This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഊസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഊസ്
Ooze
കടലിന്റെ അടിത്തട്ടിൽ അതിവിസ്‌തൃതമായ പ്രദേശങ്ങളിൽ അനേകം മീറ്റർ കനത്തിൽ കാണപ്പെടുന്ന സവിശേഷ നിക്ഷേപങ്ങള്‍. കടൽത്തറയിൽ നിക്ഷേപിക്കപ്പെടുന്ന അവസാദങ്ങള്‍ രണ്ടുതരമാണ്. പ്രവാഹജലം, കാറ്റ്, ഹിമാനികള്‍, തിരമാലകള്‍ എന്നിവയുടെ അപരദന പ്രവർത്തനത്തിലൂടെ കരയിൽനിന്ന് കടലിലേക്ക് ആവാഹിക്കപ്പെടുന്ന പദാർഥങ്ങളാണ് ആദ്യത്തെ ഇനം. ഇവ സ്ഥലജാത (terrigenous) നിക്ഷേപമെന്നറിയപ്പെടുന്നു. അതിവിപുലമായ ജലത്തട്ടുകളിൽ നിന്ന് അടിത്തറയിലേക്ക് അനുനിമിഷം ഊർന്നിറങ്ങുന്ന ആയിരക്കണക്കിന് ടണ്‍ കണപദാർഥങ്ങള്‍ രണ്ടാമത്തെയിനത്തിൽപ്പെടുന്നു; ഇവ ജലജാത (pelagic) നിക്ഷേപം എന്ന് അറിയപ്പെടുന്നു. കരയോടു ചേർന്ന ജലത്തറകളിലാണ് സ്ഥലജാതനിക്ഷേപം സാധാരണയായി കാണപ്പെടുന്നത്. കരയിൽനിന്നകന്ന ഭാഗങ്ങളിൽ ജലജാതനിക്ഷേപം അതിവിസ്‌തൃതമായി സഞ്ചിതമായിക്കാണുന്നു. രണ്ടാമത്തെയിനമാണ് "ഊസ്' എന്ന പേരിൽ വ്യവഹരിക്കപ്പെടുന്നത്.
കടൽജലത്തിൽ ജീവോത്‌പത്തി മുതല്‌ക്കേ വിഹരിച്ചുപോന്ന സൂക്ഷ്‌മജീവികളുടെ അവശിഷ്‌ടങ്ങള്‍ കടൽത്തറയിൽ നിപതിച്ച്, വിഘടനത്തിനുശേഷം സൂക്ഷ്‌മകണങ്ങളടങ്ങിയ ചെളിയായി മാറിയാണ് ഊസുകള്‍ രൂപംകൊള്ളുന്നത്. ഈ പ്രക്രിയ ഇന്നും തുടർന്നുപോരുന്നു. ലക്ഷോപലക്ഷം ചതുരശ്ര കി.മീ. പ്രദേശങ്ങളിൽ, എത്രയോ മീറ്റർ കനത്തിൽ ഊസുകള്‍ നിക്ഷിപ്‌തമായിരിക്കുന്നു. കോടാനുകോടി ചെറുജീവികളുടെ ജീവപരിണാമചരിത്രമാണ് ഇവ ഉള്‍ക്കൊള്ളുന്നത്. ജലജാത (പെലാജിക) നിക്ഷേപങ്ങളെ രണ്ടുതരമായി തിരിച്ചിട്ടുണ്ട്. 1. അകാർബണിക (inorganic)നിക്ഷേപങ്ങള്‍. ജൈവാവശിഷ്‌ടങ്ങള്‍ 30 ശതമാനത്തിൽ കുറവാണെങ്കിൽ നിക്ഷേപത്തെ അകാർബണികം എന്നു വിശേഷിപ്പിക്കുന്നു. കടൽത്തറയിൽ ഇവയിൽനിന്നു രൂപംകൊള്ളുന്ന ഊസിന് ചെങ്കളിമച്ച് (red clay) എന്നാണ് പേര്. 2. കാർബണിക (organic)നിക്ഷേപങ്ങള്‍. 30 ശതമാനം എങ്കിലും ജൈവാവശിഷ്‌ടങ്ങള്‍ അടങ്ങുന്ന അവസാദങ്ങളാണിവ. രാസഘടനയനുസരിച്ച് ഇവയെ രണ്ടു മുഖ്യവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു; കാൽസ്യമയ ഊസുകള്‍, സിലിക്കാമയ ഊസുകള്‍. നാമം വ്യക്തമാക്കുന്നതുപോലെ ആദ്യത്തേതിലെ മുഖ്യഘടകം കാത്സ്യവും രണ്ടാമത്തേതിലേത് സിലിക്കയുമാണ്. അവശിഷ്‌ടങ്ങളുടെ ഉദ്‌ഭവം ഏതുതരം ജീവിയിൽനിന്നാണ് എന്നതിനെ ആശ്രയിച്ച് ഈ വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. i. കാത്സ്യമയ ഊസുകള്‍
ഗ്ലോബിജെറീന ഊസ്. സമുദ്രത്തിൽ കാണപ്പെടുന്ന ബാഹ്യകവചമുള്ള ഏകകോശ ജന്തുക്കളാണ് ഗ്ലോബിജെറീനകള്‍. പ്ലവകജീവിതം നയിക്കുന്ന ഇവ നന്നേ പ്രാക്കാലം മുതൽ സമുദ്രങ്ങളിൽ വാസമുറപ്പിച്ചവയാണ്. കോടാനുകോടി വർഷങ്ങളായുള്ള നിലനിൽപ്പിൽ എച്ചമറ്റ തലമുറകളുടെ മൃതാവശിഷ്‌ടങ്ങള്‍ അടിത്തട്ടിലേക്ക് നിപതിച്ചു. മൃദുദേഹഭാഗങ്ങള്‍ ദ്രവിച്ചുപോയെങ്കിലും പുറംകവചങ്ങള്‍ സൂക്ഷ്‌മ മണ്‍തരികളായി അടിത്തട്ടിൽ കടന്നുകൂടുകയാണ് ചെയ്‌തത്.
റ്റീറോപോഡ് ഊസ്. മൊളസ്‌കുകള്‍ (ചിപ്പി, ഒച്ച് തുടങ്ങിയവ) സാധാരണയായി കരയോരജലത്തിലും കരയിലും വസിക്കുന്ന ജന്തുക്കളാണ്; എന്നാൽ റ്റീറോപോഡാ എന്നയിനം മാത്രം പ്ലവകജീവികളാണ്. അതിപുരാതനമായ ഈ ജന്തുവിഭാഗമാണ് റ്റീറോപോഡ് ഊസിന് ജന്മം നൽകിയിട്ടുള്ളത്.
കൊക്കോലിത്ത് ഊസ്. ഊസ് രൂപീകരണത്തിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന വേറൊരു വിഭാഗം സൂക്ഷ്‌മജീവികളാണ് കൊക്കോലിത്തോഫോറുകള്‍. സുശക്തമായ ബാഹ്യകവചത്തോടുകൂടിയ ഈ ജീവികളുടെ ബാഹ്യാവശിഷ്‌ടങ്ങള്‍ അടിത്തട്ടിൽ ഊറിക്കൂടി കൊക്കോലിത്ത് ഊസായി രൂപാന്തരപ്പെടുന്നു.
ii. സിലിക്കാമയ ഊസുകള്‍ ഡയാറ്റം ഊസ്. സമുദ്രജലത്തിൽ പ്രകാശിതമായ ഉപരിമേഖലയാകെ സൂക്ഷ്‌മസസ്യങ്ങള്‍ ഇടതിങ്ങി വളരുന്നുണ്ട്. വലുപ്പത്തിൽ സൂക്ഷ്‌മാണെങ്കിലും എച്ചത്തിലുള്ള ആധിക്യംമൂലം അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന ഡയാറ്റം ബാഹ്യാവശിഷ്‌ടത്തിന്റെ അളവ് അതിഭീമമാണ്. മൃദുഭാഗങ്ങള്‍ ജീർണിച്ചുപോകുകയും ദൃഢഭാഗങ്ങള്‍ സൂക്ഷ്‌മമണ്‍തരികളായി മാറി ഡയാറ്റം ഊസിന് രൂപംകൊടുക്കുകയും ചെയ്യുന്നു. റേഡിയോലേറിയന്‍ ഊസ്. ഗ്ലോബിജെറീനയോട് അടുത്ത ബന്ധമുള്ള ഏകകോശജന്തുവിഭാഗമാണ് റേഡിയോലേറിയ. സമുദ്രജലത്തിൽ പ്ലവകജീവിതം നയിക്കുന്ന ഈ സുപ്രധാനജന്തുവിഭാഗത്തിന്റെ മുഖ്യകങ്കാളഘടകം കാത്സ്യമല്ല, സിലിക്കയാണ്. ഈ ജന്തുക്കളുടെ അവശിഷ്‌ടങ്ങള്‍ റേഡിയോലേറിയന്‍ ഊസ് എന്ന പേരിലറിയപ്പെടുന്നു.
3. വിതരണം. വിവിധതരം ഊസുകള്‍ കടൽത്തട്ടിൽ പ്രത്യേക മേഖലകളിൽ വെണ്ണേറെയാണ് കാണപ്പെടുന്നത്. സമുദ്രാപരിതലം അനുസ്യൂതമായ ഒരു ഏകത്വമാണ്. എന്നാൽ, കാലാവസ്ഥാപരവും ഭൂപരവുമായ കാരണങ്ങളാൽ വിവിധതരം പ്ലവകജീവികളുടെ വിതരണം ഓരോ മേഖലയിലും വ്യത്യസ്‌തമായിരിക്കും. തന്മൂലം അടിത്തട്ടിൽ ഊറിക്കൂടുന്ന അവശിഷ്‌ടങ്ങളും ഭൂപരമായ വിഭിന്നതകള്‍ പ്രകടമാക്കുന്നു. ജലജാതാവസാദങ്ങളുടെ വിതരണം സാമാന്യമായി താഴെപ്പറയുന്ന രീതിയിലാണ്. (i) ജലജാതാവസാദങ്ങള്‍ അഗാധതലങ്ങളിൽ മാത്രമാണുള്ളത്; തീരത്തോടടുത്ത ഭാഗങ്ങളിൽ അവ കാണപ്പെടുന്നില്ല; ((ii) ഡയാറ്റം ഊസ് മുഖ്യമായി കാണപ്പെടുന്നത് അന്റാർട്ടിക്കയ്‌ക്കു ചുറ്റുമുള്ള അനുസ്യൂതമായ ശീതജലമേഖലയിലും, ഉത്തര അത്‌ലാന്തിക്കിലും പസിഫിക്കിലുമുള്ള ശീതജലപ്പരപ്പുകളിലുമാണ്; (iii) റേഡിയോലേറിയന്‍ ഊസ് കാണപ്പെടുന്നത് പ്രധാനമായും പസിഫിക്കിൽ ഭൂമധ്യരേഖയ്‌ക്ക് ഇരുവശവുമുള്ള വിപുലമായ ഉഷ്‌ണജല മേഖലയിലാണ്; (iv) റ്റീറോപോഡ് ഊസിന്റെ പ്രധാന മേഖല അത്‌ലാന്തിക് സമുദ്രമാണ്; (v) സാമാന്യം ആഴത്തിലുള്ളതോ അത്യഗാധമോ ആയ കടൽത്തട്ടുകളിലാണ് കാത്സ്യമയ ഊസുകള്‍ ഏറ്റവുമധികം കാണപ്പെടുന്നത്; (vi) സ്ഥലാകൃതി അനിയമിതമായ പ്രദേശങ്ങളിൽ അവസാദമേഖലകള്‍ അന്യോന്യം കടന്നുകയറിയും ഒരളവുവരെ പരസ്‌പരം ഇടകലർന്ന് തനതായ സ്വഭാവവിശേഷങ്ങള്‍ നഷ്‌ടപ്പെട്ട നിലയിലും ഇവ കാണപ്പെടുന്നു. എന്നാൽ ഇത്തരം ഉപാന്തമേഖലകള്‍ താരതമ്യേന കുറവാണ്. ഊറലുകളുടെ യഥാർഥ വിസ്‌തൃതിയും വിവിധ മേഖലകളിലെ അവയുടെ കനവും നിരവധി സമുദ്രപര്യവേഷണസംഘങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്; (പട്ടിക 1-ൽ ഇത് സംക്ഷേപിക്കപ്പെട്ടിരിക്കുന്നു). വിവിധ ഊസുകളുടെ പസിഫിക്, അത്‌ലാന്തിക്, ഇന്ത്യാസമുദ്രങ്ങളിലായുള്ള വിതരണ ശതമാനം പട്ടിക 2-ൽ വ്യക്തമാക്കിയിക്കുന്നു. അതുപോലെ, കാത്സ്യമയ ഊസുകള്‍, സിലിക്കാമയ ഊസുകള്‍ എന്നിവയാൽ ആവൃതമായ കടൽത്തട്ട് മൂന്നുസമുദ്രങ്ങളിലും എത്രമാത്രമുണ്ടെന്ന് പട്ടിക 3-ൽ നിന്നു വിശദമാകുന്നു.
വിവിധ ഊസുകളുടെ വിതരണം സമുദ്രങ്ങളുടെ ആഴവുമായി ബന്ധപ്പെടുത്താമെന്നത് രസാവഹമാണ്. റേഡിയോലേറിയന്‍ ഊസാണ് ഏറ്റവും അഗാധമായ ജലത്തട്ടുകളിൽ കാണപ്പെടുന്നത്. ഗ്ലോബിജെറീന, ഡയാറ്റം എന്നീ ഇനത്തിലുള്ള ഊസുകള്‍ ഇടത്തരം ആഴങ്ങളിലാണ് പ്രധാനമായി കാണപ്പെടുന്നത്. റ്റീറോപോഡ് ഊസ് പൊതുവേ 2,000-2,500 മീ. ആഴത്തിൽ കേന്ദ്രീകൃതമായിരിക്കുന്നു. ജലജാതാവസാദങ്ങള്‍ കടൽത്തട്ടിന്റെ 74.3 ശതമാനം ഭാഗത്തെ ആവരണം ചെയ്യുന്നുണ്ട്. കാത്സ്യമയ ഊസ്, പ്രത്യേകിച്ച് ഗ്ലോബിജെറീന ഊസ് ആണ് ഇതിൽ എറ്റവും വ്യാപകമായത്. ജലജാത ഊസുകളിൽ രണ്ടാംസ്ഥാനത്തുവരുന്നത് ചെങ്കളിമച്ചാണ്. മൊത്തം നിക്ഷേപത്തിന്റെ 38 ശതമാനം സിലിക്കാമയ ഊസുകളുടെ മൊത്തം വിസ്‌തൃതി 14 ശതമാനമേയുള്ളൂ.
4. സാമാന്യ ഗുണങ്ങള്‍. ജീവനുള്ളപ്പോള്‍ വൈവിധ്യമാർന്ന നിറങ്ങളുള്ളവയാണ് ജീവികളുടെ പുറംതോടുകള്‍. എന്നാൽ മൃതപ്രായമാകുമ്പോള്‍ വിവിധ രാസപ്രക്രിയകള്‍ക്കുവിധേയമായി ഇവയുടെ വർണശബളത നഷ്‌ടമാകുന്നു. കാത്സ്യമയ ഊസുകള്‍ പൊതുവിൽ വെളുത്തതോ ഇളംനിറമുള്ളതോ ആണ്. ഡയാറ്റമുകളുടെയും റേഡിയോലേറിയനുകളുടെയും സിലിക്കാമയ ആവരണങ്ങള്‍ സ്‌ഫടികസദൃശമാണെങ്കിലും മൊത്തത്തിൽ വെളുത്ത പൊടിയായി പ്രത്യക്ഷപ്പെടുന്നു. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ചെങ്കളിമച്ചിന്റെ നിറം കടുംചുവപ്പാണ്. എന്നാൽ ദക്ഷിണ പസിഫിക്കിലും ഇന്ത്യാസമുദ്രത്തിലും ഇതിനു കടുംതവിട്ടു നിറമാണുള്ളത്. സൂക്ഷ്‌മമണികള്‍ നന്നേ കുറവായതിനാൽ റ്റീറോപോഡും ഗ്ലോബിജെറീനയും തരിരൂപത്തിലാണ് കാണപ്പെടുന്നത്. ഇക്കാരണത്താൽ ചെളിയെന്നതിലേറെ മണൽ എന്ന് ഇതിനെ വിശേഷിപ്പിക്കുകയായിരിക്കും ഉചിതം. മറ്റുതരം ഊസുകള്‍ താരതമ്യേന സൂക്ഷ്‌മാകൃതിയിലുള്ളതാണ്. ഓരോതരിയുടെയും വ്യാസം 2 മൈക്രാണിൽ താഴെയായിരിക്കും. ലവണാംശം ധാരാളമടങ്ങിയ ചെങ്കളിമച്ച് സൂക്ഷ്‌മഘടനയുള്ളതാണ്. അക്ഷരാർഥത്തിൽ ചെളിതന്നെയാണ്. എന്നാൽ മിക്കപ്പോഴും മാലിന്യങ്ങള്‍ കലർന്നാണ് കാണപ്പെടുന്നത്. സ്രാവിന്റെ പല്ലുകള്‍, മത്സ്യാസ്ഥികള്‍, ഉൽക്കാദ്രവ്യം തുടങ്ങി നിരവധി സ്ഥൂലപദാർഥങ്ങള്‍ ചെങ്കളിമച്ചിൽ ആണ്ടുകിടക്കുന്നു; കളിമണ്‍ ധാതുക്കളുടെ ഭാഗമായ ക്വാർട്ട്‌സ്, കാൽസൈറ്റ് എന്നിവയും ചെങ്കളിമച്ചിൽ കാണപ്പെടുന്നു. കളിമച്ചിന് ക്ഷാരവിനിമയ ഗുണധർമമാണുള്ളത്. സമുദ്രജലവുമായുള്ള പ്രതിപ്രവർത്തനങ്ങളിലൂടെ കളിമണ്‍ ധാതുക്കളിലുണ്ടാകുന്ന പ്രധാന പ്രതിസ്ഥാപനക്ഷാരങ്ങള്‍ മഗ്നീഷ്യം, സോഡിയം, കാത്സ്യം, പൊട്ടാസ്യം എന്നിവയാണ്. മഗ്നീഷ്യത്തിന്റെ കൂടിയ പ്രതിസ്ഥാപനശേഷിമൂലമാവാം കളിമച്ചുകളിൽ ആ മൂലകം പ്രഥമസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടാംസ്ഥാനം സോഡിയത്തിനാണുള്ളത്.
5. ഊസിന്റെ സ്വാധീനത. അടിത്തട്ടിലെ ഊസുകള്‍ ഉപരിതലജലത്തെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. ഊസുകള്‍ക്കിടയിലെ രന്ധ്രഭാഗങ്ങളിൽ വായു തങ്ങിനിൽക്കുന്നത് അടിത്തട്ടിൽ ജന്തുക്കളുടെ വളർച്ചയെ പ്രാത്സാഹിപ്പിക്കുന്നു. അടിത്തറ ജീവസമൃദ്ധമായിരിക്കുന്നതുമൂലം അവിടെയുള്ള ഊറലുകള്‍ ജൈവാംശങ്ങള്‍ അടിഞ്ഞു ഫലഭൂയിഷ്‌ഠമായിത്തീരുന്നു. ഈ വളക്കൂറ് ഉപരിഭാഗങ്ങളിലുള്ള പ്രകാശിതമേഖലയിലെ സസ്യവളർച്ചയെ പരോക്ഷമായി പ്രാത്സാഹിപ്പിക്കുന്നു. ഈ സസ്യബാഹുല്യം കീഴ്‌ത്തട്ടുകളിലെ ജന്തുജാലങ്ങള്‍ക്ക് ആഹാരസമ്പാദനം എളുപ്പമുള്ളതാക്കിത്തീർക്കുന്നു. ഇങ്ങനെ സരന്ധ്രവും വായു ഉള്‍ക്കൊണ്ടിട്ടുള്ളതുമായ ഊസുകള്‍ കടലിന്റെ ഉത്‌പാദനക്ഷമതയെ ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. ഊസ്‌സ്‌തരങ്ങള്‍ സാന്ധ്രതകൂടിയതും സുഷിരരഹിതവുമാണെങ്കിൽ അത് ഉത്‌പാദനക്ഷമതയെ ബാധിക്കുമെന്നും സിദ്ധിക്കുന്നു.
6. ഊസ്, ഇന്ത്യാസമുദ്രത്തിൽ. ഇന്ത്യാസമുദ്രത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഗ്ലോബിജെറീന ഊസാണ്; മൊത്തം തറയുടെ ഏതാണ്ട് 54 ശതമാനം 20ീ മുതൽ 40ീ വരെയുള്ള അക്ഷാംശങ്ങളിലാണ് കേന്ദ്രീകൃതമായി കാണുന്നത്. തെക്ക് അക്ഷാംശം 50ീ ക്കു തെക്കുള്ള ഉപധ്രുവമേഖലയിലാകെ ഡയാറ്റം ഊസുകള്‍ കാണാം. റേഡിയോലേറിയന്‍ ഊസ് രണ്ടു പ്രദേശങ്ങളിലാണ് മുഖ്യമായി കാണപ്പെടുന്നത്; മഡഗാസ്‌കറിന്റെ കിഴക്കും സുമാത്രയുടെ തെക്കുപടിഞ്ഞാറും. റ്റീറോപോഡ് ഊസ് ചെറുസ്‌തരങ്ങളായി കാണപ്പെടുന്നു; വടക്കുപടിഞ്ഞാറന്‍ ആസ്‌ട്രലിയയ്‌ക്കു സമീപം ഇന്ത്യാ സമുദ്രത്തിന്റെ അടിത്തറയിൽ 25 ശതമാനം ഭാഗത്തും ചെങ്കളിമച്ചാണ്; കിഴക്ക് ഇന്ത്യാസമുദ്രത്തിൽ 10ീ വടക്ക് മുതൽ 40ീ തെക്കു വരെയുള്ള അക്ഷാംശമേഖയിൽ അടിത്തറയിലെ ഏറിയ ഭാഗവും ചെങ്കളിമച്ച് മൂടിയിരിക്കുന്നു. അർധശുഷ്‌ക കാലാവസ്ഥയും വന്‍നദികളുടെ അഭാവവുമുള്ള പശ്ചിമാസ്റ്റ്രലിയന്‍ തീരത്ത് കളിമണ്‍നിക്ഷേപം കരയോരം വരെ എത്തുന്നുണ്ട്.
അറബിക്കടലിൽ 4000 മീറ്ററിനു താഴെയുള്ള തറഭാഗങ്ങളിൽ ഏറിയകൂറും ചെങ്കളിമച്ചാണുള്ളത്. ശേഷം ഭാഗങ്ങളിൽ ഏതാണ്ട് പൂർണമായിത്തന്നെ ഗ്ലോബിജെറീന വ്യാപിച്ചുകിടക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ഊസുകളിൽ വലിയൊരുഭാഗം ഗ്ലോബിജെറീനയാണ്. അഗാധതലങ്ങളിലും സാമാന്യം ആഴമുള്ള കടൽത്തറയിലും ഇത് വ്യാപകമായുണ്ട്. മറ്റു രണ്ടു സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യാസമുദ്രത്തിൽ ജലജാത ഊസുകള്‍ കുറവാണ്; ഇന്ത്യാസമുദ്രത്തിന്റെ താരതമ്യേനയുള്ള പ്രായക്കുറവാണ് ഇതിന്റെ കാരണം.
(ഡോ. എ.എന്‍.പി. ഉമ്മർകുട്ടി)