This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉറക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉറക്കം

ബാഹ്യചോദനകളോടുള്ള സംവേദനക്ഷമത കുറഞ്ഞ, താരതമ്യേന ചലനരഹിതമായ ഒരു സവിശേഷ അവസ്ഥ. രക്തചംക്രമണം, ശ്വസനം തുടങ്ങിയ അനൈച്ഛിക ധർമങ്ങള്‍ മാറ്റം കൂടാതെ നടക്കുമെങ്കിലും ഈ അവസ്ഥയിൽ ഇച്ഛാപൂർവമായ പ്രവൃത്തികള്‍ താത്‌കാലികമായി നിർത്തിവയ്‌ക്കപ്പെടുന്നു.

ആരോഗ്യത്തിന്‌ ആഹാരംപോലെ തന്നെ ഒഴിച്ചുകൂടാനാവാത്തതാണ്‌ ഉറക്കം. ജനിച്ചയുടനെയുള്ള കുറേ ദിവസങ്ങളിൽ കുഞ്ഞുങ്ങള്‍ മിക്കവാറും ദിവസംമുഴുവനും ഉറങ്ങിക്കൊണ്ടിരിക്കും. അതിലും മുതിർന്ന കുഞ്ഞുങ്ങള്‍ക്ക്‌ 11-12 മണിക്കൂർ നേരത്തെ ഉറക്കംവേണം. പ്രായപൂർത്തിയെത്തിയവർക്ക്‌ സാമാന്യേന 8 മണിക്കൂർ ഉറക്കം ആവശ്യമാണ്‌. ന്യായമായ ഉറക്കംകൊണ്ടേ തളർച്ച നീങ്ങി മനസ്സിനും ശരീരത്തിനും നവോന്മേഷം ലഭിക്കുകയുള്ളൂ.

നിദ്രാവസ്ഥയ്‌ക്ക്‌ വ്യത്യസ്‌ത ഘട്ടങ്ങളുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്‌. നിദ്രയുടെ വ്യത്യസ്‌ത ഘട്ടങ്ങളെക്കുറിച്ച്‌ ആൽഫ്രഡ്‌ ലീ ലൂമിസ്‌ (1937), വില്യം ഡിമന്റ്‌, നഥാനിയൽ ക്ലൈറ്റ്‌മാന്‍ (1953), അലന്‍ റെഹ്‌റ്റ്‌ഷാഫന്‍, ആന്തണികേൽസ്‌ (1968) തുടങ്ങിയവർ നടത്തിയ പഠനങ്ങളും വർഗീകരണങ്ങളും ഈ രംഗത്തെ നാഴികക്കല്ലുകളാണ്‌. നേത്രചലനങ്ങളെ ആസ്‌പദമാക്കിയാണ്‌ നിദ്രയുടെ വ്യത്യസ്‌ത ഘട്ടങ്ങളെ വേർതിരിക്കുന്നത്‌. നേത്രം ദ്രുതമായും അല്ലാതെയും ചലിപ്പിക്കുന്ന രണ്ടു ഘട്ടങ്ങള്‍ നിദ്രയിലുണ്ട്‌. ഉറക്കത്തിന്റെ പ്രാരംഭദശയിലെ 60-90 മിനിറ്റു വരെയുള്ള സമയമാണ്‌ ആദ്യത്തെ ദ്രുതനേത്രചലനഘട്ടം. ഈ ഘട്ടത്തിലാണ്‌ സ്വപ്‌നം കാണുന്നത്‌. ഗാഢനിദ്രാഘട്ടത്തിൽ നേത്രചലനം ദ്രുതഗതിയിലല്ല നടക്കുന്നത്‌. 90-110 മിനിറ്റുവരെ നീണ്ടുനില്‌ക്കുന്ന ദ്രുതവും അല്ലാത്തതുമായ 4-5 നേത്രചലന ചക്രങ്ങളാണ്‌ സാധാരണയായി ഉണ്ടാവുക.

ആയുർവേദശാസ്‌ത്രത്തിൽ ഉറക്കം ഏഴു പ്രകാരത്തിൽ തരംതിരിക്കപ്പെട്ടിട്ടുണ്ട്‌.

""കാലസ്വഭാവാമയചിത്തദേഹ-
	ഖേദൈഃ കഫാഗന്തുതമോഭവാ ച.
	നിദ്രാ ബിഭർത്തി പ്രഥമാ ശരീരം
	പാപ്‌മാങ്കന്തഗാ വ്യാധിനിമിത്തമന്യാഃ''
(അഷ്‌ടാംഗസംഗ്രഹം)
 

ഉറക്കത്തിനുള്ള സമയമായാൽ നിത്യമനുഭവപ്പെടുന്നത്‌ കാലസ്വഭാവജന്യം; രോഗപീഡ കൊണ്ടു ക്ഷീണിച്ചും രോഗസ്വഭാവമനുസരിച്ചും ഉണ്ടാകുന്നത്‌ ആമയജന്യം; മനോവ്യാപാരക്ലേശംകൊണ്ടുണ്ടാകുന്നത്‌ ചിത്തഖേദജന്യം; ശാരീരികപരിശ്രമാധിക്യം കൊണ്ടുണ്ടാകുന്നത്‌ ദേഹഖേദജന്യം; കഫം മുതലായവകൊണ്ട്‌-ആഹാരം കഴിഞ്ഞയുടനെയും മറ്റും-ഉണ്ടാകുന്നത്‌ കഫജന്യം; അടി, ഇടി മുതലായവയേറ്റുണ്ടാകുന്ന ബോധക്ഷയം ആഗന്തുകം; ആലസ്യത്തിൽനിന്നുണ്ടാകുന്നത്‌ തമോജന്യം-ഇവയാണ്‌ ഏഴുതരം ഉറക്കങ്ങള്‍. ഇവയിൽ ആദ്യത്തേത്‌ ഉത്തമവും ഒടുവിലത്തേത്‌ അധമവ്യമായും ഗണിക്കപ്പെടുന്നു.

വേണ്ടത്ര ഉറങ്ങാതിരിക്കുകയും വേണ്ട സമയത്തല്ലാതെ ഉറങ്ങുകയും ആവശ്യത്തിൽക്കവിഞ്ഞ്‌ ഉറങ്ങുകയും ചെയ്യുന്നതുകൊണ്ട്‌ (ഹീനമിഥ്യാതിയോഗങ്ങള്‍കൊണ്ട്‌) അനേകം ദോഷഫലങ്ങളുണ്ടാകാനിടയുണ്ട്‌. രാത്രി ഉറക്കമൊഴിച്ചാൽ ശരീരത്തിൽ രൂക്ഷത വർധിച്ച്‌ വാതകോപമുണ്ടാകും; പകലുറക്കം ശരീരത്തിന്റെ സ്‌നിഗ്‌ധത വർധിപ്പിക്കുകയും കഫകോപവർധനയ്‌ക്ക്‌ ഹേതുവായിത്തീരുകയും ചെയ്യും. തന്മൂലം രാത്രി ഉറങ്ങാതിരിക്കുന്നതും പകലുറങ്ങുന്നതും സാമാന്യേന നിഷിദ്ധങ്ങളാണ്‌. എന്നാൽ പകലായാലും ഒന്ന്‌ ഇരുന്നു മയങ്ങുന്നത്‌ (ആസീനപ്രചലായിതം) നിഷേധിക്കപ്പെടുന്നില്ല.

പകലുറക്കം കഫപിത്തവികാരമുണ്ടാക്കുന്നതുകൊണ്ട്‌ സാധാരണയായി നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗ്രീഷ്‌മ-ഋതുവിൽ നിഷിദ്ധമല്ല. ഇക്കാലത്ത്‌ സ്വാഭാവികമായിത്തന്നെ ശരീരത്തിൽ വായുസഞ്ചയമുണ്ടാകും; രൂക്ഷത വർധിക്കും. രാത്രികാലങ്ങള്‍ കുറഞ്ഞിരിക്കുകയും ചെയ്യും. തന്മൂലമാണ്‌ അപ്പോള്‍ പകലുറക്കം നിഷിദ്ധമല്ലാത്തത്‌. ഏതു കാലത്തായാലും എന്തെങ്കിലും കാരണംകൊണ്ടു രാത്രി ഉറക്കമൊഴിക്കേണ്ടതായി വന്നാൽ ഉറങ്ങാതിരുന്ന സമയത്തിന്റെ പകുതിയോളം സമയം പകൽ കിടന്നുറങ്ങാവുന്നതാണ്‌. ചില കണ്‌ഠരോഗങ്ങളിലും വിഷബാധയിലും രാത്രിപോലും ഉറങ്ങരുതെന്നുണ്ട്‌.

അകാലനിദ്ര, അതിനിദ്ര എന്നിവകൊണ്ടും പല രോഗങ്ങളുണ്ടാകും. വർധിച്ച കഫം വേണ്ടപോലെ പരിണമിക്കാതെ ശരീരസ്രാതസ്സുകളിൽ വ്യാപിച്ച്‌ ഉപരോധമുണ്ടാക്കി ശരീരത്തിനു ജാള്യവും ഘനവും തോന്നിക്കുന്നു. ജാള്യത്തെത്തുടർന്ന്‌ ആലസ്യവും, അതിനെത്തുടർന്ന്‌ അതിനിദ്രയും ഉണ്ടാകുന്നു. അതിനിദ്രയെ ജയിക്കുവാന്‍ പല ഉപായങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്‌. ആ ഉപക്രമങ്ങള്‍ തന്നെ സ്വസ്ഥനായ ഒരാള്‍ ശീലിക്കുവാനിട വന്നാൽ ഉറക്കക്കുറവുണ്ടാകും. ഉറങ്ങാന്‍ കിടക്കുന്ന സമയം, ഉറങ്ങുന്ന ശീലം എന്നിവ വ്യത്യാസപ്പെടുന്നതുകൊണ്ടും ഉറക്കമില്ലായ്‌മയുണ്ടാകാം. പുലർച്ചയ്‌ക്കുശേഷം ആർക്കും ഉറങ്ങാന്‍ പ്രയാസം നേരിടുന്നതും ഒരു നിശ്ചിതസമയത്ത്‌ ഉണർന്നു ശീലിച്ചവർക്ക്‌ ആ സമയം കഴിഞ്ഞാൽ ഉറക്കം വരാതിരിക്കുന്നതും സാധാരണമാണ്‌. ചില രോഗങ്ങള്‍കൊണ്ടും ഉറക്കം കുറയും. രോഗകാരണത്തിന്റെ സ്വഭാവമനുസരിച്ചുള്ള പ്രതിവിധികളാണ്‌ അപ്പോഴെല്ലാം സ്വീകരിക്കേണ്ടത്‌. എന്നാൽ ചിലർ കാരണംകൂടാതെ മന്ദനിദ്രന്മാരായിരിക്കും. അവർക്കു ചില ശീലങ്ങള്‍ വൈദ്യശാസ്‌ത്രത്തിൽ വിധിച്ചിട്ടുണ്ട്‌. എരുമപ്പാൽ, കരിമ്പിന്‍നീര്‌, എരുമത്തൈര്‌, സുഖശയ്യ എന്നിവ അവയിൽ ചിലതാണ്‌. സർവോപരി കൃതകൃത്യതയും നിർവൃതിയും ആർക്കും സുഖനിദ്രാപ്രദങ്ങളാണ്‌.

(ഡോ. പി.ആർ. വാരിയർ; ഡോ. കെ. മാധവന്‍കുട്ടി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍