This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉള്‍ക്കടൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്‍ക്കടൽ
കരയിലേക്കു കടന്നു കയറിക്കിടക്കുന്ന, സാമാന്യം ആഴമുള്ള സമുദ്രശാഖ. ഉള്‍ക്കടലുകള്‍ (gulfs) താരതമേ്യന ഇടുങ്ങിയവയാണ്; കുറേക്കൂടി പരപ്പുള്ള സമുദ്രശാഖകളെ ചെറുകടൽ എന്നു വിശേഷിപ്പിക്കുന്നു. ഉള്‍ക്കടൽ, ചെറുകടൽ എന്നിവയുടെ മൂന്നുവശത്തും കര ഉണ്ടായിരിക്കും. സമുദ്രവുമായി ചേരുന്ന ശാഖ സാമാന്യത്തിലധികം ദൈർഘ്യമുള്ളതാവുമ്പോള്‍ പ്രസക്ത ജലഭാഗത്തിന്റെ മറ്റു മൂന്നുവശങ്ങളും കരയാണെങ്കിൽപ്പോലും അവയ്‌ക്കു കടൽ എന്ന വിശേഷണമാണ് നല്‌കുക. ഉള്‍ക്കടൽ, ചെറുകടൽ, കടൽ, സമുദ്രം എന്നീ പദങ്ങള്‍ ചേർത്ത് ഭൂമുഖത്തുള്ള ജലമണ്ഡലത്തെ വ്യതിരിക്തമാക്കുവാന്‍ പോന്ന നാമവിവരണം സ്വീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇവയിൽ ഓരോന്നിന്റെയും പരിധി നിർണയിക്കപ്പെട്ടിട്ടില്ല. തന്മൂലം ചെറുകടലുകളെക്കാള്‍ വിസ്‌തീർണം കൂടിയ ഉള്‍ക്കടലുകള്‍ ഭൂമുഖത്തു പല ഭാഗങ്ങളിലും കാണാം. ചെറുകടലുകളെക്കാള്‍ ചെറിയ കടലുകളും വിരളമല്ല. സമുദ്രവിജ്ഞാനപരമായി, നാമവിവരണപദ്ധതിക്കു സഹായകമാകുന്നു എന്നതിൽ കവിഞ്ഞുള്ള ഉപയോഗം "ഉള്‍ക്കടൽ' എന്ന വിവക്ഷയ്‌ക്കില്ല.