പില്‌ക്കാലത്തു പ്രചാരത്തില്‍ വന്നതും റോമന്‍ശൈലിയില്‍ നിര്‍മിക്കപ്പെട്ടതുമായ സ്‌തംഭങ്ങളുടെ താങ്ങോടെ പണികഴിപ്പിച്ചിരിക്കുന്ന വിശിഷ്‌ടവും സുന്ദരവുമായ കമാനങ്ങള്‍ ഈ ദേവാലയത്തിലെ വാസ്‌തുവിദ്യാചാതുരിക്കു നിദര്‍ശനമാണ്‌. ഈ ദേവാലയവും റോമന്‍ അണക്കെട്ട്‌, പ്രാചീനമതില്‍ക്കെട്ട്‌, ഫ്രഡറിക്ക്‌ കക ചക്രവര്‍ത്തിയുടെയും സചിവന്മാരുടെയും ശവക്കല്ലറകള്‍ (13-ാം ശ.), നഗരവാതിലുകള്‍ അലങ്കരിച്ചിരുന്ന സ്‌മാരക പ്രതിമകള്‍കൊണ്ട്‌ സമ്പന്നമായ കാഴ്‌ചബംഗ്ലാവ്‌ എന്നിവയും കാപ്പുവ നഗരത്തിന്റെ മാറ്റു കൂട്ടുന്നു. ഇപ്പോഴുള്ള നഗരത്തിന്‌ സു. 5 കി.മീ. തെക്കു കിഴക്കായി സ്ഥിതിചെയ്‌തിരുന്ന റോമന്‍ നഗരമായ കാപ്പുവ നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ്‌ സു. 9-ാം ശതകത്തില്‍ ഇപ്പോഴത്തെ നഗരം പണികഴിപ്പിക്കപ്പെട്ടത്‌.

ബി.സി. 598ല്‍ എട്രൂസ്‌കന്മാരാല്‍ പണിയിക്കപ്പെട്ട പ്രാചീനകാപ്പുവാനഗരം 445425ഓടുകൂടി സാംനൈറ്റുകളുടെ കീഴിലായി. ഗ്രീക്‌ സംസ്‌കാരത്തിന്റെ സ്വാധീനതയിലായിരുന്ന ഈ നഗരം 340ല്‍ റോമുമായി സന്ധിയിലേര്‍പ്പെട്ടു. കാനായില്‍ വച്ച്‌ റോം പരാജയപ്പെട്ടതോടെ കാപ്പുവ ഹാനിബാളിനു കീഴടങ്ങി (216). 211ല്‍ ഈ നഗരം വീണ്ടും റോമാസാമ്രാജ്യത്തിന്റെ കീഴിലായി.

റോമാസാമ്രാജ്യത്വകാലത്ത്‌ സാമ്പത്തികമായി ഈ നഗരം ഉന്നതി പ്രാപിച്ചിരുന്നു. എ.ഡി. 4-ാം ശ. ആയപ്പോഴേക്കും ഇതിന്‌ റോം, മിലാന്‍ എന്നീ നഗരങ്ങള്‍ക്ക്‌ തൊട്ടുപിന്നിലായി സ്ഥാനം ലഭിച്ചു. 496ല്‍ ഈ നഗരത്തെ വാന്‍ഡലുകള്‍ കൊള്ളയടിക്കുകയുണ്ടായി. 840ല്‍ അറബികള്‍ ഈ നഗരം ആക്രമിച്ചു നശിപ്പിച്ചതോടെ നഗരവാസികള്‍ കംപാനിയാ സമതലത്തിലേക്കു നീങ്ങി. പ്രാചീന നഗരത്തിന്റെ സ്ഥാനത്ത്‌ സു. 9-ാം ശതകത്തില്‍ പുതുതായി നിര്‍മിക്കപ്പെട്ട നഗരം സാന്താമരിയ കാപ്പുവ വൈറ്റെറെ (Santa Maria Capua Vetere) എന്ന്‌ അറിയപ്പെട്ടുവന്നു. സാന്താമരിയ ഇപ്പോള്‍ ഒരു പ്രമുഖ മൃഗസംരക്ഷണകേന്ദ്രവും ഇറ്റലിയിലെ പ്രമുഖ വെണ്ണയുത്‌പാദന കേന്ദ്രവുമാണ്‌. എ.ഡി. 27ല്‍ അഗസ്റ്റസ്‌ ചക്രവര്‍ത്തി കംപാനിയയില്‍ നിര്‍മിച്ച ആംഫിതിയെറ്ററിനെ വലുപ്പത്തില്‍ ജയിക്കുന്നത്‌ റോമിലെ കൊളോസിയം മാത്രമാണ്‌. ഈ ആംഫിതിയെറ്ററിന്‌ 167 മീ. നീളവും 137 മീ. വീതിയുമാണുള്ളത്‌. ഇന്ന്‌ ഈ ആംഫിതിയെറ്ററിന്റെ നഷ്‌ടാവശിഷ്‌ടങ്ങളേയുള്ളൂ. ഈ ആംഫിതിയെറ്ററിനു തൊട്ടടുത്തായി സൂര്യദേവനായ മിത്രാസിനെ പ്രതിഷ്‌ഠിച്ചിട്ടുള്ള ഒരു പ്രാചീന അന്തര്‍ഭൗമക്ഷേത്രവുമുണ്ട്‌.

ആംഫി തിയെറ്റര്‍

പല യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഒരു പ്രദേശമാണ്‌ കാപ്പുവ. വിക്‌ടര്‍ ഇമ്മാനുവലിന്റെയും ഗാരിബാള്‍ഡിയുടെയും സൈന്യം നേപ്പിള്‍സിലെ ബൂര്‍ബോണ്‍ സൈന്യത്തെ തോല്‌പിച്ചത്‌ (1860) ഇവിടെ വച്ചാണ്‌. രണ്ടാം ലോകയുദ്ധകാലത്ത്‌ സഖ്യകക്ഷികള്‍ ജര്‍മനിയെ നിലംപരിശാക്കിയ (1943) വോള്‍ടെര്‍നോ നദീയുദ്ധത്തിന്റെ രംഗവും കാപ്പുവയായിരുന്നു

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍