This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉല്ലേഖം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉല്ലേഖം
അർഥാലങ്കാരങ്ങളിൽ ഒന്ന്. ഉല്ലേഖം എന്ന പദം വർണനമെന്ന അർഥത്തിലാണ് പ്രയോഗിക്കുന്നത്. അലങ്കാരശാസ്ത്രത്തിൽ ആ പദം വർണ്യവസ്തുവിനെ മേല്ക്കുമേൽ പലതായി വർണിക്കുക എന്ന അർഥത്തിൽ സങ്കേതിതമായി
""ഉല്ലേഖമൊന്നിനെത്തന്നെ- പ്പലതായി നിനയ്ക്കുകിൽ
എന്നു ഭാഷാഭൂഷണത്തിൽ ഉല്ലേഖത്തിനു ലക്ഷണം നിർദേശിച്ചിരിക്കുന്നു. വർണ്യവസ്തുവിനെ പലതായി വർണിക്കുകയാണ് ഉല്ലേഖം. പലർ പലതായി വർണിക്കുന്നതും ഒരാള്‍തന്നെ വിഷയഭേദത്താൽ പലതായി വർണിക്കുന്നതും ഉല്ലേഖത്തിന്റെ പരിധിയിൽപ്പെടും. ഒന്നിനെ പലതായി വിചാരിക്കുവാന്‍ കാരണം വർണ്യത്തിനു പല വസ്തുക്കളോടുള്ള സാദൃശ്യാതിശയമാണ്. അതിനാൽ ബഹ്വലങ്കാരബീജദൂതമായ സാദൃശ്യം തന്നെയാണ് ഉല്ലേഖത്തിനുമാധാരം.
""കാമനെന്നിവനെ സ്ത്രീകള്‍ കാലനെന്നോർത്തു വൈരികള്‍, കല്പവൃക്ഷമിതെന്നോർത്തി തർഥിവൃന്ദമനാരതം.''
ഈ ഉദാഹരണത്തിൽ വർണ്യനായ നൃപനെ സ്ത്രീകള്‍ കാമനായും വൈരികള്‍ കാലനായും അർഥിസമൂഹം കല്പവൃക്ഷമായും വിചാരിച്ചതായി വർണിച്ചിരിക്കുന്നു. സൗന്ദര്യം, ഭീകരത, ദാനശീലം എന്നീ ഗുണങ്ങളാണ് കാമാദിരൂപത്തിലുള്ള വർണനത്തിന് അവലംബം. ഭാഗവതം ദശമസ്കന്ധത്തിൽ ശ്രീകൃഷ്ണന്റെ മല്ലരംഗ പ്രവേശത്തെ വർണിക്കുന്ന,
""മല്ലാനാമശനിർനൃണാം നരവരഃ സ്ത്രീണാം സ്മരോ മൂർത്തിമാന്‍ ഗോപാനാം സ്വജനോ സതാം ക്ഷിതിഭുജാം ശാസ്താ സ്വപിത്രാഃ ശിശുഃ മൃത്യുർഭോജപതേർവിരാഡവിദുഷാം തത്വം പരം യോഗിനാം വൃഷ്ണീനാം പരദേവതേതി വിദിതോ രങ്ഗം ഗതഃ സാഗ്രജഃ''
എന്ന പദ്യവും, ഉല്ലേഖഗായകനായ ഉള്ളൂരിന്റെ പ്രമസംഗീതത്തിലെ
""പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ, പ്രപഞ്ചമസ്മദ്വചനാമ്രഡന- പണ്ഡിതമാം കീരം പ്രപഞ്ചമസ്മദ്ഭാവവിഡംബന- പാടവമാർന്ന നടന്''
എന്നീ വരികളും ഉല്ലേഖത്തിനുദാഹരണങ്ങളാണ്. ഒരേ വ്യക്തി വിഷയഭേദത്താൽ വർണ്യത്തെപലതായി കാണുന്നതിനുദാഹരണം:
""ഗുരുർവചസ്യർജുനോയം കീർത്തൗ ഭീഷ്മഃ ശരാസനേ''
വർണ്യനായ നൃപന് വാഗ്വിഷയത്തിൽ ഗുരുവായും (ബൃഹസ്പതിയും മഹാനും) കീർത്തിവിഷയത്തിൽ അർജുനനായും (മധ്യമപാണ്ഡവനും ശുഭ്രനും) ധനുർവിഷയത്തിൽ ഭീഷ്മനായും (ഭീഷ്മപിതാമഹനും ഭയങ്കരനും) വർണിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ശ്ലേഷം ഉല്ലേഖത്തിനു സഹായകമായി നിലകൊള്ളുന്നു.
""അകൃശം കുചയോഃ കൃശം വിലഗ്നേ വിപുലം ചക്ഷുഷി വിസ്തൃതം നിതംബേ അധരേ രുണമാവിരസ്തു ചിത്തേ കരുണാശാലി കപാലിഭാഗധേയം''
എന്ന പദ്യത്തിൽ ശ്ലേഷത്തിന്റെ സഹായംകൂടാതെ ആധാരഭേദംകൊണ്ട് അകൃശത്വകൃശത്വാദ്യനേകപ്രകാരത്വം വർണിക്കപ്പെട്ടിരിക്കുന്നു.
""കാതരാഃ പരദുഃഖേഷു നിജദുഃഖേഷ്വകാതരാഃ കാന്തസ്വലോലുപാഃ സന്തി സന്തഃ കീർത്തിഷു ലോലുപാഃ''
എന്ന പദ്യത്തിലും പരദുഃഖാദ്യാധാരഭേദേന കാതരത്വാകാതരത്വാദികള് വർണിതമാകുന്നു. സാമാനാധികരണ്യഭേദം കൊണ്ടും അനേകത്വം പ്രതിപാദിക്കാം:
""യോഗിനോ യോഗിനാം മധ്യേ ഭോഗിനോ പി ച ഭോഗിനാം വിദുഷാമപി വിദ്വാംസഃ പിശുനാഃ കൈർവിനിശ്ചിതാഃ''
ഇവിടെ യോഗികളുടെ കൂട്ടത്തിൽ യോഗികളായും ഭോഗികളുടെ കൂട്ടത്തിൽ ഭോഗികളായും വിദ്വാന്മാരുടെ കൂട്ടത്തിൽ വിദ്വാന്മാരായും പിശുനന്മാർ വർണിക്കപ്പെടുന്നു.
""യതയോ ഭോക്തുമേവേതി പാതുമേവേതി ഭീരവഃ പ്രകടം കർത്തുമേവേതി കർമിണസ്ത്വാം ഗുരോ വിദുഃ''
ഇവിടെ ഭോഗം, പാനം, കൃതി എന്നിങ്ങനെ ഫലങ്ങളാണ് ഉല്ലേഖവിഷയം (ഫല്ലോല്ലേഖം).
""കോചിത്ത്യാഗൈകനിഷ്ഠത്വാത് പരേത്വൈശ്വര്യവത്വതഃ ഏകേ തു സംശയോേച്ഛദാ- ദേവ സാധൂന് ഭജന്ത്യലം.''
ഇവിടെ സാധുഭജനത്തിനുള്ള ഹേതു, ത്യാഗൈകനിഷ്ഠത, ഐശ്വര്യവത്വം, സംശയോച്ഛേദം എന്നിങ്ങനെ പലതായി ഉല്ലേഖം ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്രകാരം ഉല്ലേഖം നാനാവിധമായി കാണുന്നു.പ്രായേണ അലങ്കാരാന്തരങ്ങളുടെ ചമത്കാരത്തെ ആശ്രയിച്ചാണ് ഉല്ലേഖം നിലകൊള്ളുന്നത്. "സ്ത്രീകള്‍ രാജാവിനെ കാമനായിക്കരുതി, ശത്രുക്കള്‍ കാലനായും' എന്ന ഉദാഹരണത്തിൽ അഭേദരൂപകം ഉല്ലേഖത്തിനവലംബമായി നിൽക്കുന്നു; "മല്ലന്മാർക്കിടിവാള്' എന്ന പദ്യത്തിൽ അതിശയോക്തിയും "ഗുരുർവചസ്യർജുനോ യം' എന്നതിൽ ശ്ലേഷവും ഉല്ലേഖത്തിനാശ്രയമാണ്. ഇപ്രകാരം പരിണാമം, ഭ്രാന്തിമാന്‍ മുതലായവയും ഉല്ലേഖത്തിനവലംബമായ് വരും. എന്നാൽ വർണ്യത്തിന്റെ നാനാത്വപ്രതീതിയാണ് ഉല്ലേഖത്തെ മറ്റുള്ളവയിൽനിന്നു വേർതിരിക്കുന്ന ചമത്കാരജനകധർമം.
(പ്രാഫ. ആർ. വാസുദേവന്‍ പോറ്റി)