This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉസ്‌ബെക്കിസ്‌താന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം[മറയ്ക്കുക] |
ഉസ്‌ബെക്കിസ്‌താന്‍
Uzbekistan
ഒരു മധ്യേഷ്യന്‍ രാജ്യം. 1991 വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു (ഉസ്‌ബെക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്) ഈ രാജ്യം. സോവിയറ്റ് യൂണിയന്റെ വിഘടനത്തെ തുടർന്ന് ഉസ്‌ബെക്കിസ്‌താന്‍ 1991 സെപ്. 1-ന് സ്വതന്ത്രരാജ്യമായി നിലവിൽവന്നു. 4,47,400 ച.കി.മീ. വിസ്‌തീർണമുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം "താഷ്‌കെന്റ്' (Tashkent) ആണ്. ജനസംഖ്യ: 28,394,180 (2011). പൂർണമായും മറ്റ് രാജ്യങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഈ രാജ്യത്തിന്റെ അതിർത്തികള്‍ വടക്ക് കസാഖ്‌സ്‌താന്‍, വടക്ക് കിഴക്ക്-കിർഗിസ്‌താന്‍, തെക്ക് കിഴക്ക്-തജികിസ്‌താന്‍, തെക്ക് അഫ്‌ഗാനിസ്‌താന്‍, തെക്ക് പടിഞ്ഞാറ് തുർക്ക്‌മെനിസ്‌താന്‍ എന്നിവയാണ്. താഷ്‌കെന്റ്, സമർഖണ്ഡ്, നമാന്‍ഗന്‍, ബുഖാര എന്നിവയാണ് പ്രധാന നഗരങ്ങള്‍. ഈ രാജ്യത്തിന്റെ അക്ഷാംശസ്ഥാനം 41ീ16' വടക്ക് മുതൽ 41ീ26' വടക്ക് വരെയും രേഖാംശസ്ഥാനം 69ീ13' കിഴക്ക് മുതൽ 69ീ21' കിഴക്ക് വരെയുമാണ്. മധ്യേഷ്യയിലെ പരുത്തിക്കൃഷികേന്ദ്രവും വ്യാവസായിക കേന്ദ്രവുമായ ഉസ്‌ബെക്കിസ്‌താന്‍ "കാരാകുൽ' ആടുകളുടെ സങ്കേതം, പട്ടുനൂൽപ്പുഴുവളർത്തൽകേന്ദ്രം എന്നീ നിലകളിലും പ്രശസ്‌തി നേടിയ രാജ്യമാണ്. ഭൂകമ്പ സാധ്യതയേറിയ പ്രദേശങ്ങളാണ് ഉസ്‌ബെക്കിസ്‌താനിൽ ഏറെയും.
ഭൗതിക ഭൂമിശാസ്‌ത്രം
ഭൂപ്രകൃതി
75 ശതമാനത്തോളം ഭാഗം പൊതുവേ വരണ്ടകാലാവസ്ഥ അനുഭവപ്പെടുന്ന സമതലപ്രദേശമാണ്. ഉസ്‌ബെക്കിസ്‌താന്റെ ശേഷിക്കുന്ന ഭാഗത്ത് പർവതനിരകള്‍ കാണപ്പെടുന്നു. വടക്ക്-പടിഞ്ഞാറന്‍ ചൈനയിൽ നിന്നു തുടങ്ങി കിർഗിസ്‌താന്‍വരെയെത്തുന്ന "ടിയെന്‍ഷാന്‍' പർവതത്തിന്റെ പടിഞ്ഞാറോട്ടുള്ള രണ്ടു ശാഖകളുടെ തുടർച്ചയായ മലനിരകളും അവയ്‌ക്കിടയ്‌ക്കായുള്ള ഫർഗാനാത്താഴ്‌വരയുമാണ് കിഴക്കന്‍ ഉസ്‌ബെക്കിസ്‌താനിലെ പ്രധാന പ്രകൃതിവിഭാഗങ്ങള്‍. പടിഞ്ഞാറതിർത്തിയിൽ ഏറിയദൂരവും ആമു-ദരിയ നദിയാണ്. ഈ നദീതടം വടക്ക്-പടിഞ്ഞാറ് ദിശയിൽ ചരിഞ്ഞിറങ്ങി ചുവന്ന മച്ച് നിറഞ്ഞ "ഖിസിൽഖും' (Qizilqum) സമതലത്തിലേക്കും തുടർന്ന് അറാള്‍ ക്കടലിന്റെ (Aralsea) തെക്കും പടിഞ്ഞാറും തീരങ്ങളിലേക്കും സംക്രമിക്കുന്നു. പടിഞ്ഞാറരികിൽ അറാള്‍ക്കടൽത്തീരത്ത് ചെങ്കുത്തായി അവസാനിക്കുന്ന ഉസ്‌ത്‌യൂർത്ത് പീഠപ്രദേശം സ്ഥിതിചെയ്യുന്നു. 180 മുതൽ 280 മീ. വരെ ശരാശരി ഉയരമുള്ള ഈ പീഠഭൂമിക്ക് അറാള്‍ തീരത്ത് 50 മീറ്ററിലേറെ ഉയരമുണ്ട്.
അറാള്‍ത്തീരം മുതൽ കിഴക്കന്‍ മലനിരകളുടെ അടിവാരം വരെ ഏതാണ്ട് 480 കി.മീ. നീളത്തിൽ കിടക്കുന്ന ഖിസിൽഖും മരുപ്രദേശം പൊതുവേ മണൽപ്രദേശമാണെങ്കിലും സസ്യാവൃതമാണ്. ജലലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ഇടതൂർന്ന സസ്യാവരണം മുതൽ തുറസ്സായ പുൽമേടുകള്‍ വരെ ഇവിടെ കാണപ്പെടുന്നു. ഇടയ്‌ക്കിടയ്‌ക്ക് സസ്യശൂന്യമായ മണൽപ്പരപ്പുകളും സാധാരണമാണ്. ആമു-ദരിയ നദി ഇടയ്‌ക്കിടെ ഗതി മാറുന്നതിന്റെ ഫലമായി വിശാലമായ ഒരു എക്കൽ സമതലം സൃഷ്‌ടിച്ചിട്ടുണ്ട്. അറാള്‍ക്കടലിൽ പതിക്കുന്ന ഈ നദിയുടെ കൈവഴിയായ "കൂണ്യ' നദി ഖീവ മരുപ്പച്ചയെ ഫലഭൂയിഷ്‌ഠമാക്കിത്തീർത്തിരിക്കുന്നു. മലയടിവാരത്തു നിന്നും വടക്കോട്ടുനീളുന്ന ലോയസ് മച്ചിന്റേതായ നിരവധി സമതലങ്ങളും അവയിൽ അവിടവിടെയായി എക്കൽപ്പുറങ്ങളും കാണാവുന്നതാണ്. പർവതനിരകള്‍ക്കിടയ്‌ക്കായി 320 കി.മീ. നീളത്തിലും 115 കി.മീ. വീതിയിലും കിടക്കുന്ന ഫർഗാനാത്താഴ്‌വര പ്രധാനമായും സിർദരിയയുടെ തടപ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്നും 450 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ലോയസ് സമതലം ഇരുപാർശ്വങ്ങളിലുമുള്ള പർവതങ്ങളിൽ നിന്ന് ഒഴുകിയിറങ്ങുന്ന ചെറുനദികളാൽ ജലസമ്പുഷ്‌ടമാണ്.
കാലാവസ്ഥ
നിമ്‌നോന്നതവും സങ്കീർണവുമായ ഭൂപ്രകൃതിമൂലം കാലാവസ്ഥയിൽ സാരമായ പ്രാദേശീയ വ്യതിയാനങ്ങള്‍ കാണാം. പൊതുവേ വന്‍കര കാലാവസ്ഥാവിഭാഗത്തിൽ ഉള്‍പ്പെടുന്ന ഈ രാജ്യത്ത് ശീതകാലത്ത് അതിശൈത്യവും ഉഷ്‌ണകാലത്ത് അത്യുഷ്‌ണവും അനുഭവപ്പെടുന്നു. വേനൽ മാസങ്ങളിൽ അഫ്‌ഗാന്‍ അതിർത്തി പ്രദേശങ്ങളിൽ താപനില 40oC വരെ ഉയരുകയും ശീതകാലത്ത് ഉന്നത സമതലപ്രദേശങ്ങളിൽ താപനില 23oC വരെ താഴുകയും ചെയ്യാറുണ്ട്. മഞ്ഞുമാസങ്ങളിലാണ് രാജ്യത്ത് മഴ ലഭിക്കുന്നത്. താഴ്‌ന്ന പ്രദേശങ്ങളിൽ വർഷപാതം നന്നേ കുറവാണ് (10 സെ.മീ.). ഉയർന്നപ്രദേശങ്ങളിൽപ്പോലും വാർഷികമഴയുടെ അളവ് 25 സെന്റിമീറ്ററിൽ താഴയാണ്. ഫർഗാനാത്താഴ്‌വരയിൽ മാത്രമാണ് സാമാന്യം നല്ല മഴ ലഭിക്കുന്നത്. ശീതകാലത്ത് ടിയെന്‍ഷാന്‍ നിരകളിൽ നിന്ന് താഴ്‌വാരങ്ങളിലേക്കു വീഴുന്ന "ഫൊണ്‍പ്രഭാവ'മുള്ള കാറ്റുകള്‍ അതിശൈത്യത്തിൽനിന്ന് ആശ്വാസം നൽകുന്നു. എന്നാൽ രാജ്യത്തിന്റെ തെക്കരികിലെ റ്റെർമിസ് പ്രദേശത്തേക്ക് മധ്യേഷ്യയിൽ നിന്നുവീശുന്ന "അഫ്‌ഗാനേത്ത്' എന്ന മണൽക്കാറ്റ് അതിശൈത്യം ഉണ്ടാക്കുന്നു.
അപവാഹം
ചെറുതും വലുതുമായി ഏകദേശം 600-ലേറെ നദികളാണ് ഉസ്‌ബെക്കിസ്‌താനിലുള്ളത്. പർവതങ്ങളിൽ നിന്ന് ഉദ്‌ഭവിച്ചൊഴുകിയെത്തുന്ന നദികള്‍ താഴ്‌വാരങ്ങളിലെത്തുന്നതോടെ അവയിലെ ജലം മണലിൽ ഊർന്നിറങ്ങിയും ബാഷ്‌പീകരണംമൂലവും ഭാഗികമായി ജലസേചനോപഭോഗത്തിന് വിധേയമായും പൂർണമായും വറ്റിപ്പോകുന്നു. മധ്യേഷ്യയിലെ ഏറ്റവും വലിയ നദിയായ ആമു-ദരിയ ഉസ്‌ബെക്കിസ്‌താന്റെ തെക്ക്-പടിഞ്ഞാറേ അതിർത്തിയിലൂടെയാണ് ഒഴുകുന്നത്. ദക്ഷിണ ഉസ്‌ബെക്കിസ്‌താനിലെ നദികളായ സർഖണ്ഡാരിയ, ഷേരാബാദരിയ എന്നിവ ആമു-ദരിയയുടെ പോഷകനദികളാണ്. സെരാവ് ഷാന്‍, കാഷ്‌കാ ദരിയ എന്നീ നദികളും ഈ നദീവ്യൂഹത്തിൽ ഉള്‍പ്പെടുന്നവയാണ്. ശൈത്യകാലത്ത് പർവതാഗ്രങ്ങളിൽ അടിഞ്ഞുകൂടുന്ന മഞ്ഞാണ് ഈ നദികളെ ജലസമ്പന്നമാക്കുന്നത്. അനേകം തടാകങ്ങളും ഈ രാജ്യത്തുണ്ട്. അറാള്‍ക്കടലിന്റെ ദക്ഷിണഭാഗം രാജ്യത്തിനുള്ളിലേക്ക് കയറിക്കിടക്കുന്നു.
സസ്യജാലങ്ങള്‍
ഉസ്‌ബെക്കിസ്‌താന്റെ പടിഞ്ഞാറു ഭാഗത്തുള്ള താഴ്‌വാരങ്ങളിലും നദീതടപ്രദേശങ്ങളിലും സസ്യങ്ങള്‍ പൊതുവേ കുറവാണ്. കോരപ്പുല്ലും ഇതര പുൽവർഗങ്ങളും അങ്ങിങ്ങായി വളർന്നുകാണുന്നു. മലയടിവാരങ്ങളിലുള്ള കുന്നിന്‍ചരിവുകളിൽ അർധ-മരുഭൂപ്രകൃതിയാണുള്ളത്. കൂടുതൽ ഉയരത്തിലേക്ക് പോകുന്തോറും പൊക്കം കുറഞ്ഞ പുൽവർഗങ്ങള്‍ കാണപ്പെടുന്നു. ഉയരം കൂടിയ മലഞ്ചരിവുകളിൽ കുറ്റിക്കാടുകളും ഉയരം കുറഞ്ഞ മരങ്ങളും കാണപ്പെടുന്നു. രാജ്യത്തിന്റെ 12 ശതമാനത്തോളം തുറസ്സായ വനങ്ങളാണ്. ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ ആൽപ്‌സ് മാതൃകയിലുള്ള പുൽമേടുകള്‍ കാണാം.
ജന്തുവർഗങ്ങള്‍
കുന്തക (Rodents) വർഗത്തിലും ഉരഗവർഗത്തിലുംപെട്ട നിരവധിയിനം ജന്തുക്കളെ ഉസ്‌ബെക്കിസ്‌താനിലെമ്പാടും കാണാവുന്നതാണ്. മൂർഖന്‍ തുടങ്ങിയ വിഷപ്പാമ്പുകളും വിഷമില്ലാത്ത അനേകയിനം പാമ്പുകളെയും ഇവിടെ കണ്ടെത്താം. പക്ഷിജാലം പൊതുവേ കുറവാണ്. എന്നാൽ ജലലഭ്യതയുള്ളയിടങ്ങളിൽ വൈവിധ്യമാർന്ന നിരവധിയിനം പക്ഷികള്‍ കാണപ്പെടുന്നുണ്ട്. ഉന്നതതടങ്ങളിലെ വനങ്ങള്‍ കാട്ടുപന്നി, കരടി, മാന്‍വർഗങ്ങള്‍, കാട്ടാട്, ചെന്നായ്, ലിങ്ക്‌സ് മുതലായ വന്യമൃഗങ്ങളുടെയും സുവർണനിറമുള്ള കഴുകന്‍, പരുന്ത്, വാനമ്പാടി തുടങ്ങിയയിനം പക്ഷികളുടെയും വിഹാരരംഗമാണ്.
ധാതുക്കള്‍
ധാതുസമ്പത്തിന്റെ കാര്യത്തിൽ സമ്പന്നമാണ് ഉസ്‌ബെക്കിസ്‌താന്‍. മിക്ക ലോഹധാതുക്കളും ഇവിടെ ഖനനം ചെയ്യപ്പെടുന്നു. ലിഗ്നൈറ്റ്, ചെമ്പ്, നാകം, വെള്ളി, കറുത്തീയം, ടങ്‌സ്റ്റണ്‍, മോളിബ്‌ഡിനം, അലുമിനിയം എന്നിവയാണ് സമൃദ്ധമായുള്ളത്. ഖിസിൽഖും മേഖലയിൽ സ്വർണത്തിന്റെ ഉയർന്ന നിക്ഷേപങ്ങള്‍ അവസ്ഥിതമാണ്. ഇവിടെയുള്ള മുരുണ്ടാഖ് ഖനിയിൽ നിന്ന് വന്‍തോതിൽ സ്വർണം ഉത്‌പാദിപ്പിച്ചുവരുന്നു. അടുത്തകാലത്തായി പ്രകൃതിവാതകത്തിന്റെയും പെട്രാളിന്റെയും കാര്യത്തിൽ സ്വയംപര്യാപ്‌തത നേടിയ രാജ്യമാണ് ഉസ്‌ബെക്കിസ്‌താന്‍. ഫർഗാനാത്താഴ്‌വരയിലാണ് എച്ചയുത്‌പാദനം കേന്ദ്രീകരിച്ചിരിക്കുന്നത്. മാർബിള്‍ ഉള്‍പ്പെടെയുള്ള വാസ്‌തു ശിലകളാണ് മറ്റൊരിനം ധാതുസമ്പത്ത്.
ജനങ്ങള്‍
ജനവിതരണം
മധ്യേഷ്യയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള രാജ്യമാണിത്. മൊത്തം ജനസംഖ്യയുടെ പകുതിയോളം ജനങ്ങള്‍ രാജ്യത്തിന്റെ തെക്കും കിഴക്കും ഭാഗത്തായി കേന്ദ്രീകരിച്ചിരിക്കുന്നു. ഈ രാജ്യത്തെ ജനസാന്ദ്രത 59.4/ച.കി.മീ. (2003) ആണ്. ഉസ്‌ബെക്കിസ്‌താന്റെ മൊത്തം ജനസംഖ്യയുടെ സുമാർ 36 ശതമാനം നാഗരിക ജനസംഖ്യയും 64 ശതമാനത്തോളം ഗ്രാമീണ ജനസംഖ്യയുമാണ്. തലസ്ഥാനമായ താഷ്‌കെന്റ് ആണ് ഉയർന്ന ജനസംഖ്യയുള്ള നഗരം. ജനസംഖ്യയിൽ രണ്ടാം സ്ഥാനം സമർഖണ്ഡ് നഗരത്തിനാണ്.
വർഗങ്ങള്‍
1998-ലെ കണക്കനുസരിച്ച് ജനങ്ങളിൽ 75.8 ശതമാനം ഉസ്‌ബെക്ക് വംശജരാണ്. റഷ്യന്‍, തജിക്, കസാഖ്, കരാകൽപാക്, ടാട്ടർ, മറ്റ് വർഗക്കാർ എന്നിങ്ങനെയാണ് ഈ രാജ്യത്തെ മറ്റ് വംശീയവിഭാഗങ്ങള്‍.
ഭാഷകള്‍
ഉസ്‌ബെക്കിസ്‌താനിലെ ഔദ്യോഗിക ഭാഷയാണ് ഉസ്‌ബെക്ക് (Uzbek). 1989-ലാണ് ഇത് ദേശീയഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്. റഷ്യന്‍, തജിക്, കരാകൽപാക്, തുർക്കി, കസാഖ്, ടാട്ടർ മുതലായവ മറ്റു പ്രധാന ഭാഷകളാണ്.
മതങ്ങള്‍
ഉസ്‌ബെക്കിസ്‌താനിലെ 88 ശതമാനം ജനങ്ങളും ഇസ്‌ലാം മതവിശ്വാസികളാണ്. ഇവരിൽ ഭൂരിപക്ഷവും സുന്നിവിഭാഗക്കാരാണ്. ഈ രാജ്യത്തെ 9 ശതമാനം ജനങ്ങള്‍ പൗരസ്‌ത്യ ഓർത്തഡോക്‌സ് ക്രസ്‌തവ വിശ്വാസികളാണ്. ജൂതന്മാർ, ബാപ്‌റ്റിസ്റ്റുകള്‍, യഹോവസാക്ഷികള്‍, കൊറിയന്‍ പ്രാട്ടസ്റ്റന്റുകള്‍, സെവന്ത് ഡേ അഡ്വെന്റിസ്റ്റ്‌സുകള്‍ മുതലായവയാണ് ഉസ്‌ബെക്കിസ്‌താനിലെ മറ്റ് മതവിഭാഗങ്ങള്‍. വിവിധ ഗോത്രസംസ്‌കാരങ്ങളുടെയും വംശീയവിഭാഗങ്ങളുടെയും കലർപ്പാണ് ഉസ്‌ബെക്കിസ്‌താന്റെ സംസ്‌കാരം. ഇസ്‌ലാംമതത്തിന്റെ സ്വാധീനം ഈ രാജ്യത്തിന്റെ സംസ്‌കാരത്തിൽ പ്രബലമാണ്.
ചരിത്രം
പ്രാചീന കാലത്ത് പേർഷ്യ, ഗ്രീസ് എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു ഉസ്‌ബെക്കിസ്‌താന്‍. സിൽക്ക് പാതയിലെ ഭൂമിശാസ്‌ത്രപരമായ സ്ഥാനംകൊണ്ട് അക്കാലത്തെ വാണിജ്യ വ്യാപാര ബന്ധങ്ങളെ നിയന്ത്രിച്ച ഒരു പ്രദേശമായിരുന്നു ഇത്. ഉമയാദ് ഖലീഫമാരുടെ നേതൃത്വത്തിലുള്ള അറബികളുടെ സൈനിക മുന്നേറ്റത്തിന് ഉസ്‌ബെക്കിസ്‌താന്‍ ഉള്‍പ്പെട്ട മധ്യേഷ്യ. വിധേയമായി (7-ാം ശ.). 13-ാം ശതകത്തിൽ ചെങ്കിസ്‌ഖാന്റെ മംഗോളിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1500-നും 1800-നുമിടയ്‌ക്ക് ഉസ്‌ബെക്കുകള്‍ എന്നറിയപ്പെടുന്ന തുർക്കികളുടെ ആധിപത്യത്തിന്‍ കീഴിലായി. 15 മുതൽ 18 വരെ ഉസ്‌ബെക്ക് ജനവർഗം തനിമയാർന്ന ഒരു ദേശീയത്വം പടുത്തുയർത്തി. ഇതോടൊപ്പം നാട്ടുരാജാക്കന്മാരുടെ കീഴിൽ ധാരാളം ചെറുരാജ്യങ്ങള്‍ ഉസ്‌ബെക്കിസ്‌താനിൽ ശക്തി പ്രാപിച്ചു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു ബുഖാറ, ഖിവ, ഖോഖണ്ട് എന്നിവ. 19-ാം ശതകത്തിലെ ഉസ്‌ബെക്കിസ്‌താന്റെ ചരിത്രം റഷ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു; മധ്യേഷ്യ ആക്രമിച്ച റഷ്യന്‍ സേന മിക്ക ഖാനേറ്റുകളെയും അധീനപ്പെടുത്തി. 1917-ലെ കമ്യൂണിസ്റ്റ് വിപ്ലവത്തെ തുടർന്ന് ഉസ്‌ബെക്കിസ്‌താന്‍. സോവിയറ്റ് യൂണിയന്റെ ഘടക റിപ്പബ്ലിക്കായി നിലവിൽവന്നു.
സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് ഉസ്‌ബെക്കിസ്‌താന്‍ സ്വതന്ത്രരാജ്യമായി തീർന്നു (സെപ്. 1991). ഡിസംബറിൽ കോമണ്‍വെൽത്ത് ഒഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സിൽ അംഗമായി. 1991-ലാണ് നിലവിലെ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് അധികാരത്തിലെത്തുന്നത്. അന്നുമുതൽ റഷ്യയുമായി ഇണങ്ങിയും പിണങ്ങിയും നിൽക്കുന്ന നയമാണ് ഇദ്ദേഹം സ്വീകരിച്ചത്.
2001 സെപ്. 11-ന് യു.എസ്സിൽ നടന്ന ഭീകരാക്രമണത്തിനുശേഷം അമേരിക്കന്‍ സേനയ്‌ക്ക് ഉസ്‌ബെക്കിസ്‌താന്‍ സൈനികതാവളമനുവദിച്ചതിനെതുടർന്ന് അമേരിക്കയ്‌ക്ക് സ്വീകാര്യനായ നേതാവായി മാറി. ഇസ്‌ലാമിക തീവ്രവാദം ആരോപിക്കപ്പെട്ട് അറസ്റ്റിലായവർക്കു പിന്തുണ പ്രഖ്യാപിച്ച ജനക്കൂട്ടത്തിനെതിരെ അന്റിജാനിൽ പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ 150 പേർ കൊല്ലപ്പെട്ടു (മേയ് 2005) എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് "അന്റിജാന്‍ കൊല' എന്ന പേരിൽ അറിയപ്പെട്ട ഈ സംഭവത്തെ യു.എസ്. അടക്കമുള്ള രാജ്യങ്ങൽ അപലപിച്ച സാഹചര്യത്തിൽ യു.എസ്. സേനയെ ഇസ്‌ലാം സർക്കാർ രാജ്യത്തുനിന്നും പുറത്താക്കി.
ഈ കാലയളവിൽ റഷ്യയുമായി അടുത്ത ഇസ്‌ലാം കരിമോവ് റഷ്യയെ ഏറ്റവും പ്രിയപ്പെട്ട സഹകാരിയായാണ് വിശേഷിപ്പിച്ചത്. 2008-നു ശേഷമാണ് പാശ്ചാത്യ ലോകവുമായുള്ള ബന്ധം മെച്ചപ്പെടുന്നത്. അന്റിജാന്‍കൂട്ടക്കൊലയ്‌ക്കുശേഷം ചുമത്തപ്പെട്ട ഉപരോധങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിക്കുകയുണ്ടായി. കിർഗിസ്‌താനിൽ സൈനിക താവളം സ്ഥാപിക്കാനുള്ള റഷ്യന്‍ നീക്കത്തെ എതിർത്തതിനെത്തുടർന്ന് ഇസ്‌ലാം കാരിമോവ് മോസ്‌കോയുമായി അകന്നു (2009). അഫ്‌ഗാനിസ്‌താനുമായി അതിർത്തി പങ്കിട്ട തന്ത്രപ്രധാനമായ ഭൂസ്ഥിതി ഉസ്‌ബെക്കിസ്‌താന്റെ രാഷ്‌ട്രീയ സ്വാധീനം വർധിപ്പിച്ച ഘടകമാണ്. പ്രകൃതിവാതക നിക്ഷേപങ്ങള്‍ കണ്ടെത്തിയതും പ്രാധാന്യത്തിനു ആക്കം കൂട്ടി. ഏറ്റവും ജനബാഹുല്യമുള്ള മധ്യേഷ്യന്‍ രാജ്യമാണ് ഉസ്‌ബെക്കിസ്‌താന്‍. ലോകത്തെ മുന്തിയ പരുത്തി ഉത്‌പാദന രാഷ്‌ട്രങ്ങളിൽ ഒന്നാണ്. എന്നു മാത്രമല്ല ധാതു നിക്ഷേപങ്ങളാൽ സമ്പന്നമാണ് രാജ്യം എന്നിരുന്നാലും തൊഴിലില്ലായ്‌മയും ദാരിദ്യ്രവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
സമ്പദ്‌വ്യവസ്ഥ
കൃഷി
കൃഷിയാണ് ഈ രാജ്യത്തെ സമ്പദ്‌ഘടനയുടെ നട്ടെല്ല്. അനുകൂലമായ കാലാവസ്ഥയും ഉർവരതകൂടിയ മച്ചും ഉസ്‌ബെക്കിസ്‌താനിലെ ജലലഭ്യമായ പ്രദേശങ്ങളെയാകെ ഒന്നാന്തരം വിളനിലങ്ങളാക്കി മാറ്റിയിട്ടുണ്ട്. ധാന്യങ്ങള്‍, പരുത്തി പഴവർഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയാണ് പ്രധാന കാർഷികോത്‌പന്നങ്ങള്‍. പരുത്തി ഉത്‌പാദനത്തിൽ ലോകത്ത് നാലാംസ്ഥാനവും കയറ്റുമതിയിൽ രണ്ടാം സ്ഥാനവും ഉസ്‌ബെക്കിസ്‌താനാണ്. ആടുവളർത്തൽ വളരെയേറെ അഭിവൃദ്ധിപ്പെട്ടിട്ടുള്ള രാജ്യമാണിത്. കരാകുൽ ആടുകളെപ്പോലെ ലോകപ്രശസ്‌തി നേടിയ ഇനങ്ങളാണ് ഇവിടെ വളർത്തപ്പെടുന്നത്. ഒന്നാന്തരം രോമവും നന്നേ നേർത്ത തുകലും ഉസ്‌ബെക്കിസ്‌താന്‍ കയറ്റുമതിചെയ്‌തുവരുന്നു. വലിയ കാലിസമ്പത്തും ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്.
മത്സ്യബന്ധനം
ജലസംഭരണികള്‍, തടാകങ്ങള്‍ എന്നിവിടങ്ങളിലെ സ്വാഭാവിക മത്സ്യബന്ധനമാണ് ഉസ്‌ബെക്കിസ്‌താനിലുള്ളത്. നദികളെ പ്രധാനമായും ജലസേചനത്തിനുവേണ്ടി ഉപയോഗിക്കുന്നതിനാൽ ഈ രാജ്യത്തെ സ്വാഭാവികമത്സ്യസമ്പത്തിൽ കുറവ് അനുഭവപ്പെടുന്നു.
ഊർജസമ്പത്ത്
കൽക്കരി, പെട്രാളിയം, പ്രകൃതിവാതകം എന്നിവ വന്‍തോതിൽ ലഭ്യമാകുന്ന രാജ്യമാണിത്. മുമ്പ് കൽക്കരി, പെട്രാളിയം എന്നിവ ഉപയോഗിച്ചാണ് വൈദ്യുതി ഉത്‌പാദിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ജലവൈദ്യുത പദ്ധതികളാണ് ഉത്‌പാദനത്തിലെ ഏറിയപങ്കും നിർവഹിക്കുന്നത്. 1990-കളോടെ ഇന്ധനങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്‌തത നേടിയ രാജ്യമാണ് ഉസ്‌ബെക്കിസ്‌താന്‍. വൈദ്യുതി ഉത്‌പാദനത്തിലും സ്വയംപര്യാപ്‌തത നേടിയ രാജ്യമാണിത്.
വ്യവസായം
ജലസേചനപദ്ധതികള്‍, തുണിവ്യവസായം തുടങ്ങിയവയ്‌ക്കാവശ്യമായ വന്‍കിടയന്ത്രങ്ങളുള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളുടെ നിർമാണമാണ് ഈ രാജ്യത്തിലെ പ്രധാന വ്യവസായം. നിർമിച്ചുവരുന്നു. യന്ത്രസാമഗ്രികളുടെ നിർമാണം അടിസ്ഥാനവ്യവസായമെന്നനിലയിൽ ലോഹ-അലോഹവ്യവസായങ്ങളുടെ വികാസത്തിന് പ്രരകമായിട്ടുണ്ട്. പരുത്തിത്തുണിനിർമാണമാണ് മറ്റൊരു പ്രധാന വ്യവസായം. ഈ വ്യവസായത്തിൽ നിന്നും പുറന്തള്ളുന്ന വസ്‌തുക്കളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന രാസദ്രവ്യനിർമാണവും ഈ രാജ്യത്ത് വളർന്നിട്ടുണ്ട്. രാസവളങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതിലും ഈ രാജ്യം മുന്‍പന്തിയിലാണ്. കെട്ടിടനിർമാണസാമഗ്രികളും വന്‍തോതിൽ നിർമിച്ച് കയറ്റുമതി ചെയ്‌തുവരുന്നുണ്ട്. ചെറുകിടവ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. കാർഷികോത്‌പന്നങ്ങളുടെ സംസ്‌കരണമാണ് ചെറുകിടവ്യവസായങ്ങളിൽ പ്രധാനപ്പെട്ടത്.
ഗതാഗതം
റെയിൽ-റോഡ് ഗതാഗത ശൃംഖല രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഈ രാജ്യത്ത് ഏകദേശം 84,400 കി.മീ. (2010) നീളമുള്ള റോഡുകളും 3950 കി.മീ. (2010) നീളമുള്ള റെയിൽപ്പാതകളുമാണ് ഉള്ളത്. എച്ചക്കുഴലുകള്‍ക്കും ചരക്കു വിനിമയത്തിൽ വലുതായ പങ്കുണ്ട്. രാജ്യങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഈ രാജ്യത്ത് സമുദ്രതുറമുഖങ്ങളൊന്നുമില്ല. എന്നാൽ ആമു-ദരിയ, തെർമെസ് എന്നീ നദികളിൽ പ്രധാന നദീതുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നു. ഉസ്‌ബെക്കിസ്‌താനിൽ ഏകദേശം 1100 കി.മീ. നീളമുള്ള ഉള്‍നാടന്‍ ജലഗതാഗതവും ഉണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളമാണ് താഷ്‌കെന്റ്.
വാണിജ്യം
യന്ത്രസാമഗ്രികള്‍, രാസവളങ്ങള്‍, കൽക്കരി, സിമന്റ്, പെട്രാളിയം, പ്രകൃതിവാതകം, ലോഹങ്ങള്‍, തുണിത്തരങ്ങള്‍, പരുത്തി, രോമം, പട്ടുനൂൽ, സ്വർണം, പഴവർഗങ്ങള്‍ മുതലായവയാണ് ഉസ്‌ബെക്കിസ്‌താനിലെ കയറ്റുമതിസാധനങ്ങള്‍. ഇറക്കുമതികളിൽ തടിയും തടി ഉരുപ്പടികളും, പെട്രാളിയം ഉത്‌പന്നങ്ങള്‍, രാസദ്രവ്യങ്ങള്‍, പഞ്ചസാര, ഭക്ഷ്യസാധനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഭരണ സംവിധാനം
1992 ഡി. 8-ന് നിലവിൽവന്ന ഭരണഘടനപ്രകാരം ഉസ്‌ബെക്കിസ്‌താന്‍ ഒരു ബഹുസ്വര ജനാധിപത്യ രാഷ്‌ട്രമാണ്. പ്രസിഡന്റാണ് രാഷ്‌ട്രത്തലവന്‍. അഞ്ചുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഒരാള്‍ രണ്ടുതവണയിലധികം പ്രസിഡന്റ് പദവിയിൽ തുടരരുത് എന്ന് ഭരണഘടന നിഷ്‌കർഷിച്ചിരിക്കുന്നു. 2002-ൽ നടന്ന ജനഹിതപരിശോധനയിൽ 91 ശതമാനം വോട്ടർമാരും പ്രസിഡന്റിന്റെ കാലാവധി ഏഴുവർഷമായി ഉയർത്തുന്നതിന് അനുകൂലമായി നിലപാടു സ്വീകരിച്ചു. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ 100 അംഗങ്ങളാണുള്ളത്. ഇതിൽ 84 പേരെ പ്രാദേശിക, ജില്ല, നഗരസഭ തലത്തിൽ തിരഞ്ഞെടുക്കുകയും 16 പേരെ പ്രസിഡന്റ് നേരിട്ട് നിയമിക്കുകയും ചെയ്യുന്നു. അധോസഭയായ ഒലി മജ്‌ലിസിൽ (Oliy Majlis) 150 അെംഗങ്ങളാണുള്ളത്. ജനകീയ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഇവരുടെ കാലാവധി അഞ്ചുവർഷമാണ്.
(വിൽഫ്രഡ് ജോണ്‍)